നാരദാ ന്യൂസ് തോന്നിയവാസം പ്രോത്സാഹിപ്പിക്കരുത്: ഒരു രക്ഷിതാവിന്റെ പ്രതികരണം

വിദ്യാലയങ്ങളെന്നു പറയുന്നത്, കുട്ടികളുടെ തോന്നിയവാസം വകവച്ചുകൊടുക്കുന്ന ഇടങ്ങളല്ല. അതിന്റെ നടത്തിപ്പിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെന്റിനുമൊക്കെ നിലപാടുകളുമുണ്ട്. അതിനെ മാനിക്കാത്തവർ അതിനുള്ള വിലയും കൊടുക്കേണ്ടി വരും. അത്രയേ കേരള ഹൈക്കോടതിയും പറഞ്ഞിട്ടുള്ളൂ.

നാരദാ ന്യൂസ് തോന്നിയവാസം പ്രോത്സാഹിപ്പിക്കരുത്: ഒരു രക്ഷിതാവിന്റെ പ്രതികരണം

കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ് ഞാൻ. പേരുവെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്. പ്രായപൂർത്തിയായ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് എന്ന നിലയിൽ നാരദാ ന്യൂസ് പ്രസിദ്ധീകരിച്ച വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് ഗുരുതരമായ തെറ്റ്; കേരള ഹൈക്കോടതിയുടെ സദാചാര ക്ലാസുകള്‍ എന്ന വാർത്തയുണ്ടാക്കിയ മാനസിക ക്ഷോഭം മൂലമാണ് ഈ പ്രതികരണം ഞാനെഴുതുന്നത്. ഇതു നിങ്ങൾ പ്രസിദ്ധീകരിക്കുമോ എന്നെനിക്കറിയില്ല. എന്തായാലും രക്ഷിതാക്കളുടെ മാനസികവിചാരങ്ങൾ കൂടി നിങ്ങൾ ന്യൂ ജനറേഷൻ പത്രക്കാർ മനസിലാക്കണമല്ലോ.


ബുദ്ധിജീവികളെ എതിർക്കുന്നത് ബുദ്ധിയല്ല എന്നറിയാം. പുതിയ തലമുറയിലെ പത്രക്കാർ മഹാബുദ്ധിമാന്മാരാണല്ലോ. അതുകൊണ്ടാണല്ലോ ഇത്തരം വാർത്തകൾ നിങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

ഒരു കാര്യം ആദ്യമേ പറയട്ടെ. എന്റെ മകളെ സ്ക്കൂളിലും കോളജിലും അയയ്ക്കുന്നത് കണ്ടവനെ പ്രേമിച്ച് ഒപ്പം ജീവിക്കാനല്ല. രക്ഷിതാക്കളുടെ സംരക്ഷണത്തിൽ വളരുന്ന കാലത്തോളം അവരുടെ താൽപര്യം പരിഗണിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തമാണ്. രക്ഷിതാവിനെ ധിക്കരിക്കുക, പറ്റുമെങ്കിൽ കരണക്കുറ്റിക്കു കൊടുക്കുക എന്നതൊക്കെയാണല്ലോ നിങ്ങൾ ന്യൂ ജനറേഷൻ പത്രക്കാരുടെ കണ്ണിലെ മക്കളുടെ ധീരപ്രവൃത്തികൾ. ഒന്നു ചോദിക്കട്ടെ സാർ. വയസായ മാതാപിതാക്കളെ പരിരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്തമുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ -പലപ്പോഴും കോടതികൾ തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട് - അപ്പോഴും കോടതി സദാചാരോപദേശം നടത്തുന്നുവെന്ന് നിങ്ങൾ വാർത്ത കൊടുക്കുമോ? സ്വന്തമായി വരുമാനമില്ലാത്ത വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ ഉത്തരവാദിത്തമാണെങ്കിൽ, വരുമാനമില്ലാത്ത കുട്ടികളുടെ സംരക്ഷണം രക്ഷിതാക്കളുടെയും ഉത്തരവാദിത്തമാണ്.

മാർത്തോമാ കോളജെന്നല്ല നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനത്തിനും കുട്ടികളുടെ ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല. ഇതിപ്പോൾ ഇരുപതു വയസായവർക്കാണ് ഒന്നിച്ചു താമസിക്കണമെന്നു തോന്നിയത്. നാളെയത് ഹയർ സെക്കൻഡറിയിലെ കുട്ടികൾക്കു പകർത്താൻ തോന്നും. തോന്നലൊക്കെ നല്ലതുതന്നെ. അങ്ങനെ ചെയ്യാൻ ആഗ്രഹവും താൽപര്യവുമുള്ളവർക്ക് വല്ല ഓപ്പൺ സ്ക്കൂളിലോ പ്രൈവറ്റായോ ചേർന്നു പഠിക്കാം. വിദ്യാലയത്തിനുളളിൽ അനുവദിക്കാൻ കഴിയില്ല. സ്ക്കൂൾ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ആ സ്ക്കൂളിലേയ്ക്ക് കുട്ടികളെ അയയ്ക്കേണ്ടെന്നേ ഞങ്ങൾ രക്ഷിതാക്കൾ തീരുമാനിക്കൂ.

പലരും വലിയ ലോണെടുത്താണ് ഇത്തരം കോളജുകളിലൊക്കെ ചേരുന്നത്. ലോണും പലിശയും ആരു തിരിച്ചടയ്ക്കണം? വീടും ആധാരവും പണയം വെച്ച് ലക്ഷക്കണക്കിനു രൂപ ലോണുമെടുത്തിട്ടാണ് പഠനം പകുതിയാകുമ്പോൾ കോ ലിവിംഗിനിറങ്ങുന്നത്. കോ ലിവിംഗിനുള്ള അധികച്ചെലവ് ആരു വഹിക്കണമെന്നാണ് നാരദാ ന്യൂസ് വാദിക്കുന്നത്? രക്ഷിതാക്കളോ, കോളജ് മാനേജ്മെന്റോ? അതോ ബാങ്കോ? കോ ലിവിംഗ് തുടങ്ങിയവരുടെ അനുഭൂതി വിവരണം സഹപാഠികൾക്കും പ്രേരണയാകാം. പഠിക്കാനുള്ള ലോണിനൊപ്പം കോ ലിവിംഗ് ചെലവിനുള്ള ലോൺ കൂടി അനുവദിക്കാൻ ബാങ്കുകളോട് ആവശ്യപ്പെടാമോ, നാരദാ ന്യൂസിന്.

വാർത്ത എഴുതിയ ആളുടെ തലയ്ക്ക് സാരമായ എന്തോ തകരാറുണ്ട് എന്നു പറഞ്ഞാൽ ക്ഷോഭിക്കരുത്. കോടതി ഉത്തരവ് എന്തോ മഹാ അപരാധമാണെന്ന മട്ടിലാണ് വാർത്ത. ഈ കുട്ടികൾ ഒരുമിച്ച് താമസിക്കരുത് എന്ന് കോടതി ഉത്തരവിട്ടിട്ടില്ല. വിവാഹം കഴിച്ചോ അല്ലാതെയോ ഇവർക്ക് ഒന്നിച്ചു താമസിക്കാൻ ഈ കോടതി വിധി ഒരു തടസമേയല്ല. പിന്നെയെങ്ങനെയാണ് ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നമാകുന്നത്.

ഇവർക്കെതിരെ കോളജ് മാനേജ്മെന്റിന്റെ നടപടി ശരിവെയ്ക്കുകയാണ് കോടതി ചെയ്തത്. ഇത്തരം സംഭവങ്ങൾ അച്ചടക്കലംഘനത്തിന്റെ പരിധിയിൽ വരുമോ എന്നത് കോളജ് മാനേജുമെന്റും രക്ഷാകർത്താക്കളുമൊക്കെയാണ് തീരുമാനിക്കേണ്ടത്. വിവാഹം കഴിക്കാതെ ഒപ്പം ജീവിക്കാൻ അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് ഈ വിധിയിൽ എങ്ങനെയാണ് ബാധകമാകുന്നത്. ഈ കുട്ടികൾ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാൻ പാടില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ടോ. ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.

ഒരുകാര്യം പറഞ്ഞ് അവസാനിപ്പിക്കട്ടെ. ന്യൂ ജനറേഷൻ സ്വയംഭൂവല്ല. അവരുടെ സൃഷ്ടിയിൽ ഓൾഡ് ജനറേഷന് ഒരു പങ്കൊക്കെയുണ്ട്. അതു മറന്ന് കോ ലിവിംഗിനൊക്കെ ഇറങ്ങുമ്പോൾ സ്വന്തമായി റേഷൻ വാങ്ങാനുള്ള ശേഷിയെങ്കിലും ആർജിക്കണം. വിദ്യാലയങ്ങളെന്നു പറയുന്നത്, കുട്ടികളുടെ തോന്നിയവാസം വകവച്ചുകൊടുക്കുന്ന ഇടങ്ങളല്ല. അതിന്റെ നടത്തിപ്പിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെന്റിനുമൊക്കെ നിലപാടുകളുമുണ്ട്. അതിനെ മാനിക്കാത്തവർ അതിനുള്ള വിലയും കൊടുക്കേണ്ടി വരും. അത്രയേ കേരള ഹൈക്കോടതിയും പറഞ്ഞിട്ടുള്ളൂ.

Read More >>