സംസ്ഥാന സര്‍ക്കാരിന് എതിരായ കേസില്‍ എം കെ ദാമോദരന്‍ ഹാജരായോ എന്ന് പരിശോധിക്കും: കോടിയേരി ബാലകൃഷ്ണൻ

സര്‍ക്കാരിനു വേണ്ടി കേസ് വാദിക്കാന്‍ നിയോഗിച്ച വക്കീലല്ല എം കെ ദാമോദരന്‍ എന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്നത് ഓണററി പോസ്റ്റ് മാത്രമാണെന്നും കോടിയേരി പറഞ്ഞു. സ്വന്തം നിലയില്‍ കേസുകളില്‍ ഹാജരാകാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ കേസുകളില്‍ ഹാജരാകണം എന്ന് വിവേചനപൂര്‍വ്വം അദ്ദേഹം തീരുമാനമെടുക്കട്ടെ എന്നും കോടിയേരി പറഞ്ഞു

സംസ്ഥാന സര്‍ക്കാരിന് എതിരായ കേസില്‍ എം കെ ദാമോദരന്‍ ഹാജരായോ എന്ന് പരിശോധിക്കും: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ. എം കെ ദാമോദരനെ പ്രത്യക്ഷത്തില്‍ ന്യായീകരിച്ചും പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു, മുന്‍ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന കോടിയേരി.

സര്‍ക്കാരിനു വേണ്ടി കേസ് വാദിക്കാന്‍ നിയോഗിച്ച വക്കീലല്ല എം കെ ദാമോദരന്‍ എന്നും  മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്നത് ഓണററി പോസ്റ്റ് മാത്രമാണെന്നും കോടിയേരി പറഞ്ഞു.  സ്വന്തം നിലയില്‍ കേസുകളില്‍ ഹാജരാകാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ ഏതൊക്കെ കേസുകളില്‍ ഹാജരാകണം എന്ന് വിവേചനപൂര്‍വ്വം അദ്ദേഹം തീരുമാനമെടുക്കട്ടെ എന്നും കോടിയേരി പറഞ്ഞു. എന്നാല്‍ വിവേചനപൂര്‍വ്വം തീരുമാനമെടുക്കണമെന്ന ഒറ്റ വാക്കില്‍ കോടിയേരി ബാലകൃഷ്ണന്‍ എം കെ ദാമോദരനോടുള്ള അതൃപ്തി പ്രകടിപ്പിച്ചു.


എന്നാല്‍ ലോട്ടറി കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായിട്ടില്ല എന്ന വാദമാണ് പാര്‍ട്ടി സെക്രട്ടറി ഉയര്‍ത്തിയത്. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായത് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ററേറ്റുമായുള്ള കേസിലാണ്. നിങ്ങള്‍ ഈ പറഞ്ഞ കേസില്‍ (കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി) സര്‍ക്കാരിനെതിരെ അദ്ദേഹം ഹാജരായോ എന്നത് എനിക്കറിയില്ല. നിങ്ങള്‍ പറഞ്ഞുള്ള അറിവേ ഉള്ളൂ. അക്കാര്യം പരിശോധിച്ച ശേഷം നിലപാടു വ്യക്തമാക്കും. അങ്ങനെ ഏതെങ്കിലും കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം ഹാജരായിട്ടുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി പരിശോധിക്കും എന്നും  കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Read More >>