കാടും ആതിരപ്പള്ളിയും നിരാശഭരിതനായ ഞാനും

ഛായാഗ്രാഹകൻ എസ് കുമാറിന്റെ ആത്മകഥ/ഓർമ്മക്കുറിപ്പിന്റെ രണ്ടാം ഭാഗം. മൂന്ന് പതിറ്റാണ്ടിലധികമായി ജനപ്രിയ മലയാള സിനിമയുടെ അഭിവാജ്യഘടകമായ എസ് കുമാർ 1973ൽ ഇറങ്ങിയ കാടിന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. "ജീവിതത്തില്‍ എപ്പോഴും പ്രതീക്ഷകള്‍ ബാക്കിയുണ്ടാകണം എന്ന് ഞാന്‍ സ്വയം മനസിലാക്കിയത് ആതിരപള്ളിയുടെ മനോഹാരിതയിലാണ്. ആതിരപള്ളി ജലവൈദ്യുതി പദ്ധതിയെ അംഗീകരിക്കുവാന്‍ ഇപ്പോള്‍ എനിക്ക് കഴിയാത്തതും അതുക്കൊണ്ടായിരിക്കാം."

കാടും ആതിരപ്പള്ളിയും നിരാശഭരിതനായ ഞാനും

എസ് കുമാർ

ഞാന്‍ ദൂരയാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ എന്നെ കുറിച്ച് ഏറെ ആശങ്കകളും ആകുലതകളും അമ്മൂമയ്ക്കായിരുന്നു. അമ്മൂമ്മയുടെ ഏക മകനാണ് എന്‍റെ അച്ഛന്‍. അച്ഛന്റെ മൂത്ത മകന്‍ ഞാനും! അതുക്കൊണ്ടായിരിക്കാം എന്നോടുള്ള അമ്മൂമ്മയുടെ സ്നേഹത്തില്‍ സ്വാര്‍ത്ഥതയുടെ നേരിയ അളവ് കൂടുതലായുണ്ടായിരുന്നു എന്ന് തോന്നുന്നു. "എന്‍റെ മക്കള്..അവന്‍ ഒത്തിരി സ്ഥലങ്ങളില്‍ യാത്ര ചെയ്യും..അവന്‍ ലോകം മുഴുവന്‍ സഞ്ചരിക്കും" എന്ന് പ്രവചനം പോലെ വളരെ പണ്ട് തന്നെ അനുഗ്രഹിച്ചയാളാണ് എന്‍റെ അമ്മൂമ്മ.


'കാട്' എന്ന സിനിമയുടെ ഔട്ട്‌ഡോര്‍ ലൊക്കേഷനിലേക്കായിരുന്നു എന്‍റെ ആദ്യ ദൂരയാത്ര. മെറിലാന്‍ഡില്‍ എത്തി ദീര്‍ഘ മാസങ്ങള്‍ പിന്നിട്ടിരുന്നെങ്കിലും എനിക്ക് ഡിപ്പാര്‍ട്ട്മെന്ടില്‍ കാര്യമാത്രമായ ഉത്തരവാദിത്തങ്ങളോ, പ്രധാന്യമുള്ള ജോലികളോ ഒന്നും ഞങ്ങളുടെ ക്യാമറ ചീഫ് അനുവദിച്ചു നല്‍കിയിരുന്നില്ല. എന്താണ് അതിനുള്ള കാരണമെന്നു എനിക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.. എങ്കിലും ഞാന്‍ കൂട്ടത്തില്‍ ഒറ്റപ്പെടുകയാണ് എന്ന തിരിച്ചറിവ് എനിക്കുണ്ടായി തുടങ്ങി.

ക്യാമറ അപ്രന്റീസ് എന്നാണ് പദവിയെങ്കിലും എന്‍റെ ജോലികള്‍ ആ ഡിപ്പാര്‍ട്ട്മെന്‍റ്റിലെ ഒരു ശിപായിയുടേത് മാത്രമായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. ക്യാമറയില്‍ കൂടി ഒന്നു നോക്കാന്‍ പോലും എനിക്ക് പ്രത്യക്ഷ അനുവാദം ഇല്ലായിരുന്നു. ഇതെന്നില്‍ ചെറുതല്ലാത്ത ഒരു നിര്‍ബന്ധബുദ്ധിയോ, വാശിയോ സൃഷ്ട്ടിച്ചിരുന്നത് കൊണ്ടാക്കാം, പില്‍ക്കാലത്ത്‌ എനിക്ക് അസിസ്റ്റന്റായും അപ്രന്റീസായും വന്നവര്‍ക്ക് ഞാന്‍ ഈ ആനുകൂല്യം നല്‍കിയിരുന്നത് എന്ന് തോന്നുന്നു. ഫ്രെയിം നോക്കി അറേഞ്ച് ചെയ്യാന്‍ ഞാന്‍ അവരെ അനുവദിക്കുമ്പോള്‍ സിനിമയില്‍ പരക്കെ ഒരു മുറുമുറുപ്പ് പടര്‍ന്നിരുന്നു- " കുമാര്‍ സര്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്..".

എന്‍റെ അനുഭവങ്ങള്‍ എന്‍റെ മാത്രം ശൈലിയാകുന്നതില്‍ തെറ്റുണ്ടോ ?

അതിരാവിലെ എത്തി ഡിപ്പാര്‍ട്ട്മെന്റ് തുറന്നു ക്യാമറകള്‍ എല്ലാം പൊടിതുടച്ചു വൃത്തിയാക്കി വയ്ക്കുന്നതില്‍ ആരംഭിക്കുമായിരുന്നു എന്‍റെ ജോലികള്‍. പിന്നീട് ഷൂട്ടിംഗ് തിരക്കുകളിലേക്ക് സ്റ്റുഡിയോ ജീവന്‍ വയ്ക്കുമ്പോള്‍, ഞാന്‍ മറ്റുള്ളവരുടെ നിര്‍ദേശാനുസരണം ക്യാമറയുടെ കേബിളുകള്‍ വലിച്ചു കൊണ്ടുപോയി സെറ്റ് ചെയ്യുകയോ, ക്യാമറ സ്റ്റുള്‍ ക്രമീകരിക്കുകയോ ആയിരിക്കും ചെയ്യുക.

എന്‍റെ മനസ്സില്‍ ചെറുതല്ലാത്ത ഒരു നിരാശ ബാധിച്ചിരുന്നോയെന്ന്‍ അറിയില്ല. സുബ്രഹ്മണ്യം മുതലാളി ഇതെല്ലാം അറിയുന്നുണ്ടോ എന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. അദ്ദേഹത്തോടെ ചെന്നു പറയാന്‍ എനിക്ക് ധൈര്യവുമുണ്ടായിരുന്നില്ല. ഞാന്‍ ഒരു ശൂന്യത അനുഭവിക്കുന്നുണ്ടായിരുന്നു എന്ന് തീര്‍ച്ച! അത് ഞാന്‍ തിരിച്ചറിഞ്ഞതാകട്ടെ എന്‍റെ ആദ്യ ലൊക്കേഷന്‍ ട്രിപ്പിലും!

ഡിസ്സോട്ട എന്ന വാഹനത്തിലായിരുന്നു ആ യാത്ര. ലൈറ്റ് ബോയ്സും ക്യാമറ അസിസ്റ്റന്‍റ്റുമാരുമായിരുന്നു അതില്‍ യാത്ര ചെയ്യുന്നത്, ഒപ്പം ക്യാമറകളും റിഫ്ലക്ടര്‍ തുടങ്ങിയ അനുബന്ധ സാമഗികളും അതിലുണ്ടാവും. ലൈറ്റ്ബോയ്സ് എന്ന ലേബലില്‍ ജോലി ചെയ്യുന്നവരില്‍ മിക്കവരും 55-60 വയസ്സുള്ളവരാണ്. ഞാനായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍, ഒരു പക്ഷെ ആ സിനിമയുടെ ടെക്നിക്കല്‍ ക്രൂവില്‍ ഏറ്റവും ചെറുപ്പം.
വണ്ടി ചാലക്കുടിയില്‍ എത്തി ഒരു കുന്നിലേക്ക് തിരിയുമ്പോഴാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ആതിരപള്ളിയാണെന്ന് ഞാന്‍ മനസിലാക്കുന്നത്‌.

തിരുവനന്തപുരം മുതല്‍ വാഹനത്തില്‍ ചെറിയ രീതിയിലുള്ള 'ആഘോഷങ്ങള്‍' തുടങ്ങിയിരുന്നു. മധ്യവയസ്സ് പിന്നിട്ടവരുടെ സ്വാഭാവിക ആഘോഷങ്ങളായിരിക്കാമത് എന്ന് തോന്നിയെങ്കിലും മനസ്സ് വല്ലാതെ മരവിച്ച ഒരു അവസ്ഥയിലായിരുന്നു ഞാന്‍. വണ്ടി കയറ്റം കേറാന്‍ തുടങ്ങിയപ്പോഴേക്കും ചിലര്‍ ഛര്‍ദ്ദിക്കുവാനും, ഓക്കാനിക്കുവാനും ഒക്കെ തുടങ്ങിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക്‌ അതില്‍ വച്ച് തന്നെ ചെന്നിബാധയുമുണ്ടായി.

അടച്ചിട്ട ഒരു വാഹനത്തില്‍, പ്രായത്തില്‍ ഏറെ മുതിര്‍ന്നവരുടെ മദ്യ സല്‍ക്കാരത്തിന്നും ഒടുവില്‍ അതിന്‍റെ സ്വാഭാവിക ക്ലൈമാക്സിനും സാക്ഷ്യം വഹിക്കേണ്ടിവന്ന ഒരു 21 വയസ്സുകാരന്‍റെ മാനസികാവസ്ഥ എന്തായിരുന്നു എന്ന് വിവരിക്കുവാന്‍ കഴിയുന്നില്ല. ഡിസ്സോട്ടയുടെ ഏറ്റവും പുറകിലായി പുറത്തേക്ക് നോക്കി ഞാന്‍ ഇരുന്നു. പുറത്തു ഇരുട്ട് പരക്കുന്ന സന്ധ്യയില്‍ എന്‍റെ കണ്ണുകള്‍ക്ക്‌ ഇമ്പകരമായ ഒരു കാഴ്ച ഞാന്‍ കണ്ടതപ്പോളാണ്.

ആകാശത്ത് നിന്ന് പൊഴിഞ്ഞുവീണതു പോലെ ഒരു വലിയ നക്ഷത്രം എന്‍റെയൊപ്പം നീങ്ങി വരുന്നു എന്നെനിക്ക് തോന്നി. ഒപ്പം ചെറിയ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നത് പോലെയും. തോന്നല്‍ തന്നെയാകാം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലാതെന്ത്? വാഹനം അല്‍പംകൂടി മുകളില്‍ എത്തി കഴിഞ്ഞാണ് അതെന്താണ് എന്ന് ഞാന്‍ മനസിലാക്കുന്നത്‌. ക്രിസ്മസ് രാവുകളില്‍ ദൈവപുത്രന്‍റെ ജനനം അറിയിച്ചു നീങ്ങുന്ന കരോള്‍ സംഘം ആയിരുന്നത്. ചെറുപ്പക്കാരും കുട്ടികളുമടങ്ങുന്ന ഒരു സംഘം വിളക്ക് നക്ഷത്രവുമായി തമ്പേറടിച്ചു ആഹ്ലാദത്തോടെ പാട്ടും പാടി പോകുന്ന നയനമനോഹരമായ കാഴ്ച! ഞാന്‍ ആദ്യമായിട്ടാണ് ഒരു ക്രിസ്മസ് കരോള്‍ കാണുന്നത്. ഞാന്‍ വളര്‍ന്ന ചുറ്റുപാടില്‍ ക്രിസ്മസ് എന്നാല്‍ ചില ദിവസങ്ങളിലെ അവധികള്‍ മാത്രമായിരുന്നെല്ലോ.

മെറിലാന്‍ഡ് റോഡരികില്‍ ഉള്ള വീടുകളില്‍ പിന്നീടുള്ള ക്രിസ്മസ് നാളില്‍ ആദ്യമായി ഒരു സ്റ്റാര്‍ തൂക്കുന്നതും എന്‍റെ വീട്ടിലായിരുന്നു. എസ്.കുമാര്‍ നക്ഷത്രങ്ങളെ മോഹിക്കുന്നു എന്ന് ലോകവും അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
എല്ലാ മതവിശ്വാസങ്ങള്‍ക്കും അപ്പുറം ഇത്തരം ചില ചെറിയ അനുഭവങ്ങള്‍ക്ക് ജീവിതത്തെ ആഴമായി സ്പര്‍ശിക്കുവാന്‍ കഴിയും.


ആടിപാടി കടന്നുപോകുന്ന കരോള്‍സംഘത്തെ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു നിരാശയാണ് പക്ഷെ അനുഭവപ്പെട്ടത്. ഇതുവരെയുള്ള എന്‍റെ ഒറ്റപ്പെടലിന്‍റെ അനുഭവങ്ങള്‍ എന്നില്‍ കാര്‍മേഘം പോലെ നിഴലിച്ചിരുന്നെങ്കില്‍ ഈ കാഴ്ച എന്നെ ഒരു പുനര്‍ചിന്തയിലേക്കാണ് നയിച്ചത്.

"എന്‍റെ തീരുമാനങ്ങള്‍ തെറ്റായിരുന്നോ? മെറിലാന്‍ഡ്‌ എന്ന എന്‍റെ സ്വപ്നത്തിനു ജീവിതവും അതിന്‍റെ ഉത്സാഹങ്ങളും ഞാന്‍ അടിയറവ് നല്‍കി. എന്നിട്ടും ഞാന്‍ സന്തോഷവാനല്ലെങ്കില്‍? എന്‍റെ തീരുമാനം തെറ്റി എന്നല്ലേ അതിനര്‍ത്ഥം." ഞാന്‍ ശരിക്കും വിഷമത്തിലായി.

ആതിരപള്ളിയിലെ ഷൂട്ടിംഗ് എന്‍റെ അസ്വസ്ഥ മനസ്സിനെ പതുക്കെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നു. പ്രകൃതി ഏറ്റവും സുന്ദരിയായിരിക്കുന്നത് കാടിന്‍റെ വശ്യഭംഗിയിലാണ് എന്നാണ് എനിക്ക് എപ്പോഴും തോന്നുന്നത്.

ഒരു തൂലികാതുമ്പിലോ, ഒരു ക്യാമറയുടെ ഫ്രെയിമിലോ ആതിരപള്ളിയുടെ സൗന്ദര്യത്തെ ഒതുക്കി നിര്‍ത്തുവാന്‍ കഴിയില്ല. കാടും വെള്ളച്ചാട്ടവും ഇരട്ടി മനോഹാരിത ഒളിപ്പിക്കുന്ന ഒരു നിഗൂഡ സൗന്ദര്യമാണത്. അത് അനുഭവച്ചറിഞ്ഞവര്‍ക്ക് ആ ലഹരി ഒരിക്കലും മറക്കാനും കഴിയില്ല.ക്യാമറ ടീമിനോപ്പം ഒറ്റതിരിഞ്ഞു നടക്കുന്ന എനിക്ക് ഞാവല്‍പ്പഴങ്ങളുമായാണ് നാഗരാജന്‍ എത്തിയത്...

ഒരു ചെറിയ കുട്ടി. ഷൂട്ടിംഗ് കാണാന്‍ വന്നതാണ്. എന്നെ അവന് ഏറെ ഇഷ്ടമായി. ഞാന്‍ ഒരു 'സിനിമാ നടനാണ്' എന്നാണ് നാഗരാജന്‍ ആദ്യം കരുതിയിരുന്നത്. ഒരു സാധാരണ പ്രേക്ഷകന് സിനിമയെന്നാല്‍ നായകനും നായികയും വില്ലനും മറ്റു അഭിനേതാക്കളും മാത്രമായിരുന്ന ഒരു കാലമായിരുന്നു അത് എന്നു ഓര്‍ക്കുക.

എന്‍റെ രൂപവും ഒരു സിനിമാ നടന് യോജിച്ചതായിരുന്നു എന്ന് ആ കുഞ്ഞുമനസ്സിന് തോന്നിച്ചിരിക്കണം. കാര്യങ്ങള്‍ എന്തായാലും, നാഗരാജന്‍ എന്‍റെ നല്ല കൂട്ടുകാരനായി. അവന്‍റെ കൌതുകങ്ങളില്‍ ഞാനെന്‍റെ നിരാശ പതുക്കെ വിസ്മരിക്കുവാന്‍ തുടങ്ങി.

ആതിരപള്ളി ഷൂട്ടിംഗ് കഴിഞ്ഞു ഞാന്‍ തിരികെ മടങ്ങിയതിന് ശേഷം ഒരു കാലം വരെ നാഗരാജന്‍റെ കത്തുകള്‍ എന്നെ തേടി വന്നിരുന്നു. അവന് എഴുതാന്‍ അറിയാത്തത് കൊണ്ട് ചേച്ചിയാണ് എഴുതി നല്‍കുന്നതെന്നും കത്തില്‍ ഉണ്ടായിരുന്നു. എനിക്ക് ലഭിച്ച ആദ്യ ആരാധകന്‍റെ (അതോ ആരാധികയുടെതോ) കത്ത് അതായിരുന്നു. കുറച്ചുകാലങ്ങള്‍ കഴിഞ്ഞു ആ കത്തുകള്‍ നിലച്ചു.

പിന്നീട് ഞാന്‍ ഫിലിം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായി ആതിരപ്പള്ളി സന്ദര്‍ശിച്ച സമയത്ത് വീണ്ടും ഞാന്‍ നാഗരാജനെ കണ്ടു. അന്ന് അവന് ഏകദേശം 15 വയസ്സ് കാണും പ്രായം എന്ന് ഞാനൂഹിക്കുന്നു. അവിചാരിതമായി കണ്ടുമുട്ടിയ നാഗരാജനെ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഓര്‍മ്മയില്‍ തിരിച്ചറിഞ്ഞത് ഞാനായിരുന്നു. ഓര്‍മ്മകളില്‍ ചില ബന്ധങ്ങള്‍ ശക്തമായ സാന്നിധ്യമായിരിക്കും. എത്ര തിരക്കുകള്‍ നിറഞ്ഞ ജീവിതമാണെങ്കില്‍ കൂടിയും അതങ്ങനെയായിരിക്കും.. ചേച്ചി വിവാഹിതയായി പോയതോടെയാണ് എനിക്കുള്ള കത്തുകള്‍ നിലച്ചതെന്നു നാഗരാജന്‍ പറഞ്ഞു ഞാനറിഞ്ഞു..

പിന്നീടു, കുറെ നാളുകള്‍ക്കുശേഷം നാഗരാജന്‍ എന്നെ തേടി തിരുവനന്തപുരത്തെത്തിയിരുന്നു. പിതാവിന്‍റെ മരണാന്തര അനുകൂല്യമായി അവന് ലഭിക്കാനിടയുള്ള ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജോലി സംബന്ധിച്ചാണ് എന്നെ കാണാന്‍ അവന്‍ വന്നത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തില്‍ ക്രമീകരിച്ചു നല്‍കാന്‍ എനിക്ക് കഴിയും എന്ന് നാഗരാജന്‍ വിശ്വസിച്ചിരുന്നു. ഗണേഷ്കുമാര്‍ മുഖേന അന്ന് മന്ത്രിയായിരുന്ന ബാലകൃഷ്ണന്‍ സാറിനോട് ഞാന്‍ ഇക്കാര്യം ആവശ്യപ്പെടുകയും സര്‍ അത് ഏറ്റവും വേഗത്തില്‍ നടപ്പിലാക്കിത്തരികയും ചെയ്തു. അന്ന് അത്യധികം സന്തോഷത്തോടെ നന്ദി പറഞ്ഞു പിരിഞ്ഞ നാഗരാജനുമായി ഇപ്പോള്‍ എനിക്ക് അധികം സമ്പര്‍ക്കം ഇല്ലെങ്കിലും, എന്‍റെ ആദ്യ ദൂരയാത്രയെ ഓര്‍മ്മിക്കുമ്പോള്‍ ആ സുഹൃത്തിനെ മറക്കുന്നതെങ്ങനെ?

ജീവിതത്തില്‍ എപ്പോഴും പ്രതീക്ഷകള്‍ ബാക്കിയുണ്ടാകണം എന്ന് ഞാന്‍ സ്വയം മനസിലാക്കിയത് ആതിരപള്ളിയുടെ മനോഹാരിതയിലാണ്. ആതിരപള്ളി ജലവൈദ്യുതി പദ്ധതിയെ അംഗീകരിക്കുവാന്‍ ഇപ്പോള്‍ എനിക്ക് കഴിയാത്തതും അതുക്കൊണ്ടായിരിക്കാം.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോഴായിരുന്നു ആതിരപള്ളി ജലവൈദ്യുതി ആദ്യം ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്‌. അന്ന് ആശങ്കാകൂലമായ മനസ്സോടെ ഞാന്‍ സുഗതകുമാരി ടീച്ചറിനെ വിളിച്ചു.. "ഞങ്ങളൊക്കെ ഇതിനായി നടന്നു നടന്നു മടുത്തു..നിങ്ങളും എന്തെങ്കിലുമൊക്കെ പ്രചരണം ചെയ്യു കുമാറേ.." എന്ന് ടീച്ചര്‍ എന്നോടും ആവശ്യപ്പെട്ടു. ആതിരപള്ളി സംരക്ഷിക്കുന്നതിനു ടീച്ചര്‍ സ്വീകരിക്കുന്ന ഏതു നടപടികള്‍ക്കും ഞങ്ങള്‍ സിനിമാരംഗത്തുള്ളവരുടെ പിന്തുണയുണ്ടാകുമെന്നു ഞാന്‍ ടീച്ചര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന്, ടീച്ചറിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രധാനമന്ത്രിയെ നേരിട്ട് പോയിക്കണ്ട് ആതിരപള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും അവിടെ നിന്ന് തന്നെ ഒരു ബില്‍ തയ്യാറാക്കുകയും അത് സുപ്രീംകോടതിയില്‍ കൊണ്ടുപോയി പദ്ധതിക്ക് സ്റ്റേ വാങ്ങിക്കുകയുമാണ് ചെയ്തത്.

ആതിരപള്ളിയെ മരണത്തിലേക്ക് തള്ളി വിടാന്‍ മടിക്കുന്ന പല പ്രമുഖര്‍ ഉള്ളത് ഏറെ ആശ്വാസകരമാണ്.

സമീപകാലത്ത് ആതിരപള്ളി വിവാദം വീണ്ടും ചര്‍ച്ചയില്‍ ഉയര്‍പ്പോള്‍ ഞാന്‍ സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനെ ഫോണില്‍ വിളിച്ചിരുന്നു. പ്രതിഷേധങ്ങള്‍ ജനപ്രതിനിധികളില്‍ നിന്നുയരുന്നത് കൂടുതല്‍ ഫലം നല്‍കില്ലെ?

"പേടിക്കേണ്ട. ആതിരപള്ളി ജലവൈദ്യുത പദ്ധതി ഒരിക്കലും നടക്കില്ല.." എന്നാണ് മന്ത്രി എന്നോട് പറഞ്ഞത്. ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ ആശ്വാസകരമാണ്..

അല്ലെങ്കിലും, പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പല സുപ്രധാന വകുപ്പുകളും സംസ്ഥാനത്ത് സി.പി.ഐ നിയന്ത്രിക്കുന്നതും എനിക്ക് പ്രതീക്ഷ നല്‍കുന്നു. പ്രകൃതിയെ അത്ര വേഗം മരിക്കാന്‍ അനുവദിക്കില്ല എന്ന പ്രതീക്ഷയാണത്.

ആതിരപള്ളിയില്‍ നിന്ന് ഞങ്ങള്‍ പുറപ്പെട്ടത്‌ തെന്മലയിലേക്കാണ്. കാടിന്‍റെ ബാക്കി ചിത്രീകരണം അവിടെയായിരുന്നു.

തയ്യാറാക്കിയത്: ഷീജ അനിൽ