ശൂന്യത ചിത്രീകരിക്കുവാന്‍ കറുപ്പല്ലേ നല്ലത്? എന്തിനാണ് പ്രഷ്യന്‍ ബ്ലൂ?

മലയാള സിനിമയിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ എണ്ണുമ്പോള്‍ അതില്‍ ഗായത്രിയുടെ പേര് കാണില്ല. കാരണം, മുറിവേല്‍ക്കാന്‍ വേണ്ടി മാത്രം രംഗത്ത് വന്നതാണ് അവള്‍..2013 ല്‍ റിലീസായ ആര്‍ട്ടിസ്റ്റ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ..

ശൂന്യത ചിത്രീകരിക്കുവാന്‍ കറുപ്പല്ലേ നല്ലത്? എന്തിനാണ് പ്രഷ്യന്‍ ബ്ലൂ?

"എന്താണ് പ്രഷ്യന്‍ ബ്ലൂ തന്നെ ചിത്രീകരിക്കുവാന്‍ ഉപയോഗിച്ചത്?..ശൂന്യത ചിത്രീകരിക്കുവാന്‍ കറുപ്പല്ലേ നല്ലത്?"

കാഴ്ച നഷ്ടപ്പെട്ടതിനു ശേഷം മൈക്കല്‍ ആന്‍ജെലോ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കണ്ട മാധ്യമപ്രവര്‍ത്തകന്‍റെതായിരുന്നു ആ ചോദ്യം. അത് മൈക്കള്‍ മറുപടി പറയാന്‍ ആഗ്രഹിച്ച ഒരു ചോദ്യമായിരുന്നു.

"വഞ്ചനയുടെ നിറമാണ് നീല...അസത്യത്തിന്റെ നിറം! കാരണം..നമ്മുക്ക് ചുറ്റുമുള്ള ലോകം അതാണ്‌..."

മലയാള സിനിമയിലെ കേവലം ഒരു സ്ത്രീ കഥാപാത്രത്തിനുമപ്പുറം ഗായത്രി പലതും പറഞ്ഞു..പക്ഷെ, അതൊക്കെയും അവളുടെ പരാജയങ്ങളായിരുന്നു എന്ന് മാത്രം! മൈക്കല്‍ ആന്‍ജെലോ (ഫഹദ് ഫാസില്‍) അറിഞ്ഞ വഞ്ചനയും, അസത്യവും ഗായു എന്ന ഗായത്രി (ആന്‍ അഗസ്റ്റിന്‍) ആയിരുന്നെല്ലോ. എല്ലാറ്റിനും ഒടുവിലും കാഴ്ചക്കാര്‍ക്ക് തീരെ മനസിലാകാതെ പോകുന്ന ഒരു കഥാപാത്രമായി ഗായത്രി മാറുന്നു.


തിരുവനന്തപുരം സ്വദേശി പരിതോഷ് ഉത്തം എഴുതിയ 'ഡ്രീംസ്‌ ഇന്‍ പ്രഷ്യന്‍ ബ്ലൂ' എന്ന കഥയെ ആസ്പദമാക്കി ശ്യാംപ്രസാദ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 2013 റിലീസ് ചെയ്ത 'ആര്‍ട്ടിസ്റ്റ്'. ശ്യാമപ്രസാദ്‌ ചിത്രങ്ങളിലെ സ്ത്രീകള്‍ എന്നും അപൂര്‍വതകളിലൂടെ സാധാരണക്കായി ജീവിക്കുന്നവരാണ്..അത് പോലെ തന്നെയാണ് 'ഗായു'വും..നിറങ്ങളുടെ ലോകത്ത് നിന്ന് അവള്‍ വന്നെത്തപ്പെട്ടത്, ഏക നിറമുള്ള ഒരു ലോകത്തേക്കായിരുന്നു..മൈക്കല്‍ ആന്‍ജെലോ, അവളുടെ പുരുഷന്‍ കാന്‍വാസില്‍ തീര്‍ത്ത പ്രഷ്യന്‍ ബ്ലൂവിന്‍റെ ശൂന്യതയായിരുന്നു അത്!

ഫൈന്‍ആര്‍ട്സ് കോളേജില്‍ പഠിക്കുവാന്‍ എത്തിയ ഗായത്രിയുടെ കണ്ണുകളില്‍ ലോകത്തോടുള്ള കൗതുകം തെളിഞ്ഞു കാണാം. കല പഠനവിഷയമായി തിരഞ്ഞെടുക്കുന്ന ഒട്ടുമിക്ക യുവത്വങ്ങളും നേരിടുന്ന പ്രശ്നങ്ങളും ഗായത്രിക്കുമുണ്ട്."പഠിച്ചാല്‍ എന്തെങ്കിലും പ്രയോജനം ഉള്ളതാണോ?" എന്ന അച്ഛന്റെ ചോദ്യം അവളെ പ്രകോപിതയാക്കുന്നത് അതുക്കൊണ്ടാണ്.

ഫൈന്‍ ആര്‍ട്സ് കോളേജിലെ ജീവിതം അവള്‍ സ്വപ്നതുല്യമായ ലഹരിയോടെ ആസ്വദിക്കുമ്പോഴാണ് സീനിയറായ മൈക്കലിനെ കണ്ടു മുട്ടുന്നത്. നിറങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്ന മൈക്കളില്‍ അവള്‍ ആകൃഷ്ടയായി..അവന്‍ തിരിച്ചും! ഈ ബന്ധത്തെ പ്രണയം എന്ന് വിളിക്കുവാന്‍ കഴിയുമോ എന്നുള്ളത് പ്രേക്ഷകന്‍റെ വിവേചനത്തിന്നു നല്‍കുന്നതാണ് ഉത്തമം..കാരണം, നമ്മള്‍ കണ്ടു ശീലിച്ച പ്രണയക്കഥകളില്‍ മുദ്രണം ചെയ്തിരുന്ന നിയമങ്ങള്‍ ആയിരുന്നില്ല അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ഓരോ ജീവിതത്തിലും മടങ്ങി വരുവാന്‍ കഴിയാത്ത ഒരു ബിന്ദുവിലേക്കുള്ള പ്രയാണം അവര്‍ ഇരുവരും ആരംഭിക്കുന്നത് വളരെ നിസ്സാരമായിട്ടാണ്.

"എന്തിനാണ് വിവാഹം? നമ്മുക്കൊരുമിച്ചു ജീവിച്ചാല്‍ പോരെ? നമ്മള്‍ രണ്ടു പേരും ഒന്നിക്കുന്നത് രണ്ടു പേര്‍ക്കും ക്വാളിറ്റി ടൈം ചെലവഴിക്കാനാണ്. എനിക്ക് പെയിന്റ് ചെയ്യാനും..നിനക്ക് എന്തെങ്കിലുമൊക്കെ എഴുതാനും..."

മൈക്കളിന്‍റെ ഈ ഭാവനകള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി ഏറെ ദൂരം ഉണ്ടെന്നു അറിഞ്ഞു തന്നെ 'ലിവിംഗ് ടുഗേതറില്‍' ഒന്നിക്കുവാന്‍ ഗായു സമ്മതിക്കുന്നു,കാരണം മൈക്ക് അവള്‍ക്കു അഭിനിവേശമായിരുന്നു..കോളേജില്‍ നിന്നും 'ഡ്രോപ്പ് ഔട്ട്‌' പദവിയില്‍ അവര്‍ ജീവിതം ആരംഭിച്ചു. ക്യാന്‍വാസിന്‍റെ ലോകത്ത് താന്‍ ഒരു പ്രതിഭയാണെന്ന് മൈക്ക് സ്വയം വിശ്വസിക്കുന്നു. കോള്‍സെന്‍ററിലെ ജോലിയില്‍ നിത്യ ചെലവിനുള്ള വരുമാനം കണ്ടെത്തുന്ന ഗായുവിനു വീട്ടിലെത്തിയാലും പിടിപ്പത് പണിയാണ്. ഗൃഹഭരണം സ്ത്രീകളുടെ മാത്രം മാറ്റാനാവാത്ത കടമകളാണെല്ലോ! ചായങ്ങളില്‍ മികച്ച ക്വാളിറ്റി നിഷ്കര്‍ഷിക്കുന്ന മൈക്കളിന് വരയ്ക്കുവാനുള്ള സാധന സാമഗ്രികള്‍ വാങ്ങാന്‍ പോലും തന്‍റെ ശമ്പളം തികയുകയില്ല എന്ന് മനസിലാക്കുന്നതും, അവര്‍ ഇരുവരില്‍ ഗായത്രി മാത്രമായിരുന്നു. മൈക്കള്‍ നിറങ്ങളുടെ ലോകത്തെ ഭ്രാന്തന്‍ മാത്രമാണ്..അങ്ങനെ കഴിയാനായിരുന്നു അയാള്‍ക്ക് ഇഷ്ടവും!


മൈക്കള്‍ കൂടി സമ്പാദിക്കുവാന്‍ തുടങ്ങിയെങ്കില്‍ മാത്രമേ ഇപ്പോളുള്ള ജീവിത സാഹചര്യങ്ങളെങ്കിലും തുടരാന്‍ കഴിയു എന്ന് ഗായത്രി അവനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നു. എങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. അതിനിടയില്‍ ഒരു അപകടത്തില്‍ മൈക്കളിനു കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. ആ ആര്‍ടിസ്റ്റിന്റെ മുന്നില്‍ ഇപ്പോള്‍ സ്വാഭാവികമായും കറുപ്പിന്റെ നിറം മാത്രമായിരിക്കും എന്ന് നാം ചിന്തിക്കുന്നിടത്തു നിന്നാണ് ആ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം ഉയര്‍ന്നു വന്നത്.

ശൂന്യത ചിത്രീകരിക്കുവാന്‍ കറുപ്പല്ലേ നല്ലത്?" എന്തിനാണ് പ്രഷ്യന്‍ ബ്ലൂ?

artist movie

എങ്ങനെയാണ് പ്രഷ്യന്‍ ബ്ലൂ ചതിയുടെയും വഞ്ചനയുടെയും നിറമാകുന്നത്?

മൈക്കളിന്റെ അപകടത്തെ തുടര്‍ന്നുണ്ടായ വിടവില്‍ ഗായുവിന് കോള്‍സെന്ററിലെ ജോലി നഷ്ട്ടപ്പെട്ടു. പിന്നീട് ലഭിച്ച ജോലിയാകട്ടെ ഒരു ബേക്കറിയിലെ അറ്റന്‍ഡ് പോസ്റ്റും! ഇതിനിടയില്‍ അവള്‍ക്കു സഹായമായിട്ടുള്ളത് അഭിനവും ഭാര്യ രുചിയുമാണ്. ഇരുവരും ഫൈന്‍ ആര്‍ട്സ് കോളേജില്‍ മൈക്കളിന്റെയും ഗായത്രിയുടെയും സുഹൃത്തുക്കളുമായിരുന്നു.

ഇനിയൊരിക്കലും വരയ്ക്കാന്‍ കഴിയില്ലെന്ന നിരാശയില്‍ നിന്നും മൈക്കളിനെ തിരിച്ചു കൊണ്ട് വരണമെന്ന് ഗായത്രി ആഗ്രഹിക്കുന്നു. പക്ഷെ, അവള്‍ അത് പറയും മുന്‍പ് തന്നെ മൈക്കല്‍ മാനസികമായി അതിന്നു ഒരുങ്ങി കഴിഞ്ഞു. കണ്ണില്‍ ഇരുട്ട് മൂടിയ താന്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തണമെന്നും മൈക്കള്‍ ആഗ്രഹിക്കുന്നു.

ഉള്‍ക്കണ്ണിലെ കാഴ്ചകള്‍ കാന്‍വാസില്‍ പകര്‍ത്തുമ്പോഴും, ചായങ്ങളുടെ ക്വാളിറ്റിയില്‍ അവന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല കൂട്ടില്‍ അകപ്പെട്ട മൃഗത്തെ പോലെ അക്ഷമനായി കാണുന്ന മൈക്കള്‍ സന്തോഷവാനകുന്നത് ബ്രഷ് കൈയില്‍ എടുക്കുമ്പോള്‍ മാത്രമാണ്. ബ്രഷുകളുടെ നിലവാരത്തിലും, അയാള്‍ വളരെ സൂക്ഷ്മത പുലര്‍ത്തി ...ഒരു പക്ഷെ മുന്‍പത്തേതിലും ഏറെ..

നിറങ്ങള്‍ മൈക്കളിന്റെ ജീവിതമായിരിക്കാം..പക്ഷെ അതിന്നു പണം കണ്ടെത്തെണ്ടുന്നത് ഗായത്രിയുടെ മാത്രം ഉത്തരവാദിത്തം ആയതെങ്ങനെയാണ് എന്ന ചോദ്യത്തിന്നു പ്രസക്തിയില്ല.

അവര്‍ ഇരുവരുടെയും സുഹൃത്തായ  അഭിനവ് അയാള്‍ പണ്ട് വാങ്ങി വച്ചിരുന്നതും, ഇപ്പോള്‍ അയാള്‍ക്ക് ആവശ്യമില്ലാത്തതുമായ  നിറങ്ങള്‍ ഗായത്രിക്ക് നല്‍കാമെന്നു പറയുമ്പോള്‍ അവള്‍ വളരെ സന്തോഷവതിയാകുന്നു. അത്രയും ഭാരം തനിക്ക് കുറഞ്ഞു കിട്ടുമെല്ലോ. പക്ഷെ, ഒരു ചെറിയ പ്രശ്നമുണ്ട്. അഭിനവിന്റെ പക്കല്‍ പര്‍ഷ്യന്‍ നീല നിറം മാത്രമാണുള്ളത്. ആദ്യം ഒന്നു മടിച്ചെങ്കിലും, മൈക്കളിന്റെ അന്ധത നിറങ്ങളെ തിരിച്ചറിയില്ല എന്ന ചിന്തയില്‍ ഗായത്രി അഭിനവ് വച്ചു നീട്ടിയ നിറങ്ങള്‍ സ്വീകരിച്ചുകൊണ്ട് മൈക്കളിന്റെ കാന്‍വാസില്‍ നീല നിറത്തെ സന്നിവേശിപ്പിക്കുന്നു. പര്‍ഷ്യന്‍ നീല വഞ്ചനയുടെ നിറമാകുന്നത് അങ്ങനെയാണ്.

അത് മാത്രമല്ല, ഗായത്രിയുടെ നിസ്സഹായാവസ്ഥയില്‍ അവളുടെ ശരീരത്തിന് ഒരു തവണയെങ്കിലും അവകാശം ചോദിക്കാന്‍ അഭിനവിന് ധൈര്യം നല്‍കിയതും ഈ ചായമാണ്. അയാള്‍ക്ക് ആവശ്യമില്ലാതിരുന്ന നിറങ്ങള്‍ നല്‍കി അഭിനവ് ആവശ്യപ്പെട്ടത് സുഹൃത്തായ ഒരുവളുടെ ശരീരവും! അഭിനവിന്റെ ആവശ്യത്തെ നിരസിക്കുന്ന ഗായത്രിയെ അയാള്‍ ഭീഷണിപ്പെടുത്തുന്നതും പര്‍ഷ്യന്‍ നീലയില്‍ ഒളിപ്പിച്ച വഞ്ചനയുടെ കഥ മൈക്കളിനോട് വെളിപ്പെടുത്തും എന്ന് പറഞ്ഞാണ്. പക്ഷെ ഗായത്രി, തന്‍റെ ശരീരം കൊണ്ട് നീല നിറത്തിന്‍റെ വിലയെ തുല്യതപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

ആകാശവും ഭൂമിയും നീല..മനുഷ്യനും മൃഗവും നീല..സുര്യനും നക്ഷത്രങ്ങളും നീല..മൈക്കള്‍ തന്‍റെ ഇരുളില്‍ വിരിയിച്ചതെല്ലാം പ്രഷ്യന്‍ നീലയുടെ നിഴലുകളായി. തന്‍റെ ചിത്രങ്ങളുടെ സീരീസിനു എന്ത് പേര് നല്‍കണം എന്ന് മൈക്കള്‍ ആലോചിക്കുമ്പോള്‍, ഗായത്രി ഒരു പേര് നിര്‍ദേശിക്കുന്നു..പ്രഷ്യന്‍ നീലയിലെ സ്വപ്നങ്ങള്‍
-Dreams in prussian blue!


അന്ധനായ കലാകാരന്‍റെ ചിത്രപ്രദര്‍ശനം വന്‍ വിജയമായി. പ്രഷ്യന്‍ നീലയില്‍ സമൂഹം മറ്റു പല അര്‍ത്ഥങ്ങളും കണ്ടു...ശൂന്യതയെന്നോ, കലയെന്നോ, അങ്ങനെ പല പല അര്‍ത്ഥങ്ങള്‍! മൈക്കളിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുവാന്‍ പോകുന്ന തുകയില്‍ തങ്ങളുടെ ജീവിതത്തില്‍ എല്ലാ നല്ല നിറങ്ങളും നിറയ്ക്കാം എന്ന് ആഗ്രഹിക്കുന്ന ഗായത്രിയുടെ മുന്നില്‍ ഒരിക്കല്‍ കൂടി അഭിനവ് എത്തി. ഇത്തവണ അയാളുടെ മുഖത്തെ ഭാവം ഗായത്രിയെ ഭീതിപ്പെടുത്തുന്നതായിരുന്നു. ഒരു പക്ഷെ വിജയത്തില്‍ നില്‍ക്കുന്നത് കൊണ്ടാകാം അവള്‍ ഭയപ്പെടാന്‍ തുടങ്ങിയത്. മൈക്കള്‍ ഒന്നും അറിയരുതെന്നും, അഭിനവിന്‍റെ ആഗ്രഹത്തിന് കീഴ്പ്പെടാം എന്നും അവള്‍ സമ്മതിക്കുന്നു. എന്നാല്‍, അഭിനവിന് ഇനി അതായിരുന്നില്ല ആഗ്രഹം..തന്‍റെ ആഗ്രഹത്തെ നിരസിച്ച ഗായത്രിയുടെ കണ്ണുനീരാണ് ഇനി അയാളുടെ ലഹരി.

ഒടുവില്‍ പുരുഷന്‍ തന്നെ ജയിക്കുന്നു...അത് മൈക്കള്‍ ആകാം അല്ലെങ്കില്‍ അഭിനവും...തന്‍റെ കലയില്‍ താന്‍ ചതിക്കപ്പെട്ടതറിഞ്ഞിട്ടും, മൈക്കള്‍ സമൂഹത്തിന്‍റെ മുന്നില്‍ തന്‍റെ പരാജയത്തെ പ്രകടിപ്പിക്കുവാന്‍ തയ്യാറാകുന്നില്ല. തന്‍റെ അന്ധത ചീത്രീകരിച്ചത് പ്രഷ്യന്‍ നീലയുടെ സൌന്ദര്യത്തെ തന്നെയായിരുന്നു എന്ന മട്ടില്‍ അയാള്‍ ചിത്രങ്ങളുടെ വില കൈപ്പറ്റുന്നു..അത് പക്ഷെ, ഗായത്രിയുടെ തന്നോടൊപ്പം നാളിതുവരെയുള്ള നിമിഷങ്ങളുടെ വില നല്‍കാന്‍ ആയിരുന്നു എന്ന് മാത്രം!

ഒരിക്കല്‍ വിടര്‍ന്ന കണ്ണുകളോടെ തന്‍റെ വാക്കുകളെ കേട്ടിരുന്നതിനും, പ്രണയം എന്ന വിഭ്രാന്തിയില്‍ വിഹാഹം എന്ന ചടങ്ങ് പോലും ഒഴിവാക്കി അവന്‍റെ ജീവിതത്തെ പങ്കിട്ടതിനും, അയാളെ വരകളുടെ ലോകത്തേക്ക് വിട്ടു അവളുടെ സ്വപ്നങ്ങളെ ഒതുക്കി ജീവിച്ചതിനും, മൈക്കളിന്റെ അന്ധതയില്‍ സ്വന്തം അഭിമാനത്തെ പണയപ്പെടുത്താതെ പിടിച്ചു നിന്നതിനും..പ്രഷ്യന്‍ നീലയുടെ വിജയത്തിലൂടെ അവര്‍ ഇരുവരും പരാജപ്പെട്ടതിനും..അങ്ങനെ പലതിന്റെയും വിലയായിരുന്നു ഗായത്രിക്ക് മൈക്കള്‍ നിശ്ചയിച്ച 4 ലക്ഷം രൂപ. അത് മാത്രമായിരുന്നു മൈക്കളിന്റെ പക്കല്‍ ഉണ്ടായിരുന്നത്..മനസ്സിലും!

ഒടുവില്‍, ഒരു പ്രഷ്യന്‍ നീല വസ്ത്രത്തില്‍, കരിനീല കണ്ണുകളില്‍ മരവിച്ച ഭാവവുമായി ഗായത്രി മടങ്ങുന്നിടത് ചിത്രം അവസാനിക്കുന്നു.

"ഓരോ മനുഷ്യന്‍റെ ജീവിതത്തിലും ഒരു മടങ്ങിവരവ് സാധ്യമല്ലാത്ത ഒരു പോയിന്ടുണ്ട്. ആ സ്ഥലത്തെത്തിയാല്‍ പിന്നെ, നിശബ്ദമായി ആ സത്യത്തെ സ്വീകരിക്കുക മാത്രമേ വഴിയുള്ളൂ. അങ്ങനെയെ ജീവിച്ചു പോകാനും കഴിയു. അതുക്കൊണ്ട്‌ ഗുഡ് ബൈ മൈക്കള്‍..."

നീല നിറത്തില്‍ പരാജയത്തിന്‍റെ അര്‍ത്ഥം എഴുതിചേര്‍ത്ത ഗായത്രി ഒരവസരത്തില്‍ പോലും ജയിക്കുന്നില്ലെലോ എന്ന വേദന ഒടുവില്‍ ബാക്കിയാകുന്നുണ്ട്. ഒരു വേള തന്‍റെ ചാരിത്ര്യത്തെ പോലും പണയപ്പെടുത്തി അവള്‍ ജയിക്കാനും  ശ്രമിക്കുന്നുണ്ട്. പക്ഷെ, അപ്പോള്‍ അഭിനവിന്റെ കഴുകന്‍ കണ്ണുകളില്‍ കാമാസക്തിയായിരുന്നില്ല, പ്രതികാരം മാത്രമായിരുന്നു എന്നുള്ളത് കൊണ്ട്, മടങ്ങുമ്പോഴും ഗായത്രിക്ക് അഭിമാനത്തോടെ പറയാം..ഞാന്‍ പതിവ്രതയാണ്! മലയാള സിനിമ ആഗ്രഹിക്കുന്ന തരത്തിലുള്ള പാതിവ്രത്യവുമായി, ഗായത്രി എങ്ങോട്ടെന്നില്ലാതെ മടങ്ങുമ്പോള്‍  സിനിമ അവസാനിക്കുന്നു.

"ഉള്ളില്‍ മുറിവേറ്റത് എനിക്കും കൂടിയാണെന്ന് ഓര്‍ക്കുക..കാരണം, സ്നേഹം മാത്രം പോരാ നമ്മുക്ക് ജീവിക്കാന്‍! എത്ര ആത്മാര്‍ഥമായി ശ്രമിച്ചാലും ബന്ധങ്ങളില്‍ വേദന ഒഴിവാക്കാന്‍ കഴിയാതെ വരും. സമയമാകുമ്പോള്‍, മുറിവേല്‍ക്കെണ്ടവര്‍ വേദനിച്ചു തന്നെ തീരും. അതാണ്‌ ജീവിതം!"