ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ അഭിഭാഷകരുടെ ആക്രമണം; മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരേ നടപടിക്ക് നീക്കം

സെബാസ്റ്റ്യന്‍ പോള്‍, ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, സി.പി. ഉദയബാനു, ജയശങ്കര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ അഭിഭാഷകരുടെ ആക്രമണം; മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരേ നടപടിക്ക് നീക്കം

ഹൈക്കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരേ നടപടിക്ക് നീക്കം. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റേതാണ് തീരുമാനം. സെബാസ്റ്റ്യന്‍ പോള്‍, ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, സി.പി. ഉദയബാനു, ജയശങ്കര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈക്കോടതി പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യ വര്‍ഷവും കൈയ്യേറ്റവും നടത്തിയതിനെ എതിര്‍ത്ത അഭിഭാഷകര്‍ക്ക് എതിരെയാണ് നടപടിയെടുക്കുവാന്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചത്. എറണാകുളത്തെ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും അഭിഭാഷകര്‍ ആക്രമണം നടത്തിയിരുന്നു.


കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് അഭിഭാഷകരുടെ അതിക്രമം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് നടത്തിയ അഭിഭാഷകര്‍ കോടതി ഗേറ്റ് അടക്കുകയും മീഡിയാ റൂം പൂട്ടുകയും ചെയ്തു. അഭിഭാഷകരുടെ കൈയ്യേറ്റത്തില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനം അഭിഭാഷകര്‍ തകര്‍ത്തു. അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ വക്കീല്‍ ഗുമസ്തനും പരിക്കേറ്റു.

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് കോടതി പരിസരത്തും മീഡിയാ റൂമിലും മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളിലും വ്യാപകമായി പോസ്റ്റര്‍ പതിച്ചായിരുന്നു ആദ്യം അഭിഭാഷകരുടെ പ്രകോപനം. മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് കയറ്റില്ലെന്നായിരുന്നു അഭിഭാഷകരുടെ നിലപാട്. മാധ്യമപ്രവര്‍ത്തകരെ നാലാം ലിംഗക്കാരെന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ ആക്രോശം.

മീഡിയാ റൂമില്‍ അഭിഭാഷകര്‍ ശൗചാലയം എന്ന ബോര്‍ഡും വെച്ചിരുന്നു. പോലീസ് ഇടപെട്ട് അഭിഭാഷകരെ കോടതി വളപ്പിലേക്ക് നീക്കിയെങ്കിലും വീണ്ടും അഭിഭാഷകര്‍ ആക്രമണം നടത്തുകയായിരുന്നു. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ കല്ലും കുപ്പിയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എറിഞ്ഞു. ഇരുമ്പുദണ്ഡുകളും കല്ലും കുപ്പിയും ഉപയോഗിച്ചാണ് ആക്രമണം. അഭിഭാഷകരുടെ ആക്രമണത്തില്‍ കേരളാ കൗമുദി ലേഖകന്‍ രാജീവിന് തലക്ക് ഗുരുതരമായി പരിക്കേറ്റു.

Read More >>