ഇനി സാക്ഷരത മാത്രം പോര; ലാസ്റ്റ് ഗ്രേഡ് കുറഞ്ഞ യോഗ്യത ഏഴാം ക്ലാസും പ്രവര്‍ത്തിപരിചയവും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍

സാക്ഷരത മാത്രമായിരുന്നു വിവിധ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ അപേക്ഷിക്കാന്‍ ഇതുവരെ യോഗ്യത വേണ്ടിയിരുന്നത്. മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക് അപേക്ഷിക്കുകയും ചെയ്യാമായിരുന്നു. പുതിയ വിജ്ഞാപന പ്രകാരം കുറഞ്ഞയോഗ്യത ഏഴാം ക്ലാസ് വിജയമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ഇനി സാക്ഷരത മാത്രം പോര; ലാസ്റ്റ് ഗ്രേഡ് കുറഞ്ഞ യോഗ്യത ഏഴാം ക്ലാസും പ്രവര്‍ത്തിപരിചയവും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍

ലാസ്റ്റ് ഗ്രേഡ് യോഗ്യത പൊളിച്ചെഴുതി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലെ 48 ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കു നിശ്ചിതയോഗ്യതയും പ്രവൃത്തിപരിചയവും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

സാക്ഷരത മാത്രമായിരുന്നു വിവിധ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ അപേക്ഷിക്കാന്‍ ഇതുവരെ യോഗ്യത വേണ്ടിയിരുന്നത്. മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക് അപേക്ഷിക്കുകയും ചെയ്യാമായിരുന്നു. പുതിയ വിജ്ഞാപന പ്രകാരം കുറഞ്ഞയോഗ്യത ഏഴാം ക്ലാസ് വിജയമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനായി കേരള ലാസ്റ്റ് ഗ്രേഡ് സര്‍വീസിലെ സ്പെഷല്‍ റൂള്‍സ് ഭേദഗതി ചെയ്തു.


കൂടിയ യോഗ്യത പ്ലസ് ടു വിജയമാണ്. ഡിഗ്രിക്കാര്‍ അപേക്ഷിക്കാന്‍ പാടില്ലെന്നും പുതിയ വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാത്രമല്ല മിക്ക തസ്തികകള്‍ക്കും പ്രവൃത്തിപരിചയവും നിര്‍ബന്ധമാക്കുകയും ചില തസ്തികകള്‍ വിമുക്തഭടന്‍മാര്‍ക്കു മാത്രമായി സംവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബാലികാമന്ദിറിലെ നഴ്സിങ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത 10-ാം ക്ലാസാക്കി നിജപ്പെടുത്തി.

ചില തസ്തികകളിലെ ഉദ്യോഗക്കയറ്റം പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. ഗാലറി അസിസ്റ്റന്റ് തസ്തികയ്ക്ക് ഏഴാം ക്ലാസിനു പുറമേ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും സെക്രട്ടേറിയറ്റിലെയും പൊതുമരാമത്തുവകുപ്പിലെയും ഹെഡ് ഗാര്‍ഡനര്‍ തസ്തികയ്ക്ക് അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. സര്‍ക്കാര്‍ അച്ചടിശാലകളിലെ പായ്ക്കര്‍ തസ്തികയ്ക്ക് ഏഴാം ക്ലാസും ഉദ്യോഗക്കയറ്റത്തിനായി അഞ്ചുവര്‍ഷം പ്രവൃത്തിപരിചയവും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

കൗണ്ടര്‍, ഡ്രസര്‍ തസ്തികകള്‍ പി.ഡബ്ല്യു.ഡി. ക്ലീനര്‍, ഫുള്‍ടൈം ഫെറിമാന്‍, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ മാര്‍ക്കര്‍, കൃഷിവകുപ്പിലെ ഹോസ്റ്റര്‍ വാച്ചര്‍, മൃഗസംരക്ഷണവകുപ്പിലെ മാര്‍ക്കര്‍, ആരോഗ്യവകുപ്പിലെ ടെയ്ലര്‍, ആരോഗ്യവകുപ്പിലെ ഇലക്ട്രിക്കല്‍ ലാസ്‌കര്‍, തുറമുഖവകുപ്പിലെ ബോട്ട്മാന്‍, സ്വീപ്പര്‍, ഹെല്‍പര്‍, ലൈറ്റ് കീപ്പര്‍, പോലീസ് വകുപ്പിലെ ബോട്ട്മാന്‍, വനംവകുപ്പിലെ ബോട്ട് ലാസ്‌കര്‍, റസ്റ്റ്ഹൗസ് വാച്ചര്‍, വനംവകുപ്പിലെ വാച്ച്മാന്‍, ഡല്‍ഹി കേരളഹൗസിലെ ഓഫീസ് അറ്റന്‍ഡന്റ്, വെയ്റ്റര്‍, വാച്ചര്‍, റൂംബോയി, ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍, ജുഡീഷ്യല്‍ സര്‍വീസിലെ പ്രോസസ് സെര്‍വര്‍, അച്ചടിവകുപ്പിലെ ഗേറ്റ് കീപ്പര്‍, ലാസ്‌കര്‍ എന്നിവയാണ് ഏഴാം ക്ലാസ് നിശ്ചിതയോഗ്യതയാക്കിയ മറ്റു തസ്തികകള്‍.

ലാസ്റ്റ് ഗ്രേഡ് യോഗ്യത ഭേദഗതി ചെയ്തതിനു പിന്നാലെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാഹചര്യമുണ്ട്. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ലക്ഷക്കണക്കിന് പേര്‍ തൊഴില്‍ തേടുന്ന അവസരത്തിലാണ് ലാസ്റ്റ് ഗ്രേഡ് സംബന്ധിച്ച പുതിയ മാനണ്ഡങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്.