ഭാര്യ പര്‍ദ അണിയാത്തതിന്റെ പേരില്‍ നടന്‍ ആസിഫലിയെ തെറി വിളിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ്

ഇത് ഇന്‍ഡ്യയാണ്, സൗദിയല്ല. ആസിഫലി മുക്രിയും മുല്ലാക്കയുമല്ല. അയാളൊരു നടനാണ്. ഒരു കലാകാരനും അയാളുടെ കുടുംബവും എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് സദാചാര കുരുപൊട്ടിയ ഇവിടുത്തെ ചില നല്ല നടപ്പ് സമിതിയല്ല

ഭാര്യ പര്‍ദ അണിയാത്തതിന്റെ പേരില്‍ നടന്‍ ആസിഫലിയെ തെറി വിളിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ്

റംസാന്‍ മാസത്തില്‍ ഭാര്യ പര്‍ദ അണിയാത്തതിന്റെ പേരില്‍ നടന്‍ ആസിഫലിയെ തെറി വിളിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പര്‍ദ്ദ ഒരു വസ്ത്രം മാത്രമെന്ന പ്രസ്താവനയോടെ എംഎ നിഷാദ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം അയാള്‍ക്കാണെന്നും മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഏത് തരം വസ്ത്രം ഉപയോഗിക്കാനുളള സ്വാതന്ത്ര്യം അയാള്‍ക്കുണ്ടെന്നും നിഷാദ് പറയുന്നു. ഇത് ഇന്‍ഡ്യയാണ്, സൗദിയല്ല. ആസിഫലി മുക്രിയും മുല്ലാക്കയുമല്ല. അയാളൊരു നടനാണ്. ഒരു കലാകാരനും അയാളുടെ കുടുംബവും എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് സദാചാര കുരുപൊട്ടിയ ഇവിടുത്തെ ചില നല്ല നടപ്പ് സമിതിയല്ല- നിഷാദ് പറയുന്നു.


താലിബാനിസം മനസില്‍ കൊണ്ട് നടക്കുന്ന സദാചാര വാദികളല്ല ആരാണ് ശരി ചെയ്യുന്നതെന്ന് തീരുമാനിക്കുന്നതെന്നും നിഷാദ് സൂചിപ്പിക്കന്നു. പര്‍ദ്ദ ഒരു വസ്ത്രം മാത്രമാണെന്നും അത് അറേബ്യയയില്‍ നിന്ന് കടം കൊണ്ടതാണെന്ന് മനസിലാക്കാന്‍ ചിലര്‍ക്ക് കഴിയുന്നല്ലെന്നും പറഞ്ഞ നിഷാദ് റംസാന്‍ മാസമായത് കൊണ്ട് അധികം പറയുന്നില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആസിഫ് അലിയ്ക്ക് നേരെ കഴിഞ്ഞദിവസം മുതലാണ് ഭാര്യ പര്‍ദ്ദയണിഞ്ഞില്ലെന്ന് ആരോപിച്ച് തെറിയഭിഷേകം ആരംഭിച്ചത്. ഭാര്യയ്ക്കും മകനുമൊപ്പമുള്ള കുടുംബചിത്രത്തിന് കീഴിലാണ് ചിലര്‍ വ്യക്തിയധിക്ഷേപം നടത്തുന്നത്.