കിസ്മത്തിന്റെ മനോഹരമായ ട്രെയിലര്‍ കാണാം..

ഇന്ത്യന്‍ സിനിമയില്‍ പല തവണ പരീക്ഷിച്ചിട്ടുള്ള പ്രമേയമാണെങ്കിലും അതില്‍ നിന്നും ട്രെയിലറിനെ വ്യത്യസ്തമാക്കുന്നത് പച്ചയായ അവതരണശൈലിയാണ്

കിസ്മത്തിന്റെ മനോഹരമായ ട്രെയിലര്‍ കാണാം..

പ്രേക്ഷകന്റെ മനസ്സിനെ സ്പര്‍ശിക്കാന്‍ സൂപ്പര്‍ താരങ്ങളുടെയും പ്രൊമോഷന്‍ ഷോകള്‍ടെയും ആവശ്യമില്ലെന്ന സത്യത്തെ അടിവരയിട്ടു തെളിയിക്കുകയാണ് 'കിസ്മത്' എന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ട്രയിലറിനു മികച്ച സ്വീകരണമാണ് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2 ദിവസങ്ങള്‍ കൊണ്ട് ട്രെയിലര്‍ കണ്ട ആളുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു.

വ്യത്യസ്ത മത വിഭാഗങ്ങളില്‍ നിന്നുമുള്ള രണ്ടു വ്യക്തികളുടെ പ്രണയവും, പ്രണയത്തെ സാക്ഷാത്കരിക്കാന്‍ ഇരുവരും നടത്തുന്ന പ്രയത്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യന്‍ സിനിമയില്‍ പല തവണ പരീക്ഷിച്ചിട്ടുള്ള പ്രമേയമാണെങ്കിലും അതില്‍ നിന്നും ട്രെയിലറിനെ വ്യത്യസ്തമാക്കുന്നത് പച്ചയായ അവതരണശൈലിയാണ്. കൂടാതെ കാമുകിയുടെ പ്രായം കാമുകനെക്കാള്‍ 6 വയസ്സ് കൂടുതലെന്നതും വ്യത്യസ്തത ഉണര്‍ത്തുന്നു. പ്രായത്തേയും മതത്തെയും ചൊല്ലി ഇരുവരും യാഥാസ്ഥിക സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളെ തികച്ചും സാധാരണമായി എന്നാല്‍ സുന്ദരമായി ട്രെയിലറില്‍ അവതരിപ്പിച്ചിട്ടുണ്ട്.


ചാനല്‍ അവതാരകയായി പ്രശസ്തി നേടിയിട്ടുള്ള ശ്രുതി മേനോനാണ് ചിത്രത്തിലെ 27കാരിയായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായി നായികാവേഷം ചെയ്യുന്നതിന്റെ യാതൊരു പതര്‍ച്ചയും ഇല്ലാതെ പക്വമായി തന്നെ ശ്രുതി കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നുള്ളത് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗമാണ് നായകന്‍. വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ പ്രത്യക്ഷപ്പെടുന്നു. സ്ഥിരം ഹാസ്യ റോളുകളില്‍ നിന്ന് വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് വിനയ് പ്രത്യക്ഷപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ സിനിമയാക്കുന്നത് ഷാനവാസ് കെ. ബാവക്കുട്ടി.

കളക്റ്റീവ് ഫേസ് വണ്ണിന്‍റെ ബാനറില്‍ സംവിധായകന്‍ രാജീവ് രവി നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും.