കോഴിക്കോട് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

വടകരയിലെ പ്രമുഖരുടെ മക്കള്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ റാഗിങ് കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്

കോഴിക്കോട് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

വടകര: കോഴിക്കോട് വടകരയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായ പരിക്ക്. വടകരയിലെ എംയുഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ്‌ അസ്ലമാണ് റാഗിങിനിടെ തോളെല്ല് തകര്‍ന്നു ഗുരുതരാവസ്ഥയിലായത്. ആശുപത്രിയില്‍ ചികിത്സ തേടിയ മുഹമ്മദ്‌ അസ്ലം പോലീസില്‍ പരാതി രെജിസ്റ്റര്‍ ചെയ്തു.

ഈ മാസം 14-ആം തീയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ ശുചിമുറിയില്‍ വെച്ച് ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ നിലത്തു തള്ളിയിട്ടു സംഘം ചേര്‍ന്ന്  കൂട്ടം ചേര്‍ന്ന് തല്ലിയെന്നും അടിവയറ്റില്‍ ചവുട്ടിയെന്നും പരാതിയില്‍ പറയുന്നു.ഇതിന്റെ ആഘാതത്തില്‍ തോളെല്ല് തകരുകയായിരുന്നു. മുഹമ്മദ്‌ അസ്ലമിനെ ആശുപത്രി അധികൃതര്‍ വിദഗ്ദ്ധ ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തിരിക്കുകയാണ്.


റാഗിങ് വിരുദ്ധ ആക്ട് പ്രകാരം വടകര പൊലീസ്  റാഗിങ് നടത്തിയ 13 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ അധികൃതരും  വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. വടകരയിലെ പ്രമുഖരുടെ മക്കള്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ റാഗിങ് കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ്  ശ്രമം നടത്തുന്നതായി ആരോപണം ഉയരുന്നുണ്ട്.
Read More >>