ശവക്കല്ലറയില്‍ കിടന്നുകൊണ്ടുള്ള ലൈവ് റിപ്പോര്‍ട്ടിംഗ്, ഔചിത്യമില്ലായ്മയുടെ മികച്ച ഉദാഹരണം

കല്ലറയില്‍ കിടന്നുകൊണ്ടുള്ള റിപ്പോര്‍ട്ടിംഗ്, മാധ്യമ പ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമാന്യബോധത്തെയും സ്ഥലകാല വിവേചനത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നു. ഗൌരവമുള്ള തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇത്ര അപക്വമായി പെരുമാറാന്‍ കഴിയുന്നതെങ്ങനെയാണെന്നായിരുന്നു ഒരു ചോദ്യം. മനുഷ്യശരീരങ്ങള്‍ക്ക് വിശ്രമിക്കുവാനുള്ള ആറടി മണ്ണ് പോലും മാധ്യമങ്ങള്‍ കീഴടക്കുന്നു എന്നായിരുന്നു മറ്റൊരു വിമര്‍ശനം.

ശവക്കല്ലറയില്‍ കിടന്നുകൊണ്ടുള്ള ലൈവ് റിപ്പോര്‍ട്ടിംഗ്, ഔചിത്യമില്ലായ്മയുടെ മികച്ച ഉദാഹരണം

മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരം വര്‍ദ്ധിച്ചതോടെ വാര്‍ത്താ അവതരണത്തിനായി എന്തും ചെയ്യമെന്ന തരത്തിലേക്ക് ചില  മാധ്യമപ്രവര്‍ത്തകരുടെയെങ്കിലും  മനോഭാവം മാറിയിരിക്കുന്നു. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് പാകിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുല്‍ സത്താര്‍ ഇദിയുടെ ഖബറടക്കവുമായി ബന്ധപ്പെട്ടു മാധ്യമലോകത്ത് നിന്നുയര്‍ന്ന വിവാദം.

ഇദിയുടെ ഖബറടക്കം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ എക്സ്പ്രസ്സ്‌ ന്യൂസിന്‍റെ  ഫൈസല്‍ എന്ന റിപ്പോര്‍ട്ടര്‍ ഇദിക്കായി തയ്യാറാക്കിയിരുന്ന ഖബറില്‍ (കല്ലറ) കിടന്നുകൊണ്ടായിരുന്നു റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഇദിയുടെ കല്ലറയില്‍ ഇറങ്ങി, കിടന്നു കൊണ്ട് ഒരു കയ്യില്‍ മൈക്കും മറുകയ്യില്‍ ചെവിയോടു ചേര്‍ത്തു പിടിച്ച മൊബൈലുമായി ഫൈസല്‍ എക്സ്പ്രസ്സ്‌ ന്യൂസിനു വേണ്ടി ലൈവ് റിപ്പോർട്ടിങ് നടത്തി.grave reporting" കറാച്ചി...മാനവീകതയുടെ സേവകനായ അബ്ദുല്‍ സത്താര്‍ ഇദിയുടെ അന്തിമ വിശ്രമ സ്ഥലത്തു നിന്നും...." എന്നു ഉര്‍ദ്ദു ഭാഷയിലെ തലക്കെട്ടോടെയാണ് ഈ ദൃശ്യങ്ങള്‍ ടി.വി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

ഇദിയുടെ മരണവാര്‍ത്ത പുറത്തു വന്നതോടെ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ മത്സരസ്വഭാവത്തോടെ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ സത്താര്‍ ഇദിയുടെ ജീവിതം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ജൂലൈ 8നായിരുന്നു ഇദിയുടെ മരണം. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇദി തന്നെ, തനിക്ക് വേണ്ടി പണിത കല്ലറയിലായിരുന്നു ഇന്നലെ ഖബറടക്കം നടന്നത്. ഇത് റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനു വേണ്ടിയായിരുന്നു റിപ്പോര്‍ട്ടര്‍ കല്ലറയിലിറങ്ങി കിടന്നത്.

സംഭവത്തില്‍ എക്സ്പ്രസ്സ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫഹദ് ഹുസൈന്‍  ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു.
"കഴിഞ്ഞ ദിവസം പുലര്‍ച്ചെ, 3.45 ഓടെയായിരുന്നു വിവാദമായ ഈ വാര്‍ത്താ റിപ്പോര്‍ട്ടിംഗ് നടന്നത്. ലൈവ് സംപ്രേഷണം ആയിരുന്നതിനാല്‍ മാനേജ്‌മനറിന്റെ ശ്രദ്ധയില്‍ വന്നപ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് ഇതു പിന്‍വലിക്കുവാനായത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ഞങ്ങളുടെ പ്രേക്ഷകര്‍ക്കുണ്ടായ മാനസിക വിഷമത്തിനു മാപ്പ് പറയുന്നു.."

[caption id="attachment_29397" align="aligncenter" width="460"]edhi- അബ്ദുള്‍ സത്താര്‍ ഇദി[/caption]

പാവങ്ങള്‍ക്കിടയിലെ സേവനത്തിനു ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിത്വമായിരുന്നു ഇദി. സൌമ്യമായ പെരുമാറ്റവും ലാളിത്യമുള്ള ജീവിതരീതിയും കൊണ്ട്, പാകിസ്ഥാന്‍ ജനതയുടെ ഇടയില്‍  സര്‍വ്വസമ്മതനായിരുന്നു ഇദി. അദ്ദേഹത്തിന്റെ പേര് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു രാജ്യം ശുപാര്‍ശ ചെയ്തിരുന്നു. കറാച്ചിയില്‍ തടിച്ചുകൂടിയ 35000 ലധികം ആളുകളുടെ സാന്നിധ്യത്തിലായിരുന്നു അബ്ദുല്‍ സത്താര്‍ ഇദിയുടെ ഖബറടക്കം നടന്നത്.

കല്ലറയില്‍ കിടന്നുകൊണ്ടുള്ള റിപ്പോര്‍ട്ടിംഗ്, മാധ്യമ പ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമാന്യബോധത്തെയും സ്ഥലകാല വിവേചനത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നു. ഗൌരവമുള്ള തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇത്ര അപക്വമായി പെരുമാറാന്‍ കഴിയുന്നതെങ്ങനെയാണെന്നായിരുന്നു ഒരു ചോദ്യം. മനുഷ്യശരീരങ്ങള്‍ക്ക് വിശ്രമിക്കുവാനുള്ള ആറടി മണ്ണ് പോലും മാധ്യമങ്ങള്‍ കീഴടക്കുന്നു എന്നായിരുന്നു മറ്റൊരു വിമര്‍ശനം.

Read More >>