സഭയും കുറെ വഴക്കാളികളും; മലങ്കര സഭയിലെ കക്ഷിവഴക്കിനെ കുറിച്ച് ഒരുപന്യാസം

ഭരിക്കുന്ന മെത്രാനെ എതിർക്കാൻ അന്നന്നു നാട്ടിൽ ലഭ്യമാകുന്ന ബദൽ മെത്രാനുമായി കൂട്ടുകൂടുക എന്നതായിരുന്നു നാട്ടുനടപ്പ്. അത് സ്വദേശിയോ വിദേശിയോ ആകാം. പറമ്പിൽ ചാണ്ടി, മാർ ഗബ്രിയേൽ, കാട്ടുമങ്ങാടൻ, 1000-മാണ്ടു വന്ന അത്താനാസ്യോസ്, യൂയാക്കീം കൂറിലോസ്, തോമസ് അത്താനാസ്യോസ്, അബ്ദുള്ളാ ദ്വിതീയൻ.... പട്ടിക നീളുന്നു. സഭാവഴക്കിന്റെ ചരിത്രം- ഡോ. എം കുര്യൻ തോമസ് എഴുതുന്നു.

സഭയും കുറെ വഴക്കാളികളും; മലങ്കര സഭയിലെ കക്ഷിവഴക്കിനെ കുറിച്ച് ഒരുപന്യാസം

ഡോ. എം. കുര്യൻ തോമസ്

1653-ലാണ് മലങ്കരയിൽ തദ്ദേശീയ മെത്രാന്മാർ ഉണ്ടായത്. അന്നു മുതൽ ഇവിടെ മെത്രാനെ എതിർക്കുന്ന ഒരു കക്ഷിയും ഉണ്ടായിക്കൊണ്ടിരുന്നു. ഇവയിൽ പലതും മറ്റു സഭകളിലായി പിരിഞ്ഞുപോയി. ചിലത് മാതൃസഭയിൽതന്നെ തുടർന്നു. അതിനു മുമ്പുള്ള കാര്യം അറിയില്ല. എങ്കിലും നസ്രാണിയുടെ സ്വഭാവം വച്ച് അന്നും കക്ഷി ഉണ്ടായിരിക്കാനാണ് സാദ്ധ്യത.

ഭരിക്കുന്ന മെത്രാനെ എതിർക്കാൻ അന്നന്നു നാട്ടിൽ ലഭ്യമാകുന്ന ബദൽ മെത്രാനുമായി കൂട്ടുകൂടുക എന്നതായിരുന്നു നാട്ടുനടപ്പ്. അത് സ്വദേശിയോ വിദേശിയോ ആകാം. പറമ്പിൽ ചാണ്ടി, മാർ ഗബ്രിയേൽ, കാട്ടുമങ്ങാടൻ, 1000-മാണ്ടു വന്ന അത്താനാസ്യോസ്, യൂയാക്കീം കൂറിലോസ്, തോമസ് അത്താനാസ്യോസ്, അബ്ദുള്ളാ ദ്വിതീയൻ.... പട്ടിക നീളുന്നു.


ഇവയ്‌ക്കൊക്കെയും താത്വികമായ അടിത്തറ ഉണ്ടെന്നാണ് വയ്പ്. പക്ഷേ അത്തരം അടിത്തറകൾ പിൽക്കാല നിർമിതികളാണ്. നേതാക്കന്മാർക്കുപോലും അവരുടെ സ്വന്തം നിലനിൽപ്പല്ലാതെ എന്തെങ്കിലും ആദർശം കക്ഷിനിർമ്മാണത്തിൽ ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് തങ്ങളുടെ നില ഉറപ്പിക്കാൻ ഓരോ താത്വിക പരിവേഷം നൽകി എന്നു മാത്രം ഇതിനെ കണക്കാക്കിയാൽ മതി.

മാർത്തോമ്മാ ഒന്നാമന്റെ പട്ടത്വസാധുത (പറമ്പിൽ ചാണ്ടി), വലിയ മാർ ദീവന്നാസ്യോസിന്റെ തിരുവിതാംകൂർ പശ്ചാത്തലം (കാട്ടുമങ്ങാട്ട് മാർ കൂറിലോസ്), നവീകരണം (പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ്), പ. വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസിന്റെ മുടക്ക് (അബ്ദുള്ളാ രണ്ടാമൻ) ഇങ്ങനെ ഓരോ കക്ഷി രൂപീകരണത്തിലേയും കാരണങ്ങൾ പിൽക്കാല നിർമ്മിതികളാണെന്ന് ചരിത്ര വിശകലനത്തിൽ നിന്നും മനസ്സിലാക്കാം.

1708-ൽ കൊച്ചിയിലെത്തിയ നെസ്‌തോറിയൻ മെത്രാൻ മാർ ഗബ്രിയേലിനെ അവിടെച്ചെന്നു കണ്ട ഏതാനും നസ്രാണികളുടെ ഒരു പരാമർശനം ഇ. എം. ഫിലിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആളെങ്ങനെ എന്ന ചോദ്യത്തിന് 'അപ്പനുമല്ല, ചിറ്റപ്പനുമല്ല, ഇപ്പോഴത്തെ കാര്യത്തിന് കൊള്ളാം' എന്ന് പോയവർ മറുപടി പറഞ്ഞത്രെ. ഇപ്പോഴത്തെ കാര്യം മെത്രാനെ എതിർക്കുക എന്നാണെന്നും, ഇ. എം. ഫിലിപ്പ് പറയുന്നുണ്ട്. ഇതായിരുന്നു മാപ്പിളയുടെ മനഃസ്ഥിതി.

പ്രാദേശിക പ്രശ്‌നങ്ങൾ എന്നതിനെ കുറച്ചുകൂടി ചികഞ്ഞു നോക്കിയാൽ വികാരിത്വം, കൈസ്ഥാനം, പ്രമാണിത്വം എന്നീ വിഷയങ്ങളിലെത്തി നിൽക്കുന്നതായി കാണാം. 1836-ലെ മാവേലിക്കര സുന്നഹദോസിലേറ്റ പരാജയത്തിനുശേഷം ചേപ്പാട് മാർ ദീവന്നാസ്യോസ് നാലാമൻ മലങ്കര മെത്രാപ്പോലീത്തായെ ഉപദ്രവിക്കുവാൻ മിഷനറിമാർ കണ്ടെത്തിയ മാർഗ്ഗം പിറവം പള്ളിയിലെ ഒരു പഴയ കൈസ്ഥാന പ്രശ്‌നമായിരുന്നു.

ഇന്ന് മാർത്തോമ്മാ സഭക്കാർ നവീകരണ പോർക്കളത്തിലെ കാഹളം എന്നു കൊട്ടിഘോഷിക്കുന്നതും 1836-ൽ പാലക്കുന്നത്ത് അബ്രഹാം മൽപ്പാൻ മുതൽപേർ ബ്രിട്ടീഷ് റസിഡന്റ് ഫ്രേസറിനു നൽകിയതുമായ പരാതിയുടെ ആത്യന്തിക മൂലം മെത്രാനോടുള്ള വിരോധം മാത്രമായിരുന്നുവെന്ന് അതിന്റെ ഉള്ളടക്കം തന്നെ വെളിവാക്കുന്നുണ്ട്. 1911-ൽ പുതുപ്പള്ളി പള്ളിയിൽ രണ്ടു കക്ഷി ഉണ്ടായതിന്റെ പിന്നിലെ കൈസ്ഥാന പ്രശ്‌നം ഇസ്സഡ്. എം. പാറേട്ട് പുതുപ്പള്ളിപള്ളി എന്ന ചരിത്രത്തിൽ വിവരിച്ചിട്ടുണ്ട്. 1972-ലെ സഭാ പ്രശ്‌നങ്ങളുടെ യഥാർത്ഥ കാരണം ഒരു വൈദികന് ഇടവക മെത്രാപ്പോലീത്തായോടുണ്ടായ വൈരാഗ്യമാണെന്ന് സംഭവത്തിനു സാക്ഷിയായ ഒരു വൈദികൻ കാര്യകാരണസഹിതം ഈ ലേഖകനോടു വിശദീകരിച്ചിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൽ പള്ളിക്കര പള്ളിയിൽ കക്ഷി ഉണ്ടായതിനെപ്പറ്റി മാർ ശെമവോൻ ദീവന്നാസ്യോസിന്റെ നാളാഗമത്തിലെ വിവരണം ഇപ്രകാരമാണ്:
... ഇതിനിടയിൽ മോറക്കാലാ എന്നു പറഞ്ഞുവരുന്ന പള്ളിക്കരപ്പള്ളി 1022-ൽ മാർ കൂറിലോസു ബാവാ മലയാളത്തിൽ വന്നദിവസം മുതൽ അദ്ദേഹത്തിന്റെ കല്പന അനുസരിച്ചുവരികയും, പാലക്കുന്നത്തു അത്താനാസ്യോസ്സു മെത്രാപ്പോലീത്താ ഈയാണ്ടുവരെ ആ പള്ളിയിൽ കയറുന്നതിന്നും, കല്പന നടത്തുന്നതിന്നും ഇടവന്നില്ലെന്നു മാത്രമല്ല, യോഗസമ്മതം കൂടാതെ 1033 ൽ രണ്ടുനാലു പൈതങ്ങൾക്കു പാലക്കുന്നത്തു അത്താനാസ്യോസ്സു മെത്രാച്ചൻ പട്ടംകൊടുത്തതിനാൽ, പള്ളിക്കര പള്ളിയിൽ ഗൃഹസ്ഥനാകുന്ന ചിറ്റേത്തു ഇത്താപ്പിരി മുതൽപേർ ആയവരെക്കൊണ്ടു പ്രായശ്ചിത്തം ചെയ്യിപ്പിച്ചു, പട്ടസുഖം ഇല്ലാത്തപ്രകാരം യോഗത്തിൽ കച്ചീട്ടു വയ്പിച്ചു, ബഹു. ബാവായുടെ പേർക്ക് യോഗക്കുറി എഴുതിക്കൊടുത്തു പട്ടവും കൊടുപ്പിച്ച് നടന്ന് വരികയും, പിന്നീടു പട്ടക്കാർ മരിച്ചാൽ പള്ളിയകത്തു ശവം ഇടുന്നതു ശരി അല്ലെന്നും മറ്റും ബാവാ കല്പിക്കുകയും, ആയതു സങ്കടമെന്നു പട്ടക്കാർ അറിയിക്കുകയും ചെയ്തു വരുന്നതിനിടയിൽ, ആ ഇടവകയിൽ പാലപ്ര കത്തനാരച്ചൻ മരിക്കുകയും, ബാവാ ആ സമയം അവിടെ ഉണ്ടായിരിക്കയാലും, ചിറ്റേത്തു ഇത്താപ്പിരിക്കു കല്പന നടത്തണമെന്നുള്ള താല്പര്യത്താലും, പള്ളിയകത്തു ശവം വയ്ക്കാതെ പള്ളി മതിൽക്കകത്തു തെക്കുവശത്തു കിഴക്കേ അറ്റത്തു കബറടക്കുകയും, അന്നുമുതൽ പട്ടക്കാരും ബാവായും തമ്മിൽ സുഖമില്ലാതെ തീരുകയും ചെയ്തു. അന്നുമുതൽ പട്ടക്കാരുടെ ശവം മുൻപറഞ്ഞ സ്ഥലത്തു തന്നെ അടക്കുകയും ചെയ്തു. ഇങ്ങനെ ഇരിക്കുമ്പോൾ ഇത്താപ്പിരി എന്നവൻ മരിക്കുകയും വഴക്കുകൾ വർദ്ധിച്ചു വരികയും ചെയ്തതിനാൽ, അച്ചന്മാർ കൂട്ടമായി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ ചെന്നു കാണുകയും മറ്റും ചെയ്തപ്രകാരം പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസ്സു മെത്രാപ്പോലീത്താ അറിഞ്ഞു, അച്ചന്മാരെയും ചിറ്റേത്ത് ഇത്താപ്പിരിയുടെ അനുജൻ തരിയതു മുതൽപേരെയും വരുത്തി സമാധാനം പറഞ്ഞു, പള്ളിക്കര പള്ളിയിൽ ചെല്ലുകയും അവിടെ ചെന്നശേഷം എല്ലാവരും തമ്മിൽ യോജിച്ചു, 1048-ൽ... മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പന അനുസരിച്ച് നടന്നുകൊള്ളുന്നു എന്നും, അതിന്മണ്ണം അനുസരിക്കാതെ കല്പന വിരോധമായി നിൽക്കുന്നു എന്നു വരികിൽ 100 രൂപായിൽ കുറയാതെ കല്പിക്കുംവണ്ണം പിഴയും ചെയ്തു യാതൊരു അവകാശവും പറയാതെ പള്ളിയിൽനിന്ന ഇറങ്ങി മാറിപൊയ്ക്കളഞ്ഞുകൊള്ളാമെന്നും മറ്റും എഴുതി റജിസ്റ്റർ ചെയ്തു മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്തായ്ക്കു കൊടുക്കുകയും, മറ്റുള്ള ജോലികൾ നിമിത്തം അവിടെ ഇരുന്ന് കാര്യം കേട്ട് തീർച്ച വരുത്തുന്നതിന് ഇടവരാതെ ... മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ പോയസമയം, മുൻപറഞ്ഞ തരിയനും അവന്റെ പാട്ടക്കാരായിട്ടും മറ്റും ഏതാനുംപേരു കൂടി 1049 ധനു മാസത്തിൽ റജിസ്റ്റർ ആധാരത്തിനും, അന്നത്തെ സത്യവാചകത്തിനും വിരോധമായി അത്താനാസ്യോസു മെത്രാപ്പോലീത്തായെ കൊണ്ടുവരികയും, ഉടനെ അച്ചന്മാരും ശേഷം ജനങ്ങളും കൂടി പോലീസിൽ നമ്പ്ര ഇട്ടു. അത്താനാസ്യോസു മെത്രാപ്പോലീത്തായെ അനുസരിക്കാതെ അച്ചന്മാർ മുതൽപേരും, തരിയതു മുതൽപേർ അനുസരിച്ചും ഇതുപ്രകാരം ആ പള്ളിയിൽ ഇരുഭാഗമായി നടന്നുവന്നു. ...

ഇപ്രകാരമല്ലേ ഓരോ പള്ളിയിലും കക്ഷി ഉണ്ടാകുന്നത്. പ്രാദേശിക പ്രശ്‌നങ്ങൾക്ക് എങ്ങനെ ആദർശത്തിന്റെ പരിവേഷം ലഭിക്കുന്നു എന്നറിയാൻ താഴെ പറയുന്ന ഉദാഹരണം പരിശോധിച്ചാൽ മതി. .. പള്ളിയിൽ (പേര് ഒഴിവാക്കുന്നു) 1912-ൽ കക്ഷി ഉണ്ടായ കഥ വൃദ്ധനായ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ (അദ്ദേഹം സ്ഥലവാസിയാണെങ്കിലും ആ ഇടവകക്കാരനല്ല) ഈ ലേഖകനോട് ഏതാനും വർഷം മുമ്പ് പറഞ്ഞതാണ്.

സാമാന്യം വലിയ ഒരു ഇടവകയാണ് ടി. പള്ളി. പള്ളിവികാരി ദേശത്തെ പ്രമാണിയും ജന്മിയുമാണ്. ചിട്ടി, വട്ടി തുടങ്ങിയ സാമ്പത്തിക ഇടപാടുകളുമുണ്ട്. സാമാന്യം പ്രായവുമുണ്ട്. അങ്ങനെയിരിക്കെ അവിടെ ഒരു കൊച്ചച്ചൻ കൂടി വേണമെന്ന് ഇടവകയിൽ ഒരു വിഭാഗത്തിനു തോന്നി. പള്ളിയോഗം കൂടി മറ്റൊരു കുടുംബത്തിൽപ്പെട്ട ഒരു കൊച്ചനെ ഇടവകപ്പട്ടക്കാരനായി തിരഞ്ഞെടുത്തു. വല്യച്ചന് ഇതിനോട് ശക്തമായ എതിർപ്പുണ്ടായിരുന്നെങ്കിലും ഇടവകക്കാരുടെ സമ്മർദ്ദം മൂലം ദേശകുറിയിൽ ഒപ്പിടേണ്ടി വന്നു.

കൊച്ചൻ ദേശകുറി സഹിതം അന്നത്തെ മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസ് അഞ്ചാമനെ സമീപിച്ച് കോട്ടയത്തു സെമിനാരിയിൽ പഠനം ആരംഭിച്ചു. സാക്ഷാൽ വട്ടശ്ശേരിൽ മല്പാനായിരുന്നു ഗുരു. പഠനം അവസാനിച്ചപ്പോഴേയ്ക്കും മല്പാൻ മലങ്കര മെത്രാപ്പോലീത്താ ആയിരുന്നു. അദ്ദേഹത്തിൽ നിന്നു കത്തനാരുപട്ടവും സ്വീകരിച്ചു നിയമന കല്പനയും വാങ്ങി.

ഇക്കാലത്തൊക്കെയും വല്യച്ചൻ കൊച്ചച്ചനെ എങ്ങനെ ഇടവകയിൽ കയറ്റാതിരിക്കാം എന്ന് തല പുകഞ്ഞ ആലോചനയിലായിരുന്നു. പട്ടമേറ്റു വന്നപ്പോൾ നിവൃത്തിയില്ലാതെ കൊച്ചച്ചനെ പള്ളിയിൽ പ്രവേശിപ്പിക്കാനും തവണ കൊടുക്കാനും അദ്ദേഹം നിർബന്ധിതനായി. എങ്കിലും കൊച്ചച്ചനെ പുറത്താക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു വല്യച്ചൻ നോക്കിയിരിക്കുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് 1912-ൽ അബ്ദുള്ളാ പാത്രിയർക്കീസ് പ. വട്ടശ്ശേരിൽ മെത്രാച്ചനെ മുടക്കിയത്. ഇത് ഒരു നല്ല അവസരമായി വല്യച്ചൻ കണ്ടെത്തി. വട്ടശ്ശേരിൽ മെത്രാച്ചന്റെ ശിഷ്യനായ കൊച്ചച്ചൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് വല്യച്ചൻ കണക്കു കൂട്ടി. താൻ ബാവാക്കക്ഷിയാണെന്നും, ടി. പള്ളി ഭരിക്കുന്നത് മാർ കൂറിലോസ് (ബദൽ മലങ്കര മെത്രാൻ) ആണെന്നും, മുടക്കപ്പെട്ട മാർ ദീവന്നാസ്യോസിന്റെ കല്പനയ്ക്ക് അവിടെ വിലയില്ലെന്നും, അതിനാൽ കൊച്ചച്ചൻ പുറത്തുപോകണമെന്നും വല്യച്ചൻ പ്രഖ്യാപിച്ചു. കുടുംബക്കാർക്കും, ബന്ധുക്കൾക്കും, ചിട്ടി, വട്ടി ബന്ധിതർക്കും ആ കൂടെ നിൽക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അവർ ബാവാകക്ഷിയായി.

പാവം കൊച്ചച്ചൻ അക്കാലത്തൊന്നും കക്ഷിയേപ്പറ്റി ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിനു ബാവായും മെത്രാനുമൊക്കെ ബഹുമാനിതരായിരുന്നു. പക്ഷേ താൻ മെത്രാൻ കക്ഷിയാണെന്ന വല്യച്ചന്റെ പ്രഖ്യാപനത്തോടെ അദ്ദേഹത്തിനു പിടിച്ചുനിൽക്കുവാൻ കക്ഷി കളിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലാതായി. സ്വാഭാവികമായും മാർ ദീവന്നാസ്യോസിനെ അദ്ദേഹം പിന്തുണക്കുന്നതായി പ്രഖ്യാപിച്ച് മെത്രാൻ കക്ഷിയായി. നിയമാനുസൃത മലങ്കര മെത്രാനെ അനുസരിക്കാത്ത വല്യച്ചൻ പുറത്തു പോകണമെന്ന് ആവശ്യപ്പെടാനും അദ്ദേഹം നിർബന്ധിതനായി. അദ്ദേഹത്തിന്റെ ബന്ധുക്കളും, കുടുംബക്കാരും, വല്യച്ചനോട് എതിർപ്പുള്ളവരും അതോടെ മെത്രാൻ കക്ഷിയായി. കേസായി, കൂട്ടമായി, ഇടവക രണ്ടു തുല്യ ഭാഗമായി പിളർന്നു.

വല്യച്ചനും മരിച്ചു. കൊച്ചച്ചനും മരിച്ചു. പക്ഷേ കക്ഷി മാത്രം മരിച്ചില്ല. 1958-ലെ സഭാ സമാധാനത്തോടെ വെടിനിർത്തൽ ഉണ്ടായെങ്കിലും, 1974-ലെ പിളർപ്പിനെ തുടർന്നു പള്ളി പൂട്ടി. ഈ കഥ ലേഖകനോടു പറയുമ്പോഴും പള്ളി പൂട്ടിക്കിടക്കുകയാണ്. താക്കോൽ മാത്രം കോടതിയിലുണ്ട്. പള്ളിക്കെട്ടിടം ഏതാണ്ട് ജീർണ്ണിച്ചു തീരാറായിരുന്നു.

ഇതുപോലെ തന്നെയാണ് മലങ്കരസഭയിൽ നിന്നും വിഘടിച്ചുപോയ പല സഭകൾക്കും പള്ളികളും ഇടവകകളും ഉണ്ടായത്. ഒരൊറ്റ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. ഒരു നൂറ്റാണ്ടു മുമ്പത്തെ കഥയാണ്. ഒരു വലിയ പള്ളിയിൽ ഒരു കൂട്ടം വ്യക്തികൾ ഉണ്ടായിരുന്നു. ആ പള്ളിക്ക് സ്ഥിരം തലവേദനയായിരുന്നു ടിയാന്മാർ. അവസാനം വല്യപള്ളിയിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ പുതിയൊരു പള്ളിവെക്കാൻ അനുവാദത്തിനായി മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ മെത്രാച്ചനെ സമീപിച്ചു. വലിയപള്ളിയിൽ നവീകരണ കൈവിഷമുണ്ടെന്നത് സത്യവിശ്വാസികളായ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്നുമൊക്കെയായിരുന്നു പുതിയ പള്ളിക്കു കാരണമായി പറഞ്ഞത്.

യഥാർത്ഥ കാരണം അറിയാമായിരുന്നെങ്കിലും വല്യപള്ളിയിലെ ശല്യം ഒഴിവാക്കാമെന്ന പ്രതീക്ഷയിൽ പുലിക്കോട്ടിൽ മെത്രാച്ചൻ പള്ളിക്ക് അനുവാദം കൊടുത്തു. പള്ളി വെച്ചു. മറ്റു കുറെ വീട്ടുകാർ കൂടി അവിടെ ഇടവക്കാരായി. ഒരു വ്യാഴവട്ടത്തിനുള്ളിൽ അവിടെയും പ്രശ്‌നമായി. പള്ളിവെക്കാൻ മുൻകൈ എടുത്ത സ്ഥിരം തലവേദനകൾ അവിടെയും തൻപോരിമ ഇറക്കി. പുതിയ ഇടവകക്കാർ അതു വകവെച്ചുകൊടുത്തില്ല.

ഉടനെ മൂന്നാമതൊരു പള്ളിവെക്കാൻ അനുവാദത്തിനായി പുലിക്കോട്ടിൽ മെത്രാച്ചനെ അവർ വീണ്ടും സമീപിച്ചു. ഇക്കുറി അദ്ദേഹം അവരെ വെരട്ടി വിട്ടു. ഒട്ടും മടിച്ചില്ല. ആദ്യം പറഞ്ഞ ആദർശമൊക്കെ കാറ്റിൽപറത്തി അവർ നവീകരണ മെത്രാനെ സമീപിച്ചു. വല്യപള്ളിയിലെ പിടി പോയി, ആളും അഡ്രസുമില്ലാതെ നിന്ന നവീകരണ മെത്രാൻ ഒറ്റ ശ്വാസത്തിൽ അനുവാദം എഴുതിക്കൊടുത്തു. തൊട്ടടുത്ത് നവീകരണ പള്ളി ഉണ്ടായി, ടിയാന്മാർ നവീകരണക്കാരുമായി. എന്താദർശം.

1889-ൽ നവീകരണക്കാർ പിരിഞ്ഞു പോയപ്പോഴും, 1912-ൽ ബാവാക്കക്ഷി രൂപമെടുത്തപ്പോഴും പിന്നിൽ ഓരോ പള്ളിയിലും ഇത്തരമോരോ വ്യക്തിപ്രശ്‌നങ്ങൾ ഉണ്ടെന്നു കാണാൻ കഴിയും. അവയുടെ താത്വിക അടിത്തറയും ആദർശ പരിവേഷവും പിന്നീടുണ്ടാക്കുന്നതും സംശ്ലേഷണം ചെയ്യുന്നതും മാത്രം.