കസബയിലെ സ്ത്രീവിരുദ്ധ രംഗം: മമ്മൂട്ടിക്കും സംവിധായകനും വനിതാ കമ്മീഷന്റെ നോട്ടീസ്

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് സ്ത്രീകളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിനിതാ കമ്മീഷന്‍ വിലയിരുത്തി. സാമൂഹിക പ്രതിബന്ധതയുള്ള അഭിനേതാക്കള്‍ ഇത്തരം രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കസബയിലെ സ്ത്രീവിരുദ്ധ രംഗം: മമ്മൂട്ടിക്കും സംവിധായകനും വനിതാ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: കസബ സിനിമയില്‍ സ്ത്രീ വിരുദ്ധ രംഗങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംവിധായകനും നടനും നിര്‍മ്മാതാവിനും വനിതാ കമ്മീഷന്റെ നോട്ടീസ്. ചിത്രത്തിലെ നായകന്‍ മമ്മൂട്ടി, സംവിധായകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍, നിര്‍മ്മാതാവായ ആലീസ് ജോര്‍ജ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാണിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചു. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം എന്ന് പ്രധാന സിനിമ സംഘടനകളായ അമ്മ, മാക്ട എന്നിവരോടും ആവശ്യപ്പെടും.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് സ്ത്രീകളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിനിതാ കമ്മീഷന്‍ വിലയിരുത്തി. സാമൂഹിക പ്രതിബന്ധതയുള്ള അഭിനേതാക്കള്‍ ഇത്തരം രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സിനിമയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്. സ്ത്രീവിരുദ്ധമായതും അശ്ലീലച്ചുവയുള്ളതുമായ ധാരാളം ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സിനിമയിലുണ്ട്. സിനിമയില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പാന്റ്സിന്റെ ബെല്‍റ്റില്‍ പിടിച്ചു വലിച്ചുകൊണ്ട് രാജന്‍ സക്കറിയ എന്ന കഥാപാത്രം നടത്തുന്ന സ്ത്രീ വിരുദ്ധ സംസാരമാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. വിപുലമായ ആരാധകരും വ്യാപകമായ അംഗീകാരവുമുള്ള മമ്മൂട്ടിയെപ്പോലൊരു നടന്‍ ഇത്തരം തരംതാണ കാര്യങ്ങള്‍ സിനിമയില്‍ ചെയ്യുമ്പോള്‍ അതിന് സമൂഹത്തില്‍ അപകടകരമായ സ്വീകാര്യതയാണ് ഉണ്ടാകുകയെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ അഡ്വ: നൂര്‍ബീന റഷീദ്, ഡോ: ലിസി ജോസ്, ഡോ: ജെ. പ്രമീളാദേവി എന്നിവര്‍ പങ്കെടുത്തു.

Read More >>