എൽഡിഎഫ് വന്നു; പിണറായി അധികാരവുമേറ്റു; പക്ഷേ, 'മനസാക്ഷി' ഇതേവരെ പടിയിറങ്ങിയില്ല

നൂറു കണക്കിന് കേസുകളിൽ ദണ്ഡപാണിയുടെ ഭാര്യയും മകനും സർക്കാരിനെതിരെ ഹാജരായി. എന്നുവച്ച് ദണ്ഡപാണി ഭാര്യയ്ക്ക് ഡൈവോഴ്സ് നോട്ടീസയച്ചില്ല; മകനെ വീട്ടിൽ നിന്നിറക്കിവിട്ടില്ല; സ്വത്തുതരില്ലെന്ന് ഭീഷണിപ്പെടുത്തിയില്ല. അതാണ്, മനസാക്ഷിയുടെ മഹാമനസ്കത!

എൽഡിഎഫ് വന്നു; പിണറായി അധികാരവുമേറ്റു; പക്ഷേ,

മനസാക്ഷിയായിരുന്നു ഉമ്മൻചാണ്ടിയുടെ പിടിവള്ളി. തന്റെ എല്ലാ തീരുമാനങ്ങളെയും മനസാക്ഷിയുടെ പരിച നീട്ടി ഇതുപോലെ പ്രതിരോധിച്ച മറ്റൊരു ഭരണാധികാരിയുണ്ടാവില്ല. പോകെപ്പോകെ ആ മനസാക്ഷിയ്ക്ക് പൊതുസമൂഹത്തിൽ ആരാധകരേറി. തനിക്ക് ശരിയെന്നു തോന്നുന്നത് താൻ ചെയ്യുന്നു എന്ന് ഉമ്മൻചാണ്ടി വാദിക്കുമ്പോൾ "അതിലെന്തു തെറ്റ്, അങ്ങനെയല്ലേ ചെയ്യേണ്ടത്" എന്ന് സാമാന്യജനവും ചിന്തിച്ചു പോയി.

പീഡനക്കേസിൽ ജയിലിൽ കിടക്കുന്ന സന്തോഷ് മാധവന് സർക്കാർ ഭൂമി വേണോ.. മുഖ്യന്റെ മനസാക്ഷിയ്ക്ക് ബോധ്യപ്പെട്ടാൽ അടുത്ത നിമിഷം ഉത്തരവിറങ്ങിയിരുന്നു. തട്ടിപ്പുകേസിലെ പ്രതിയോട് രാവും പകലും കൊച്ചുവർത്തമാനം പറഞ്ഞവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചോണ്ടിരിക്കാമോ... മുഖ്യന്റെ മനസാക്ഷിയ്ക്കു വിരോധമില്ലെങ്കിൽ ഒരു തടസവുമുണ്ടായിരുന്നില്ല.


ഭൂമി തട്ടിപ്പടക്കം സകല തരികിടയും കൈവശമുള്ള ആളെ സ്വന്തം ഗൺമാനായി തുടരാൻ അനുവദിക്കാമോ... മുഖ്യന്റെ മനസാക്ഷിയ്ക്കു പ്രശ്നമില്ലെങ്കിൽ ആർക്കെന്തു ചേതം? കെപിസിസിയെന്നല്ല സാക്ഷാൽ രാഹുൽ ഗാന്ധിയും ഛുപ്യ്ക്കോ രഹോ... മിണ്ടരുത്! ചുരുക്കിപ്പറഞ്ഞാൽ മനസാക്ഷിയുടെ ലീലാവിലാസമായിരുന്നു, എങ്ങും, എവിടെയും...

[caption id="attachment_29834" align="alignright" width="318"]ഉമ്മൻ ചാണ്ടിയും കെ പി ദണ്ഡപാണിയും ഉമ്മൻ ചാണ്ടിയും അഡ്വ. കെ പി ദണ്ഡപാണിയും[/caption]

സ്വന്തം മനസാക്ഷിയുടെ വലിയൊരു ആരാധകനായിരുന്നു അക്കാലത്തെ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി. 2011 ജൂണിലാണ് എജിയായി അദ്ദേഹം സ്ഥാനമേറ്റത്. പിന്നെയും അദ്ദേഹം കെ പി ദണ്ഡപാണി അസോസിയേറ്റ്സ് എന്ന തന്റെ വക്കീൽ സ്ഥാപനത്തിൽ തുടർന്നു. ഈ സ്വകാര്യ വക്കീൽ സ്ഥാപനത്തിൽ ബോർഡിൽ അഞ്ചുവർഷവും വലിയ അക്ഷരത്തിൽ ഒന്നാം പേരായി തന്റെ പേരും എഴുതിവെച്ചു. അതിലൊന്നും ഒരു അനൌചിത്യവും അദ്ദേഹത്തിന്റെ മനസാക്ഷി കണ്ടില്ല.

എജിയുടെ കസേരയിൽ ദണ്ഡപാണി ഇരിക്കുമ്പോൾ സർക്കാരിനെതിരെ വാദിക്കാൻ ഭാര്യ സുമതി ദണ്ഡപാണിയും മകൻ മില്ലു ദണ്ഡപാണിയും മറ്റ് സഹപ്രവർത്തകരും ഹാജരാകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. ഇല്ലേയില്ല. എജിയുടെ മനസാക്ഷിയ്ക്കും എജിയെ നിയമിച്ച ഉമ്മൻചാണ്ടിയുടെ മനസാക്ഷിയ്ക്കും അതൊന്നും ശരികേടായിരുന്നില്ല.

നൂറു കണക്കിന് കേസുകളിൽ ദണ്ഡപാണിയുടെ ഭാര്യയും മകനും സർക്കാരിനെതിരെ ഹാജരായി. എന്നുവെച്ച് ദണ്ഡപാണി ഭാര്യയ്ക്ക് ഡൈവോഴ്സ് നോട്ടീസയച്ചില്ല; മകനെ വീട്ടിൽ നിന്നിറക്കിവിട്ടില്ല; സ്വത്തുതരില്ലെന്ന് ഭീഷണിപ്പെടുത്തിയില്ല. അതാണ്, മനസാക്ഷിയുടെ മഹാമനസ്കത!

[caption id="attachment_29835" align="alignleft" width="350"]
MK-Damodaran
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ. എം കെ ദാമോദരൻ[/caption]

മനസാക്ഷിയുടെ ഈ മഹത്വം മനസിലാക്കാത്ത ഒരു അഭിഭാഷകൻ ഹൈക്കോടതിയിലുണ്ടായിരുന്നു. ജെ എസ് അജിത്‌കുമാർ എന്നാണ് പേര്. ഒരു മനസാക്ഷിയുമില്ലാത്ത ഈ മനുഷ്യൻ ഇതിന്റെയൊക്കെപ്പേരിൽ പരാതിയുമായി ഗവർണറെയും ബാർ കൗൺസിലിനെയും സമീപിച്ചുകളഞ്ഞു. ഒരേസമയം സർക്കാരിൽ നിന്നു ശമ്പളവും സ്വകാര്യ അഭിഭാഷകന്റെ ആനുകൂല്യവും ദണ്ഡപാണി കൈപ്പറ്റുന്നുവെന്നായിരുന്നു ആക്ഷേപം. മനസാക്ഷിയില്ലെങ്കിൽ ഇങ്ങനെ പലതും തോന്നും... അത്ഭുതമില്ല.

പരാതിയുമായി അജിത് കുമാർ ബാർ കൗൺസിലിനെയും സമീപിച്ചു. അവർ എജിയോട് വിശദീകരണം ചോദിച്ചു. മനസാക്ഷിയില്ലാത്ത കൂട്ടർ. ഓർക്കുക, ബാര്‍ കൗണ്‍സിലിലെ എക്സ് ഒഫീഷ്യോ അംഗമാണ് അഡ്വക്കേറ്റ് ജനറൽ. വല്ല മനസാക്ഷിയുമുണ്ടെങ്കിൽ ആരെങ്കിലും അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമോ...

എജിയുടെ ഭാര്യയും മകനും ഹാജരാകുന്ന കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മനസില്ലാ മനസോടെയാണ് കേസ് വാദിക്കുന്നത് എന്നായിരുന്നു അജിത് കുമാറിന്റെ ആക്ഷേപം. എജിയുടെ ഭാര്യയും മകനും മറുവശത്തു നിൽക്കുമ്പോൾ അവർക്ക് അർഹമായ ബഹുമാനവും ആദരവും നൽകണമെന്നാണ് സർക്കാർ അഭിഭാഷകരുടെ മനസാക്ഷി അവരെ പഠിപ്പിച്ചിരിക്കുന്നത്. കേസ് തോൽക്കുകയോ ജയിക്കുകയോ? അതു വേറെ കാര്യം. ഉമ്മൻചാണ്ടി നാടു ഭരിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ മനസാക്ഷിയോടാണ് നീതി പുലർത്തേണ്ടത്. സംശ്ചാ...

മയക്കുമരുന്നു കേസിൽ കുറ്റാരോപിതരെ മുന്‍കൂര്‍ ജാമ്യത്തിലെടുക്കാൻ സുമതി ദണ്ഡപാണി ഹാജരായെന്നുവെച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ ബോധപൂര്‍വമായ മൗനമോ അനൂകുല നിലപാടോ സ്വീകരിച്ചുവെന്നൊക്കെ ആരോപിക്കുന്നത് മനസാക്ഷിയില്ലാത്ത പരിപാടിയാണ്. Wpc. 11124/14, Wpc. 13039/14, Wpc.25119/14 എന്നീ കേസുകളും 7193/14, 7192/14, 8060/14 തുടങ്ങിയ ജാമ്യ ഹർജികളുമൊക്കെയാണ് തന്റെ വാദം സാധൂകരിക്കാൻ ഒരു മനസാക്ഷിയുമില്ലാതെ അജിത് കുമാർ ചൂണ്ടിക്കാണിക്കുന്നത്. ഈ കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പൊതുതാല്‍പ്പര്യവും സര്‍ക്കാരിന്റെ താല്‍പ്പര്യവും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലത്രേ. തന്റെ ഭാര്യയുടെയും മകന്റെയും താൽപര്യം അഡ്വക്കേറ്റ് ജനറൽ സംരക്ഷിച്ചതിനെ ഇങ്ങനെ മനസാക്ഷിയില്ലാതെ വ്യാഖ്യാനിക്കാമോ. മറ്റാരുടെയെങ്കിലും ഭാര്യയോടോ മകനോടോ ഈ വിധമൊരു സൌജന്യവും കാണിക്കുന്ന ആളല്ല ദണ്ഡപാണി. അതുകാണാതെ വെറുതേ ഓരോന്നു പറയരുത്..

തെരഞ്ഞെടുപ്പിൽ തോറ്റ ഉമ്മൻചാണ്ടി മുഖ്യമന്ത്രി പദം രാജിവെച്ചപ്പോൾ ഈ മനസാക്ഷിയും പടിയിറങ്ങിയെന്നാണ് നാമൊക്കെ കരുതിയിരുന്നത്. എന്നാൽ അതങ്ങനെ ഒഴിഞ്ഞു പോയിട്ടില്ല. സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാകുമ്പോൾ കോട്ടണിഞ്ഞ് കോടതിയിലെത്തുന്നത് പഴയ മനസാക്ഷിയാണ്. അങ്ങനെ ചെയ്തശേഷവും അതേ പദവിയിൽ ഇരിക്കുന്നതും ഇരുത്തുന്നതും മനസാക്ഷിയാണ്.

എഡിറ്റു ചെയ്യപ്പെട്ട ഒരു വാചകത്തിന്റെ അവശിഷ്ടം മാത്രമായിരുന്നു "എല്ലാം ശരിയാകും" എന്ന പരസ്യം. "ഞാൻ ചെയ്യുന്നത് എല്ലാം ശരിയാകും" എന്നായിരുന്നു ആ വാചകം.

Read More >>