എംകെ ദാമോദരൻ വന്നു; എല്ലാം ശരിയായി

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാർബൺ കോപ്പി ആയി വർക്ക് ചെയ്യാൻ ഒരു സർക്കാരിനെ കേരളത്തിൽ ആവശ്യമില്ല എന്ന് മുഖ്യമന്ത്രി മനസിലാക്കണം. വീയെസ് എന്ന മുഖ്യനെ വരുതിക്ക് വച്ച അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ മുഖ്യമന്ത്രിയായി വരുമ്പോൾ പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് വരുതിക്ക് നിർത്താൻ കഴിയുന്നില്ല എന്ന് ജനം അടക്കം പറച്ചിൽ തുടങ്ങിയിട്ടുണ്ട്. അതും പാർട്ടിക്കും സർക്കാരിനും ദോഷം ചെയ്യും.

എംകെ ദാമോദരൻ വന്നു; എല്ലാം ശരിയായി

ഘടോല്‍ക്കചന്‍ കണ്ണൂര്‍

എച്ച്എംടി ഭൂമി ഇടപാട് കേസിലെ ഇടപെടലുകളെ തുടർന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീയെസിന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവിനെ തത്സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രതിഫലം പറ്റാത്ത ഉപദേഷ്ടാവ് ആയിരുന്നു ജോസഫ് സി മാത്യു. സർക്കാരിനും പാർട്ടിക്കും അനഭിമതൻ ആയിരുന്നു അദ്ദേഹം. പക്ഷേ വീയെസിന് ജോസഫ് സി മാത്യു അന്നും ഇന്നും അനഭിമതനല്ല.  ഇന്നും വീയെസ് എന്ത് നിർണായക തീരുമാനവും എടുക്കുന്നത് ജോസഫ് സി മാത്യുവുമായി ആലോചിച്ചുമാത്രമാണെന്നും സംസാരമുണ്ട്.


മുഖ്യമന്ത്രി വീയെസ് തന്റെ വഴിക്കും പാർട്ടി പാർട്ടിയുടെ വഴിക്കും പോവുന്ന കാലമാണ്. വീയെസിനെ പാർട്ടിയുടെ വരുതിക്ക് വരുത്തുക എന്നതായിരുന്നു ജോസഫ് സി മാത്യുവിനെ മാറ്റുകവഴി പാർട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. അതിന് മുൻകൈ എടുത്താകട്ടെ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും.

കാലം കുറച്ചും കൂടി കഴിഞ്ഞു. വീയെസും പാർട്ടിയും കടുത്ത യുദ്ധത്തിൽ തന്നെ ആയി. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് പരസ്യമായ വിഴുപ്പലക്കലായി. ഈ വിഴുപ്പലക്കൽ 2011ലെ തിരെഞ്ഞെടുപ്പു തോൽവിയിലും കലാശിച്ചു. ഉമ്മൻ ചാണ്ടി അധികാരത്തിലെത്തി. വീയെസ് പ്രതിപക്ഷ നേതാവും. കാര്യങ്ങൾ അവിടംകൊണ്ട് തീർന്നില്ല. പ്രതിപക്ഷനേതാവിന് ചുറ്റും കോക്കസാണെന്ന് പാർട്ടി സെക്രട്ടറിയും കിങ്കിരൻമാരും കണ്ടെത്തി. ഉപചാപകവൃന്ദം എന്ന കണ്ടെത്തൽ ചർച്ചയായി. പാർട്ടിയുമായി ബന്ധപെട്ടു മേൽത്തട്ടിൽ നടക്കുന്ന ചർച്ചകൾ പൊതുസമൂഹത്തിൽ, ചാനൽ, പത്രങ്ങൾ വഴി എത്തുന്നു എന്നായിരുന്നു കണ്ടെത്തൽ.

അതൊക്കെ ചോർത്തി കൊടുക്കുന്നത് വീയെസിന്റെ സ്റ്റാഫിലെ മൂന്ന് പേരാണ് എന്ന് പാർട്ടി നേതൃത്വം ആരോപിച്ചു. അങ്ങനെ ആ മൂന്ന് പേരെയും പുറത്താക്കി. രണ്ടായിരത്തി പന്ത്രണ്ട് ഡിസംമ്പർ മാസം ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് വീയെസിന്റെ മൂന്ന് സ്റ്റാഫുമാരെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന്റെ പേരിൽ പ്രസ്സ് സെക്രട്ടറി കെ. ബാലകൃഷ്ണൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരൻ, പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് എന്നിവർക്കെതിരെയുള്ള നടപടിയാണ് സംസ്ഥാന കമ്മിറ്റി ശുപാർശ ചെയ്തത്. ജനുവരി 17ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ അംഗീകാരം നേടി പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. ഇതിനെതിരെ വീയെസ് സകല അടവും പയറ്റിയെങ്കിലും ഒന്നും നടന്നില്ല. പാർട്ടി സെക്രട്ടറിയും സംസ്ഥാന ഔദ്യോഗികപക്ഷവും വിചാരിച്ച പോലെ കാര്യങ്ങൾ നടന്നു. ആദ്യം പറഞ്ഞത് പോലെ തന്നെ വീയെസിനെ മൊത്തത്തിൽ അങ്ങ് ഒതുക്കി.

ഇതൊക്കെ കാണിക്കുന്നത് പാർട്ടിക്ക് അതീതനല്ല ഒരു നേതാവും എന്നാണ്, മുഖ്യമന്ത്രി പോലും. വീയെസിന്റെ അടുപ്പക്കാരായിരുന്ന നാല് പേരെയും മാറ്റിയതിന് കാരണമായത് പാർട്ടിയുടെ അതൃപ്തിയാണ്. ഉമ്മൻചാണ്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഇവർ വഴി പൊതുജനത്തിന് അഞ്ചുപൈസയുടെ നഷ്ടം ഉണ്ടാക്കിയിട്ടില്ല. എന്നാൽ വാർത്ത ചോർത്തികൊടുത്തു എന്ന പേരിൽ മൂന്നുപേർ പുറത്തുപോയതിനു ശേഷവും വാർത്തകൾ നാലുവഴിക്കും ചോർന്നു. ആര് ചോർത്തിയെന്നോ എങ്ങിനെ ചോരുന്നോ എന്നും ആരും അന്വേഷിച്ചില്ല.

വീയെസ് മഹത്വവൽക്കരിക്കേണ്ട ആളാണ് എന്നോ അദ്ദേഹത്തിന്റെ വിശ്വസ്തരായ ഇവരൊക്കെ കുറ്റക്കാർ ആണോ അല്ലയോ എന്നതൊന്നും ഇവിടത്തെ വിഷയമല്ല. ചരിത്രം പറഞ്ഞു, അത്ര മാത്രം. എതൊരു വിഷയത്തെയും സമീപിക്കുമ്പോൾ ഭൂതകാലം കൂടി ഒന്ന് നോക്കേണ്ടിവരും, അതുകൊണ്ട് ആ വഴി പോയി എന്ന് മാത്രം.

ഇനി നമുക്ക് പാസ്റ്റ് ടെൻസ് വിട്ടുകൊണ്ട് പ്രസന്റ് ടെൻസിലേക്ക് വരാം. ലാവലിൻക്കേസിൽ പിണറായി വിജയന്റെ അഭിഭാഷകൻ ആയിരുന്ന എം കെ ദാമോദരനെ മന്ത്രിസഭ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കുന്നു. അതായതു പ്രതിഫലം മേടിക്കാത്ത നിയമോപദേഷ്ടാവ്. അതാണു സ്ഥാനം. ജനം തിരഞ്ഞെടുത്ത സർക്കാർ. അതിന്റെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്. മുഖ്യമന്ത്രിക്കു നിയമപരമായ സംശയങ്ങൾ വല്ലതും ഉണ്ടേൽ എം കെ ദാമോദരൻ ഉപദേശം കൊടുക്കും. മുഖ്യമന്ത്രിക്കു കൊടുക്കുന്നത് സർക്കാരിന് നിയമോപദേശം കൊടുക്കുന്നതിനു തുല്യമാണ്. അഡ്വക്കേറ്റ് ജനറൽ എന്നൊരു സർക്കാർ അധികാരം ഉണ്ട്. അതിനു മീതെ മുഖ്യമന്ത്രിക്ക് ഉപദേശത്തിന് വേറെ ഒരാൾ.

ഇനി നമുക്ക് കഴിഞ്ഞ സർക്കാർ കാലത്തേക്ക് പോവാം അന്നത്തെ അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണി ആണെന്ന് അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓഫീസും ഭാര്യയും സർക്കാർ വാദിയായ കേസുകളിൽ ഇടപെട്ടപ്പോൾ അതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണങ്ങൾ നമുക്ക് മുമ്പിലുണ്ടല്ലോ. ഹൈക്കോടതിയിൽ സുമതി ദണ്ഡപാണി ഹാജരായ കേസുകളിൽ Wpc. 11124/14, Wpc. 13039/14, Wpc.25119/14 എന്നീ കേസുകളും 7193/14, 7192/14, 8060/14 ജാമ്യ ഹർജികളും സർക്കാർ അഭിഭാഷകർ കൃത്യമായ വാദം നടത്തിയില്ല എന്നും അനൂകുല നിലപാടുകൾ സ്വീകരിച്ചു എന്നും അന്ന് ആക്ഷേപം ഉയർന്നു. അതിനെക്കുറിച്ച് പരാതികളും ഉണ്ടായിരുന്നു. ജെ എസ് അജിത്കുമാർ എന്ന ഹൈക്കോടതി അഭിഭാഷകൻ അന്ന് പരാതിയുമായി ഗവർണറെയും ബാർ കൗൺസിലിനെയും സമീപിച്ചു. കൂടാതെ ലോട്ടറി കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഹാജരാകുന്നതിനു തുല്യമാണ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വക്കാലത്തെന്ന് പിണറായി വിജയൻ പറഞ്ഞതും നമ്മൾ കേട്ടു. ഇതൊക്കെ ചരിത്രം.

നമുക്ക് വീണ്ടും ഇപ്പോഴത്തെ ശമ്പളം മേടിക്കാത്ത ഉപദേശക വിഷയത്തിലേക്ക് വരാം.  ജനങ്ങൾ ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിച്ചത്  ഉമ്മൻ ചാണ്ടിയുടെ ജനസേവനം മടുത്തിട്ടാണ്. അല്ലാതെ ഇടതുപക്ഷത്തോടു പ്രത്യേകിച്ച് ഇഷ്ടമൊന്നും ഉണ്ടായിട്ടല്ല. അണികൾക്ക് കാണും. അപ്പോൾ പറഞ്ഞു വരുന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാർബൺ കോപ്പി ആയി വർക്ക് ചെയ്യാൻ ഒരു സർക്കാരിനെ കേരളത്തിൽ ആവശ്യമില്ല എന്ന് തന്നെയാണ്. ഇത്  മുഖ്യമന്ത്രി മനസിലാക്കണം.

സാൻറിയാഗോ, ഐസ്‌ക്രീം എന്നിങ്ങനെ ചില്ലറ ഭൂതകാല പ്രേതങ്ങൾ ഇപ്പോഴും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ വിടാതെ പിന്തുടരുന്നു എന്ന് വേണം കരുതാൻ. മറ്റു സർക്കാർ നിലപാടുകൾ പൊതുവിൽ സ്വീകാര്യമാണ്. ഇപ്പറഞ്ഞ ചില ഭൂതകാല നിലപാടുകളിൽ കൊടുക്കൽ വാങ്ങലുകൾ പലതും നടന്നു എന്ന് മുഖ്യൻ തന്നെ ഉറപ്പിച്ചു പറയുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പരസ്യവാചകത്തിൽ പറയുന്നത് പോലെ ഇതിനു വലിയ വിലകൊടുക്കേണ്ടിവരും എന്ന് ഓർമപ്പെടുത്താതെ വയ്യ. ഏറ്റവും ഒടുവിലായി പാറമടകൾക്ക് വേണ്ടി വാദിക്കാൻ, തോട്ടണ്ടി അഴിമതിക്കേസിൽ വിജിലൻസ് അന്വേഷിക്കുന്ന കേസിലെ പ്രധാനപ്രതി ഐഎൻടുയുസി നേതാവ് ചന്ദ്രശേഖരന് വേണ്ടി കൂടി വാദിക്കാൻ എം കെ ദാമോദരൻ വന്നു.

ഇന്നലെ നിയസഭയിൽ ഈ വിഷയത്തിൽ നടന്ന ചർച്ചയിൽ നിയമോപദേശകനായി എം കെ ദാമോദരനെ വെച്ചത് പ്രതിഫലം നൽകിക്കൊണ്ടല്ല എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏതെങ്കിലും കേസ് ഏറ്റെടുക്കുന്നതിൽ യാതൊരു നിയമ തടസവും ഇല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതുതന്നെ ആയിരുന്നു ഉമ്മൻ ചാണ്ടിയും മറ്റൊരുതരത്തിൽ പറഞ്ഞിരുന്നത്.

വീയെസ് മുഖ്യൻ ആയിരുന്ന കാലത്ത് പാർട്ടി സെക്രട്ടറിയും പാർട്ടിയും പറയുന്ന സ്ഥലത്ത് മുഖ്യമന്ത്രി നിന്നിരുന്നു. വീയെസ് പാർട്ടിയെ മറികടന്നു വളരുന്നു എന്ന് തോന്നിയപ്പോഴെല്ലാം പാർട്ടി പല വിധത്തിൽ കടിഞ്ഞാൺ ഇട്ടിട്ടുമുണ്ട്. അതിനെല്ലാം മുന്നിൽ നിന്ന അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. അന്ന് വീയെസ് കാണിച്ച കാര്യങ്ങളാണ് ഇന്ന് പിണറായി വിജയൻ കാണിക്കുന്നത്. പക്ഷേ അതിന് മൂക്കുകയറിടാൻ ആരും തയ്യാറാകുന്നില്ല. പാർട്ടിക്ക് അതിന് സാധിക്കുന്നില്ല. അന്നത്തെ പാർട്ടി സെക്രട്ടറി ഇന്ന് സർവാധികാരിയായ മുഖ്യമന്ത്രിയായി അരങ്ങു വാഴുമ്പോൾ പാർട്ടിയും പാർട്ടി സെക്രട്ടറിയും ഒന്നും മിണ്ടാതെ നോക്കി നിൽക്കുന്നു.

എം കെ ദാമോദരൻ പാർട്ടിക്ക് വേണ്ടപ്പെട്ടവൻ ആണെങ്കിൽക്കൂടി ജനത്തിന് അത് അറിയേണ്ട കാര്യമില്ല. അണികൾ മാത്രം വോട്ട് ചെയ്തു ജയിച്ച് വന്ന പാർട്ടിയല്ല അധികാരത്തിൽ ഇരിക്കുന്നത്. കള്ളനും കൊള്ളക്കാരനും തട്ടിപ്പുക്കാരനും വേണ്ടി വാദിക്കാൻ പോകുന്നയാൾ തങ്ങളുടെ മുഖ്യന്റെ ഉപദേശകസ്ഥാനം അലങ്കരിക്കാൻ യോഗ്യനല്ലെന്ന് ജനം കരുതുന്നു. അതാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത്. ജനം മാത്രമല്ല പാർട്ടി അനുയായികൾ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇത് പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

വീയെസ് എന്ന മുഖ്യനെ വരുതിക്ക് വച്ച അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ മുഖ്യമന്ത്രിയായി വാഴുമ്പോൾ പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് വരുതിക്ക് നിർത്താൻ കഴിയുന്നില്ല എന്ന് ജനം അടക്കം പറച്ചിൽ തുടങ്ങി.