വീണ്ടും ചില ചാരായ കാര്യങ്ങൾ

ബാർ പൂട്ടിയത് മൂലം അധിക വരുമാനം ലഭിച്ചത് സർക്കാരിനു മാത്രമാണ്. അതു ചോർന്നത് കുടുംബത്തിൽ എത്തുന്ന പണത്തിൽനിന്നും. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാകുന്നതോടെ അതു മാഫിയാകളുടെ കൈകളിലേക്കൊഴുകും. മദ്യനിരോധനം കേരളത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലേഖന പരമ്പരയിൽ ഡോ. എം കുര്യൻ തോമസ് എഴുതുന്നു.

വീണ്ടും ചില ചാരായ കാര്യങ്ങൾ

ഡോ. എം. കുര്യൻ തോമസ്

മദ്യപാനം ആശാസ്യമോ അല്ലയോ എന്നത് ഇവിടെ വിഷയമല്ല. മദ്യനിരോധനം പ്രയോജനകരമാണോ എന്നതു മാത്രമാണ് ചിന്താവിഷയം. പ്രയോജനകരമല്ല എന്നു മാത്രമല്ല, ഈ ആനമണ്ടത്തരം അപകടകരം കൂടിയാണ് എന്ന മുഖവരയോടെ ആരംഭിക്കാം. അതിനു പല കാരണങ്ങൾ ഉണ്ട്.

ഒന്നാമതായി മലയാളികളുടെ മദ്യപാനശീലം ആധുനിക കാലത്തെ കമ്പോള സംസ്‌കാരത്തിന്റെ സൃഷ്ടിയൊന്നുമല്ല. കൗടില്യന്റെ അർത്ഥശാസ്ത്രം ഒഴിവാക്കിയാലും ഇതിനു തെളിവുകൾ കണ്ടെത്താൻ കഴിയും. പതിനാറാം നൂറ്റാണ്ടിൽ സംഘടിതവും ക്രമീകൃതവുമായി വാറ്റു മദ്യങ്ങൾ കേരളത്തിൽ വിപണനം ചെയ്യപ്പെട്ടിരുന്നുയെന്ന് 1599ലെ ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനാകളിൽനിന്നും വ്യക്തമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തോക്കും വാളും പണയംവെച്ച് കള്ളു കുടിക്കുന്നവരെപ്പറ്റി കുഞ്ചൻ നമ്പ്യാർ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തന്റെ തന്നെ. കള്ളുകുടിക്കണ നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു എന്ന പാതാള വർണ്ണന മദ്യപാനത്തെ അഭിമതമായി മലയാളികൾ കണ്ടിരുന്നില്ല എന്നും വ്യക്തമാക്കുന്നു. പക്ഷേ അത് നിരോധിക്കാനല്ല, മറിച്ച് നിയമ വിധേയമാക്കി നികുതി പിരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നു പില്ക്കാല ചരിത്രം രേഖപ്പെടുത്തുന്നു. ഈ അടിസ്ഥാന യാഥാർഥ്യം മനസിലാക്കിവേണം ഈ വിഷയത്തെ സമീപിക്കുവാൻ.


എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും ചില മതനേതാക്കളുടെ ഇടയലേഖനങ്ങളേയും ഫത്വകളേയും ഭയന്നാണ് സർക്കാർ മദ്യനിരോധനവുമായി മുമ്പോട്ടുപോകുന്നത് എന്നത് പകൽ പോലെ വ്യക്തമായ വസ്തുതയാണ്. അന്തരീക്ഷ മലിനീകരണം, വിഷപച്ചക്കറികൾ, കീടനാശിനകൾ, മലിനജലം, തെരുവുനായ്ക്കൾ മുതലായ ആരോഗ്യം അപകടത്തിലാക്കുന്ന കാരണങ്ങളോട് സർക്കാർ പുലർത്തുന്ന നിസംഗതയും, അതിനു വിരുദ്ധമായി ഈ വിഷയത്തിൽ കാട്ടുന്ന ശുഷ്‌ക്കാന്തിയും അതു സ്ഥിരീകരിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പു കാലത്ത് ചില ശക്തികൾ ഈ വിഷയത്തിൽ മുഴക്കിയ ഭീഷണി ഈ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിലയിലധികം നികുതികൊടുക്കുന്ന ഉപഭോക്താക്കൾക്ക് ബിവറേജൽ കടകളിൽ അടിസ്ഥാന സൗകര്യം പോലും ഉണ്ടാക്കാത്തതും, സൂപ്പർ മാർക്കറ്റുകൾ പാതിവഴിയിൽ ഉപേക്ഷിച്ചതും വിരൽ ചൂണ്ടുന്നതും ഇവിടേയ്ക്കാണ്.

wineഒരു മതേതര ജനാധിപത്യ രാജ്യത്തിലെ സർക്കാർ ഇത്തരം ഭീഷണികൾക്ക് ചെവി കൊടുക്കാമോ എന്ന നിയമപ്രശ്‌നം തല്ക്കാലം മാറ്റി വയ്ക്കാം. പക്ഷേ മതേതര ജനാധിപത്യ രാജ്യത്തിലെ സർക്കാരിനോട് സ്വന്തം മതനിയമങ്ങൾ സർവ്വരുടെമേലും അടിച്ചേല്പ്പിക്കണമെന്നു നിർദ്ദേശിക്കാനും സമ്മർദ്ദം ചെലുത്താനും മത നേതാക്കൾക്ക് എന്തധികാരമാണുള്ളത്? സ്വന്തം മതത്തില്‌പെംട്ടവരോടു മാത്രം പോലും അപ്രകാരം നിർദ്ദേശിക്കാനല്ലാതെ നിർബന്ധിക്കാൻപോലും മതനേതാക്കൾക്ക് സാദ്ധ്യമല്ല. പ്രത്യേകിച്ചും ഭക്ഷണ പാനീയ വിഷയങ്ങളിൽ. മദ്യനിരോധനത്തെ ന്യായീകരിക്കാൻ മഹാത്മാ ഗാന്ധിയെ കൂട്ടുപിടിച്ചിട്ടും കാര്യമില്ല. അദ്ദേഹവും എം. പി. മന്മഥനെപ്പോലെയുള്ള നേതാക്കളും മദ്യവർജ്ജനമാണ് നിരോധനമല്ല പ്രചരിപ്പിച്ചത്. കടുത്ത സമ്മർദ്ദമുണ്ടായിട്ടും ഇന്ത്യൻ ഭരണഘടനാ ശില്പികൾ മദ്യം നിരോധിക്കാൻ വിസമ്മതിച്ചു എന്നതും ഇതിനോട് കൂട്ടി വായിക്കണം.

മുസ്ലീം നിയമപ്രകാരം പന്നിയിറച്ചിയും മദ്യവും അവർക്കു ഹറാം (നിഷിദ്ധം) ആണ്. പക്ഷേ ശരീയത്ത് നിയമം നിലവിലിരിക്കുന്ന രാജ്യങ്ങളിൽ അവ വില്ക്കുന്നുണ്ട്. അവിടെ അമുസ്ലിങ്ങൾക്ക് പന്നിയിറച്ചി വാങ്ങുന്നതിനോ, ഉപയോഗിക്കുന്നതിനോ തടസമില്ല. മദ്യം ലഭ്യമാകുന്ന അത്തരം ചില രാജ്യങ്ങളിൽ പ്രവാസികളടക്കമുള്ള മുസ്ലീങ്ങൾ മദ്യം വാങ്ങുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. ചുരുക്കത്തിൽ മതാധിഷ്ഠിത രാജ്യങ്ങളിൽപ്പോലും മതം നിയന്ത്രിക്കുന്നത് സ്വസമുദായാംഗങ്ങളുടെ ഭക്ഷണപാനീയങ്ങൾ മാത്രമാണ്. ഇന്ത്യ ഒരു മതേതര രാജ്യവും കേരളം അതിന്റെ ഭാഗവും.

ഇക്കാര്യത്തിൽ മതനേതാക്കൾക്ക് ചെയ്യാവുന്നതും ചെയ്യേണ്ടതുമായ ഒന്നുണ്ട്. ഇന്ന് കേരളത്തിൽ എല്ലാ മതങ്ങൾക്കും മതപാഠശാലകൾ ഉണ്ട്. ചെറുപ്രായത്തിൽത്തന്നെ മദ്യപാനം തെറ്റെന്നു കുട്ടികളെ സന്മാർഗ്ഗ പാഠമായി പഠിപ്പിക്കുക. അല്ലാതെ കൈയ്യടി കിട്ടാനും മതേതര കേരളത്തെ മതാധിഷ്ഠിത സമൂഹമാക്കാനും അധോലോകത്തെ വളർത്താനും മാത്രം ഉപകരിക്കുന്ന മദ്യനിരോധനവാദവുമായി വരരുത്. ഇന്ന് ഇവരുടെ വാക്കു കേട്ട് മദ്യം നിരോധിച്ചാൽ നാളെ മറ്റ് ചിലർക്കായി മറ്റുപല ഭക്ഷണസാധനങ്ങളും നിരോധിക്കേണ്ടി വരും. അതും മനസിലാക്കണം.

മദ്യനിരോധനം മൂലം രണ്ടു വര്ഷം കൊണ്ട് മലയാളികളുടെ വീട്ടിലെത്തുന്ന പണം (take home pay) അതിഭീമമായി വർദ്ധിച്ചു എന്നാണ് ഒരു അവകാശവാദം. 7,300 കോടി രൂപ ഇപ്രകാരം വീട്ടിലെത്തി എന്നാണ് ഒരു കണക്ക്! യാഥാർത്ഥ്യം നേരേ മറുപുറത്താണന്നതാണ് സത്യം. സ്വല്പ്പം പഴയ ഒരു സംഭവം ഇതു വ്യക്തമാക്കും. കേരളത്തിൽ ചാരായ നിരോധനം നിലവിൽവന്ന് എതാനും വർഷങ്ങൾക്കുശേഷം യാദൃശ്ചികമായി ഒരാളെ പരിചയപ്പട്ടു. 30ന് അടുത്തു പ്രായം. ജോലി െ്രെപവറ്റ് ബസ് കണ്ടക്ടർ. ദിവസ വരുമാനം 150 രൂപ. അവിവാഹിതൻ. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവം ഉണ്ട്. ജോലികഴിഞ്ഞ് വീടിനടുത്തുള്ള ചാരായ ഷാപ്പിൽ നിന്നും ഒരു കാൽ (180 മില്ലിലിറ്റർ) കഴിക്കും. വില 17 രൂപ. ചാരായക്കടയിൽ കിട്ടുന്ന ഏക ഉപദംശം പുഴുങ്ങിയ മുട്ടയാണ്. ചിലപ്പോൾ അതൊരെണ്ണം വാങ്ങും. വില രണ്ടു രൂപ. പ്രഭാത ഉച്ചഭക്ഷണങ്ങൾ, ചായ മുതലായവയ്ക്കു 30 രൂപ. ചിലവ് ബാക്കി 100 രൂപ നിത്യവും അമ്മയെ ഏല്പിക്കും.

toddyചാരായം നിരോധിച്ചതോടെ ആൾ അകെ ബുദ്ധിമുട്ടിലായി. കുറെ ദൂരെ ഒരു സ്ഥലത്ത് ലഭിക്കുന്ന വ്യാജ ചാരായമാണ് ഇപ്പോൾ (പരിചയപ്പെടുന്ന കാലത്ത്) ആശ്രയം. ഒരു ഗ്ലാസിനു പത്തു രൂപ. ദൂരവും ബുദ്ധിമുട്ടും കൂടിയപ്പോൾ അളവ് മുമ്പ് കഴിച്ചിരുന്നതിന്റെ ഇരട്ടിയായി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ 'ബാറിൽ കയറിയാ നമ്മക്കു മുതലാവൂല്ല സാറെ. കള്ള് ഷാപ്പിൽ കയറിയാലും അതുപോലെ തന്നാ. ബിവറേജീന്നു വാങ്ങിയാ എവിടെ വെച്ചു കുടിക്കാനാ' (വിശദീകരണങ്ങൾ വിട്ടുകളയുന്നു.) ഇതിനു ഇന്നും കാലിക പ്രസക്തിയുണ്ട്.
ചാരായ നിരോധനവുമായി മലയാളികൾ പൊരുത്തപ്പെട്ടു ചിലർ വിഷക്കള്ളിലും വ്യാജമദ്യത്തിലും മറുമരുന്ന് കണ്ടപ്പോൾ ഭൂരിഭാഗവും ബാറുകളിലും ബിവറേജുകളിലുമാണ് അഭയം തേടിയത്.

അതോടെ ചിലവ് മുമ്പുണ്ടായിരുന്നതിന്റെ ചുരുങ്ങിയത് മൂന്നിരട്ടിയായി. സ്വാഭാവികമായും വീട്ടിലെത്തുന്ന തുകയും ആനുപാതികമായി കുറഞ്ഞു. കൂടെ ഉണ്ടായ നികുതി വർദ്ധനവ് ഒഴിവാക്കിയാൽത്തന്നെ ബാറുകൾ പൂട്ടിയതോടെ ചിലവു കുറയുകയല്ല കൂടുകയാണ് ഉണ്ടായത്. കൂട്ടത്തിൽ മദ്യത്തിന്റെ പ്രതിശീർഷ ഉപഭോഗവും. ലഭ്യത ആവശ്യം ഉണ്ടാക്കുന്നു എന്ന ധനശാസ്ത്ര തത്വമാണ് ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന്റെ പിന്നിലെ തത്വശാസ്ത്രമായി ഉയർത്തിക്കാട്ടുന്നത്. പക്ഷേ ബാറുകളും കുറെ ബിവറേജസ് ഔട്ട്‌ലറ്റുകളും അടച്ചതുകൊണ്ട് കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം കുറയുകയല്ല കൂടുകയാണ് ചെയ്തത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില്പനയിൽ ഇടിവുണ്ടായി എന്ന വാദം നിരർത്ഥകമാണ്. വൈൻ, ബിയർ തുടങ്ങിയ ലഘു മദ്യങ്ങളും, വ്യജമദ്യവും അതോടൊപ്പം ചേർത്ത് മൊത്തം ആൾക്കഹോൾ ഉപഭോഗം (Total alcohol consumption) കണക്കാക്കിയാൽ ഈ വസ്തുത ബോദ്ധ്യമാകും.

ധനതത്വ ശാസ്ത്രത്തിലെ തന്നെ സംഭരിക്കാനുള്ള പ്രാന്തീയ പ്രവണത (Marginal propensity) എന്ന തത്വമാണ് ഇവിടെ വില്ലനാകുന്നത്. ബാറിൽനിന്നും ശരാശരി 2-3 പെഗ് (120-180 മില്ലിലിറ്റർ) വീതം കഴിച്ചുകൊണ്ടിരുന്നവർ ഇപ്പോൾ അകലെയുള്ള ബിവറേജസിൽ പോയി വാങ്ങേണ്ട സ്ഥിതിയിലെത്തി. കേരളത്തിൽ ഇന്ന് ചെറിയ അളവുകളിൽ മിക്ക മദ്യവും കിട്ടാനില്ല. അതു വില്പന കൂട്ടാനുള്ള സർക്കാർ അടവാണന്നു ചിലർ പറയുന്നുണ്ട്. സ്വാഭാവികമായും കുടുതൽ അളവ് വാങ്ങാൻ ഉപഭോക്താവ് നിർബന്ധിതനാവും. ദീർഘദൂരം യാത്രചെയ്ത് മണിക്കുറുകൾ എടുത്ത് വാങ്ങുന്നതിന്റെ ബുദ്ധിമുട്ടു ഒഴിവാക്കാൻ വാങ്ങേണ്ടായെന്നു വയ്ക്കുകയല്ല, പകരം കൂടുതൽ വാങ്ങി സംഭരിക്കാനാണ് ശ്രമിക്കുക. ആസക്തി (Addiction) ഉള്ള വസ്തുവായതിനാൽ വാങ്ങി വയ്ക്കുന്നത് ശരാശരിയിൽ കൂടുതൽ ഉപയോഗിച്ചു തീർക്കുന്നതിനുള്ള പ്രവണത കൂടും. അതു നിയന്ത്രിക്കാൻ കഴിയുന്നവർ ചുരുക്കമാണ്.

അടുത്തദിവസം വീണ്ടും വാങ്ങും. ചുരുക്കത്തിൽ ശരാശരി ഉപഭോഗം കൂടും. പോക്കറ്റിലെ കാശ് കുറയും. ഇതിന്റെ പ്രകടമായ ഉദാഹരണം ബിവറേജസ് അവധി ദിനങ്ങളുടെ തലേന്ന് അവിടെക്കാണുന്ന തിരക്കും വില്പനയുമാണ്. ഇതല്ലേ ഇന്നു സംഭവിക്കുന്നത്? പിന്നെങ്ങനെ ഉപഭോഗം കുറയുകയും പണം വീട്ടിലെത്തുകയും ചെയ്യും?

വർഷങ്ങളായി കേരളത്തിൽ മദ്യമൊത്ത വ്യാപാരം സർക്കാർ കുത്തകയാണ്. ആയിനത്തിൽ ലഭിക്കുന്ന ലാഭത്തിനു പുറമേ ചില്ലറ വില്പനയിലുള്ള ലാഭവും ഉപ്പോൾ പൂർണ്ണമായും സർക്കാരിലെത്തിച്ചേരുന്നു. വിലയേക്കാൾ കൂടിയ നികുതി വരുമാനം വേറയും. മദ്യ ഉപഭോഗം കുറയ്ക്കാൻ ബാറുകൾ പൂട്ടിയതോടൊപ്പം മദ്യത്തിന്റെ നികുതിയും കൂട്ടി. കൂട്ടത്തിൽ ബാർ തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക സെസും ചുമത്തി. ആ അധികനികുതി ഉപഭോക്താക്കളുടെ പോക്കറ്റിൽ നിന്നാണ് പോകുന്നത്. അതായത്, വീട്ടിലെത്തിച്ചേരുന്ന പണത്തിന്റെ അളവ് വീണ്ടും കുറഞ്ഞു; ഖജനാവിൽ എത്തുന്നത് കൂടുകയും ചെയ്തു. 1996 ഏപ്രൽ 1നാണ് കേരളത്തിൽ ചാരായം നിരോധിച്ചത്. 20 വർഷം പിന്നിട്ടിട്ടും ചാരായ തൊഴിലാളികളെ പൂർണ്ണമായി പുരധിവസിപ്പിക്കാൻ സാധിച്ചില്ലാ എന്നതു യാഥാർത്ഥ്യമായിരിക്കെ പൂട്ടപ്പെട്ട ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസം അവർ ചത്തൊടുങ്ങിയാൽപ്പോലും പൂർത്തിയാവില്ല. അതിനായി മദ്യത്തിന്മേൽ ചുമത്തിയ സെസ് ഇനത്തിൽ കോടികൾ പിരിഞ്ഞിട്ടും എത്രപേരെ ഇതുവരെ പുനരധിവസിപ്പിക്കാൻ സാധിച്ചു എന്ന ചോദ്യം പ്രസക്തമാണ്. ഈ അധിക നികുതിയും പോകുന്നത് സർക്കാർ ഖജനാവിലേയ്ക്കാണ്. അല്ലാതെ വീടുകളിലേയ്ക്കല്ലല്ലോ? മുമ്പ് ചാരായം ഉല്പാദിപ്പിച്ചിരുന്ന തിരുവല്ലയിലെ സർക്കാർ ഡിസ്റ്റിലറിയിലാണ് അതേ വസ്തു ഇന്നു കളറു കയറ്റി ജവാൻ എന്ന പേരിൽ കേരളമെങ്ങും വില്ക്കുന്നത്. അതും ഏകദേശം ആറിരട്ടി വിലയ്ക്ക്. ഇതിന്റെ അധിക ലാഭവും എത്തിച്ചേരുന്നത് സർക്കാരിൽത്തന്നെയാണ്.

toddy_1ചുരുക്കത്തിൽ തുക 7,300 കോടി ആണെങ്കിലും അല്ലെങ്കിലും ബാർ പൂട്ടിയത് മൂലം അധിക വരുമാനം ലഭിച്ചത് സർക്കാരിനു മാത്രമാണ്. അതു ചോർന്നത് കുടുംബത്തിൽ എത്തുന്ന പണത്തിൽനിന്നും. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാകുന്നതോടെ അതു മാഫിയാകളുടെ കൈകളിലേക്കൊഴുകും.

യാതൊരു സാമൂഹിക ആഘാത (Social impact) പഠനവും നടത്താതെയാണ് കേരളത്തിൽ മദ്യ നിരോധനം കൊണ്ടുവന്നത്. പൊതു ഇടങ്ങൾ ഇല്ലാതായതോടെ മദ്യപാനം വീടുകളിലേയ്‌ക്കൊതുങ്ങി. കേരള സംസ്‌ക്കാരത്തിൽ അത്ര പരിചിതമായ ഒന്നല്ല അത്. കൂട്ടത്തിൽ മലയാളത്തിലെ ഒരു പ്രമുഖ സിനിമാതാരം സൂചിപ്പിച്ചതുപോലെ വീട്ടിലെ പെൺകു ട്ടികൾക്ക് അച്ഛന്റെ കൂടെ മദ്യപിക്കാൻ എത്തുന്ന അങ്കിൾമാരെ പേടിക്കേണ്ട സ്ഥിതിയുമുണ്ടായി. മയക്കുമരുന്ന്, അരാജകത്വം, അധോലോകം എന്നിവയുടെ വളർച്ചക്ക് കാരണമാകുന്നു എന്നതല്ലാതെ ഗുണപരമായ യാതൊരു ഫലങ്ങളും ഭാഗീകമായ മദ്യനിരോധനം പോലും കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല, ഉണ്ടാവുകയുമില്ല.

കേരളത്തിൽ ഇന്ന് മയക്കുമരുന്നു ഉപയോഗത്തിലുണ്ടാകുന്ന ദൃതവളർച്ച സമീപകാലത്തു പിടികൂടിയ കേസുകളുടെ എണ്ണത്തിൽ നിന്നും വ്യക്തമാണ്. എക്‌സൈസ് വകുപ്പിനുണ്ടായ ശക്തീകരണമല്ല, മയക്കുമരുന്നു കടത്തിന്റെ ബാഹുല്യമാണ് കേസുകളുടെ വർദ്ധനവിനു കാരണം. വലുപ്പക്കുറവ്, കൈകാര്യം ചെയ്യാനുള്ള ആയാസരാഹിത്യം, കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മദ്യത്തെ അപേക്ഷിച്ച് മയക്കുമരുന്നിനു അനുകൂലഘടകങ്ങളാണ്. മദ്യംകഴിച്ചവരെപ്പോലെ ഊതിച്ചു കണ്ടുപിടിക്കാനുള്ള സംവിധാനമൊന്നും കേരളത്തിൽ വളർന്നി ട്ടില്ല. ഇപ്പോൾത്തന്നെ ഭാഗിക മദ്യനിരോധനത്തിന്റെ പരിണിതഫലങ്ങൾ പ്രത്യക്ഷമായിക്കഴിഞ്ഞു. ആവശ്യം ലഭ്യത ഉണ്ടാക്കുന്നു എന്ന മറ്റൊരു ധനശാസ്ത്ര തത്വമാണ് ഇവിടെ പ്രസക്തമാകുന്നത്. മദ്യപിക്കുന്നവരിൽ ഒരു വിഭാഗം മയക്കുമരുന്നിലേയ്ക്കു മാറിക്കഴിഞ്ഞു. ഇതു മയക്കുമരന്നുകൾക്ക് ശക്തമായ വിപണന ശ്രൃംഖല രൂപപ്പെടുത്തുന്നു. വിപണനം വ്യാപിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം. പ്രൈമറി സ്‌കൂൾ കുട്ടികൾപോലും ലഹരി തേടുന്ന ഇക്കാലത്ത് ഇത് അത്യന്തം അപകടകരമാണന്നതിൽ രണ്ടുപക്ഷമില്ല. ഒരർത്ഥത്തിൽ മദ്യനിരോധനത്തിനായി സർക്കാർ ഉയർത്തിക്കാട്ടിയ ലഭ്യത അവശ്യം ഉണ്ടാക്കുന്നു എന്ന തത്വമാണ് ഇവിടെ തിരിഞ്ഞു കൊത്തുന്നത്.

ലഹരി നിരോധനം യാതൊരു പ്രയോജനവും ഉണ്ടാക്കുകയില്ലന്ന് കേരളത്തിന് അനുഭവ പാഠമുണ്ട്. കറുപ്പും കഞ്ചാവും നിരോധിച്ചിട്ട് ദശാബ്ദങ്ങളായി. പക്ഷേ കഞ്ചാവ് എന്നും കേരളത്തിൽ സുലഭം. 1950കളിൽ തിരുവനന്തപുരം ജില്ലയിൽ നിലവിലിരുന്ന മദ്യ നിരോധനത്തിന്റെ ഗതി പഠിക്കുക. വിപ്‌ളാവാരിഷ്ടം പോലെയുള്ള പുതിയ കണ്ടെത്തലുകൾ മാത്രമായിരുന്നു അതിന്റെ പരിണിതഫലം. ഇന്നത്തെ മദ്യ നിരോധനം കേരളത്തെ കൊണ്ടത്തിക്കുക അരാജകത്വം, അധോലോകം, മയക്കുമരുന്ന് എന്നിവയിൽ മാത്രമാണ്.
മദ്യ നിരോധനത്തിന്റെ ഭീകരഫലങ്ങൾ അറിയാൻ 1920ൽ അമേരിക്കയിൽ നടപ്പിലാക്കിയ മദ്യനിരോധനത്തേക്കുറിച്ചു പഠിച്ചാൽ മതി. ദീർഘകാലത്തെ വിവധ സമ്മർദ്ദങ്ങളുടെ ഫലമായി നടത്തിയ ഈ നിരോധനം അമ്പേ പരാജയമായി.

അപൂർവ്വം സ്‌റ്റേറ്റുകളിളൊഴികെ നഗരങ്ങളും ഖനനമേഖലകളും നിരോധനം പാടെ അവഗണിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങളെ തുടർന്ന് തുടർന്ന് അമേരിക്കയിലെ മദ്യനിരോധനം 1933ൽ പിൻവലിച്ചു. നടപ്പിലാക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, അരാജകത്വം, അധോലോകം, മയക്കുമരുന്ന് എന്നിവയക്ക് ശക്തമായ അടിത്തറ ഉറപ്പിക്കാൻ ഇതു വഴിമരുന്നായി എന്നാണ് ചരിത്രം.

അധോലോകമല്ല, അരാജകത്വമാണ് അന്ന് അമേരിക്കയിൽ അരങ്ങേറിയത്. തങ്ങളുടെ സ്വന്തം സദാചാര ധാർമ്മിക അജണ്ട നടപ്പാക്കാൻ വലതുപക്ഷ വർഗ്ഗീയ തീവ്രവാദ സംഘടനകൾ നിരോധനത്തെ അനുകൂലിച്ചു നിയമം കയ്യിലെടുത്തു. അത്തരത്തിൽപ്പെട്ട ക്ലു ക്ലുസ് ക്ലാൻ എന്ന സംഘടന തെരുവിലിറങ്ങി അഴിഞ്ഞാടി. മദ്യവാഹനങ്ങൾ കത്തിച്ചും വഴിയോര ഭക്ഷണശാലകൾ തകർത്തും മദ്യപരേയും മദ്യവ്യാപാരികളെയും കൊന്നുതള്ളിയും അവർ അവരുടെ സ്വാധിന മേഖലകളിൽ അരാജകത്വം സൃഷ്ടിച്ചു. ഒരർത്ഥത്തിൽ അധോലോകത്തിന്റെ വളർച്ചയാണ് ഈ തെമ്മാടിക്കൂട്ടത്തെ അമർച്ച ചെയ്തത്.

വ്യാജമദ്യം ലാഭകരമായ ഒരു മേഖല ആയതോടെ ചെറുകിട തെമ്മാടിക്കൂട്ടങ്ങൾ മദ്യവ്യാപാരത്തിലേയ്ക്കു തിരിഞ്ഞു. സ്വാധീന മേഖലകൾ ഉറപ്പിക്കാൻ അവർ പരസ്പരം പോരാടി. രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിലൂടെയും ഏറ്റെടുക്കലുകളിലുടെയും മാഫിയാ പോലുള്ള ഭീമൻ അധോലോക സംഘങ്ങൾ വളർന്നു പൊങ്ങി. അൽ കാപോൺ പോലുള്ള അധോലോക നേതാക്കൾ വടക്ക് കാനഡയുടെ അതിർത്തി മുതൽ തെക്ക് ഫ്‌ളോറിഡ വരെയുള്ള വ്യാജമദ്യവ്യാപാരം നിയന്ത്രിക്കുന്ന അവസ്ഥയിലെത്തി. രാഷ്ട്രീയത്തിൽ നിർണാദയക സ്വാധീനം ചെലുത്തുവാനും, പ്രമുഖ നഗരങ്ങളിലെ മേയർമാരെ അവരോധിക്കുവാനും ഇവർക്കു സാധിച്ചു. മദ്യനിരോധനം പിൻവലിച്ചതോടെ ഇത്തരം അധോലോക സംഘങ്ങൾ കൂടുതൽ ലാഭകരമായ മയക്കുമരുന്നിലേയ്ക്കു കളം മാറ്റിച്ചവുട്ടി. അതിശക്തമായ അമേരിക്കൻ സർക്കാർ പ്രതിവർഷം ദശലക്ഷക്കണക്കിനു ഡോളർ ചിലവഴിച്ചിട്ടും ഇന്നും അവയെ മെരുക്കാൻ സാധിക്കുന്നില്ല.

കേരളത്തിലും സമാന സാഹചര്യങ്ങളാണ് ഉടലെടുക്കാൻ പോകുന്നത്. ഒരു ഭക്ഷണ നിരോധനത്തിന്റെ പേരിൽ സമീപകാലത്ത് ഇന്ത്യയിൽത്തന്നെ തീവ്രവർഗ്ഗീയ സംഘടനകൾ നടത്തിയ അഴിഞ്ഞാട്ടവും കൊലപാതകങ്ങളും ഇനി അത്തരമൊരു നിരോധനം ആവശ്യപ്പെടുന്നവർക്ക് പാഠമാണ്. മദ്യരംഗത്തെ അധോലോക വാഴ്ച വിദൂരഭാവിയിലെ ഭീഷണിയൊന്നുമല്ല. അതൊരു വർത്തമാനകാല യാഥാർത്ഥ്യമാണ്. ഇപ്പോൾത്തന്നെ തിരക്കുള്ള പല ബിവറേജസ് ഔട്ട്‌ലറ്റുകളിലും യഥാർത്ഥ ഉപഭോക്താക്കൾക്ക് മദ്യം ലഭിക്കാത്ത സ്ഥിതിയായി. ക്യൂ നില്പ് മാഫിയായുടെ സ്വാധീനം അത്ര രൂക്ഷമായിരിക്കുന്നു. ദിനംപ്രതി വളരുന്ന ഈ പ്രതിഭാസത്തെ നിയന്ത്രിക്കുവാൻ പോലീസിനുപോലും ആവുന്നില്ലാ എന്നതാണ് യാഥാർത്ഥ്യം.

മാഫിയാകൾക്ക് വളരാൻ അനുയോജ്യമായ ഭൗതീക സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്. ഉയർന്ന ജനസാന്ദ്രത, നഗരസമാനമായ ജീവിതനില, ഗതാഗത വാർത്താവിനിമയ രംഗത്തെ ഔന്നത്യം, ഉയർന്ന ആളോഹരി വരുമാനം മുതലായി അധോലോക വളർച്ചക്ക് അനുയോജ്യമായ മണ്ണാണ് കേരളം. ഇപ്പോൾത്തന്നെ ബ്ലേഡ്, മണ്ണ്, ഭൂമി മാഫിയാകൾ കേരളത്തിൽ സജീവമാണ്. മയക്കുമരുന്നു മാഫിയാകളും ചുവടുറപ്പിച്ചു വരുന്നു. മദ്യനിരോധനം പൂർണ്ണമാകുന്നതോടെ അവരോടൊപ്പം വ്യാജ മദ്യമാഫിയായും കൂടിച്ചേർന്നു കേരളത്തെ അധോലോക ഭരണത്തിന്റെ കീഴിലാക്കും. ഘട്ടംഘട്ടമായ നിരോധനം, സാവധാനം പഴുതുകളടച്ച് തങ്ങളുടെ സംവിധാനം വളർത്തിയെടുക്കാൻ മാഫിയാകൾക്കു കൂടുതൽ സഹായകരമാണ്.

liquorനിരോധനം ഒന്നിനും പരിഹാരമല്ല. നിരോധനംകൊണ്ടു ഒന്നും അവസാനിപ്പിക്കാനും സാധിക്കുകയില്ല. തലപോകുന്ന സൗദി അറേബ്യയിൽ യമനികൾ നിർബാധം വാറ്റുന്നതായി ഈയിടെ വായിച്ചു. കള്ളക്കടത്ത് വേറെയും. ഏറെ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മദ്യനിരോധനത്തിൽ ഘട്ടംഘട്ടമായി ഇളവു വരുത്തുകയാണ് എന്ന വസ്തുത സൗകര്യപൂർവ്വം തമസ്‌ക്കരിക്കുന്നു. അവിടെ മദ്യമാഫിയ സജീവമാണുതാനും. ഇന്ത്യയിൽത്തന്നെ കറപ്പും കഞ്ചാവും നിരോധിച്ചിട്ട് ദശാബ്ദങ്ങളായി. പക്ഷേ കഞ്ചാവും ഭാംഗും ഇന്ത്യയിൽ എവിടെയും സുലഭം. കറുപ്പിനു പകരം അതിൽനിന്നും സംസ്‌കരിച്ചെടുക്കുന്ന ഹെറോയിനും ഇതര മയക്കുമരുന്നുകളും അതിവേഗം വിപണിപിടിക്കുന്നു. ഉപഭോഗം കുറയ്ക്കാൻ നികുതി കൂട്ടുംതോറും നികുതിരഹിതമായ വ്യാജമദ്യമയക്കുമരുന്നു വിപണിയാവും വളരുക. അതിഭീമമായ ലാഭം കുമിഞ്ഞുകൂടുന്നത് അധോലോകത്തിന്റെ പക്കലും!

കേരളത്തിലെ മദ്യഉപഭോഗം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനു ലളിതമായ ഒരു മാർഗ്ഗമുണ്ട്. എല്ലാ ബ്രാൻഡ് മദ്യവും ചെറിയ അളവുകളിൽ (60, 90, 180 മില്ലീ ലിറ്റർ വീതം) എല്ലായിടത്തും ലഭ്യമാക്കുക, കൂടുതൽ വിപണന കൗണ്ടറുകൾ ആരംഭിക്കുക. ഇത് പ്രതിശീർഷ ഉപഭോഗവും, ശേഖരിച്ചു സൂക്ഷിക്കാനുള്ള താല്പര്യവും ഇല്ലാതാക്കും. 21 വയസിൽ താഴെയുള്ളവർക്ക് മദ്യം വില്ക്കുന്നതു മാത്രമല്ല, അവർ കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും ശിഷാർഹമാക്കണം. അതോടൊപ്പം മയക്കു മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുവാനും ശിക്ഷിക്കുവാനുമുള്ള സംവിധാനവും ഉണ്ടക്കണം. മദ്യ ഉപഭോഗം കുറയും, മയക്കുമരുന്ന് പഴയപടിയിലെത്തും, അധോലോകം വളരില്ല.

ഒരുവർഷത്തെ നിരീക്ഷണത്തിന്റെ സംക്ഷിപ്തരൂപമാണ് ഈ ലേഖനം. ബ്രഹ്മാണ്ഡ മണ്ടത്തരമാണ് മദ്യനിരോധനം എന്ന് ആരെങ്കിലും സമർത്ഥിച്ചാൽ അവരെ സാമൂഹികവിരുദ്ധനായി ചിത്രീകരിക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് എഴുതുന്നത്. രാജാവ് നഗ്‌നനാണെന്ന യാഥാർത്ഥ്യം വിളിച്ചുപറയാൻ ആരെങ്കിലും വേണമെല്ലൊ?