കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ് പ്രതിക്ക് വേണ്ടിയും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരൻ ഹാജരാകും

23 കോടി രൂപയ്ക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വിജിലന്‍സ് ത്വതിര പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 2.85 കോടി രൂപയുടെ അഴിമതി നടന്നു എന്ന് ത്വരിതാന്വേഷണത്തില്‍ വിജിലന്‍സിന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് എതിരെ ആണ് ആര്‍ ചന്ദ്രശേഖരന്‍ ഹൈക്കോടതിയെ സമീപിച്ച്ത്. ഇതിനായി വക്കാലത്ത് നല്‍കിയത് എംകെ ദാമോദരന്റെ ഓഫീസാണ്.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ് പ്രതിക്ക് വേണ്ടിയും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരൻ ഹാജരാകും

തിരുവനന്തപുരം: കശുവണ്ടി വികസന  കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ഐഎന്‍ടിയുസി  നേതാവും കേസിലെ ഒന്നാം പ്രതിയുമായ ആര്‍ ചന്ദ്രശേഖരന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്റെ  ഓഫീസ്  ഹാജരാകും. സര്‍ക്കാര്‍ തന്നെ കക്ഷിയായ കേസിലാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പ്രതിക്ക് വേണ്ടി ഹാജരാകുന്നത്. 23 കോടി രൂപയ്ക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി വാങ്ങിയ ഇടപാടിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വിജിലന്‍സ് ത്വരിത പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 2.85 കോടി രൂപയുടെ അഴിമതി നടന്നു എന്ന് ത്വരിതാന്വേഷണത്തില്‍ വിജിലന്‍സിന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  ഇതിനെതിരെ ആണ് ആര്‍ ചന്ദ്രശേഖരന്‍ ഹൈക്കോടതിയെ സമീപിച്ചത്.


എന്നാൽ ഇന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ എംകെ ദാമോദരന്റെ ജൂനിയറാണ് ഹാജരായത്. എന്നാൽ കേസില്‍ വാദം നടന്നില്ല. വിജിലന്‍സിന്റെ നിലപാട് അറിയിക്കാന്‍ കേസ് മാറ്റിവെക്കുകയാണ് ചെയ്തത്.  പത്ത് ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കും.

വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹൈക്കോടതിയിൽ ഹാജരായത് നേരത്തെ ഏറെ രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടു കെട്ടല്‍ നോട്ടീസിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ദാമോദരന്‍ രാജിവെക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ. എം കെ ദാമോദരനെ പ്രത്യക്ഷത്തില്‍ ന്യായീകരിച്ചും പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു, മുന്‍ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന കോടിയേരി.

എം കെ ദാമോദരന്‍ സര്‍ക്കാരിനു വേണ്ടി കേസ് വാദിക്കാന്‍ നിയോഗിച്ച വക്കീലല്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്നത് ഓണററി പോസ്റ്റ് മാത്രമാണ്. സ്വന്തം നിലയില്‍ കേസുകളില്‍ ഹാജരാകാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ കേസുകളില്‍ ഹാജരാകണം എന്ന് വിവേചനപൂര്‍വ്വം അദ്ദേഹം തീരുമാനമെടുക്കട്ടെ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മാർട്ടിന് വേണ്ടി ഹാജരായതിലെ ധാർമ്മിക സംബന്ധിച്ച ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.  വിവേചനപൂര്‍വ്വം തീരുമാനമെടുക്കണമെന്ന ഒറ്റ വരിയില്‍ അദ്ദേഹം ദാമോദരനോടുള്ള അതൃപ്തി ഒതുക്കി.

എന്നാല്‍ ലോട്ടറി കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായിട്ടില്ല എന്ന വാദമാണ് പാര്‍ട്ടി സെക്രട്ടറി ഉയര്‍ത്തിയത്.' സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായത് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ററേറ്റുമായുള്ള കേസിലാണ്. നിങ്ങള്‍ ഈ പറഞ്ഞ കേസില്‍ (കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി) സര്‍ക്കാരിനെതിരെ അദ്ദേഹം ഹാജരായോ എന്നത് എനിക്കറിയില്ല. നിങ്ങള്‍ പറഞ്ഞുള്ള അറിവേ ഉള്ളൂ. അക്കാര്യം പരിശോധിച്ച ശേഷം നിലപാടു വ്യക്തമാക്കും'. അങ്ങനെ ഏതെങ്കിലും കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം ഹാജരായിട്ടുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി പരിശോധിക്കും എന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.