കുഡഫരിയിലെ കാഴ്ചകൾ

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന താമരയില പോലെയൊരു കൊച്ചു ദ്വീപ്, അതാണ് കുഡഫരി. മാലദ്വീപ് എന്ന രാജ്യത്തെ ആയിരത്തിൽപ്പരം ചെറു ദ്വീപുകളിലൊന്നാണ് കുഡഫരി. ആൾത്താമസമുള്ള മുന്നോറോളം ദ്വീപുകളിലൊന്നാണിത്. രഞ്ജിനി സുകുമാരൻ എഴുതുന്നു.

കുഡഫരിയിലെ കാഴ്ചകൾ

രഞ്ജിനി സുകുമാരൻ 

ഓളപ്പരപ്പിലൊഴുകി നീങ്ങുന്ന ആ വലിയ ബോട്ടിലിരുന്ന് അകലേയ്ക്ക് നോക്കി. അങ്ങകലെക്കാണാം ഒരു കുഞ്ഞു പച്ചത്തുരുത്ത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന താമരയില പോലെയൊരു കൊച്ചു ദ്വീപ്, അതാണ് കുഡഫരി. മാലദ്വീപ് എന്ന രാജ്യത്തെ ആയിരത്തിൽപ്പരം ചെറു ദ്വീപുകളിലൊന്നാണ് കുഡഫരി. ആൾത്താമസമുള്ള മുന്നോറോളം ദ്വീപുകളിലൊന്നാണിത്.

ബോട്ടിൽ നിന്നിറങ്ങി പഞ്ചസാര മണൽ വിരിച്ച തീരത്തു നിന്ന് ഞാൻ ചുറ്റും നോക്കി. തീരത്തു തലയാട്ടി നിന്നെന്നെ നിൽക്കുന്ന കൊന്നത്തെങ്ങുകൾ. അതിന്റെയൊക്കെ ചുവട്ടിൽ വീണു കിടക്കുന്ന വലിയ നാളികേരങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ ഒറ്റനോട്ടത്തിൽ നമ്മുടെ ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തെത്തിയതു പോലെ തോന്നി. ശാന്തവും വിജനവുമായ മൺപാതയിലൂടെ ഞാൻ മുന്നോട്ടു നടന്നു. എന്റെ ബാഗുകളൊക്കെ ഒരു ഇരുമ്പു ട്രോളിയിലാക്കി ഉന്തിക്കൊണ്ട് രണ്ടു ചേച്ചിമാർ മുൻപിൽ നടക്കുന്നു. ഞങ്ങൾ ചെന്നു നിന്നത് ഒരു പടിപ്പുര വാതിലിലാണ്. കേരളത്തിലെ പുരാതന വീടുകളുടെ പടിപ്പുര പോലെ. പേരിലുമുണ്ട് മലയാളിത്തം, ചാന്ദിനി വില്ല, നല്ല പേര്. പടിപ്പുര തുറന്നു ഞങ്ങളകത്തു കയറി. ഒരുപാടു മരങ്ങളും ചെടികളും തണൽ വിരിച്ച മനോഹരമായ വീടാണത്. അവിടെയൊരു മലയാളി ടീച്ചർ താമസിക്കുന്നുണ്ട്. ഇനി മുതൽ ഞാനും ഈ വീട്ടിലാണ്. ഈ ദ്വീപിലാണ്. ഈ കുഞ്ഞു ദ്വീപിലാണ്.


അര കിലോമീറ്റർ മാത്രമാണീ ദ്വീപിന്റെ നീളവും വീതിയും. ഒരറ്റത്തു നിന്നും മറ്റേയറ്റത്ത് എത്താൻ 10 മിനിട്ട് നടന്നാൽ മതിയാകും. അതുകൊണ്ട് തന്നെ ഇവിടെ സൈക്കിളും കുറച്ചു പേർക്കുള്ള സ്‌കൂട്ടറും പിന്നെ ഒരു ആംബുലൻസുമൊഴിച്ചാൽ മറ്റു വാഹനങ്ങളൊന്നുമില്ല. പുകയും അന്തരീക്ഷ മലിനീകരണവുമില്ല. ഒരുപാടു തെങ്ങുകളും ശീമപ്‌ളാവുകളും പേരമരവും ബദാം മരങ്ങളും ബോഗൺ വില്ലപ്പൂക്കളുമൊക്കെയുള്ള ശാന്ത സുന്ദരമായ ഒരു തുരുത്ത്.

maldives_4ഇവിടെയൊരു മോസ്‌കുണ്ട്, ഓറഞ്ചു നിറത്തിൽ മനോഹരമായ മുസ്‌ളീം പള്ളി. ഇതാണ് വലിയ പള്ളി, അടുത്തിടെ പണികഴിപ്പിച്ചതാണ്. മറ്റൊരു ചെറിയ പള്ളിയും ഇവിടുണ്ട്. മാത്രമല്ല, ഈ ദ്വീപിലെ ആദ്യത്തെ പള്ളിയുടെ അവശിഷ്ടങ്ങളും അതിനടുത്തായി ഒരു ശ്മശാനവുമുണ്ട്. മാലദ്വീപിലെ എല്ലാവരും ഇസ്‌ളാം മതവിശ്വാസികളാണ്. ബുദ്ധമത ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടുന്നു കണ്ടെടുത്തിട്ടുണ്ട്.

ഈ ദ്വീപിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് കുഡഫരി മദ്രസ എന്ന സ്‌കൂൾ. ഞാനവിടെയാണ് ജോലി ചെയ്യുന്നത്. നഴ്‌സറി മുതൽ പത്താം ക്‌ളാസ് വരെയാണ് ഇവിടെയുള്ളത്. ഓരോ ക്‌ളാസിലെയും കുട്ടികളുടെയെണ്ണം പത്തിൽ താഴെ മാത്രമാണ്. പച്ച പെയ്ൻറിൽ മുങ്ങിക്കുളിച്ച്, തണൽ മരങ്ങൾ കുടപിടിച്ചു നിൽക്കുന്ന സ്‌കൂൾ. പഠനത്തിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാണിവിടെ. സൗജന്യ വിദ്യാഭ്യാസവുമാണ്. ഇവിടുത്തെ മാതൃഭാഷ ദിവേഹിയാണ്. ഇംഗ്‌ളീഷ് മീഡിയം സ്‌കൂളായതു കൊണ്ട് കുട്ടികൾക്ക് നന്നായി ഇംഗ്‌ളീഷ് സംസാരിയ്ക്കും. അതുകൊണ്ട് തന്നെ ഇൻഡ്യക്കാരായ അധ്യാപകർക്ക് ദിവേഹി എന്ന ഭാഷ അറിയില്ലെങ്കിലും യാതൊരു ബുദ്ധിമുട്ടുമില്ല.

maldives_1ഈ ദ്വീപിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് ഐലൻഡ് ഓഫിസ്. നമ്മുടെ നാട്ടിലെ പഞ്ചായത്ത് ഓഫീസ് പോലെ. ഇവിടെയുള്ളവരുടെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുന്നതിവിടെയാണ്. പ്രധാനപ്പെട്ട അറിയിപ്പുകളൊക്കെ ഉച്ചഭാഷിണി വഴി ദ്വീപു നിവാസികളെ അറിയിക്കും. ഒരു വലിയ ഫുട്‌ബോൾ ഗ്രൗണ്ടും പിന്നെയൊരു കമ്മ്യൂണിറ്റി ഹാളുമുണ്ട്. മറ്റു ദ്വീപുകളിൽ നിന്ന് ചിലപ്പോഴൊക്കെ കച്ചവടക്കാർ വന്ന് ഈ ഹോളിൽ വെച്ചാണ് തുണികൾ വിൽക്കുന്നത്. ദ്വീപു നിവാസികൾക്കായി ഒരു ചെറിയ ആശുപത്രിയുവിടെയുണ്ട്. ഒരു ഡോക്ടറും രണ്ടു നഴ്‌സുമാരും മാത്രമാണുള്ളത്. രോഗികളും കുറവാണ്. ഒരു ഡിസ്‌പെൻസറി എന്നു വിളിയ്ക്കുന്നതായിരിയ്ക്കും കൂടുതൽ നല്ലത്.

ഇനി നമുക്ക് കടൽത്തീരത്തെയ്ക്കു നടന്നാലോ? കുഞ്ഞു കുഞ്ഞു കക്കകളും മുത്തു ചിപ്പികളും ഞണ്ടുകളും പവിഴപ്പുറ്റുകളുമൊക്കെയുള്ള തീരങ്ങൾ.

പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൾ പൊടിഞ്ഞു ചേർന്നുണ്ടായ പവിഴദ്വീപുകളിലൊന്നാണിതും. ചെറിയ സ്രാവുകളും തിരണ്ടി മീനുകളുമൊക്കെ തീരത്തോടു ചേർന്ന് നീന്തിത്തുടിയ്ക്കാറുണ്ട്. ഇടയ്‌ക്കൊക്കെ ഡോൽഫിനുകളെയും കാണാം. ചെറിയ ബോട്ടുകൾ നങ്കൂരമിട്ട് തീരത്തു കിടക്കുന്നതും കാണാം. സന്ധ്യനേരങ്ങളിൽ ചെഞ്ചായത്തിൽ മുങ്ങിത്താഴുന്ന സൂര്യനെ എത്ര നേരം നോക്കി നിന്നാലാണ് മതിയാവുക..? അത്ര മനോഹരമാണ് മാലദ്വീപിലെ മണ്ണും വിണ്ണുമെല്ലാം.

maldives_2തീരത്തു നിൽക്കുന്ന തഴച്ചെടികൾ കുളിർക്കാറ്റിൽ ആടിയുലയുന്നതും അലയടിച്ചുയരുന്ന തിരമാലകൾ കണ്ടൽക്കാടുകളിൽ തട്ടി പൊട്ടിച്ചിരിയ്ക്കുന്നതും കണ്ട് മനസു നിറഞ്ഞ് ഈ തീരത്തു നിൽക്കാറുണ്ടെന്നും. ഈ മണ്ണിന്റെ മണമറിഞ്ഞ് ഇളംകാറ്റിന്റെ തലോടലേറ്റ് തിരിച്ചു നടക്കുമ്പോൾ പച്ചിലച്ചാർത്തിനിടയിലിരുന്ന് കള്ളിപ്പൂങ്കുയിലുകൾ പാട്ടു പാടുന്നതും കേൾക്കാം. ഇതിലും സുന്ദരമായൊരു സ്ഥലം ഭൂമിയിലുണ്ടോ എന്നാവും ഒരുപക്ഷേ അവ പാടുന്നത്..!