അഴിമതിയുടെ മലബാർ സിമന്റ്‌സ് മാതൃക; ചാക്ക് വിൽപ്പനക്ക് വന്നയാൾക്കും ആയിരക്കണക്കിനു കോടികളുടെ ആസ്തി

ഒരു വർഷത്തിൽ 6.2 ലക്ഷം ടൺ സിമന്റ് ഉൽപ്പാദിപ്പിക്കുന്ന മലബാർ സിമന്റ്സ് കേരളത്തിൽ തന്നെ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണെങ്കിലും ഇതിന്റെ ലാഭം ചില പോക്കറ്റുകളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അങ്ങിനെ തന്നെ. കയ്യും വീശി ചാക്കു വിൽക്കാൻ വന്ന് ആയിരം കോടികളുടെ ഈശ്വരനായി മാറിയ വി എം രാധാകൃഷ്ണൻ എന്ന ചാക്കു രാധകൃഷ്ണൻ ആണ് ഇവിടെ നിന്ന് പണമുണ്ടാക്കിയവരിൽ പ്രധാനി.

അഴിമതിയുടെ മലബാർ സിമന്റ്‌സ് മാതൃക; ചാക്ക് വിൽപ്പനക്ക് വന്നയാൾക്കും ആയിരക്കണക്കിനു കോടികളുടെ ആസ്തി

പാലക്കാട്: കേരളത്തിന്റെ കെട്ടുറപ്പാണ് മലബാർ സിമന്റ്സ്. പക്ഷെ കേരളത്തിന്റെ ഈ കെട്ടുറപ്പ് ചില വ്യക്തികൾ സ്വന്തം കെട്ടുറപ്പാക്കി മാറ്റിയപ്പോൾ 1998 മുതൽ 2011 വരെയുള്ള വർഷങ്ങളിൽ മാത്രം മലബാർ സിമന്റ്സിന് ഉണ്ടായത് 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ്. 2000 കോടിയെന്നത് പൂർണമായും ശരിയായ കണക്കല്ല. വിവിധ കാലങ്ങളായി ഇവിടെ നടന്ന അഴിമതിയുടേയും ക്രമക്കേടിന്റെയും എജി റിപ്പോർട്ടിൽ പറയുന്ന കണക്കാണിത്. കണക്കിൽ പെടാത്ത ഇതിലുമെത്രയോ ആകാം. ഒരു വർഷത്തിൽ 6.2 ലക്ഷം ടൺ സിമന്റ് ഉൽപ്പാദിപ്പിക്കുന്ന മലബാർ സിമന്റ്സ് കേരളത്തിൽ തന്നെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമാണെങ്കിലും ഇതിന്റെ ലാഭം ചില പോക്കറ്റുകളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അങ്ങിനെ തന്നെ. ഉന്നത ഉദ്യോഗസ്ഥരും രാഷട്രീയക്കാരും അടങ്ങിയ ഗൂഢസംഘം അഴിമതി നടത്തി കോടീശ്വരൻമാരായ കഥകളാണ് മലബാർ സിമന്റ്സിൽ നിന്നും പുറത്തു വരുന്നത്.


കയ്യും വീശി ചാക്കു വിൽക്കാൻ വന്ന് ആയിരം കോടികളുടെ ഈശ്വരനായി മാറിയ വി എം രാധാകൃഷ്ണൻ എന്ന ചാക്കു രാധകൃഷ്ണൻ ആണ് ഇതിൽ പ്രധാനി.

1990 - 92 കാലത്താണ് ഒരു പ്രൈമറി സ്‌കൂൾ അധ്യാപകനായിരുന്ന രാധാകൃഷ്ണൻ ആ ജോലി വേണ്ടെന്നു വെച്ചാണ് മലബാർ സിമന്റ്സിലെ കരാറുകാരനായി വരുന്നത്. ആദ്യം രാധാകൃഷ്ണൻ കമ്പനിയുമായി ബന്ധപ്പെടുന്നത് ചാക്കു ഇറക്കുമതി നടത്തുന്നതിന് വേണ്ടിയായിരുന്നു. ചാക്കു നൽകുന്നതിനാവശ്യമായ ആ ക്വട്ടേഷനകത്ത് തന്നെ കൃത്രിമം നടത്തി കരാറിൽ പറഞ്ഞിരിക്കുന്ന അളവിൽ ചാക്ക് നൽകാതിരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1998 ൽ തന്നെ വിജിലൻസ് അന്വേഷണം ഉണ്ടായി. പരാതികൾ ഉയർന്നു. തുടർന്ന് നടന്ന വിജിലൻസ് അന്വേഷണങ്ങളെല്ലാം  അട്ടിമറിക്കപ്പെട്ടു. മലബാർ സിമന്റസുമായി ബന്ധപ്പെട്ട് ചാക്കു രാധാകൃഷ്ണന്റെ പേരിൽ 38 ഓളം അഴിമതി കേസുകളാണ് വിജിലൻസ് രജിസ്ട്രർ ചെയ്തത്. ഇതിൽ ഭൂരിഭാഗം കേസുകളും തെളിവില്ലാതെ എഴുതി തള്ളപ്പെട്ടു. ഇപ്പോഴും വിരലിലെണ്ണാവുന്ന കേസുകളിൽ രാധാകൃഷ്ണനും ഒരെണ്ണത്തിൽ രാധാകൃഷ്ണന്റെ മകനും പ്രതിയായിട്ടുണ്ട്.

രാധാകൃഷ്ണൻ എന്ന ഇടനിലക്കാരൻ സ്വാധീനമുറപ്പിച്ചതും അവിഹിത സ്വത്ത് ഉണ്ടാക്കി തുടങ്ങിയതും എൻ ആർ സുബ്രമണ്യൻ എന്ന ഉദ്യോഗസ്ഥൻ 1995 മുതൽ 1997 വരെ ഇവിടെ എക്സിക്യൂട്ടീവ് ഡയറക്ടറായും തുടർന്ന് 2002 വരെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലാണ്. പിന്നീട് എൻ ആർ സുബ്രമണ്യത്തിന്റെയും മുരളീധൻനായരുടേയും ചില രാഷ്ട്രീയ നേതാക്കളുടേയും ആശീർവാദത്തോടെ കമ്പനികളുടെ കുത്തക കരാറുകാരനായി മാറി. എൻ. ആർ സുബ്രമണ്യം മലബാർ സിമന്റ്സിന്റെ എം ഡി ആയിരുന്ന കാലത്ത് കൽക്കരി ഇറക്കുമതിയുടെ മറവിൽ തമിഴ്നാട്ടിലെ ഖനികളിൽ നിന്ന് തള്ളിക്കളഞ്ഞ നിലവാരമില്ലാത്ത കൽക്കരി കൊണ്ടുവന്നായിരുന്നു അഴിമതിക്ക് തുടക്കമിട്ടത്. തുടർന്ന് ഇദ്ദേഹം എം ഡിയായി പ്രവർത്തിച്ച ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കോട്ടയം ട്രാവൻകൂർ സിമന്റ്സ്, കൊല്ലം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചാക്ക് രാധാക്യഷ്ണന്റെ അവിഹിത സ്വത്ത് സമ്പാദ്യ കേന്ദ്രങ്ങളായി മാറുകയായിരുന്നു.

2009 ന് മുമ്പ് റിട്ടയർമെന്റ് പ്രായം കഴിഞ്ഞ എൻ ആർ സുബ്രമണ്യനെ മുൻ വ്യവസായ മന്ത്രിമാരായ എളമരം കരീമും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് സർവീസ് നീട്ടിക്കൊടുത്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് രാധാകൃഷ്ണന്റെ ഇടപെടലാണ്. കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ 2010 ൽ മന്ത്രി എളമരം ഇദ്ദേഹത്തെ മലബാർ സിമന്റ്സിന്റെ ഡയറക്ടർ ബോർഡ് അംഗമായി കൂടി നിയമിച്ചു. ഇത് ചാക്ക് രാധാകൃഷ്ണന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു. നേരത്തെ മലബാർ സിമന്റ്സ് എം ഡിയായിരുന്ന കാലത്തെ പതിനഞ്ചോളം ഇടപാടുകളിൽ അഴിമതി ഉണ്ടെന്നു ആരോപണം വരികയും ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുകയും ചെയ്തു.

പത്തു കോടിയുടെ ജനറേറ്റർ ഇടപാട്, പന്ത്രണ്ടു കോടിയുടെ കൽക്കരി ഇടപാട്, ലക്ഷങ്ങളുടെ ചെക്ക് ഡാം കേസ്, കാന്റീൻ കൂപ്പൺ കേസ്, ബക്കറ്റ് എലവേറ്റർ കേസ്, ലൈംസ്റ്റോൺ കേസ്, മസ്ദൂർ നിയമനം തുടങ്ങി എൻ.ആർ ബാലകൃഷ്ണൻ പ്രതിയായിരുന്ന കേസുകളെല്ലാം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷപ്പെടുത്തും വിധം എഴുതി തള്ളുകയായിരുന്നു. പ്രത്യുപകാരമായി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനു സമീപത്തുള്ള ചാക്ക് രാധാകൃഷ്ണന്റെ ഫ്ളാറ്റ് സമുച്ചയത്തിൽ ഒരു ഫ്ളാറ്റ് ഈ പോലീസ് ഉദ്യോഗസ്ഥന് സൗജന്യമായി കിട്ടിയതായി അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു.

സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വിവിധ സ്ഥാപനങ്ങൾ രജിസ്ട്രർ ചെയ്തായിരുന്നു 1998 മുതൽ രാധാകൃഷ്ണൻ കരാറുകൾ സ്വന്തമാക്കിയത്. അതിന് മുരളിധരൻ നായരും പല കാലങ്ങളിലെ എം ഡിമാരും ചെയർമാൻമാരും ഒത്താശ ചെയ്യുകയും ചെയ്തു. വെറും 15 വർഷത്തിനകം രാധാകൃഷ്ണൻ ഏഴു ബാർ ഹോട്ടലുകളുടേതടക്കം 25 ലധികം വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായി. അവയിൽ യു എ ഇയിലെ സ്ഥാപനവും ഉൾപ്പെടും. വി എം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട്, ഹോട്ടൽ സൂര്യ സിറ്റി സുൽത്താൻപേട്ട് പാലക്കാട്, സൂര്യ റെസിഡൻസി റോബിൻസൺ റോഡ് പാലക്കാട്, സൂര്യ റീജൻസി, സൂര്യ എൻക്ലേവ്, ഹരിതഗിരി എസ്കോട്ടൽ വയനാട്, സിൽവർ ലൈൻ മിനറൽസ് പ്രൈവറ്റ് ലിമിറ്റഡ്, വണ്ടർ ഹൗസ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്, വിശ്വഭാരത് മെഡിക്കൽസ്, ഇല്ലജ് ഫാർമ, ഐശ്വര്യ തിയേറ്റർ, സൂര്യ സിനി പ്ലാസ, സൂര്യ അക്വാ, സൂര്യ കോൺട്രാക്റ്റിങ്ങ് ഡിവിഷൻ, സൂര്യ ട്രാൻസ്പോർട്ട് ഡിവിഷൻ, യൂണിലാജ് ഇമ്പെക്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കോയമ്പത്തൂർ, സൂര്യ വെൽത്ത് ക്രിയേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സൂര്യ ചാരിറ്റബിൾ ട്രസ്റ്റ്, യൂണിലാർജ് ഇന്റർനാഷണൽ ടർക്കി പ്രൊജക്റ്റ്സ് യു.എ.ഇ, സൂര്യ ഹോംസ്, ഹോട്ടൽ സൂര്യ കോൺടിനെന്റൽ പാലക്കാട്, ഹോട്ടൽ സൂര്യ റിട്രീറ്റ് പാലക്കാട്, ഹോട്ടൽ ഹരിതഗിരി പാലക്കാട്, ഹോട്ടൽ വനറാണി മീനങ്ങാടി എന്നിവയാണ് രാധാകൃഷ്ണന്റെ സ്ഥാപനങ്ങൾ.

എല്ലാം മലബാർ സിമന്റസിൽ ചാക്ക് വിൽപ്പനക്കു ശേഷം സമ്പാദിച്ചവയാണ്. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി ബിനാമി പേരിലും മറ്റുമായി വേറെയും സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്ത് ഏതു മുന്നണി ഭരിച്ചാലും വ്യവസായ വകുപ്പിൽ രാധാകൃഷ്ണൻ പറയുന്ന എന്തു കാര്യവും നടക്കുമായിരുന്നു. അതുകൊണ്ട് തന്നെ മലബാർ സിമന്റ്സിൽ മസ്ദൂർ മുതൽ എഞ്ചിനിയർ വരെയുള്ള നിയമനാധികാരവും രാധാകൃഷ്ണനായി. മസ്ദൂർ നിയമനത്തിന് ഒരു ലക്ഷം വരെയും എഞ്ചിനിയർ നിയമനത്തിന് 15 ലക്ഷത്തിന് മുകളിലായിരുന്നു രാധാകൃഷ്ണന്റെ നിരക്ക്. ഈ പണം രാധാകൃഷ്ണന്റെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ള രാഷ്ട്രീയ- ഉദ്യോഗസ്ഥ പ്രതിനിധികൾക്ക് ഇതിന്റെ വിഹിതം ലഭിച്ചു വന്നിരുന്നു.

സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനായിരുന്ന ജോയ് കൈതാരം മലബാർ സിമന്റ്സിലേയും രാധാകൃഷ്ണന്റെയും അഴിമതികളെ കുറിച്ചു നാരദ ന്യൂസിനോട് പറഞ്ഞത് ഇങ്ങിനെയാണ്.

'മലബാർ സിമന്റ്സിലെ അഴിമതിയുമായി  ബന്ധപ്പെട്ട് 2000ത്തിൽ സിഎജിയുടെ റിപ്പോർട്ട് തന്നെ വലിയ വിവാദമാകുകയും 2000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം കമ്പനിക്ക് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഇത് സിഎജി മാർക്ക് ചെയ്തപ്പോഴാണ് കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. അതെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ മാത്രം നാലു വിജിലൻസ് കേസുകൾ രജിസ്ട്രർ ചെയ്തു. 4 കേസുകളിൽ ചാക്ക് പ്രതിയായി. ചാക്കിനെ കൂടാതെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ജോൺ മത്തായി, ഐഎഎസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതൃത്വം, ട്രേഡ് യൂണിയൻ നേതാക്കൻമാർ എല്ലാം പ്രതികളായി. ഈ നാലു കേസുകളിലും കമ്പനിയുടെ അന്നത്തെ ഇന്റേണൽ ഓഡിറ്ററും സെക്രട്ടറിയുമായിരുന്ന ശശീന്ദ്രൻ സാക്ഷിയാവാൻ ഇടവന്നതാണ് ശശീന്ദ്രൻ കൊല്ലപ്പെടാൻ കാരണം. അന്ന് വി എസ് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് ഈ കേസ് രജിസ്റ്റർ ചെയ്യണമെന്ന നിലപാട് വന്നത്.

വിഎസ് മൂലമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ നാലു കേസുകളിലും രാധാകൃഷ്ണനും മറ്റും പ്രതികളായിരുന്നു. പ്രതികളായ ഇവർക്ക് രക്ഷപ്പെടണമെങ്കിൽ കേസിലെ പ്രധാന സാക്ഷിയായ ശശീന്ദ്രനുനമായി രമ്യതപ്പെടണമായിരുന്നു. ശശീന്ദ്രൻ അതിന് തയ്യാറായില്ല. പലവിധത്തിലും ശ്രമിച്ചെങ്കിലും ശശീന്ദ്രൻ വഴങ്ങിയില്ല. തുടർന്നാണ് ശശീന്ദ്രനെ കെട്ടിത്തൂക്കാൻ തീരുമാനിച്ചത്. തൂക്കിക്കൊല്ലാൻ വിധിക്കുകയാണ് ചെയ്തത്. അവർ ഇതിനായി ഒരു ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തുകയാണ് ചെയ്തതെന്ന് വിശ്വസിക്കാൻ കഴിയുന്ന തെളിവുകളുണ്ട്. ആ കേസും അട്ടിമറിയുകയാണ് ചെയ്തത്. അതിന് രാഷ്ട്രീയക്കാരുടേയും ഭരണ നേതൃത്വത്തിന്റേയും പങ്കാളിത്തമുണ്ട്.

ആ കേസ് അട്ടിമറിച്ചതിനാണ് എളമരം കരിമീന് കവർ കൊടുത്തതായി ആരോപണം ഉയർന്നത്. ശശീന്ദ്രനും മക്കളും കൊല്ലപ്പെട്ടതിന് ശേഷം മലബാർ സിമന്റ്സിലേക്ക് അന്നത്തെ വ്യവസായ മന്ത്രിയുടെ പിഎ സുന്ദരമൂർത്തി ഇൻസ്പെക്ഷനു വരികയാണ്. അവിടെ വച്ചാണ് രാധകൃഷ്ണൻ അവിടത്തെ ജീവനക്കാരൻ വശം ഒരു കവർ സുന്ദരമൂർത്തിയുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞത്. സുന്ദരമൂർത്തിയോട് ആ കവർ മന്ത്രിയായ എളമരം കരീം വശം കൊടുക്കാൻ പറഞ്ഞു. അതിൽ നോട്ടുകെട്ടുകളായിരുന്നുവെന്നാണ് സുന്ദരമൂർത്തി സി ബി ഐക്ക് നൽകിയ മൊഴിയിൽ പറയുന്നത്. ആ മൊഴി സ്ഥിരീകരിക്കുന്നതിനും സുന്ദരമൂർത്തി മൊഴി മാറ്റാതിരിക്കാനും 164 ആക്റ്റ് അനുസരിച്ചുള്ള സ്റ്റേറ്റ്മെന്റ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സി ബി ഐ എടുപ്പിച്ചു. കമ്പനിയിൽ നടന്ന അഴിമതിയെ കുറിച്ചും മറ്റും ഈ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലബാർ സിമന്റസുമായി ബന്ധപ്പെട്ട എല്ലാ കേസിലും രാധാകൃഷ്ണൻ പ്രതിയാണ്. പക്ഷെ ഇപ്പോളും മലബാർ സിമന്റ്സിൽ അഴിമതി തുടരുകയാണ്. ഇപ്പോഴത്തെ എം ഡി പത്മകുമാർ, മാർക്കറ്റിങ്ങ് മാനേജർ തുടങ്ങി പ്രധാനപ്പെട്ട തസ്തികകളിൽ ഉള്ള എല്ലാവരും അഴിമതിക്ക് കൂട്ടു നിൽക്കുന്നു'.

Read More >>