മങ്കട സദാചാര കൊലപാതകം: ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

കൊലപാതകംനടന്ന വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍വാസികളും അവരുടെ സുഹൃത്തുക്കളുമായിരുന്നു കേസിലെ പ്രതികള്‍.

മങ്കട സദാചാര കൊലപാതകം:  ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം മങ്കടയില്‍ പള്ളിപ്പടി കുന്നശ്ശേരി നസീറിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സുഹൈല്‍, സക്കീര്‍ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകം നടന്നതിന് പിന്നാലെ ഇവര്‍ ഒളിവിലായിരുന്നു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഒരു കൂട്ടം ആളുകള്‍ നസീറിനെ(40) സദാചാര വിഷയം ആരോപിച്ച് കൊലപ്പെടുത്തുന്നത്. മങ്കടയിലെ ഒരു സ്ത്രീയുടെ വീട്ടില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ നസീറിനെ കണ്ടതിന്റെ പേരിലായിരുന്നു കൊലപാതകം.


നസീറിനെ ചിലര്‍ ചോദ്യം ചെയ്യുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീര്‍ ബോധം കെട്ട് വീണു. ഇതോടെ അക്രമി സംഘം നസീറിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു. രണ്ട് മണിക്കൂറോളം അബോധാവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ട നസീറിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. അടുത്ത ദിവസം രാവിലെ നസീര്‍ മരണപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ റിമാന്‍ഡ് ചെയ്തു. കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍ (36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീന്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകംനടന്ന വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍വാസികളും അവരുടെ സുഹൃത്തുക്കളുമായിരുന്നു കേസിലെ പ്രതികള്‍.