"എന്ത് പറയണമെന്നറിയില്ല, നല്ല ടെന്‍ഷനുണ്ട്"; കിസ്മത്ത് നായകന്‍ ഷയിന്‍ നിഗം

സംവിധായകന്‍ പൊലീസ് സ്റ്റേഷനിൽ വച്ച് യാദൃച്ഛികമായി സംവിധായാകാന്‍ ഷാനവാസ് കെ ബാവുക്കുട്ടി കണ്ട ഒരു സംഭവത്തിന്റെ ചുവടു പിടിച്ചു ഉണ്ടാക്കിയ കഥയാണ് കിസ്മത്ത്.

"എന്ത് പറയണമെന്നറിയില്ല, നല്ല ടെന്‍ഷനുണ്ട്"; കിസ്മത്ത് നായകന്‍ ഷയിന്‍ നിഗം

പൊന്നാനി നഗരസഭയിലെ കൗൺസിലർ ആയിരിക്കെ പൊലീസ് സ്റ്റേഷനിൽ വച്ച് യാദൃച്ഛികമായി സംവിധായാകാന്‍ ഷാനവാസ് കെ ബാവുക്കുട്ടി കണ്ട ഒരു സംഭവത്തിന്റെ ചുവടു പിടിച്ചു ഉണ്ടാക്കിയ കഥയാണ് ഇന്ന് 'കിസ്മത്ത്' എന്ന ചലച്ചിത്രമായി തീയറ്ററുകളില്‍ എത്തുന്നത്.

ഒരുമിച്ച് ജീവിക്കാനുള്ള സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന 28 വയസുള്ള ഒരു ദളിത് യുവതിയുടെയും 23 കാരനായ മുസ്ലിം ചെറുപ്പക്കാരന്റെയും കഥ പറയുന്ന കിസ്മത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത് പ്രമുഖ ഹാസ്യ കലാകാരന്‍ അബിയുടെ മകന്‍ ഷയിന്‍ നിഗവും പ്രമുഖ മോഡല്‍ കൂടിയായ ശ്രുതി മേനോനുമാണ്.


മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ വൈറ്റ് എന്ന ചിത്രത്തോടൊപ്പമാണ് കിസ്മത്ത് പുറത്തിറങ്ങുന്നത്. അത്കൊണ്ട് തന്നെ ടെന്‍ഷന്‍ വളരെ കൂടുതലാണ് എന്ന് ഷയിന്‍ നിഗം പറയുന്നു. ആദ്യ ചിത്രം തീയറ്റരുകളില്‍ എത്തുന്നുവെന്നതില്‍ ഉപരി ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച ജനപ്രീതി തീയറ്ററുകളിലും കാണാന്‍ സാധിക്കണേയെന്ന പ്രതീക്ഷയാണ് തനിക്ക് ഇപ്പോള്‍ ഉള്ളത് എന്നും ഷയിന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

ഗൗരവമുള്ള വിഷയം സംവദിക്കുന്നുവെങ്കിലും കിസ്മത്ത് ആദ്യാവസാനം ഒരു പ്രണയ സിനിമയാണ്. പ്രണയത്തിന്റെ രാഷ്ട്രീയം സിനിമ സംസാരിക്കുന്നുണ്ട്. രണ്ട് മതം, ദളിത് യുവതി, പ്രായ വ്യത്യാസമുള്ള പ്രണയം തുടങ്ങി സാധാരണ സിനിമാ സങ്കൽപങ്ങളുമായി പൊരുത്തപ്പെടാത്തത പ്രമേയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് കിസ്മത്ത്.

ലളിതമായും സത്യസന്ധമായും കഥ പറയാൻ ശ്രമിക്കുന്ന 105 മിനിട്ട് ദൈർഘ്യമുള്ള ഒരു ചെറിയ സിനിമയാണ് കിസ്മത്ത്  എന്നും എല്ലാവരും ചിത്രം തീയറ്ററുകളില്‍ പോയി കണ്ടു വലിയ ഒരു വിജയമായി ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് താന്‍ എന്നും ഷയിന്‍ പറഞ്ഞു.