'നോൺവെജ്' തമാശകളുമായി ഫേസ്ബുക്കിൽ ചിരിവിതറിയ മലയാളം നോട്ടി ട്രോൾസ് ഇനിയില്ല

മലയാളം നോട്ടി ട്രോൾസ് (MNT) ഗ്രൂപ്പ് പ്രവർത്തനം നിർത്തുന്നതായി അണിയറ പ്രവർത്തകർ. പേജിൽ അഡ്മിന്മാൽ ഒരാളാണ് നോട്ടി ട്രോൾ പേജിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചിപ്പിച്ച് പോസ്റ്റിട്ടത്.

രതിയും ആസക്തിയും വിഷയമായി വരുന്ന, പ്രായപൂർത്തിയായവർക്കുള്ള തമാശകളുമായി ഫേസ്ബുക്കിൽ ചിരി പടർത്തിയ മലയാളം നോട്ടി ട്രോൾസ് എന്ന അഡൽറ്റ് ഹ്യൂമർ ഗ്രൂപ്പ് പ്രവർത്തനം നിർത്തുന്നതായി അണിയറ പ്രവർത്തകർ. ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളാണ് MNT പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് പോസ്റ്റിട്ടത്. ഫേസ്ബുക് സെറ്റിങ്സിലെ 'ക്ലോസ്ഡ് ഗ്രൂപ്പ്' എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ ഗ്രൂപ്പ് ഇല്ലാതാവുന്നതോടെ, ഫലത്തിൽ MNT എന്ന സജീവമായ ഫേസ്ബുക് പേജും അപ്രത്യക്ഷമാകും.


സദാചാര ഭ്രാന്ത് പിടിച്ച നാട്ടിൽ ഇങ്ങനെയൊരു ഗ്രൂപ്പ് കൊണ്ട് വന്നത് തെറ്റാണെന്നും ഇത്രയും കാലം വൻ ജനപിന്തുണയോടെ ഗ്രൂപ്പ് കൊണ്ടു നടക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അഡ്മിൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.

'ഇത്രേം കാലം ഈ നാട്ടിൽ നില നിന്ന കപട സദാചാരത്തെ ചോദ്യം ചെയ്തതിൻറെ പേരിൽ പല തരത്തിലുള്ള മാനസിക പീഡനങ്ങളും അഡ്മിൻസിന് നേരിടേണ്ടി വന്നു. ഇനിയും ഈ ഗ്രൂപ്പ് തുടർന്നാൽ പട്ടിയെ ആടാക്കുന്ന ഈ കപട സദാചാര വാദികളും നിയമപാലകരും കള്ളകഥകൾ മെനയുകയും Adult Trolls എന്ന് കേട്ടാൽ അനാശാസ്യമാണ് എന്ന് കരുതുന്ന ജനവിഭാഗവും മാധ്യമ ശിരോമണികളും ഞങ്ങളെ ക്രൂശിക്കാനും സാധ്യത ഉള്ളതിനാൽ ഈ യുദ്ധം ഞങ്ങളുടെ ചോര പൊടിയും മുന്നേ അവസാനിപ്പിക്കുന്നു. ഗ്രൂപ്പിന്റെ ഭാവി കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കും.' പോസ്റ്റിൽ വ്യക്തമാക്കി.

Sex is a part of nature. I go along with nature എന്ന മെർലിൻ മൺറോയുടെ ഉദ്ധരണിയോടെ ആരംഭിക്കുന്ന ദീർഘമായ നിയമാവലിയോടെയാണ് മലയാളം നോട്ടി ട്രോൾ പ്രവർത്തനം തുടങ്ങിയത്. ഐസിയു, ട്രോൾ മലയാളം എന്നിവയോടൊപ്പം തന്നെ സജീവമായ ഗ്രൂപ്പമായിരുന്നു മലയാളം നോട്ടി ട്രോൾസും. ഗ്രൂപ്പിൽ അപ്രൂവ് ചെയ്യുന്ന പോസ്റ്റുകൾ മാത്രമാണ്, MNTയുടെ പേജിലേക്ക് എത്തിയിരുന്നത്. കർശനമായ നിയമാവലിയോടെ പ്രവർത്തിച്ചിരുന്ന ഗ്രൂപ്പിൽ, പോസ്റ്റിടുന്നവർക്കെതിരായ ബുള്ളിയിങ് അനുവദിച്ചിരുന്നില്ല.

ഐസിയുവിൽ അഞ്ച് ലക്ഷത്തിലധികം അംഗങ്ങളുള്ളപ്പോൾ മലയാളം നോട്ടി ട്രോൾസിൽ ഒരു ലക്ഷത്തിമുപ്പത്തിയയ്യായിരത്തോളം ആളുകൾ അംഗങ്ങളുണ്ട്. വളരെ സജീവമായി അശ്ലീലമെന്ന് പൊതുസമൂഹം വിലയിരുത്താവുന്ന പോസ്റ്റുകളാണ് നോട്ടി ട്രോൾസ് ഗ്രൂപ്പിൽ വന്നിരുന്നത്. ഇതിന്റെ പേരിൽ അഡ്മിൻമാർക്ക് മാനസിക പീഡനങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ടെന്നാണ് അഡ്മിൻ ഇട്ട പോസ്റ്റിൽനിന്ന് വ്യക്തമാകുന്നത്.

'ഫേസ്ബുക്കിൽ ധാരാളം കൂട്ടായ്മകൾ ഉണ്ടെങ്കിലും ADULT TROLLS പങ്കുവെയ്ക്കുന്ന ഗ്രൂപ്പുകൾ കുറവാണു ..മറ്റു പല ഗ്രൂപ്പിലും എന്തോ വലിയ തെറ്റ് പോലെയാണ് ഈ തമാശകളെ കാണുന്നത് . എന്നാൽ തികച്ചും പകൽ മാന്യൻ ആകാനുള്ള ഒരു ശ്രമം മാത്രമായേ ഇത്തരം പ്രവർത്തികളെ കാണാൻ ഒക്കുകയുള്ളൂ. മനുഷ്യനിൽ എറ്റവുമധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം തമാശകളെ മറ്റുള്ളർക്ക് കൂടി ആസ്വദിക്കാൻ തുടങ്ങിയ ഈ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം' നിയമാവലിയിൽ മെംബർമാരെ സ്വാഗതം ചെയ്യുന്ന ഭാഗത്ത് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ സ്വഭാവത്തെ അഡ്മിൻമാർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

'ഈ ഗ്രൂപ്പിൽ മാന്യതയുടെ കപടമായ കീഴ്‌വഴക്കങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇത് തുണ്ട്/Porn ഗ്രൂപ്പ് ആണ് എന്ന മിഥ്യാ ധാരണ ഒഴിവാക്കുക. ഇന്ത്യൻ സൈബർ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു Troll ഗ്രൂപ്പ് മാത്രമാണ് നമ്മുടേത്. പോസ്റ്റുകളിലും കമന്റ്സിലും അമിതമായ രീതിയിൽ ഉള്ള അസഭ്യ പരാമർശങ്ങൾ ഒഴിവാക്കുക. ഗ്രൂപ്പിൽ പരിധിയിൽ കവിഞ്ഞ നഗ്‌നതാ പോസ്റ്റുകൾ, Incest, Rape/Sexual Violence/WhatsApp വഴിയും മറ്റും പ്രചരിക്കപ്പെട്ട Sex Videosനെ പറ്റിയുള്ള പോസ്റ്റുകൾ, വെറും Hot Photos മാത്രം വെച്ചുള്ള പോസ്റ്റുകൾ ,നടിമാരെ Sexually അപമാനിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ, മതം, രാഷ്ട്രീയം എന്നിവയെ പറ്റി അമിതമായി പരാമർശിക്കുന്ന പോസ്റ്റുകൾ , വികലമായ രതി വൈകൃതങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള പോസ്റ്റുകൾ നിരോധിച്ചിരിക്കുന്നു. ഗ്രൂപ്പിലെ മറ്റു മെംബേർസിനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ല. ഗ്രൂപ്പിലെ മെംബേർസിനെ Gender ഉം മറ്റും ചോദിച്ചു ശല്യപ്പെടുത്തുകയോ മറ്റോ ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്നും ഒരു ദയയും ഇല്ലാതെ പുറത്താക്കുന്നതാണ്. MNTയെ വിജയകരമാക്കാൻ നിങ്ങളുടെ എല്ലാ സഹകരണം പ്രതീക്ഷിക്കുന്നു' എന്ന് അഡ്മിൻ ടീം നിലപാട് വ്യക്തമാക്കിയിട്ടുള്ള പേജാണ് പ്രവർത്തനം നിർത്താൻ പോകുന്നത്.

ഈ മാസം ആറിന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി
നവമാധ്യമങ്ങളിലും ഓൺലൈനിലും സ്ത്രീകളെ അധിക്ഷേപിക്കും വിധം പോസ്റ്റിടുന്നവരെ
കുടുക്കാൻ സൈബർ സെല്ലിന് രൂപം നൽകിയിരുന്നു. സൈബർ ട്രോളിന് ഇരയാകുന്നവരെ സഹായിക്കുകയാണ് സൈബർ സെൽ കൊണ്ട് കേന്ദ്രം ലക്ഷ്യമിട്ടത്. ഓൺലൈൻ ആക്രമണങ്ങളെക്കുറിച്ച് പരാതിപ്പെട്ടാൽ ഉടൻ സൈബർ സെല്ലിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകുമെന്നും മനേക ഗാന്ധി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മലയാളം നോട്ടി ട്രോൾ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. #IAmTrolledHelp എന്ന ഹാഷ്ടാഗിൽ പരാതിപ്പെട്ടാൽ നടപടിയെടുക്കുമെന്നാണ് മേനക ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. അതേസമയം
ഇന്റർനെറ്റിനെ നിയന്ത്രിക്കുകയല്ല ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും
അവർ വ്യക്തമാക്കിയിരുന്നു.മലയാളം നോട്ടി ട്രോൾ പ്രവർത്തനം നിർത്തുന്നതായി വ്യക്തമാക്കുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ

Dear members ;
സദാചാര പ്രാന്ത് പിടിച്ച നാട്ടിൽ ഇങ്ങനെ ഒരു ഗ്രൂപ്പ് കൊണ്ട് വന്നതേ ഞങ്ങളുടെ തെറ്റ് . എങ്കിലും ഇത്രേം കാലം വൻ ജനപിന്തുണയോടെ ഈ ഗ്രൂപ്പിനെ കൊണ്ട് പോകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് . sex എന്ന് പരസ്യമായി പറഞ്ഞാൽ മഹാപാതകം ആയി കരുതുന്ന നാട്ടിൽ ഇനിയും ഇങ്ങനെ ഒരു ഗ്രൂപ്പ് കൊണ്ട് പോകാൻ ധാരാളം പ്രശ്‌നങ്ങൾ ഉണ്ട് . ഈ സദാചാര കോമരങ്ങൾ ചത്ത് മണ്ണടിയുന്ന കാലത്ത് ആദ്യമായി ഇതേ പോലെ ഒരു ഇവമിഴല കൊണ്ട് വരാൻ ശ്രമിച്ച നമ്മുടെ പ്രയത്‌നത്തെ (അന്ന് നിങ്ങൾ ഒക്കെ അസ്ഥി ആയില്ല എങ്കിൽ ) ഓർക്കുമെന്ന് കരുതുന്നു . ഇത്രേം കാലം ഈ നാട്ടിൽ നില നിന്ന കപട സദാചാരത്തെ ചോദ്യം ചെയ്തതിൻറെ പേരിൽ പല തരത്തിലുള്ള മാനസിക പീഡനങ്ങളും അഡ്മിൻസിന് നേരിടേണ്ടി വന്നു . ഇനിയും ഈ ഗ്രൂപ്പ് തുടർന്നാൽ പട്ടിയെ ആടാക്കുന്ന ഈ കപട സദാചാര വാദികളും നിയമപാലകരും കള്ളകഥകൾ മെനയുകയും Adult Trolls എന്ന് കേട്ടാൽ അനാശാസ്യമാണ് എന്ന് കരുതുന്ന ജനവിഭാഗവും മാധ്യമ ശിരോമണികളും ഞങ്ങളെ ക്രൂശിക്കാനും സാധ്യത ഉള്ളതിനാൽ ഈ യുദ്ധം ഞങ്ങളുടെ ചോര പൊടിയും മുന്നേ അവസാനിപ്പിക്കുന്നു . ഗ്രൂപ്പിൻറെ ഭാവി കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കും..

Read More >>