സമ്മർദ്ദം ശക്തമാകുന്നു; നിയമോപദേഷ്ടാവ് പദവി എം കെ ദാമോദരൻ സ്വയം ഒഴിഞ്ഞേക്കും

പാർടിയോടുള്ള നല്ല ബന്ധം പരിഗണിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കിയത്. എന്നാൽ, വിവാദങ്ങളുണ്ടായപ്പോൾ പാർടി എം കെ ദാമോദരനെ കൈവിട്ടു എന്ന പേരു കേൾപ്പിക്കാൻ പിണറായി വിജയനടക്കമുള്ളവർ തയ്യാറല്ല.

സമ്മർദ്ദം ശക്തമാകുന്നു; നിയമോപദേഷ്ടാവ് പദവി എം കെ ദാമോദരൻ സ്വയം ഒഴിഞ്ഞേക്കും

വിവാദത്തിലായ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി എം കെ ദാമോദരൻ സ്വയം ഒഴിഞ്ഞ് ഔചിത്യമര്യാദ കാണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ദാമോദരൻ സ്വമേധയാ സ്ഥാനം ഒഴിഞ്ഞ് പാർടിയെയും സർക്കാരിനെയും രക്ഷിക്കുകയാണ് വേണ്ടത് എന്ന അഭിപ്രായമാണുയർന്നത്.

പാർടിയോടുള്ള നല്ല ബന്ധം പരിഗണിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കിയത്. എന്നാൽ, വിവാദങ്ങളുണ്ടായപ്പോൾ പാർടി എം കെ ദാമോദരനെ കൈവിട്ടു എന്ന പേരു കേൾപ്പിക്കാൻ പിണറായി വിജയനടക്കമുള്ളവർ തയ്യാറല്ല. അതിനാൽ നിർണായക തീരുമാനം എം കെ ദാമോദരൻ സ്വമേധയാ കൈക്കൊള്ളേണ്ടി വരും.


അഡ്വക്കേറ്റ് ജനറൽ പദവിയിലേയ്ക്കും എം കെ ദാമോദരനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. അദ്ദേഹം നിരസിച്ചതുകൊണ്ടാണ് സുധാകരപ്രസാദിനു നറുക്കു വീണത്. പ്രായവും പദവിയും ദീർഘകാലമായി തുടരുന്ന പാർടിബന്ധവും കണക്കിലെടുത്ത് ഇത്രയേറെ പരിഗണന നൽകിയിട്ടും വിവാദം കത്തിപ്പടർന്നപ്പോൾ സ്വയം ഒഴിഞ്ഞു നിൽക്കാനുള്ള ഔചിത്യം കാണിച്ചില്ല എന്ന പരാതിയാണ് അദ്ദേഹത്തെ പരസ്യമായി അനുകൂലിക്കുന്നവർ പോലും രഹസ്യമായി പങ്കുവെയ്ക്കുന്ന വികാരം.

പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ സർക്കാരിനെതിരെ ധാരാളം കേസുകളിൽ വക്കാലത്തേറ്റെടുത്ത എം കെ ദാമോദരനെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ തസ്തിക നിശ്ചയിച്ച് സർക്കാരിന്റെ ഭാഗമാക്കി ഉത്തരവു നൽകിയതും വീണ്ടുവിചാരമില്ലാത്ത നടപടിയായിപ്പോയി എന്നു വാദിക്കുന്നവരുമുണ്ട്. ലാവലിൻ കേസിന്റെ അപ്പീലിലും അദ്ദേഹം സർക്കാരിന്റെ എതിർപക്ഷത്താണ്. വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാനോ ചർച്ച ചെയ്യാനോ ഉത്തരവാദിത്തപ്പെട്ട ആരും തയ്യാറാകാത്തതിലാണ് പലർക്കും അത്ഭുതം.

ഇത്ര ലാഘവത്തോടെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ വരും നാളുകളിൽ കാര്യങ്ങൾ ഏറെ സങ്കീർണമാകാനാണ് സാധ്യത. ഇത്തരം നിയമനങ്ങൾക്കുള്ള ഉപദേശം നൽകിയ ഉപദേഷ്ടാവിനെയും പലരും അന്വേഷിക്കുന്നുണ്ട്.

എം കെ ദാമോദരനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിനെതിരെയുള്ള കേസുകളിൽ വക്കാലത്ത് ഉപേക്ഷിക്കാൻ അദ്ദേഹത്തിനാവില്ല. വലിയ സാമ്പത്തികനഷ്ടം വരുത്തിവെയ്ക്കുമെന്നു മാത്രമല്ല, അഭിഭാഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസ്യതയെയും അതു ദോഷകരമായി ബാധിക്കും. അതുകൊണ്ട് നിയമോപദേഷ്ടാവിന്റെ പദവി സ്വയം ഒഴിയുക എന്ന വഴി തന്നെ അദ്ദേഹത്തിനു സ്വീകരിക്കേണ്ടി വരും.

Read More >>