പ്രതിലോമ സമൂഹങ്ങളുടെ മാധ്യമ വിരുദ്ധത

മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് നെറികേടാണ്. മാധ്യമ പ്രവർത്തകർ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. പണിയെടുക്കുന്ന സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനനുസരിച്ച് അവർ കാര്യങ്ങൾ വളച്ചൊടിക്കാറുണ്ടെങ്കിലും അവർ ചെയ്യേണ്ടുന്ന ജോലി മാത്രമാണ് അവർ ചെയ്യുന്നത്. അതിനെ വിടുപണി എന്ന് വിളിക്കാൻ കഴിയില്ല. ജോണി എം എല്‍ എഴുതുന്നു.

പ്രതിലോമ സമൂഹങ്ങളുടെ മാധ്യമ വിരുദ്ധത

ജോണി എം എൽ

മാധ്യമ പ്രവർത്തകർ മാലാഖമാരല്ല. അവർ പട്ടാളക്കാരെപ്പോലെയാണ്. പട്ടാളക്കാർ രാജ്യത്തിലല്ല വിശ്വസിക്കുന്നത് മറിച്ച് അവരുടെ റെജിമെന്റിലും കമാണ്ടറിലും ആണ്. ഒരു മാധ്യമപ്രവർത്തകന്റെ ഉത്തരവാദിത്തം അവന് അല്ലെങ്കിൽ അവൾക്കു ജോലി കൊടുത്തിരിക്കുന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനോടാണ്. അവർക്കു വായനക്കാരോടോ പ്രേക്ഷകരോടോ ഉള്ള ഉത്തരവാദിത്തം മേൽപ്പറഞ്ഞ കാര്യത്തിന്റെ ഉപോത്പന്നം മാത്രമാണ്. അതിന്റെ അർഥം അവർക്കു സ്വന്തമായി രാഷ്ട്രീയമോ സാമൂഹികമോ ആയ ഉത്തരവാദിത്തങ്ങൾ ഇല്ലെന്നല്ല. അത് അവർക്കു സ്വകാര്യമായി കൊണ്ട് നടക്കാവുന്ന ഒന്നാണ്. മാധ്യമ സ്ഥാപനത്തോട് യോജിക്കാൻ കഴിയാത്ത മാധ്യമ പ്രവർത്തകർ സ്ഥാപനം വിട്ടു പോവുകയും അവർക്കു യോജ്യം എന്നും യോഗ്യം എന്നും തോന്നുന്ന ഇടങ്ങളിൽ തൊഴിൽ തുടരുകയും ചെയ്യും. അതിനാൽ മാധ്യമ പ്രവർത്തകരെ അവരുടെ പ്രവർത്തനങ്ങളുടെ പേരിൽ തല്ലുന്നതും തെറിയഭിഷേകം ചെയ്യുന്നതും തെറ്റാണ്.


കോഴിക്കോട് ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഐസ്ക്രീം വിഷയം റിപ്പോർട്ട് ചെയ്യാൻ എത്തിയ ഏഷ്യനെറ്റ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് കേരളത്തിൽ ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുന്നു. അറസ്റ്റ് ചെയ്ത എസ് ഐ സസ്‌പെൻഷനിൽ ആയി. ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ നടത്തിയ വിശദീകരണത്തിനു മറുപടിയായി വന്ന കമന്റുകൾ വായിച്ചപ്പോൾ ഇത് എഴുതാതെ വയ്യെന്നായി. കമന്റുകൾ മാധ്യമ പ്രവർത്തകരെ ഇകഴ്ത്തുകയും പോലീസിനെ പുകഴ്ത്തുകയും ചെയ്യുന്നതാണ്. എല്ലാ കമന്റുകളും ഒരിടത്തു തയാറാക്കി പല പേരുകളിൽ ഇട്ടതു പോലുണ്ട്. രസകരമായ വസ്തുത എല്ലാ കമന്റും യുക്തിപൂർവകം ആണ് എന്നതാണ്. മാധ്യമ പ്രവർത്തകരെ മാധ്യമ വേശ്യകൾ എന്ന് പച്ചയ്ക്കു വിളിക്കുന്നില്ലെങ്കിലും അതിനു സമമാണ് മിക്കവാറും കമന്റുകൾ. കേരളത്തിലെ ഭരണം അട്ടിമറിക്കാൻ മാധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒരുമിച്ചു നടത്തുന്നഉപജാപമാണ് ഇതിനു പിന്നിൽ എന്നും ചിലർ എഴുതുന്നു. ഉപജാപക സിദ്ധാന്തങ്ങൾ രാഷ്ട്രീയത്തിൽ പതിവെങ്കിലും അത്തരം സിദ്ധാന്തങ്ങളിൽ തീരെ താത്പര്യമില്ലാത്തവരുടെ കൂട്ടത്തിലാണ് ഈ ലേഖകൻ. പക്ഷെ ഉപജാപകം എന്ന് തോന്നിപ്പിക്കുന്ന ഒരു കാര്യമുണ്ട് ഇവിടെ. അത് മന്ത്രിസഭയെ അട്ടിമറിക്കുന്നതിലല്ല, പക്ഷെ മാധ്യമ പ്രവർത്തകരെ പിന്തുണയ്ക്കാൻ അഹമഹമികയാ ഇടതും വലതും മധ്യത്തുമുള്ള പാർട്ടികൾ ഒന്നിച്ചു നിൽക്കുന്നു എന്നുള്ളതാണ്.ഇതിൽ ഒരു കാവ്യനീതിയുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടു പോകണമെങ്കിൽ ഫോർത്ത് എസ്റ്റേറ്റ് അഥവാ മാധ്യമങ്ങൾ കൂടിയേ തീരു. അച്ചടിച്ച വാക്കു സത്യമെന്നു കരുതിയിരുന്ന കാലത്തു നിന്ന് നാം കാണുന്നത് സത്യം എന്നതിലേക്ക് നീങ്ങി. പക്ഷെ കാണുന്നതും കാണിക്കുന്നതും കാണേണ്ടതും കാണിക്കേണ്ടതും ഒക്കെ തമ്മിൽ വലിയ വിടവുകൾ വന്നുവെന്ന കാര്യം പൊതുജനം മനസ്സിലാക്കി തുടങ്ങിയതോടെ മാധ്യമങ്ങളും അവയിലെ വാർത്ത ഉൾപ്പെടെയുള്ള പരിപാടികളും വിനോദോപാധികൾ മാത്രമായി. ബോധപൂർവം അവിശ്വാസത്തെ താത്കാലികമായെങ്കിലും മാറ്റി നിറുത്തിയാൽ മാത്രമേ നമുക്ക് വാർത്തകളെ പോലും വിശ്വസിക്കാൻ കഴിയൂ എന്നായി. ഇരുപതു പേരെ ഒറ്റയടിക്ക് നിലംപരിശാക്കുന്ന നായകനെ വിശ്വസിക്കുന്നത് അങ്ങിനെ വിശ്വസിക്കാൻ നാം ആഗ്രഹിക്കുന്നത് കൊണ്ടു മാത്രമാണ്. വാർത്തകളെ ഇപ്പോൾ നാം വിശ്വസിക്കുന്നതും അങ്ങിനെ ആകണം എന്ന് നാം ആഗ്രഹിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് മാധ്യമ പ്രവർത്തകരെ പൊതുജനം ബഹുമാനിക്കുന്നതും. ഒരു ഗൃഹാതുരത്വം പോലെ, ഇവർ സത്യം മാത്രമേ പറയൂ എന്ന് നാം ആഗ്രഹിക്കുന്നു, വിശ്വസിക്കുകയും ചെയ്യുന്നു.

മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് നെറികേടാണ്. മാധ്യമ പ്രവർത്തകർ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. പണിയെടുക്കുന്ന സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനനുസരിച്ച് അവർ കാര്യങ്ങൾ വളച്ചൊടിക്കാറുണ്ടെങ്കിലും അവർ ചെയ്യേണ്ടുന്ന ജോലി മാത്രമാണ് അവർ ചെയ്യുന്നത്. അതിനെ വിടുപണി എന്ന് വിളിക്കാൻ കഴിയില്ല. പോലീസുകാരുടെ മുന്നിൽ മുട്ട് വളയ്‌ക്കേണ്ട കാര്യം അവർക്കില്ല. ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു മാധ്യമ പ്രവർത്തകന്റെ ജോലി. കാക്കിയുടുപ്പും തൊപ്പിയും ലാത്തിയും കാണുമ്പോൾ വിറയ്‌ക്കേണ്ട കാര്യം അവർക്കില്ല. ഏഷ്യനെറ്റ് പ്രവർത്തകർ ചോദ്യം ചോദിക്കുന്നതും പോലീസ് അതിനു ഉത്തരം പറയുന്നതും നാം കണ്ടു. ഇവിടെ സബ് ഇൻസ്പെക്ടറേക്കാൾ പൊക്കവും തടിയുമുള്ള ഒരു മാധ്യമ പ്രവർത്തകനോട് അയാൾക്ക് തോന്നിയ ഈർഷ്യയാണ് ഒരു വിഷയം. മാധ്യമ പ്രവർത്തകൻ ചോദിക്കുന്നത് എന്തുകൊണ്ട് അവർക്കു കോടതി പരിസരത്തു നിൽക്കാൻ പാടില്ല എന്നാണ്. അതിനു ജഡ്ജി വാക്കാൽ പറഞ്ഞു എന്നുള്ള പോലീസിന്റെ ഉത്തരം മുഖവിലയ്‌ക്കെടുക്കണമെന്നില്ല. മാവോയിസ്റ്റുകളുടെ വിചാരണ നടക്കുന്നതിനാൽ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന പോലീസ് നിലപാടിനെ പൊളിച്ചടുക്കുന്ന മാധ്യമ പ്രവർത്തകൻ പോലീസിനെ ഒരിടത്തും വെല്ലു വിളിക്കുന്നതായി കാണുന്നില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥനോട് അയാൾ ഏതു പോലീസ് സ്റ്റേഷനിലെ എസ് ഐ ആണെന്ന് ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ (അതും ബ്യൂറോ ചീഫ് ) ചോദിക്കുന്നതിൽ തെറ്റ് കാണാൻ കഴിയില്ല. അതിനുള്ള മറുപടി പോലീസ് പറയുന്നുമുണ്ട്. പക്ഷെ എന്ത് കൊണ്ടാണ് പൊലീസിന് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റേണ്ടവർ ആണെന്ന് തോന്നിയത്? എന്ത് കൊണ്ടാണ് ഇരു ഭാഗത്തും അഗ്രെഷൻ ഉണ്ടായത്?

മാധ്യമ പ്രവർത്തകരെ കോടതി വളപ്പിൽ വക്കീലന്മാർ ആക്രമിച്ച സംഭവം കഴിഞ്ഞിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ല. തുടർന്ന് വിചാരണ സമയത്തും ചേമ്പറുകളിലും മാധ്യമ പ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് കോടതി ഉത്തരവുണ്ടായി. ഇതേ തുടർന്ന് മാധ്യമ പ്രവർത്തകർക്ക് ഒരു പരിധി വരെ പ്രവർത്തന സ്വാതന്ത്ര്യം തടയപ്പെട്ടിരുന്നു. അതെ സമയം കോടതി വളപ്പിൽ കടക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങിനെ വരുമ്പോൾ അവിടെ നിന്ന് ആട്ടിയോടിക്കപ്പെടുന്ന മാധ്യമ പ്രവർത്തകർക്ക് സ്വാഭാവികമായും അഗ്രെഷൻ ഉണ്ടാകും- പക്ഷെ അത് ചോദ്യങ്ങൾ ചോദിക്കുന്നതിൽ മാത്രം ആയിരിക്കും. പോലീസ് പക്ഷെ അഗ്രെസ്സിവ് ആകേണ്ട ആവശ്യം ഇല്ല, അവർക്കു സവിശേഷ ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ. കോടതി വളപ്പിൽ കയറരുത് എന്ന് കോടതി ഉത്തരവുണ്ടെങ്കിൽ അത് കാട്ടിക്കൊടുക്കേണ്ട കാര്യം പോലീസിനുണ്ട്. അതിവിടെ പാലിക്കപ്പെട്ടിട്ടില്ല. അതല്ല കോടതി തീരുമാനങ്ങൾ ജഡ്ജി ഇൻസ്പെക്ടറെ ഫോണിൽ വിളിച്ചു പറയുന്ന അവസ്ഥയാണെങ്കിൽ നമ്മുടെ ജുഡിഷ്യറിയ്ക്കു എന്തോ കുഴപ്പങ്ങൾ ഉണ്ടെന്നു കരുതണം. ഒരു സവിശേഷ സാഹചര്യത്തിന്റെ വൈകാരികം കൂടി ആയ അവസ്ഥ മനസ്സിലാക്കി പെരുമാറേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ഒരു ഷാജി കൈലാസ് ചിത്രത്തിൻറെ കഥയായി ജീവിതത്തെ കാണുന്ന പോലീസുകാർ പക്ഷെ മാറിയ കാലത്തിലെ ആക്ഷൻ ഹീറോ ബിജു കൂടി കണ്ടു പഴയ പാഠങ്ങൾ തിരുത്തണം. മാധ്യമ പ്രവർത്തകർ ക്രിമിനലുകൾ അല്ല എന്ന ബോധം പൊലീസിന് ഉണ്ടാകണം. പക്ഷെ പോലീസിനെ വെല്ലുന്ന ക്രിമിനൽ മൈൻഡ് മാധ്യമ പ്രവർത്തകർക്ക് ഉണ്ടായിക്കൂടെന്നില്ല. പല സ്റ്റിംഗുകളും പല സ്‌കൂപ്പുകളും ഉണ്ടാവുകയും തെരെഞ്ഞെടുപ്പ് ഫലങ്ങൾ പോലും മാറിമറിയുകയും ചെയ്യുന്നത് പോലീസുകാർ വിചാരിച്ചിട്ടല്ല; മാധ്യമ പ്രവർത്തകർ വിചാരിച്ചിട്ടാണ്. ഒരു സ്റ്റേഷൻ എസ് ഐ യ്ക്കു ആരൊക്കെയാണ് ആ സ്റ്റേഷൻ അതിർത്തിയിലുള്ള ലോക്കൽ സെക്രട്ടറി ആരെന്നും മറ്റും അറിയുന്നത് പോലെ മാധ്യമ പ്രവർത്തകർ ആരൊക്കെയാണെന്ന് എന്നും അദ്ദേഹവും സഹപ്രവർത്തകരും അറിഞ്ഞിരിക്കണം. മാധ്യമ പ്രവർത്തകരെ തല്ലുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അത് ഒരു ആധുനിക സമൂഹത്തെയല്ല എടുത്തു കാട്ടുന്നത്. മാധ്യമങ്ങൾ ജനങ്ങൾക്ക് നൽകുന്ന വൈകാരികവും ബൗദ്ധികവുമായ പിന്തുണ നശിക്കാത്തിടത്തോളം കാലം ഈ വിഷയത്തിൽ പോലീസ് തന്നെയാണ് വില്ലൻ സ്ഥാനത്തു നിൽക്കുന്നത്.