ഇക്കണ്ടതൊന്നുമല്ല വെള്ളാപ്പള്ളി നടേശന്‍; എസ്എന്‍ഡിപി യോഗം മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബു എല്ലാം തുറന്നുപറയുന്നു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയ വ്യക്തിയാണ് യോഗം മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബു. 18 വര്‍ഷം വെള്ളാപ്പള്ളിയുടെ സന്തത സഹചാരിയായിരുന്ന് ഒടുവില്‍ തുഷാറിന് വേണ്ടി ബലിയാടാകേണ്ടി വന്നതിനെ തുടര്‍ന്നാണ് ചന്ദ്രബാബു എസ്എന്‍ഡിപി വിടുന്നത്. തുടര്‍ന്ന് യോഗത്തില്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തുടര്‍ന്നു വരുന്ന അഴിമതികള്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തുകയായിരുന്നു. കിളിമാനൂര്‍ ചന്ദ്രബാബുവുമായി നാരദാ ന്യൂസ് നടത്തിയ അഭിമുഖം

ഇക്കണ്ടതൊന്നുമല്ല വെള്ളാപ്പള്ളി നടേശന്‍; എസ്എന്‍ഡിപി യോഗം മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബു എല്ലാം തുറന്നുപറയുന്നു  • വെള്ളാപ്പള്ളി നടേശന്‍ എങ്ങനെയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്?


വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരുന്നത് ശാശ്വതികാനന്ദ സ്വാമിയാണ്. എന്നാല്‍ ആ തീരുമാനം എസ്എന്‍ഡിപി യോഗത്തിന് ഇത്രയും ദോഷം ചെയ്യുമെന്ന് അന്ന് സ്വാമിയും കരുതിയില്ല. കുറച്ച് സാമ്പത്തികമായി സൗകര്യമുള്ള വ്യക്തി യോഗത്തിന്റെ തലപ്പത്ത് എത്തിയാല്‍ കാര്യങ്ങള്‍ തടസ്സങ്ങളില്ലാതെ പോകുമെന്ന് അദ്ദേഹം കരുതി. പക്ഷേ സ്വാമിയുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. അത് സ്വാമി അറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു.

നല്ലൊരു നേതൃപാടവമുള്ള വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. ആ ഒരു കഴിവ് തന്നെയാണ് അദ്ദേഹത്തെ സംഘടനയില്‍ ഇത്രനാളും നിലനിര്‍ത്തിയതും. യോഗത്തില്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ ആരും തയ്യാറാകാത്തതിനു കാരണവും അതുതന്നെ. യോഗത്തില്‍ വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ പിറ്റേദിവസം സംഘടനയ്ക്ക് പുറത്താകും. അത് അല്ലെങ്കില്‍ മര്‍ദ്ദനത്തിന് വിധേയരാകും. ഇതു രണ്ടും ഭയന്ന് വെള്ളപ്പള്ളിയെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാറില്ല എന്നുള്ളതാണ് സത്യം.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള യോഗത്തിന്റെ ഒരു വാര്‍ഷിക പൊതുയോഗത്തില്‍ വൈള്ളാപ്പള്ളിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച ആറ് പേരെ ആയിരക്കണക്കിന് ജനങ്ങളിരിക്കുന്ന ഓഡിറ്റേറിയത്തില്‍ വെച്ച് തെരുവ് പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിച്ചതച്ചത്. ആ കേസ് ഇന്നും തുടരുന്നുണ്ട്. അതായത് തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ വെള്ളാപ്പള്ളി നടേശന്‍ മടികാണിക്കാറില്ല എന്നുള്ളതിന് ഉദാഹരണമാണ് ഈ സംഭവം.

  • വെള്ളാപ്പള്ളി നടേശനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ശാശ്വതികാനന്ദസ്വാമിയാണ് എന്നാണ് താങ്കള്‍ പറഞ്ഞത്. എന്നാല്‍ ശാശ്വതികാനന്ദ സ്വാമിയുടെ മരണം സംബന്ധിച്ച് വെള്ളാപ്പള്ളിക്കും കുടുംബത്തിനും എതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ നിലപാട്?


തുറന്നു പറഞ്ഞാല്‍ സ്വാമിയുടെ മരണം സംബന്ധിച്ചുള്ള ഒരു കാര്യത്തെക്കുറിച്ചും എനിക്കറിയില്ല. ജനങ്ങള്‍ ഇത്തരത്തില്‍ പറയുന്നുണ്ട്. പക്ഷേ സത്യാവസ്ഥ ഇനിയും വെളിപ്പെടേണ്ടതുണ്ട്. സ്വാമിയും വെള്ളാപ്പള്ളിയും ആദ്യകാലത്ത് നല്ല ബന്ധത്തിലായിരുന്നു. അതുപോലെ തന്നെ ഞാനുമായും സ്വാമിക്ക് നല്ല അടുപ്പമായിരുന്നു. സ്വാമിയുടെ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റിന്റെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

വെള്ളാപ്പള്ളി സെക്രട്ടറിയായ ശേഷം ട്രസ്റ്റിലും യോഗത്തിലും വരുന്ന ഫണ്ടിന്റെ കാര്യത്തില്‍ കണക്കുകളില്ലായിരുന്നു. ആ പണം മുഴുവന്‍ വെള്ളപ്പള്ളിയുടെ സ്വന്തം അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയ സ്വാമി ഇക്കാര്യത്തില്‍ എതിര്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഇതിനിടെ ദുബായില്‍വെച്ച് ശാശ്വതികാനന്ദ സ്വാമിയും വെള്ളാപ്പള്ളിയും തമ്മില്‍ കണ്ടിരുന്നു. അവിടെ വെച്ച് കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ചതായി സ്വാമി എന്നോട് പറഞ്ഞിരുന്നു. പിന്നീടാണ് സ്വാമിയുടെ മുങ്ങിമരണമുണ്ടാകുന്നത്. എന്നാല്‍ അതിനുപിന്നില്‍ വെള്ളാപ്പള്ളിയുടെ കരങ്ങളുണ്ടോ എന്നുള്ള കാര്യം എനിക്കറിയില്ല.

  • എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും സ്വത്തുക്കള്‍ ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ സ്വന്തമാണെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എങ്ങനെയാണ് സ്വത്തുക്കള്‍ അത്തരത്തിലായത്?


22 വര്‍ഷങ്ങളായി വെള്ളപ്പള്ളി നടേശന്‍ സംഘടനയുടെ തലപ്പത്തിരിക്കുകയാണ്. അന്നുമുതല്‍ ഇന്നുവരെ ട്രസ്റ്റിന്റെയും യോഗത്തിന്റെയും വരുമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വരുമാനവും വെള്ളാപ്പള്ളിയുടെ സ്വന്തമാണ്. ഇത് വെറുതേ പറയുന്നതല്ല. ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകുന്ന കാര്യങ്ങളാണിവ.

ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓരോ നിയമനത്തിനും 40 മുതല്‍ 50 ലക്ഷം വരെയാണ് വാങ്ങുന്നത്. ഏകദേശം 1200 നു മുകളില്‍ നിമനങ്ങള്‍ കോളേജില്‍ നടന്നിട്ടുണ്ട്. ഈ തുകവെച്ച് കണക്കുകൂട്ടിയാല്‍ അഴിമതിയുടെ ആഴം എത്രത്തോളമുണ്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. നിയമനങ്ങള്‍ കോളേജുകളില്‍ മാത്രമല്ല, ട്രസ്റ്റിന്റെയും യോഗത്തിന്റെയും ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടന്നതും കൂടി കൂട്ടണം. മാത്രമല്ല സ്‌കൂളുകളിലും കോളേജുകളിലും നടന്നിട്ടുള്ള അഡ്മിഷനുകള്‍. പോളിടെക്‌നിക്കുകളില്‍ നടന്നിട്ടുള്ള അഡ്മിഷനുകള്‍. ഇത്തരത്തില്‍ ഓരോ കാര്യവും പരിശോധിച്ചാല്‍ എത്രകോടി രൂപ വന്നിട്ടുണ്ടെന്ന് മനസ്സിലാകും.

ട്രസ്റ്റിന്റെയും യോഗത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിവര്‍ഷം 60 മുതല്‍ 100 വരെ ഒഴിവുകള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ പ്രാവശ്യം 68 ഒഴിവുകള്‍ ഉണ്ടായിരുന്നതായാണ് ഞാന്‍ മനസ്സിലാക്കിയത്. 68 ഒഴിവുകളിലേക്ക് 160ഓളം നിയമനങ്ങള്‍ വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. ഇതില്‍ 68 പേര്‍ക്ക് മാത്രമേ ശമ്പളം ലഭിക്കുകയുള്ളു. മറ്റുള്ളവര്‍ക്ക് പിന്നീട് അപ്രൂവല്‍ വാങ്ങുകയാണ് ചെയ്യുന്നത്. നിയമിതനായ ഓരോ വ്യക്തിയുടെ കയ്യില്‍ നിന്നും ശരാശരി 40 ലക്ഷം രൂപയാണ് ട്രസ്റ്റ് വാങ്ങുന്നത്. ഈ തുകതന്നെ 60 കോടിയോളം വരുന്നുണ്ട്.

എസ്എന്‍ ട്രസ്റ്റിന്റെ 13 കോളേജുകളും എസ്എന്‍ഡിപിയുടെ നാല് കോളേജുകളുമാണ് ഉള്ളത്. ട്രസ്റ്റ് വക സ്‌കൂളുകളില്‍ പ്ലസ് വണ്‍ അധ്യാപക നിയമനവും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം. പ്രിഡിഗ്രി ഡിലിങ്ക് ചെയ്ത സമയത്ത് വെള്ളാപ്പള്ളി സെക്രട്ടറിയാണ്. ആ സമയത്ത് നടത്തിയ നിയനങ്ങള്‍ക്കും കോടികളാണ് മറിഞ്ഞത്. ഹൈസ്‌കൂള്‍ വരെയുള്ള നിമനങ്ങള്‍, പോളിടെക്‌നിക് നിയമങ്ങള്‍, ബിഎഡ് കോളേജിന്റെ നിയമനങ്ങള്‍ എന്നവിയെല്ലാം വെള്ളാപ്പള്ളിക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. ഇതിന്റെയെല്ലാം കൂടെ ചേര്‍ക്കാന്‍ ഈ കാലം വരെയുള്ള പ്ലസ് വണ്‍ അഡ്മിഷന് വേണ്ടി കുട്ടികളില്‍ നിന്നും പിരിച്ച പണവുമുണ്ട്.

ട്രസ്റ്റിന്റെയും യോഗത്തിന്റെയും കോളേജുകളില്‍ അഡ്മിഷന്‍ നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ ലക്ഷങ്ങളാണ് നല്‍കേണ്ടത്. ഇത് സംബന്ധിച്ച തെളിവുള്‍ കഴിഞ്ഞ ദിവസം പ്രമുഖ ചാനല്‍ പുറത്തുവിട്ടിരുന്നത് എല്ലാവരും കണ്ടകാര്യമാണ്. 1,25,000 രൂപ ഒരു സീറ്റിനുവേണ്ടി വാങ്ങുന്നതായാണ് വാര്‍ത്തയില്‍ കണ്ടത്. 1,25,000 രൂപ വാങ്ങിയാല്‍ അതില്‍ 1,15,000 രൂപയും വെള്ളാപ്പള്ളിയുടെ കൈയില്‍ എത്തും. 10,000 രൂപ ഇടനിലക്കാരന് ലഭിക്കുകയും ചെയ്യും. ഇതാണ് ശവള്ളാപ്പള്ളിയുടെ സിസ്റ്റം.

ഈ തുകകള്‍ ട്രസ്റ്റിലോ യോഗത്തിലോ വരണമെന്നുണ്ടെങ്കില്‍ ബാലന്‍സ് ഷീറ്റിനകത്ത് വരണം. എന്നാല്‍ ഒരു രൂപ പോലും ബാലന്‍സ് ഷീറ്റില്‍ വന്നിട്ടില്ല എന്നുള്ളതാണ് സത്യം. ഇക്കാര്യം പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. ഈ തുക മുഴുവന്‍ പോയിരിക്കുന്നത് വെള്ളാപ്പള്ളിയുടെ കുടുംബത്തിലേക്കാണ്. വെള്ളാപ്പള്ളിയ്‌ക്കൊപ്പം 18 വര്‍ഷം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങള്‍ നൂറുശതമാനം സത്യവുമാണ്.

  • ഇൗ ഒരു ആരോപണം താങ്കള്‍ ഉയര്‍ത്തിയപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചില്ലേ?


പ്രതികരിച്ചു. പരാതി നല്‍കിയാല്‍ പരിശോധിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍ക്കാണ് പരാതി നല്‍കേണ്ടത്? കാശ് വാങ്ങിയതും അദ്ദേഹം തന്നെ. പരാതി നല്‍കേണ്ടതും അദ്ദേഹത്തിന്റെ കൈയില്‍ തന്നെ. അതാണ് ഇവിടുത്തെ രീതി.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, എസ്എന്‍ഡിപിയുടെ മഹാനായ നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ ആര്‍ ശങ്കറിന്റെ പേരിലുള്ള ശ്രീനാരായണ മെഡിക്കല്‍ മിഷന്റെ ഭാഗമായ കൊല്ലത്തുള്ള ശങ്കേഴ്‌സ് ഹോസ്പിറ്റല്‍ പൂട്ടുവാനുള്ള തയ്യാറെടുപ്പിലാണ്. 50 വര്‍ഷങ്ങളിലേറെയായി സ്തുത്യര്‍ഹമായ രീതിയില്‍ സേവനം നടത്തിയ ഹോസ്പിറ്റല്‍ കഴിഞ്ഞ മുന്ന് വര്‍ഷമായി പ്രതിവര്‍ഷം മൂന്ന് കോടി രൂപയുടെ നഷ്ടത്തിലാണ്. ഹോസ്പിറ്റല്‍ പൂട്ടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ലഭിക്കുന്ന തുക മറ്റൊരു വഴിയില്‍ പോകുന്നതു തന്നെയാണ് ഇിവിടെയും പ്രശ്‌നം. മരുന്നിന്റെയും മറ്റുപകരണങ്ങളുടേയും പേരില്‍ കമ്മീഷന്‍ തട്ടുന്ന രീതി ഈ ആശുപത്രിയിലും വെള്ളാപ്പള്ളി തുടരുന്നുണ്ട്. എന്തില്‍ തൊട്ടാലും പണമുണ്ടാക്കണമെന്ന വെള്ളാപ്പള്ളിയുടെ ലക്ഷ്യമാണ് ഈ ആശുപത്രിയേയും നാശത്തിലേക്ക് തള്ളിവിട്ടത്.

ചുരുക്കിപ്പറഞ്ഞാല്‍ 22 വര്‍ഷം കൊണ്ട് ശ്രീനാരായണ ഗുരുദേവന്റെ നഖം വരെ വെള്ളാപ്പള്ളി തീര്‍ത്തു. ഇനി ആകെ കൈയിലുള്ളത് ഗുരുദേവന്റെ വടി മാത്രമാണ്. അത് വെള്ളാപ്പള്ളിക്ക് തൊടാനായിട്ടില്ല. ആ വടികൊണ്ടാണ് ഗുരുദേവന്റെ ആത്മാവ് വെള്ളാപ്പള്ളിക്ക് ജയിലിലേക്കുള്ള വഴി കാണിക്കുന്നത്.

  • മൈക്രോഫിനാന്‍സ് അഴിമതിയില്‍ വെള്ളാപ്പള്ളി ഇപ്പോള്‍ നിയമനടപടി നേരിടുകയാണല്ലോ. ഇക്കാര്യത്തില്‍ താങ്കള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍?


മൈക്രോ ഫിനാന്‍സില്‍ വലിയ അഴിമതി നടന്നിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ പറത്തതിനര്‍ത്ഥം അഴിമതി നടന്നിട്ടില്ല എന്നര്‍ത്ഥമാക്കേണ്ട. വലിയ അഴിമതി നടന്നുകാണില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. വെള്ളാപ്പള്ളി 15 കോടിയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഈ 15 കോടി എന്നു പറയുന്നത് വെള്ളാപ്പള്ളിയെ സംബന്ധിച്ച് ഒരു വലിയ തുകയല്ല. ആയിരത്തിലധികം കോടി രൂപയ്ക്ക് അഴിമതി നടത്തി നില്‍ക്കുന്ന ഒരു വ്യക്തിക്ക് ഈ 15 കോടി വെറും നിസാര തുകയാണ്. അതുകൊണ്ടാണ് മൈക്രോഫിനാന്‍സില്‍ ഒരു വലിയ അഴിമതി നടന്നിട്ടില്ല എന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ മൈക്രോഫിനാന്‍സുമായി ഞാന്‍ ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ല എന്നുള്ളതുകൊണ്ട് ഇക്കാര്യം എനിക്ക് വ്യക്തമായി പറയാന്‍ കഴിയില്ല.

എന്നാല്‍ എനിക്ക് പറയാനുള്ളത് വെള്ളാപ്പള്ളി ആയിരം കോടിക്ക് മുകളില്‍ അഴിമതി നടത്തിയ കാര്യമാണ്. ഇത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന്‍, നിയമനം എന്നിവയിലൂടെ ഈ പറഞ്ഞ തുകയ്ക്കു മുകളില്‍ അഴിമതി വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. എസ്എന്‍ ട്രസ്റ്റ്, എസ്എന്‍ഡിപി എന്നീ സംഘടനകളിലെ വിദ്യാഭ്യാസ് സ്ഥാപനങ്ങളിലൂടെ പിരിച്ചെടുക്കുന്ന തുക വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും ഞാന്‍ പറയുന്നു. എനിക്ക് ഇക്കാര്യം നേരിട്ട് അറിയാവുന്നതിനാലാണ് ഇത്ര ഉറപ്പിച്ച് പറയുന്നതും.

  • സാധാരണ ഒരു ഈഴവ സമുദായത്തില്‍ ജനിച്ച വ്യക്തിക്ക് എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് കയറാന്‍ സാധിക്കുമോ?


സാധിക്കും. പക്ഷേ കൈയില്‍ നിറയെ പണം വേണം. വെള്ളാപ്പള്ളി ലേലം വിളിക്കുന്ന പണവും അതിനു മുകളില്‍ കമ്മീഷനും കൊടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ ജോലി കിട്ടും. ഈ ട്രസ്റ്റും യോഗവുമാക്കെ നിലവില്‍ വന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്ന് പറയുമെങ്കിലും കാശ് കൊടുക്കാതെ നിയമനം പോയിട്ട് സ്‌കൂളില്‍ പഠിക്കാന്‍ ഒരു അഡ്മിഷന്‍ പോലും കിട്ടില്ല. സമുദായത്തിന്റെ പേര് പറഞ്ഞു നിലനില്‍ക്കുന്ന വെള്ളാപ്പള്ളി സമുദാത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം.

വെള്ളാപ്പള്ളിയുടെ അത്ര കഴിവും സാമര്‍ദ്ധ്യവുമുള്ള ഒരു വ്യക്തി ഈ കേരളീയ സമൂഹത്തില്‍ കാണില്ല. പക്ഷേ കാശ് സമ്പാദിക്കുന്ന കാര്യത്തിലാണ് അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം മുഴുവന്‍.

  • എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റ്റിന്റെയും ഭാരവാഹികളായി എത്തുന്നവര്‍ വെള്ളാപ്പള്ളി നടേശന്റെ കുടുംബക്കാര്‍ മാത്രമാണെന്ന് ഒരു ആരോപണമുണ്ടല്ലോ?


ട്രസ്റ്റിലും യോഗത്തിലും ഭാരവാഹിത്വ സ്ഥാനത്ത് എത്തുന്നവരില്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കള്‍ തന്നെയാണ് കൂടുതല്‍. ബന്ധം ഇല്ലെങ്കില്‍ പോലും ബന്ധം ഉണ്ടാക്കിയെടുത്ത് അവരെ സ്വന്തക്കാരാക്കുക എന്നുള്ളതാണ് വെള്ളാപ്പള്ളിയുടെ രീതി തന്നെ. ഈഴവ സമുദായതിലുള്ളവര്‍ സ്വാഭാവികമായും ബന്ധുക്കള്‍ കൂടിയായിരിക്കുമല്ലോ. ഒരു സാമുദായിക സംഘടന കുടുംബ സംഘടനയായി മാറുന്നതെങ്ങനെയാണെന്ന് പഠിക്കാനുള്ള നല്ല ഉദാഹരണമാണ് എസ്എന്‍ഡിപി യോഗം.

  • എസ്എന്‍ഡിപിയുടെ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ മുമ്പ് പറഞ്ഞിരുന്നു. ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി ഒഴിവാകുകയാണെങ്കില്‍ ആരായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി?


വെള്ളാപ്പള്ളി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നുള്ളത് അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഒരു അതിമോഹം മാത്രമായിരിക്കും. പണം വരുന്ന ഒരു വഴികളും അടയ്ക്കാന്‍ വെള്ളാപ്പള്ളി ഇഷ്ടപ്പെടുന്നില്ല എന്നുള്ളതു തന്നെയാണ് കാരണം. ഇനി ഒരുപക്ഷേ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ജയിലില്‍ പോകുകയാണെങ്കില്‍ മാറിയേക്കാം. അല്ലാതെ ആ പ്രവര്‍ത്തി വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കേണ്ട. അങ്ങനെ മാമറണ്ടി വന്നാല്‍ തുഷാര്‍ ആ സ്ഥാനത്ത് എത്തുമെന്നുള്ള കാര്യത്തിലും സംശയം വേണ്ട്.

  • ബിഡിജെഎസിന്റെ രൂപീകരണത്തെ എങ്ങനെ കാണുന്നു?


ബിഡിജെഎസിന്റെ കാര്യത്തില്‍ അത് എന്തിന് ഉണ്ടാക്കി, ആര്‍ക്കുവേണ്ടിയുണ്ടാക്കി എന്ന കാര്യങ്ങളൊക്കെ പൂര്‍ണ്ണമായും വ്യക്തമാണ്. വ്യക്തമായി പറഞ്ഞാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയാല്‍ അതിന് മെമ്പര്‍ഷിപ്പ് ഉണ്ടാകണം. ആ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കണം പാര്‍ട്ടിയുടെ ബാക്കി ചട്ടക്കൂടുകളെല്ലാം. ഇവിടെ അങ്ങനെയുള്ള യാതൊരു കാര്യങ്ങളും സംഭവിച്ചിട്ടില്ല.

ഒരു സുപ്രഭാതത്തില്‍ വെള്ളാപ്പള്ളി വീട്ടിലിരുന്ന് തുഷാറുമായി ചേര്‍ന്ന് ഒരു പാര്‍ട്ടിയുണ്ടാക്കി. താന്‍ ജനറല്‍ സെക്രട്ടറിയായ എസ്എന്‍ഡിപി യോഗത്തിനെ അധികാരമുപയോഗിച്ച് ബിഡിജെഎസിനു വേണ്ടി വിലയ്‌ക്കെടുക്കുകയായിരുന്നു. അല്ലാതെ മെമ്പര്‍ഷിപ്പ് ചേര്‍ത്ത് അല്ല ഈ പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നത്. അച്ഛനും മകനും ചേര്‍ന്നുണ്ടാക്കിയിരിക്കുന്ന ഈ പാര്‍ട്ടിയില്‍ മറ്റാര്‍ക്കും ഒരു റോളുമില്ല.

എസ്എന്‍ഡിപിയും ബിഡിജെഎസുമായി യാതൊരു ബന്ധവുമില്ലെന്ന് കറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളാപ്പള്ളി പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? അത് നിലനില്‍പ്പിനായുള്ള നിലവിളിയാണ്. കാരണം ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് എല്‍ഡിഎഫ് ആണ്. അവരെ പ്രകോപിപ്പിക്കാന്‍ വെള്ളാപ്പള്ളി ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെയാണ് എല്‍ഡിഎഫ അധികാരത്തിലേറിയതിനു ശേഷം വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകളില്‍ എല്‍ഡിഎഫിനേയോ പിണറായി വിജയനേയോ മറ്റ് നേതാക്കളെയോ സംബന്ധിച്ച് ഒന്നും മിണ്ടാത്തതും.