എം കെ ദാമോദരനു പിന്നാലെ നളിനി നെറ്റോയും വിവാദത്തില്‍; ചാക്കിനെതിരെ കേസെടുക്കാന്‍ ആരെയാണ് പേടി?

മലബാര്‍ സിമന്റ്‌സ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് വിഎം രാധാകൃഷ്ണനും സംഘത്തിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഹൈക്കോടതിയ്ക്കു നല്‍കിയ ഉറപ്പു പാലിക്കാത്തതിന് വ്യക്തമായ വിശദീകരണം ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയ നാടകങ്ങള്‍ പുതിയ സര്‍ക്കാരും അതേപടി ആവര്‍ത്തിക്കുകയാണോ എന്ന് സംശയിക്കാന്‍ ന്യായങ്ങളേറെയാണ്

എം കെ ദാമോദരനു പിന്നാലെ നളിനി നെറ്റോയും വിവാദത്തില്‍; ചാക്കിനെതിരെ കേസെടുക്കാന്‍ ആരെയാണ് പേടി?

സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായതു വഴി എം കെ ദാമോദരന്‍ സൃഷ്ടിച്ച പ്രതിസന്ധിയ്ക്കു സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കുന്നു.  മലബാര്‍ സിമന്റ്‌സ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് വിഎം രാധാകൃഷ്ണനും സംഘത്തിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഹൈക്കോടതിയ്ക്കു നല്‍കിയ ഉറപ്പു പാലിക്കാത്തതിന് വ്യക്തമായ വിശദീകരണം ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയ നാടകങ്ങള്‍ പുതിയ സര്‍ക്കാരും അതേപടി ആവര്‍ത്തിക്കുകയാണോ എന്ന് സംശയിക്കാന്‍ ന്യായങ്ങളേറെയാണ്.


കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഈ കേസിലെ പരാതിക്കാരനായ ജോയി കൈതാരത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി ലഭിച്ചെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൈമ കോടതിയെ അറിയിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അങ്ങനെ വിശ്വസിച്ച് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ജോയ് കൈതാരം വീണ്ടും കോടതിയെ സമീപിച്ചത്. അപ്പോഴാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ജസ്റ്റിസ് കെമാല്‍പാഷ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്.

kemal-pasha

വിന്‍സെന്‍ എം പോളും ശങ്കര്‍ റെഡ്ഡിയും വിജിലന്‍സിന്റെ തലപ്പത്തിരുന്നപ്പോഴായിരുന്നു നാടകങ്ങളെല്ലാം അരങ്ങേറിയത്. വ്യവസായി വി എം രാധാകൃഷ്ണന്‍, മലബാര്‍ സിമെന്റ്‌സ് മുന്‍ എംഡി എം സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, എസ്. വടിവേലു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവുകളുണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിലവിലെ എം ഡി എം പത്മകുമാര്‍, ഡെപ്യൂട്ടി മാനേജര്‍ ജി വേണുഗോപാല്‍ എന്നിവര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. വിന്‍സെന്‍ എം പോള്‍ മേധാവിയായിരിക്കെ 2015 ജൂലൈ മാസത്തിലായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.  ആറു മാസത്തോളം ഈ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയുമെടുത്തില്ല.   2016 ജനുവരിയില്‍ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയ്ക്കു കൈമാറി. എന്‍ ശങ്കര്‍ റെഡ്ഡിയായിരുന്നു അന്നത്തെ വിജിലന്‍സ് മേധാവി.

ഇത്തരമൊരു അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയ്ക്കു സമര്‍പ്പിക്കേണ്ട കാര്യമൊന്നുമില്ല. തീരുമാനമെടുക്കേണ്ടത് വിജിലന്‍സാണ്. എന്നാല്‍ ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിയുടെ ചുമലില്‍ വെയ്ക്കുകയായിരുന്നു വിജിലന്‍സ് മേധാവി. ആഭ്യന്തര സെക്രട്ടറിയാകട്ടെ,  മലബാര്‍ സിമന്റ്‌സിലെ ക്രമക്കേടുകള്‍ അന്വേഷിക്കേണ്ടത് സിഎജിയാണ് എന്ന (അ)ന്യായം പറഞ്ഞ്  ഒരാളൊഴികെയുളള പ്രതികളെ വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. പിസി ആക്ടു പ്രകാരം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഒരു കേസിന്റെ റിപ്പോര്‍ട്ടിന്മേലാണ് കേട്ടുകേള്‍വിയില്ലാത്ത ഈ നാടകങ്ങള്‍ അരങ്ങേറിയത്.

ഈ നാടകത്തിന്റെ തുടര്‍ച്ചയാണ് ഹൈക്കോടതിയിലും അരങ്ങേറിയത്. അതോടെയാണ് കോടതിയും മിണ്ടാതിരുന്നാല്‍ നീതിനിര്‍വഹണസംവിധാനത്തിന്റെ അന്ത്യമായിരിക്കും സംഭവിക്കുക എന്ന മുഖവുരയോടെ അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ ജസ്റ്റിസ് കെമാല്‍പാഷ നടത്തിയത്.

Read More >>