പവിഴദ്വീപിൽ നിന്നുള്ള യാത്ര

മാലദ്വീപില്‍നിന്ന് നടത്തിയ ആദ്യത്തെ യാത്ര- രഞ്ജിനി സുകുമാരന്‍ എഴുതുന്നു.

പവിഴദ്വീപിൽ നിന്നുള്ള യാത്ര

രഞ്ജിനി സുകുമാരൻ

ഓളപ്പരപ്പിനെ കീറിമുറിച്ച് അങ്ങകലെ നിന്നൊരു ബോട്ടു വരുന്നതും നോക്കി നിന്നു ഞാൻ. മാലദ്വീപ് തലസ്ഥാനത്തിലേക്ക് പോവുകയാണ് ഞാൻ. പലനാടുകളിൽ നിന്നുള്ളവരുണ്ടായിരുന്നു ബോട്ടിനുള്ളിൽ. എന്റെ ആദ്യത്തെ കടൽയാത്ര. പതഞ്ഞു പൊങ്ങുന്ന തിരമാലയെ നോക്കി കൗതുകത്തോടെ ഞാനിരുന്നു. കടലിൻറെ ഒരു ഭാഗത്തെ വെള്ളത്തിന് പച്ച കലർന്ന ഇളം നീലയും മറ്റേ ഭാഗത്തിനു കടും നീല നിറവുമായി തോന്നിച്ചു. ആഴമുള്ള ഭാഗത്തെ വെള്ളമാണ് കടും നീല നിറത്തിൽ കാണുന്നതെന്നാരോ പറഞ്ഞു തന്നു.


15 മിനിട്ട് യാത്രയ്ക്കു ശേഷം ബോട്ട് ഒരു ദ്വീപിലടുത്തു. അതാണ് മാലെ ക്യാപിറ്റൽ സിറ്റി. ഞങ്ങളെല്ലാവരും ബോട്ടിൽ നിന്നിറങ്ങി. വീതി കുറഞ്ഞ റോഡുകളാണവിടെ. ഒരുപാടു ടൂവീലറുകളും ടാക്‌സികളും ഒഴുകി നീങ്ങുന്നു. അതു പോലെ തന്നെ ജനങ്ങളും. എല്ലാവരും തിരക്കിലാണ്. ആരും ആരെയും ശ്രദ്ധിയ്ക്കുന്നില്ല. റോഡിനിരുവശത്തും ഷോപ്പുകളുണ്ട്. ഇതു പോലെ തിരക്കു പിടിച്ച ഒരുപാടു സിറ്റികൾ ലോകത്തിലുണ്ട്. എന്നാൽ ഇത്രയും വീതി കുറഞ്ഞ റോഡുകളുള്ള സിറ്റി മാലെ മാത്രമാണ്. ഏകദേശം 2 കിലോ മീറ്റർ മാത്രമാണ് ഈ ദ്വീപിൻറെ നീളവും വീതിയും. ജനങ്ങളെക്കാൾ കൂടുതൽ ബൈക്കുകളും സൈക്കിളുകളുമാണോയെന്ന് നമ്മുക്ക് തോന്നും. ബസുകളൊന്നും തന്നെ ഞാൻ കണ്ടില്ല. അല്ലെങ്കിലും ഈ ചെറിയ സ്ഥലത്ത് ബസിൻറെ ആവശ്യമില്ലല്ലോ. ടാക്‌സി കാറുകൾ ധാരാളമുണ്ട്. ഈ സിറ്റിയുടെ ഒരറ്റത്തു നിന്നും മറ്റേയറ്റേയ്ക്കു നടന്നെത്താൻ 30 മിനിട്ട് മതിയാകും. ഫുട്പാത്തിലൂടെ കാഴ്ചകളൊക്കെ കണ്ട് ഷോപ്പിങ്ങൊക്കെ ചെയ്ത് നടക്കാൻ നല്ല രസമാണ്.

maldives_2വലിയ മുസ്‌ളീം പള്ളികൾ, സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, ഇൻഡ്യൻ എംബസി, പ്രസിഡൻറ് ഹൗസ്, മന്ത്രി മന്ദിരങ്ങൾ, പാർക്കുകൾ, ബാങ്കുകൾ, ഇൻഡ്യക്കാർക്കായി sbi, മാർക്കെറ്റ് തുടങ്ങിയവയെല്ലാം ഈ ചെറിയ ദ്വീപിലുണ്ട്.

അതുപോലെ തന്നെ ഏഷ്യൻ, കോണ്ടിനെൻറൽ, ഇറ്റാലിയൻ, കടൽ വിഭവങ്ങൾ തുടങ്ങിയ പല തരത്തിലുളള ഭക്ഷണസാധനങ്ങൾ ലഭ്യമായ റെസ്‌റ്റൊറൻഡുകളും ധാരാളമുണ്ട്.
പച്ചക്കറികളുൾപ്പെടെയുള്ള എല്ലാ സാധനങ്ങളും മറ്റുള്ള രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതായതു കൊണ്ട് മിക്ക ഭക്ഷണ സാധനങ്ങളും എക്‌സ്‌പെൻസീവാണെന്നു പറയും. എങ്കിലും പലതരത്തിലുള്ള കടൽ വിഭവങ്ങൾ മാലദ്വീപിലെ മാത്രം പ്രത്യേകതയാണ്. ഗവർൺമെന്റ് ഏർപ്പെടുത്തിയിരുന്ന ഒരു നല്ല ഹോട്ടലിൽ രണ്ടു ദിവസം താമസിച്ചു ഞങ്ങൾ. ഞങ്ങളെന്നു പറയുംമ്പോൾ ഞാനും മറ്റു ചില അധ്യാപകരും. ഏകദേശം പത്തോളം മലയാളികൾ. കാഴ്ചകൾ കണ്ടു നടന്നു...ചെറിയ ഷോപ്പിങ്ങ് നടത്തി. മിനിസ്ട്രിയിലേയ്ക്കുള്ള ചില ഫോർമാലിറ്റീസൊക്കെ ചെയ്തു തീർത്തു.

maldives_1കയ്യിലുണ്ടായിരുന്ന ഡോളറും ഇൻഡ്യൻ രൂപയുമൊക്കെ എക്‌സ്‌ചേഞ്ചു ചെയ്ത് മാലദ്വീപ് റുഫിയയാക്കി (MVR) മാറ്റി. ഒരു US ഡോളർ ഏകദേശം 15.38 മാലദ്വീപ് റുഫിയയ്ക്ക് തുല്യമാണ്. ഒരു റുഫിയ എന്നാല്‍ 4 ഇന്‍ഡ്യന്‍ രൂപയാണ്.

മാലദ്വീപിലെത്താൻ വിസ ആവശ്യമില്ല. പാസ്‌പോർട്ട് മതിയാകും. ഇവിടെയെത്തിയതിനു ശേഷം 30 ദിവസത്തേയ്ക്കുള്ള ടൂറിസ്റ്റ് വിസ കിട്ടും. അധ്യാപകരുൾപ്പെടെയുള്ള മറ്റു ജോലിക്കായി വരുന്നവർക്കു വിസ കാർഡും ലഭിയ്ക്കും.

ഒന്നാം ഭാഗം: പവിഴദ്വീപില്‍ നിന്നുള്ള ഡയറിക്കുറിപ്പുകള്‍

ഇത്ര സുന്ദരമായ ഒരു രാജ്യം തീർച്ചയായും സന്ദർശിയ്ക്കണം. ക്യാപിറ്റൽ സിറ്റിയുടെ അടുത്തായി മറ്റു ദ്വീപുകളുമുണ്ട്. എനിയ്ക്കു പോകേണ്ടത് ഇവിടെ നിന്ന് ഏകദേശം 200 കിലോ മീറ്റർ അകലെയുള്ള ദ്വീപിലേയ്ക്കാണ്. 15 മണിയ്ക്കൂർ ബോട്ടിൽ യാത്ര ചെയ്ത് അവിടെയെത്തണം. അങ്ങനെ എൻറെയൊപ്പം വന്ന ഓരോ അധ്യാപകരും അവരവർ ജോലി ചെയ്യേണ്ട ദ്വീപിലേയ്ക്ക് പോകണം. എനിയ്ക്കു പോകാനുള്ള ബോട്ട് ഇന്നു രാത്രി തന്നെ പുറപ്പെടും. ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു. സമയം രാത്രി 7 മണിയോളമായി. ബോട്ടു ജട്ടിയിലേയ്ക്ക് പോകാനുള്ള ടാക്‌സി വരുന്നതും കാത്തു ഞാനിരുന്നു.

Story by