മെറിലാന്‍ഡ് സ്റ്റുഡിയോയും അച്ഛന്റെ പറ്റുപുസ്തകവും

ഛായാഗ്രാഹകൻ എസ് കുമാറിന്റെ ആത്മകഥ/ഓർമ്മക്കുറിപ്പ് തുടങ്ങുകയാണ്. മൂന്ന് പതിറ്റാണ്ടിലധികമായി ജനപ്രിയ മലയാള സിനിമയുടെ അഭിവാജ്യഘടകമാണ് എസ് കുമാർ. തേനും വയമ്പും എന്ന ചിത്രത്തിൽ സ്വതന്ത്ര ഛായഗ്രാഹകനായി തുടങ്ങിയ എസ് കുമാർ പിന്നീട് മലയാള സിനിമയിലെ മുൻനിര ടെക്‌നീഷ്യനായി. എസ് കുമാറിന്റെ ഓർമ്മക്കുറിപ്പിലെ ആദ്യലേഖനത്തിൽ മെറിലാന്‍ഡ് സ്റ്റുഡിയോ, ഛായഗ്രാഹകൻ എന്ന നിലയിലുള്ള ജീവിതത്തിന്റെ തുടക്കം എന്നിവ പങ്കുവെയ്ക്കുന്നു.

മെറിലാന്‍ഡ് സ്റ്റുഡിയോയും അച്ഛന്റെ പറ്റുപുസ്തകവും

എസ് കുമാർ

അച്ഛനെന്ന വാക്കിലൂടെ മാത്രമെ എനിക്ക് എന്നെ തന്നെ വിശദീകരിക്കുവാൻ കഴിയുകയുള്ളൂ. എസ്.കുമാർ എന്ന പേരിന്റെ ആരംഭവും അത് തന്നെയാണ്- തട്ടാരുമനക്കുടിയിലെ ശ്രീധരൻ നായർ, മകൻ കുമാർ. എന്റെ ജീവിതം ഇന്ന് കാണുന്ന മനോഹരമായ ഒരു ഫ്രെയിമിനുള്ളിൽ ചിട്ടപ്പെടുത്തിയ എന്റെ അച്ഛൻ എന്തായിരുന്നുവെന്നു, ഇന്നും ഞാൻ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. മലയാള സിനിമയിലെ ഒരു തലമുറയുമായി അച്ഛനുണ്ടായിരുന്ന അടുപ്പങ്ങൾ ഒരു കാലത്തിനിപ്പുറവും എന്നെ തേടി എത്തുമ്പോൾ ഞാൻ കൂടുതൽ വിനയാന്വിതനാവുകയല്ലാതെ എന്ത് ചെയ്യും?

മെറിലാന്‍ഡ് സ്റ്റുഡിയോ എന്നും എനിക്ക് അത്ഭുതങ്ങളുടെ ഒരു ലോകമായിരുന്നു. വലിയ ഒരു മതിൽക്കെട്ടിനകത്ത് സുബ്രഹ്മണ്യൻ മുതലാളി എന്ന ഈശ്വരൻ സൃഷ്ടിച്ചെടുത്ത മനോഹരമായ ഒരു ലോകം! കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സ്റ്റുഡിയോയാണ് മെറിലാന്‍ഡ്. വിവാഹത്തിനു മുമ്പ് അച്ഛൻ അവിടെ കാന്റീൻ നടത്തിയിട്ടുണ്ടെന്നു അമ്മ പറഞ്ഞു ഞങ്ങൾ അറിഞ്ഞിട്ടുണ്ട്, എങ്കിലും അച്ഛൻ ആ അത്ഭുത ലോകത്തെ കുറിച്ചുള്ള കഥകൾ ഞങ്ങൾ കുട്ടികളോട് അധികം പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ല. കഥകൾ ഒന്നുമില്ലാത്തതായിരിക്കില്ല അതിനു കാരണം എന്ന് ഇന്ന് തോന്നുന്നു. അച്ഛനെന്നാൽ അന്നത്തെക്കാലത്ത്, ബഹുമാനവും സ്‌നേഹവും കലർന്ന ഒരു ഭയമായിരുന്നു. ഫാദേഴ്‌സ് ഡേ എന്ന ആഘോഷങ്ങളും അച്ഛനെ സുഹൃത്തായി കരുതുന്ന ഒരു സംസ്‌ക്കാരവും ആയിരുന്നില്ലല്ലൊ അന്നുണ്ടായിരുന്നത്!

മെറിലാന്‍ഡ് സ്റ്റുഡിയോയുടെ നേരെ മുമ്പിലായിരുന്നു ഞങ്ങളുടെ വീട്. എനിക്കോർമ്മ വച്ച നാൾ മുതൽ വീടിനു അടുത്തുള്ള ജംഗ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു അച്ഛൻ.ലളിത - പത്മിനി - രാഗിണി, സത്യൻ, പ്രേം നസീർ, കൃഷ്ണൻ നായർ, രാമു കാര്യാട്ട് എന്നിവരെല്ലാം സിനിമയിൽ സജീവമായിരുന്ന കാലത്താണ് അച്ഛൻ മെറിലാന്‍ഡില്‍ ഉണ്ടായിരുന്നത്. അന്നം നൽകുന്ന ആത്മബന്ധം തന്നെയാകണം, ഇവരെല്ലാം തന്നെ അച്ഛനുമായി നല്ലൊരു ആത്മ ബന്ധമുണ്ടായിരുന്നു എന്നു പറയാം. പിന്നീടാണ് അച്ഛൻ മേരിലാന്റിന്റെ ക്യാമ്പസ് വിട്ടു പുറത്തു സ്വതന്ത്രമായി ഹോട്ടൽ വ്യവസായത്തിലേക്ക് തിരിയുന്നത്. മെറിലാന്‍ഡ് സ്റ്റുഡിയോയിലെ ക്യാന്റീൻ നടത്തിപ്പ് നിർത്തി അച്ഛൻ പുറത്ത് ഹോട്ടൽ തുടങ്ങിയപ്പോൾ സ്റ്റുഡിയോയിൽ വരുന്നവരില്‍ പലരും ഭക്ഷണം കഴിക്കാൻ അങ്ങോട്ട് വരാൻ തുടങ്ങി. അങ്ങനെ മെറിലാന്‍ഡും അച്ഛനും തമ്മിലുള്ള ബന്ധം തുടർന്നു. അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്നും പറത്തി വിടുന്ന നോട്ടീസിൽ ഞങ്ങൾ കുട്ടികൾ സിനിമാക്കഥകൾ വായിച്ചു. ചുവരുകളിൽ പതിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകളിൽ ഞങ്ങൾ നടി-നടൻമാരെയും കണ്ടു. ഓലമടൽ ചാരി വച്ചു ഞങ്ങൾ വലിഞ്ഞുകയറി കണ്ട മതിലിനപ്പുറത്തുള്ള മെറിലാന്‍ഡ് ലോകം വർണ്ണങ്ങളുള്ളതായിരുന്നു. അവിടെ ഞങ്ങൾ കണ്ട പ്രകൃതിയും, ആളുകളും, അവരുടെ വസ്ത്രങ്ങളും ഒക്കെ നിറമുള്ളതായിരുന്നു. പക്ഷെ, എന്തുകൊണ്ടായിരിക്കാം ഇവരെല്ലാം പോസ്റ്റുകളിലും, നോട്ടീസിലും, വെള്ളിത്തിരയിലും കറുപ്പിന്റെയും വെളുപ്പിന്റെയും നിറഭേദങ്ങളിലേക്ക് ഒതുങ്ങി പോകുന്നത്? തീർച്ചയായും ഇത് ഒരു അത്ഭുത ലോകമായിരിക്കണം. എന്റെ കുഞ്ഞു മനസ്സിൽ മെറിലാന്‍ഡിനോടുള്ള കൗതുകം ഏറിവരികയായിരുന്നു...ഒരു അത്ഭുതലോകത്തില്‍ എന്ന പോലെ...

വെള്ളിയാഴ്ചകളിൽ ഉച്ചത്തിരിഞ്ഞ് സ്‌ക്കൂൾ നേരത്തെ വിടുന്ന പതിവ് അന്നുണ്ടായിരുന്നു. ആ ദിവസത്തിനായി ഞാനും കൂട്ടുകാരും കാത്തിരിക്കും. എന്റെ വീടിനടുത്തുള്ള മായാലോകം കൂട്ടുകാരോടൊപ്പം മതിലിൽ എത്തിവലിഞ്ഞു നോക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്. ആ വലിയ ഗേറ്റിന്റെ താഴേ ഞങ്ങൾക്ക് അകത്തേക്ക് നോക്കാൻ പാകത്തിൽ ചെറിയ ഒരു ഓട്ടയുണ്ടായിരുന്നു. ഒറ്റക്കണ്ണടച്ചു പിടിച്ചു ഞങ്ങൾ പരസ്പരം ഉന്തിയും തള്ളിയും ആ അത്ഭുതങ്ങൾ കാണാൻ ശ്രമിച്ചു. സുബഹ്മണ്യൻ മുതലാളിയുടെ വലിയ ഫോറിൻ കാർ അകത്തേക്ക് കടക്കുന്ന കാഴ്ച ഒന്നു മതിയായിരുന്നു ചിലപ്പോഴൊക്കെ ഞങ്ങൾക്ക് മനസ്സുനിറയാൻ. പരിചയമില്ലാത്ത കാറുകൾക്ക് പിന്നാലെയും ഞങ്ങൾ പായും. വെള്ളിത്തിരയിലെ ഏതു നക്ഷത്രമാണ് അതിലുള്ളതെന്നു പന്തയം വയ്ക്കാനാണ് അത്. അടുത്ത ദിവസം സ്‌കൂളിൽ എത്തുമ്പോൾ മറ്റു കുട്ടികളോടു കണ്ട കാഴ്ചകൾ വിവരിക്കാനുമുള്ളതാണ്. സ്വർഗ്ഗം താണിറങ്ങി എന്റെ വീടിനു മുന്നിലെത്തിയ പ്രതീതിയായിരുന്നു ഈ സ്റ്റുഡിയോ എനിക്ക് സമ്മാനിച്ചത്‌.

സിനിമയും, അതിന്റെ അണിയറയും അന്നും ഇന്നും ഒരു ലഹരി തന്നെയായി അവശേഷിക്കുന്നത് മെറിലാന്‍ഡ് എന്നിൽ പകർന്ന അഭിനിവേശമായിരുന്നിരിക്കണം.ആ അഭിനിവേശം ഇന്ന് എന്നെ ക്യാമറകളുടെ സഹ തോഴനാക്കിയിരിക്കുന്നു. പല തരത്തിലുള്ള ക്യാമറകളിൽ കൂടി എസ്. കുമാർ എന്ന ഛായാഗ്രാഹകൻ പല സിനിമകളും ചിത്രീകരിച്ചു. എന്നെ സിനിമയിൽ ആദ്യമായി ഒപ്പിയെടുത്ത ക്യാമറ ഏതായിരുന്നിരിക്കണം? അറിയില്ല.. പക്ഷെ അപ്പോൾ എനിക്ക് അഞ്ച് മാസമാണ് പ്രായമെന്നു കേട്ടറിവുണ്ട്. കാട്ടുമൈന എന്ന സിനിമയിലായിരുന്നു ഇത്. തൊട്ടിലിൽ കിടക്കുന്ന നവജാത ശിശുവിനെ ആന എടുത്തു കൊണ്ടു ഓടുന്ന ഒരു രംഗം ഈ ചിത്രത്തിലുണ്ട്. ആന എടുത്തു കൊണ്ട് ഓടിയ തൊട്ടിലിൽ ആരും ഉണ്ടായിരുന്നില്ലെങ്കിലും, ഫ്‌ലോറിൽ ചിത്രീകരിച്ച ക്ലോസപ്പ് ഷോട്ടിൽ തൊട്ടിലിൽ കിടക്കുന്ന കുട്ടിയായി ഞാനുണ്ടായിരുന്നു. ശ്രീധരൻ നായരുടെ ആദ്യത്തെ മകൻ ചുരുണ്ട മുടിയുള്ള 5 മാസമുള്ള എസ്. കുമാർ!

ബാല്യത്തിന്റെ മറവിയിൽ ഞാൻ അറിയാതെ പോയ പല നിമിഷങ്ങളും ഇനിയുമുണ്ടായിരുന്നിരിക്കണം. അതിലൊന്നു എനിക്ക് പറഞ്ഞു തന്നത് മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറായിരുന്നു. 1981ൽ പുറത്തിറങ്ങിയ തേനും വയമ്പും എന്ന അശോക് കുമാർ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു സര്‍ ആ കാലത്തെ ഓര്‍മ്മിച്ചത്. മോഹൻ സർ സംവിധാനം ചെയ്ത വിടപറയും മുമ്പേ ഹിറ്റായ സമയമായിരുന്നെല്ലോ അത്. പ്രേം നസീറിന്റെ താരമൂല്യം ഏറ്റവും ഉയർന്നിരിക്കുന്ന ഒരു സമയം! നെടുമുടി വേണു, റാണി പത്മിനി സുമലത തുടങ്ങിയ വൻ താരനിരയുണ്ട് ചിത്രത്തിൽ. അസ്സോസിയേറ്റ് ഡയറക്ടറായി പ്രിയദർശനുമുണ്ട്.' ഒറ്റക്കമ്പി നാദം മാത്രം, മൂളൂം വീണാ ഗാനം ഞാൻ... ഏക ഭാവം, ഏതോ താളം, മൂക രാഗ ഗാനാലാപം' എന്ന ഗാനത്തിന്റെ ചിത്രീകരണമായിരുന്നു അന്നുണ്ടായിരുന്നത്. ഷോട്ട് എങ്ങനെയായിരിക്കണം എന്നതിലുപരി പ്രേംനസീറിന്റെ ശ്രദ്ധ എങ്ങനെ ആകർഷിക്കാം എന്നായിരുന്നു ഞങ്ങളുടെ ശ്രമമെന്ന് ഇപ്പോൾ തോന്നി പോകുന്നു. ഞങ്ങൾ നവാഗതരാണ് എന്ന് പ്രേംനസീർ സാറിന് ഒരിക്കലും തോന്നാൻ പാടില്ലെല്ലൊ. ചടുലമായ വേഗത്തിൽ ഞാൻ ഷോട്ടുകൾ ക്രമീകരിച്ചു. മോണിറ്ററ്റുകളില്ലാത്ത കാലമാണ്. ഷോട്ടിന്റെ പൂർണ്ണതയ്ക്ക് ഞാൻ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ഞാൻ ആകെ ആവേശത്തിലായിരുന്നു...

വൈകുന്നേരമായി, ചില ഷോട്ടുകൾക്ക് ശേഷം പ്രേം നസീർ സർ വിശ്രമിക്കുന്ന സമയത്ത് അടുത്തിരുന്ന പ്രിയദർശനോടായി പറഞ്ഞു.'പ്രിയാ... നമ്മുടെ ഈ കുമാറിനെ ഞാൻ എത്ര മടിയിലിരുത്തി കൊഞ്ചിച്ചിട്ടുണ്ട് എന്നറിയാമോ? കുമാറിന് അതു ഒരു പക്ഷെ അറിയില്ലായിരിക്കും. മേരിലാന്റിൽ ഷൂട്ടിംഗിന് പോകുമ്പോൾ, ഞാൻ ശ്രീധരൻ നായരോട് മോനെ എടുത്തു കൊണ്ടു വരാന്‍ ആവശ്യപ്പെടുമായിരുന്നു. ചുരുണ്ട മുടിയും, വെള്ളാരങ്കണ്ണുമുള്ള ആ കുട്ടിയെ ഞാൻ മടിയിലിരുത്തി കൊഞ്ചിക്കും. കാലം എത്ര വേഗം മാറുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇന്ന് അതേ കുട്ടി വളർന്ന് ക്യാമറയെടുത്തു എന്നെ ചിത്രീകരിക്കുന്നു.'പ്രിയദർശൻ എന്നോടു ഇത് വിവരിച്ചപ്പോൾ, ഞാനും ഓർക്കുകയായിരുന്നു. ബാല്യത്തിന്റെ മറവിയിൽ ഞാൻ അറിയാതെ പോയ പല നിമിഷങ്ങളും ഇനിയുമുണ്ടായിരുന്നിരിക്കണം. എത്ര അനുഗ്രഹീതമായിരുന്നിരിക്കണം ആ ബാല്യം!

മെറിലാന്‍ഡിലെ ക്യാന്റീനിൽ അച്ഛൻ സൂക്ഷിച്ചിരുന്ന പറ്റ് പുസ്തകത്തിൽ കണക്ക് തെറ്റി പോയതു കൊണ്ടു കൂടി സിനിമയിൽ തുടരാൻ സാധിച്ച പലരുമുണ്ട് എന്ന് പില്‍ക്കാലത്ത് ഞാന്‍ മനസിലാക്കി. അങ്ങനെയൊരു കഥ എം കൃഷ്ണൻ നായർ സർ എന്നോട് പറയുകയുണ്ടായി. ഞാൻ സിനിമയിൽ അറിയപ്പെടാൻ തുടങ്ങിയതിനു ശേഷമായിരുന്നു അത്. കൃഷ്ണൻ നായർ സർ സംവിധാനം ചെയ്ത സിനിമയിൽ ക്യാമറാ അറ്റൻഡന്റായി ഞാൻ അപ്പോൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ നേരിട്ടു പരിചയമുണ്ടായിരുന്നില്ല. ഒരു ദിവസം സർ എന്റെ വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞാണ് ഞാൻ അവിടെ ചെല്ലുന്നത്. അച്ഛനുമായി സംസാരിച്ചിരുന്ന അദ്ദേഹത്തിനു എന്നോടു പറയാനുണ്ടായിരുന്നതും ഞാൻ ഏറെ അറിയാതിരുന്ന അച്ഛന്റെ മെറിലാന്‍ഡ് ബന്ധങ്ങളിൽ ഒന്നായിരുന്നു."ഞാൻ മെറിലാന്‍ഡിലെ ഒരു മാസശമ്പളക്കാരനായിരുന്നു..." കൃഷ്ണൻ നായർ സർ പറഞ്ഞു തുടങ്ങി: "ശ്രീധരൻ നായരുടെ കാൻറീനിൽ നിന്നും ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, ഓരോരുത്തരുടെയും പേരിൽ അവിടെ പറ്റ് ബുക്കിൽ പേരെഴുതി വയ്ക്കുന്ന പതിവുണ്ട്. അങ്ങനെയായിരുന്നു സ്റ്റുഡിയോയുടെ രീതി. ആർട്ടിസ്റ്റുകൾക്ക് ഉള്ള ഭക്ഷണത്തിന്റെ പണം നിർമ്മതാക്കളായിരുന്നു നൽകിയിരുന്നത്. ജീവനക്കാരുടെ ഭക്ഷണ ചിലവ് സ്റ്റുഡിയോയും വഹിക്കും. എന്നിരുന്നാലും, മാസശമ്പളക്കാരുടെ ഭക്ഷണത്തിന്റെ പണം നിശ്ചിത തുകയിൽ അധികരിച്ചാൽ അവരുടെ ശമ്പളത്തിൽ നിന്നും വെട്ടി ചുരുക്കുന്ന പതിവ് അന്നുമുണ്ട്...

ആർട്ടിസ്റ്റുകൾക്കായി ശ്രീധരൻ നായരുടെ കാന്റീനിൽ ഹോർലിക്‌സും, ഓട്ട്‌സും, കൊക്കൊ പൗഡറുമൊക്കെ കരുതിയിട്ടുണ്ടാകും. ഇന്നത്തെ പോലെ അവയൊന്നും കടകളിൽ സുലഭമല്ലാതിരുന്ന കാലമായിരുന്നു അത് .." എം. കൃഷ്ണൻ നായർ സർ തുടർന്നു..."മാസശമ്പളക്കാരനാണെന്നും, ശമ്പളത്തിൽ പിടുത്തമുണ്ടാവുമെന്നും ശ്രദ്ധിക്കാതെ ആർട്ടിസ്റ്റ് കഴിക്കുന്ന എല്ലാ ഭക്ഷണവും ഞാനും കഴിക്കുമായിരുന്നു. അന്ന് ശ്രീധരൻ നായർ അതൊക്കെ പറ്റ് ബുക്കിൽ എഴുതി ചേർത്തിരുന്നുവെങ്കിൽ, ശമ്പളയിനത്തിൽ ഒരു രൂപ പോലും എനിക്ക് വീട്ടിൽ കൊണ്ടു പോകുവാൻ കഴിയുമായിരുന്നില്ല."

എന്റെ അച്ഛൻ അങ്ങനെയായിരുന്നു, മറ്റ് എല്ലാറ്റിലും മീതേ സൗഹൃദങ്ങൾക്ക് ആ ജീവിതത്തിൽ എന്നും വലിയ സ്ഥാനമുണ്ടായിരുന്നു. ചെറിയ ഒരു കള്ളത്തരമെന്നു ഇതിനെ വിശേഷിപ്പിക്കുമായിരിക്കാം. പറ്റ് ബുക്കിലെ അക്കങ്ങൾ തിരിച്ചും മറിച്ചുമിട്ട് സമതുലിതാവസ്ഥയിൽ എത്തിച്ച ഇത്തരം ബന്ധങ്ങളിൽ മറ്റ് ന്യായവാദങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. സൗഹൃദങ്ങളിൽ ജീവിതം പറിച്ചുനട്ടവർക്ക് അത് മാത്രമാണ് ന്യായം... അതു മാത്രമാണ് സത്യവും!

ഓർമ്മ വച്ച കാലം മുതൽ കൺമുമ്പിൽ ഉണ്ടായിരുന്ന സിനിമയുടെ മായാലോകത്തിൽ എന്നെ മോഹിപ്പിച്ചതെന്താണ് എന്ന് ഇപ്പോഴും പറയുവാൻ കഴിയില്ല. ബാല്യത്തിലെ ഒരു കൗതുകത്തിനു ശേഷം ആ 'ഭ്രമം' മാറുമെന്നു വീട്ടുകാർ ചിന്തിച്ചിരിക്കണം. എന്നാൽ എനിക്കങ്ങനെ ഉപേക്ഷിക്കുവാൻ കഴിയുന്ന ഒരു സ്വപ്നമായിരുന്നില്ല സിനിമ. എവിടെയെങ്കിലും, എങ്ങനെയെങ്കിലും മലയാള സിനിമയുടെ മാസ്മരിക ലോകത്തിലെത്തണം. അതു മാത്രമായിരുന്നു ആഗ്രഹം. അതിനു എന്റെ മുന്നിലുണ്ടായിരുന്ന ഏക സാധ്യത മേരിലാന്റ് ആയിരുന്നു. അതു ഒരു ചെറിയ സ്വപ്നമല്ല താനും!

എസ്.എൽ.സി.സിയ്ക്ക് ശേഷം പ്രീഡിഗ്രി എന്ന സ്വഭാവിക പാതയിൽ നിന്നും ഞാൻ വഴി മാറുന്നതങ്ങനെയാണ്. പത്താം ക്ലാസ്സ് പാസ്സായതിനു ശേഷം ഞാൻ അച്ഛനോടു എന്റെ ആഗ്രഹം പറഞ്ഞു. "എനിക്ക് മെറിലാന്‍ഡില്‍ ചേർന്ന് സിനിമയുടെ ഭാഗമാകണം." അച്ഛനു നന്നെ വിഷമമായി. അൽപ്പം കൂടി പഠനത്തില്‍ മുന്നോക്കം പോയിട്ട് അച്ഛന്റെ ബിസിനസ്സുകൾ എന്നെ ഏൽപ്പിക്കാം എന്നു അദ്ദേഹം കരുതിയിരുന്നതാണ്. മക്കളിൽ മൂത്തയാളുടെ ഭാവിയിലായിരിക്കുമല്ലൊ കുടുംബത്തിന്റെ നിലനിൽപ്പും! ഹോട്ടൽ ബിസിനസ്സ് കൂടാതെ, സൗണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്ന ബിസിനസ്സും, സോഡാ ഫാക്ടറിയും ഞങ്ങൾക്കന്ന് ഉണ്ടായിരുന്നു. സമൂഹത്തിൽ തെറ്റില്ലാത്ത വരുമാനസ്ഥിതിയും കുടുംബ മഹിമയും അവകാശപ്പെടാവുന്ന ഒരു കുടുംബത്തിലെ മൂത്ത മകൻ വിദ്യാഭ്യാസം ഉപേക്ഷിച്ചു തിരഞ്ഞെടുക്കുന്നത് അനിശ്ചിതത്വത്തിന്റെ സിനിമാ ലോകമാണ്. അതും ഏതെന്നു നിശ്ചയമില്ലാതെ..

എന്റെ ആവശ്യം പെട്ടെന്ന് ഉൾക്കൊള്ളാൻ അച്ഛന് കഴിയുമായിരുന്നില്ല. 'നിനക്ക് പഠിച്ചു കഴിഞ്ഞു അവിടെ, പോയാൽ പോരെ?' അച്ഛൻ ചോദിച്ചു. പക്ഷെ, മറ്റൊരു സ്വപ്നവും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ലോകം എന്റെ മുന്നിലെ മതിലിനപ്പുറം ചുരുങ്ങുമ്പോൾ, ആകാശത്തിലെ നക്ഷത്രങ്ങൾ അവിടേയ്ക്ക് ആവാഹിക്കപ്പെടുമ്പോൾ, ഞാൻ മറ്റെന്ത് ആഗ്രഹിക്കാനാണ്. മെറിലാന്‍ഡില്‍ ചേരണം എന്നു ഞാൻ നിർബന്ധം പിടിച്ചു. അതേ... അതെന്റെ സ്വപ്നമായിരുന്നു. ഓർമ്മവച്ച നാൾ മുതൽ ഞാൻ എന്നോടു ചേർത്തുവച്ച സ്വപ്നം! അച്ഛൻ പിന്നെ എതിർത്തില്ല. എന്നു മാത്രമല്ല എനിക്കൊപ്പം നിന്ന്, എന്റെ ആഗ്രഹം സാധിക്കാൻ വേണ്ടത് ചെയ്തു.

അച്ഛനിലാണ് ഞാൻ തുടങ്ങുന്നത്. ഞാൻ എന്ന ജീവിതവും, അതിന്റെ അടിത്തറയും അവിടെ നിന്നാണ്.അച്ഛന് എല്ലാ നിലകളിലുമുള്ള സുഹൃത്തുക്കളുടെ നല്ലൊരു വലയമുണ്ടായിരുന്നു. അവരിൽ ചിലരൊടെല്ലാം അച്ഛൻ എന്റെ ആഗ്രഹം പറഞ്ഞു. സിനിമയാണ് ഭ്രമമെങ്കിലും അവിടെ എന്ത് തിരഞ്ഞെടുക്കണം എന്നറിയാത്ത എന്റെ അജ്ഞതയും അവരോടു പങ്കുവച്ചു. പല അഭിപ്രായങ്ങളുണ്ടായി, നിർദ്ദേശങ്ങളും.പ്രിയന്റെ (പ്രിയദർശൻ ) എഡിറ്ററായിരുന്ന ഗോപാലകൃഷ്ണൻ എനിക്കായി എഡിറ്റിംഗ് ശുപാർശ ചെയ്തപ്പോൾ, കൃഷ്ണൻ നായർ എന്ന സുഹൃത്ത് നിർദ്ദേശിച്ചത് ലാബായിരുന്നു. പിന്നെയും പല പല അഭിപ്രായങ്ങൾ. സിനിമ കൗതുകത്തിനുമപ്പുറം മറ്റ് പലതും ചേർന്നതാണെന്ന് അക്കാലത്ത് എന്റെ പ്രജ്ഞ തിരിച്ചറിയുകയായിരുന്നു. കരിയർ ഗൈഡൻസിന്റെ പഴയ ആ ഭാവത്തിലും, ആശങ്കയും സംശയങ്ങളും മാത്രമായിരുന്നു ബാക്കിയുണ്ടായത്. ഒടുവിൽ അച്ഛനെന്നെ സുബഹ്മണ്യം മുതലാളിയുടെ അടുക്കലെത്തിച്ചു.

ഒരു മിന്നൽ പോലെ ദൂരെ നിന്നും മുതലാളിയെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും നേരിട്ടു മുഖാമുഖം കാണുന്നത് ഇതാദ്യമായിട്ടാണ്. അദ്ദേഹമിരിക്കുന്ന മുറിയിലേക്ക് ആരും കടന്നു ചെല്ലാറില്ല. വാതിലിൽ നിന്നു സംസാരിക്കും. തിക്കുറുശ്ശി സുകുമാരൻ നായർ ചേട്ടൻ പോലും അങ്ങനെ നിന്ന് സംസാരിക്കുന്നത് എന്ന് പിൽക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. അച്ഛനൊപ്പം എത്തിയ എന്നോടു മുതലാളി ഘനഗംഭീരമായ ശബ്ദത്തില്‍ ചോദിച്ചു

'നിനക്കെന്താണ് പഠിക്കേണ്ടത്?

'ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് അതിനുള്ള ഉത്തരം നിശ്ചയമുണ്ടായിരുന്നില്ല. വീണ്ടും അതേ ചോദ്യം

'നിനക്കെന്താണ് പഠിക്കേണ്ടത്?'

.എന്റെ മറുപടി ദുർബലമായിരുന്നു.. 'സിനിമയിൽ കയറണം.'

മുതലാളി പിന്നെ എന്നോടൊന്നും ചോദിച്ചില്ല. പറഞ്ഞതിത്ര മാത്രം.-

' ശ്രീധരൻ നായരെ, മകനെ ക്യാമറാ ഡിപ്പാർട്ട്‌മെന്റിൽ കൊണ്ടുചെന്നാക്കൂ; '

അവിടെ വച്ച് എന്റെ ജീവിതം തീരുമാനിക്കപ്പെട്ടു'.ഇന്ന്, ഒരു സിനിമാറ്റൊഗ്രാഫർ എന്ന മേൽവിലാസത്തിൽ സംതൃപ്തനായി ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, എനിക്ക് വേണമെങ്കിൽ അവകാശപ്പെടാം. ക്യാമറയോടുള്ള എന്റെ അഭിനിവേശമാണ് എന്നെ ഇവിടെ എത്തിച്ചതെന്നും, എന്റെ ഈ കരിയർ കെട്ടിപ്പടുത്തിയതെന്നും. അങ്ങനെ പറഞ്ഞാൽ പലർക്കും, വിശ്വസനീയമായ ഒരു നുണ തന്നെയായിരിക്കുമത്. പക്ഷെ വേണ്ട. ഞാനത് ആഗ്രഹിക്കുന്നില്ല. മറ്റൊരാളിലൂടെ ഈശ്വരൻ അത് നിർണ്ണയിച്ചതാണെന്ന് തുറന്നു പറയാനാണ് എനിക്കിഷ്ടം. സുബ്രഹ്മണ്യൻ മുതലാളിയുടെ മുന്നിൽ നിന്ന ആ പയ്യന് ക്യാമറക്കണ്ണിലെ ഇരുളും വെളിച്ചവുമായിരുന്നു കാലം കാത്തുവച്ച അനുഭവങ്ങൾ!

തയ്യാറാക്കിയത്: ഷീജ അനിൽ