ജൂലൈ പിറന്നിട്ടും മണ്‍സൂണ്‍ പ്രതീക്ഷിച്ച പോലെ ലഭിക്കാത്തത് വൈദ്യുതി ബോര്‍ഡിന് പ്രതിസന്ധിയാകുന്നു

മഴ ശക്തമായില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് സൂചന

ജൂലൈ പിറന്നിട്ടും മണ്‍സൂണ്‍ പ്രതീക്ഷിച്ച പോലെ ലഭിക്കാത്തത് വൈദ്യുതി ബോര്‍ഡിന് പ്രതിസന്ധിയാകുന്നു

തൃശൂര്‍: ജൂലൈ പിറന്നിട്ടും മണ്‍സൂണ്‍ പ്രതീക്ഷിച്ച പോലെ ലഭിക്കാത്തത് വൈദ്യുതി ബോര്‍ഡിന് പ്രതിസന്ധിയാകുന്നു. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്.

കേരളത്തില്‍ ചില പ്രദേശങ്ങളില്‍ മഴ ശക്തമായിരുന്നെങ്കിലും പ്രധാന അണക്കെട്ടുകളുടെ വ്യഷ്ടി പ്രദേശങ്ങളില്‍ മഴ ദുര്‍ബലമായിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടിലുമായി സംഭരണശേഷിയുടെ 28 ശതമാനം മാത്രം വെള്ളമാണ് അവശേഷിക്കുന്നത്. 1174.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇത് കൊണ്ട് ഉല്‍പ്പാദിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 1689.07 യൂണിറ്റ് ഉല്‍പ്പാദിക്കാവുന്ന വെള്ളമാണ് ഉണ്ടായിരുന്നത്. 514.11 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉള്ളത്.


മുന്‍വര്‍ഷങ്ങളില്‍ ജൂലൈ മാസത്തില്‍ ഇടുക്കി അണക്കെട്ട് പകുതിയിലധികം നിറയാറുണ്ടായിരുന്നു. എന്നാല്‍ സംഭരണ ശേഷിയുടെ ഇരുപത്തിയാറ് ശതമാനം മാത്രമാണ് മണ്‍സൂണ്‍ തുടങ്ങിയിട്ട് ഒരു മാസമായിട്ടും ഇടുക്കി ഡാമിലുള്ളത്.  ജൂണില്‍ 62-8 ശതമാനം മഴ മാത്രമാണ് ഇടുക്കിയുടെ വ്യഷ്ടി പ്രദേശത്ത് പെയ്തത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരുപത്തിയഞ്ച് ശതമാനം കുറവാണ്. 2324.18 അടിയാണ് ഇടുക്കിയിലെ ഇന്നലെ വരെയുള്ള ജലനിരപ്പ്.  കഴിഞ്ഞ ഏപ്രില്‍- മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായത് കൊണ്ട് വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. ഈ സമയത്ത് കരുതല്‍ ജലസംഭരണിയില്‍ നിന്നാണ് വൈദ്യുതി ഉല്‍പ്പാദനം നടത്തിയിരുന്നത്. വരും ദിവസങ്ങളിലെങ്കിലും അണക്കെട്ടുകളുടെ വ്യഷ്ടി പ്രദേശത്ത് മഴ ശക്തമായില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് നല്‍കുന്ന സൂചന

Read More >>