തുര്‍ക്കി സൈനികരെ നാട്ടുകാര്‍ 'പിടികൂടി' പോലീസില്‍ ഏല്‍പ്പിക്കുന്നു

പട്ടാള അട്ടിമറി ജനം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നുവെന്നും അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങള്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചതായും തുര്‍ക്കിയിലെ ചില തദ്ദേശീയ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

തുര്‍ക്കി സൈനികരെ നാട്ടുകാര്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി നീക്കം പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെ തുര്‍ക്കി പ്രസിഡന്റ്‌ തയ്യിബ് എര്‍ദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പ്രതികരിക്കുന്നു.

പട്ടാള അട്ടിമറി ജനം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നുവെന്നും അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങള്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചതായും തുര്‍ക്കിയിലെ ചില തദ്ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.


ഇന്നലെ അര്‍ദ്ധരാത്രിയോടെ നടന്ന അട്ടിമറി ശ്രമം ഏറ്റുമുട്ടലുകളില്‍ കലാശിക്കുകയും സാധാരണക്കാര്‍ ഉള്‍പ്പെടെ നൂറില്‍ അധികമാളുകള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അട്ടിമറി ശ്രമത്തിന്റെ ഭാഗമായി സൈന്യം പ്രധാന നഗരങ്ങളായ അങ്കാറയുടെയും ഇസ്താംബൂളിന്‍റെയും നിയന്ത്രണമാണ് ആദ്യം ഏറ്റെടുത്തത്. ജനങ്ങളുടെ അവകാശവും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടി അധികാരം പിടിച്ചെടുക്കേണ്ടിയിരിക്കുന്നു എന്നാണ് സൈന്യം വിശദീകരണം നല്‍കിയത്.

എന്നാല്‍ പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ജനങ്ങളോട് തെരുവിലിറങ്ങി തന്ത്രപ്രധാന സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ഇതനുസരിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് നേരെ സൈന്യം നിറയൊഴിക്കുകയുമായിരുന്നു. ചില പ്രധാന സൈനിക മേധാവികളെ തടവിലാക്കിയതിനു ശേഷമാണ് ഒരുവിഭാഗം അട്ടിമറി നീക്കം നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അട്ടിമറിക്ക് നേതൃത്വം നല്‍കിയവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും  സൈനിക അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മത നേതാവായ ഫെത്തുള്ള ഗുലെനാണെന്നും  തയ്യിബ് എര്‍ദോഗന്‍ ആരോപിച്ചു.

Story by
Read More >>