വീടു തകര്‍ത്ത് ഭൂമാഫിയ; സ്തംഭിച്ചുപോയ സര്‍ക്കാര്‍ സംവിധാനങ്ങള്‍; ഈ എണ്‍പതാം വയസില്‍ ലീലാ ഗുലാത്തി ഇനി ആരുടെ വാതിലിലാണ് മുട്ടേണ്ടത്?

വാലി വ്യൂ ഗാര്‍ഡന്‍സ് ഡെവലപ്പേഴ്‌സ് 2012ല്‍ കുന്നിടിച്ച് തറ നിരപ്പാക്കാനിറങ്ങിയതോടെ ലീലാ ഗുലാത്തിയുടെ കഷ്ടകാലമാരംഭിച്ചു. മാനേജര്‍ ബാലു സ്വാമിയ്ക്കായിരുന്നു കുന്നിടിക്കാനുളള ചുമതല. ഗുലാത്തിയുടെ വീടിന്റെ അസ്ഥിവാരം ചേര്‍ത്ത് ഭൂമി മട്ടകോണില്‍ മുറിച്ച് സമതലത്തില്‍ നിരപ്പാക്കി.

വീടു തകര്‍ത്ത് ഭൂമാഫിയ; സ്തംഭിച്ചുപോയ സര്‍ക്കാര്‍ സംവിധാനങ്ങള്‍; ഈ എണ്‍പതാം വയസില്‍ ലീലാ ഗുലാത്തി ഇനി ആരുടെ വാതിലിലാണ് മുട്ടേണ്ടത്?

തിരുവനന്തപുരം: സര്‍വശക്തമായ നമ്മുടെ സര്‍ക്കാര്‍ സംവിധാനം ഭൂമാഫിയയ്ക്കു മുന്നില്‍ വരിയുടയ്ക്കപ്പെട്ടു നില്‍ക്കുന്ന കാഴ്ച കാണണോ? എങ്കില്‍ തിരുവനന്തപുരത്ത് കുമാരപുരത്തിനടുത്ത് ചെട്ടിക്കുന്നിലേയ്ക്കു ചെല്ലുക. അവിടെ  നിലംപൊത്തിക്കൊണ്ടിരിക്കുന്ന ഒരു വീടു കാണാം. നിസ്സാരപ്പെട്ട വീടല്ല. മൺമറഞ്ഞ വാസ്തുശില്പി ലാറി ബേക്കർ തന്റെ ആത്മസുഹൃത്തിനായി ഹൃദയരക്തം ചാലിച്ചു പണിത സ്നേഹക്കൂടാണ്, കുന്നിൻമുകളിൽ ഭൂമിയുടെ കിടപ്പിനൊപ്പിച്ചു മനോഹരമായി ഇഴുകിച്ചേർന്നുനിന്ന, ആ പാർപ്പിടം. ഒരു പക്ഷെ ലാറി ബേക്കറിന്റെ തന്നെ ഏറ്റവും മനോഹരമായ നിർമ്മിതികളിലൊന്ന്.


ആ വീടിന്റെ  അസ്ഥിവാരത്തില്‍ ചേര്‍ത്ത് ഏതാണ്ട് 35 അടി താഴ്ചയില്‍ തൊണ്ണൂറു ഡിഗ്രി കുത്തനെ മണ്ണെടുത്തിട്ടുണ്ട്.  എണ്‍പതു വയസു പ്രായമുളള ഒരു വയോവൃദ്ധ മാത്രമേ ആ വീട്ടിലുള്ളൂ.  ഭര്‍ത്താവ് മരിച്ചുപോയി.

[caption id="attachment_30721" align="aligncenter" width="640"]IMG_8622 ലീലാ ഗുലാത്തി | ചിത്രം: അനീഷ് ലാൽ[/caption]

രണ്ടുപേരും നിസാരക്കാരായിരുന്നില്ല. ഒരാള്‍,  ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ  സാമ്പത്തിക ഉപദേഷ്ടാവും 1987ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്  പ്ലാനിംഗ് ബോർഡ് വൈസ് ചെയര്‍മാനുമായിരുന്ന ഇഖ്ബാല്‍ സിംഗ് ഗുലാത്തിയെന്ന ഐ എസ് ഗുലാത്തി. ലോകമറിയുന്ന പണ്ഡിത ലീലാ ഗുലാത്തിയാണ് മറ്റേയാള്‍. അധികാരത്തിന്റെ ചെങ്കോലും കിരീടവും കൈവശമുളള പലരും ഈ വീടിന്റെ ഉമ്മറത്തിരുന്ന് കട്ടന്‍ചായ നുണഞ്ഞിട്ടുണ്ട്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം!

വാലി വ്യൂ ഗാര്‍ഡന്‍സ് ഡെവലപ്പേഴ്‌സ് 2012ല്‍ കുന്നിടിച്ച് തറ നിരപ്പാക്കാനിറങ്ങിയതോടെ ലീലാ ഗുലാത്തിയുടെ കഷ്ടകാലമാരംഭിച്ചു.  മാനേജര്‍ ബാലു സ്വാമിയ്ക്കായിരുന്നു കുന്നിടിക്കാനുളള ചുമതല. ഇടിച്ചു കഴിഞ്ഞപ്പോൾ സമതലവും കുന്നും മട്ടകോണിലായി.  ഗുലാത്തിയുടെ വീടിന്റെ അസ്ഥിവാരം ചേര്‍ത്ത് കുന്ന് ഇടിച്ചു നിരപ്പാക്കി.

[caption id="attachment_30707" align="aligncenter" width="641"]IMG_8587
മനസ്സാക്ഷിയുള്ളവർക്കു കണ്ണുനിറഞ്ഞുപോകും, ഈ കാഴ്ച കാണുമ്പോൾ... അന്തരിച്ച ഐ എസ് ഗുലാത്തിയുടെയും ലീലാ ഗുലാത്തിയുടെയും വീട്. | ചിത്രം: അനീഷ് ലാൽ[/caption]

അങ്ങനെ തറനിരപ്പില്‍ നിന്ന് വീട് ഏകദേശം 35 അടിയോളം പൊക്കത്തിലായി. 2013ലെ മണ്‍സൂണ്‍ കാലത്ത് വീടിന്റെ പൂമുഖവും മേല്‍ക്കൂരയും നിലംപൊത്തി.  അന്നു മുതല്‍ ലീലാ ഗുലാത്തി നീതി തേടി അലയുകയാണ്.

ഭൂമിയുടെ ഉടമസ്ഥര്‍  ഹരി നായരെന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും ക്യൂആര്‍എസിന്റെ അഭിമന്യു ഗണേഷുമാണെന്ന് ലീലാ ഗുലാത്തി പറയുന്നു. വീടു തകർന്നപ്പോൾ  ഏതാണ്ട് 51 അടി ഉയരത്തില്‍ ഒരു സംരക്ഷണ ഭിത്തി കെട്ടാന്‍ ഹരി നായര്‍ സന്നദ്ധനായെന്നും അവർ നാരദാ ന്യൂസിനോടു പറഞ്ഞു. പക്ഷേ,  ആ സംരക്ഷണഭിത്തിയും മഴയത്തു തകര്‍ന്നു.

ക്യൂആർഎസ് ഉടമ അഭിലാഷ് ഗണേഷിനോടും പ്രതികരണം ആരാഞ്ഞു. എത്രയും വേഗം പ്രശ്നം തീർക്കണമെന്ന് തങ്ങൾക്കാഗ്രമുണ്ടെന്നും മറ്റെല്ലാ വിവരങ്ങളും ബാലു പറയുമെന്നായിരുന്നു മറുപടി.   ഭൂമി ഇതേവരെ തന്റെ പേരിലായിട്ടില്ലെന്ന ന്യായം പറഞ്ഞ് ക്യൂആര്‍എസ് ഉടമ കൈകഴുകി. താൻ ഭൂമി ഇടിച്ചതിനു ശേഷമാണ് ഈ വീടു നിർമ്മിച്ചതെന്നും രേഖകൾ തന്റെ കൈവശമുണ്ടെന്നുമായിരുന്നു പ്രതികരണമാരാഞ്ഞ നാരദാ ന്യൂസിനോടു ബാലു സ്വാമി പറഞ്ഞത്.

[caption id="attachment_30712" align="aligncenter" width="640"] ഐ എസ് ഗുലാത്തിയുടെ വീട് ചുമരു ചേർത്തു മണ്ണെടുത്തതിനാൽ ഇടിഞ്ഞുവീഴാറായ നിലയിൽ | ചിത്രം: അനീഷ് ലാൽ[/caption]

എന്നാൽ സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പിൽ ഉൾപ്പെട്ട ഭൂമിയാണിതെന്നും ഇതേവരെ തന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ ഇനി ഈ പ്രശ്നത്തിൽ ഇടപെടാൻ കഴിയില്ലെന്നും അഭിമന്യു ഗണേഷ് ഇമെയിൽ മുഖേനെ ലീലാ ഗുലാത്തിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ താൻ കുറ്റവാളിയല്ലെന്നും ഇരയാണെന്നും പറഞ്ഞുകൊണ്ടാണ് ഇമെയിൽ അവസാനിപ്പിച്ചിരിക്കുന്നത്.

ഏതായാലും എസ് ബാലു, നന്ദിതാ ഭൂപതി എന്നീ എതിര്‍കക്ഷികള്‍ സ്വന്തം ചെലവില്‍ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കണമെന്നായിരുന്നു പരാതി പരിശോധിച്ച സബ് കളക്ടറുടെ ഉത്തരവ്.  2015 ജൂണ്‍ 20നു പുറപ്പെടുവിച്ച ഉത്തരവിൽ മൂന്നു ദിവസത്തിനകം ഭിത്തി കെട്ടണമെന്നായിരുന്നു നിർദ്ദേശം. അതുപ്രകാരം പണി തുടങ്ങിയെങ്കിലും  പാതി വഴിയില്‍ ഭിത്തിനിര്‍മ്മാണം നിലച്ചു.

പിന്നെയും പരാതിയുമായി ലീലാ ഗുലാത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചു. 30 ദിവസത്തിനകം സബ് കളക്ടറുടെ ഉത്തരവ് പ്രകാരം ഭിത്തി കെട്ടിയിരിക്കണമെന്ന് മജിസ്‌ട്രേറ്റും ഉത്തരവിട്ടു. ഭിത്തി കെട്ടാനുളള ചെലവ് ഭൂവുടമകളുടെ വസ്തു ജപ്തി ചെയ്ത് ഈടാക്കണമെന്ന് തഹസീല്‍ദാര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉത്തരവു നടപ്പാക്കാന്‍ തഹസീല്‍ദാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ പോലീസ് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.

[caption id="attachment_30705" align="aligncenter" width="640"]leela-gulati-order ഭിത്തി നിര്‍മ്മിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവ്[/caption]

2016 ജനുവരി 23നാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. ഇതേവരെ ഭിത്തി കെട്ട് നടന്നില്ല. ജപ്തിയും നടന്നില്ല. മറുവശത്ത് ക്യൂആര്‍എസാണ്; വാലീ വ്യൂ  ഗാര്‍ഡന്‍സാണ്. സര്‍ക്കാരുത്തരവുകള്‍ക്ക് ചിലപ്പോള്‍ കടലാസിന്റെ വിലപോലുമില്ലെന്നു വരും.

ലീലാ ഗുലാത്തി ഇപ്പോള്‍ താമസിക്കുന്ന ഔട്ട്‌ഹൗസും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഔട്ട് ഹൗസിലേയ്ക്കുളള കരിങ്കല്‍ കവാടത്തിന്റെ അസ്ഥിവാരത്തിനു ചുവട്ടില്‍ നിന്ന് മണ്ണിടിഞ്ഞു തുടങ്ങി. അതും നിലം പൊത്തിയാല്‍ വീട്ടിലേയ്ക്കുളള വഴിയടയും.

[caption id="attachment_30711" align="aligncenter" width="640"]leela-gulati-2 ലീല ഗുലാത്തിയുടെ ഔട്ട് ഹൗസ് നിലംപൊത്താറായ നിലയിൽ | ചിത്രം: അനീഷ് ലാൽ[/caption]

സർക്കാർ കർശന നടപടിയെടുക്കുക തന്നെ ചെയ്യുമെന്ന് ജില്ലാ കളക്ടർ ബിജു പ്രഭാകർ നാരദാ ന്യൂസിനോടു പറഞ്ഞു. എതിർകക്ഷികൾ ഉത്തരവു പാലിച്ചില്ലെങ്കിൽ, അവരുടെ വസ്തു ജപ്തി ചെയ്ത് ഭിത്തി കെട്ടുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്. പക്ഷേ, നടപടിയുണ്ടാകുന്നതിന്റെ ഒരു സൂചനയും ദൃശ്യമല്ല.വായിക്കുക:
ലീലാ ഗുലാത്തിയുടെ വീടും പരിസരവും പണ്ട് ഇങ്ങനെയായിരുന്നു...വര്‍ഷങ്ങളുടെ പരിചയമുളളവരില്‍ പലരും അധികാരസ്ഥാനത്തുള്ളതിന്റെ ആത്മവിശ്വാസം ഇപ്പോഴും ലീലാ ഗുലാത്തി കൈവെടിയുന്നില്ല.  വൈകുന്തോറും ഏറുന്ന ആശങ്കയ്ക്കിടയിലും തനിക്കു നീതി ലഭിക്കുമെന്നു തന്നെ അവര്‍ ഉറച്ചു വിശ്വസിക്കുന്നു.

Read More >>