കുഡഫരിയിലേക്ക്

പവിഴദ്വീപിൽനിന്ന് കുഡഫരിയിലേക്ക് നടത്തിയ യാത്ര- രഞ്ജിനി സുകുമാരൻ എഴുതുന്നു.

കുഡഫരിയിലേക്ക്

രഞ്ജിനി സുകുമാരൻ

മാലദ്വീപിന്റെ തലസ്ഥാന നഗരിയിലെ തിരക്കു പിടിച്ച രണ്ടു ദിവസങ്ങൾ കടന്നു പോയി. ഞാൻ ജോലി ചെയ്യേണ്ട സ്‌കൂളിലെ പ്രിൻസിപ്പൽ അന്നു ഉച്ചയോടെ എന്നെ ഫോൺ ചെയ്തു. അന്ന് രാത്രി 8 മണിയ്ക്ക് കുഡഫരിയിലേയ്ക്ക് ഒരു ബോട്ടുണ്ടത്രേ ! അതിനു തന്നെ കയറണം.

അദ്ദേഹം മാലദ്വീപിലെ ഏജൻസിയുമായി സംസാരിച്ച് എനിയ്ക്കുള്ള ബോട്ട് ടിക്കറ്റും ശരിയാക്കി വെച്ചിട്ടുണ്ട്. അന്നു രാത്രിയിൽ പുറപ്പെട്ടാൽ പിറ്റേന്ന് രാവിലെ കുഡഫരി ദ്വീപിലെത്താം. അടുത്ത ബോട്ട് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്.


ഞങ്ങൾ തിരിച്ചു റൂമിലെത്തി. ഞാനും ഷിജി മിസും സ്മിത മിസുമായിരുന്നു ഒരു റൂമിൽ. മറ്റൊരു റൂമിൽ സഫ്‌ന മിസും കുടുംബവും. അതിനടുത്തുള്ള റൂമിൽ രജീന്ദ്രൻ സാറും ലോപ്പസ് സാറും വിദ്യാദരൻ സാറുമാണുണ്ടായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല ഏജൻസികൾ നടത്തിയ ഇൻറർവ്യൂവിൽ പാസായി മാലദ്വീപിലെത്തിയ പല ടീച്ചേഴ്‌സിനെയും മിനിസ്ട്രിയിൽ വെച്ചും ബാങ്കിൽ വെച്ചും ഹോട്ടലിൽ വെച്ചുമൊക്കെ കണ്ടു പരിചയപ്പെട്ടിരുന്നു. ഓരോരുത്തർക്കും സെലക്ഷൻ കിട്ടിയിരിക്കുന്നത് പല ദ്വീപുകളിലാണ്. ഞാനും എന്റെ കൂടെ ഒരേ ഏജൻസിയിൽ നിന്നു വന്ന അധ്യാപകരും ഒരേ ഹോട്ടലിലാണു താമസിച്ചിരുന്നതെന്ന് പറഞ്ഞല്ലോ. ഞങ്ങൾക്കുള്ള ഭക്ഷണവും താമസവുമെല്ലാം മിനിസ്ട്രിയുടെ വകയാണ്. അതുകൊണ്ട് തന്നെ ടൂറിസ്റ്റായി വരുന്നവർക്കു ഹോട്ടലിൽ താമസിക്കുന്നതിനും ഭക്ഷണത്തിനുമൊക്കെ എന്തു ചെലവു വരുമെന്ന് കൃത്യമായി എനിക്കറിയില്ല.

അങ്ങനെ സമയം കടന്നു പോയി. എന്നെ ബോട്ടു ജെട്ടിയിലെത്തിക്കാനുള്ള ടാക്‌സി ഉടനെയെത്തും. ബാഗുകളൊക്കെ റെഡിയാക്കി ഞാൻ കാത്തിരുന്നു. ഞങ്ങളെല്ലാവരും ഓരോരോ ദ്വീപുകളിലേയ്ക്കു പിരിയാൻ പോകുന്നു. നല്ല വിഷമം തോന്നിയെങ്കിലും പുഞ്ചിരിച്ചു നിന്നു. എനിയ്ക്കുള്ള ടാക്‌സിയെത്തിയിരിക്കുന്നു. സ്മിത മിസ് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. രജീന്ദ്രൻ സാർ എൻറെ ബാഗുകളൊക്കെ ടാക്‌സിയിലെടുത്തു വെച്ചു. എല്ലാവരോടും യാത്ര പറഞ്ഞു...

Maldives_1കാർ നീങ്ങിത്തുടങ്ങി. നഗരത്തിരക്കിലൂടെയത് ഒഴുകി നീങ്ങി ബോട്ടു ജട്ടിയിലെത്തി. ഒരു വലിയ ബോട്ടിനടുത്തായി നിർത്തിയപ്പോഴേയ്ക്കും രണ്ടു പുരുഷൻമാർ എൻറെയടുത്തേയ്ക്ക് വന്നു. മാലദ്വീപിലെ ഏജൻസിയിൽ നിന്നുള്ളവരാണ്. അവരെന്റെ ബാഗെടുത്ത് ബോട്ടുകാരുടെ കയ്യിൽ കൊടുത്തു. രണ്ടു നിലയുള്ള ബോട്ടാണ്. കുറേപ്പേർ തുണി വിരിച്ച് അവരവർക്കു കിടക്കാനുള്ള സ്ഥലം പിടിച്ചിരിയ്ക്കുന്നു. എല്ലാവരും മാലദ്വീപുകാരാണ്. എൻറെ ദ്വീപ് ഇവിടെ നിന്നു രണ്ടാമത്തെ സ്റ്റോപ്പാണെന്നും, അവിടെയിറങ്ങണമെന്നും ഏജൻസിക്കാരിലൊരാൾ പറഞ്ഞു. കുഡഫരി ദ്വീപിലെത്തുമ്പോൾ എന്നെയിറക്കണമെന്ന് ബോട്ടുകാരോടും പറഞ്ഞു.

കരകാണാകടലിൽ ആ രാത്രിയിൽ രണ്ടാമത്തെ സ്റ്റോപ്പെത്തുംമ്പോൾ ഇറങ്ങണം. ബോട്ടിൽ നിറയെ മാലിദ്വീപുകാർ, സ്ത്രീകളും കുട്ടികളുമെല്ലാം ചെറിയ ഷാളുകൾ വിരിച്ചു സ്ഥലം പിടിച്ചു കിടന്നിരുന്നു. ഞാനും ഒരു തുണിവിരിച്ച് ബാഗിൽ തലവെച്ചു കിടന്നു. ബോട്ടു നീങ്ങിത്തുടങ്ങിയപ്പോൾ ആ നല്ല മനുഷ്യൻ കൈ വീശികാണിച്ചു. അനന്തമായി കിടക്കുന്ന ആ മഹാസമുദ്രത്തിലൂടെ തിരമാലകളുടെ പരിലാളനയിൽ ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. പക്ഷേ പേടി തോന്നിയതേയില്ല. കാരണം ഞാൻ സ്വന്തമായി ഒരു പാടു ആഗ്രഹിച്ചു പ്രയത്‌നിച്ചു കിട്ടിയ ജോലിയാണ്. അതിൽ നേരിടുന്ന സുഖവും ദുഖവും വെല്ലുവിളികളും ഒറ്റയ്ക്ക് നേരിടണം.

Maldives_2അടുത്തിരിക്കുന്നവരോടു സംസാരിക്കാൻ ഭാഷയറിയില്ല. മൊബൈലിൽ റെയ്ഞ്ചില്ല. ഇൻഡ്യക്കാരായി വേറെയാരെയും കണ്ടില്ല. പിന്നീടെപ്പൊഴോ ഉറങ്ങിപ്പോയി. കണ്ണു തുറന്നപ്പോൾ നേരം പുലർന്നു വരുന്നു. മനോഹരമായ നീലക്കടൽ മാത്രം ചുറ്റും. ഒന്നാമത്തെ സ്റ്റോപ്പിലെത്തി. അവിടെ കുറേ ആളുകളിറങ്ങി. വീണ്ടും യാത്ര തുടർന്നു. കഴിയ്ക്കാൻ ബ്രഡും ജാമും കിട്ടി. വീണ്ടും 2 മണിക്കൂറുണ്ട് എന്റെ ദ്വീപിലെത്താൻ. അങ്ങനെ നടുക്കടലിലൂടെയുള്ള 12 മണിക്കൂറോളമുള്ള കടൽ യാത്രയ്ക്കു ശേഷം എൻറെ ദ്വീപിനോടടുത്തു. ഒരു ചെറിയ മരുപ്പച്ചയാണത്. അതായിരുന്നു രണ്ടാമത്തെ സ്റ്റോപ്പ്. ഞാനവിടെയിറങ്ങി , എൻറെ ബാഗുകളൊക്കെ ബോട്ടുകാർ ബോട്ടു ജെട്ടിയിലിറക്കി വെച്ചു. അവിടെ രണ്ടു മൂന്നു സ്ത്രീകൾ ചെറിയ ട്രോളികളുമായി നിന്നിരുന്നു. വിജനമായ ഒരു തീരം. അതാണ് കുഡഫരി എന്ന എന്റെ ദ്വീപ്.

എന്നെയിറക്കിയ ശേഷം അവർ, ഒരിക്കലും മറക്കാനാവാത്ത ആ നല്ല രാത്രിയിൽ കൂടെയുണ്ടായിരുന്നവർ യാത്ര തുടർന്നു നടുക്കടലിലെ മൂന്നാമത്തെ സ്റ്റോപ്പിലേക്ക്.