ടൂറിസം മേഖലയ്ക്ക് താങ്ങായി ധനമന്ത്രി; ബജറ്റ് നീക്കിയിരുപ്പ് 1000 കോടിയിൽ അധികം

വിനോദ സഞ്ചാര മേഖലയെ കേരളം ഒരു വ്യവസായമായി പ്രഖ്യാപിച്ചിട്ട് 30 വർഷം പൂർത്തിയാകുന്ന സമയത്ത് ഇതുവരെ ഒരു കാലത്തും കിട്ടിയിട്ടില്ലാത്ത പ്രാധാന്യം ആണ് ടൂറിസത്തിന് ലഭിച്ചിരിക്കുന്നത്. രവിശങ്കർ എഴുതുന്നു.

ടൂറിസം മേഖലയ്ക്ക് താങ്ങായി ധനമന്ത്രി; ബജറ്റ് നീക്കിയിരുപ്പ് 1000 കോടിയിൽ അധികം

രവിശങ്കർ. കെ വി

കേരളത്തിലെ ടൂറിസം രംഗത്തിന് പുത്തൻ ഉണർവ് നൽകി കൊണ്ടാണ് കേരളത്തിന്റെ ധനവകുപ്പ് മന്ത്രി ഡോ: തോമസ് ഐസക് 2016- 17 വർഷത്തെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്.
വിനോദ സഞ്ചാര മേഖലയെ കേരളം ഒരു വ്യവസായമായി പ്രഖ്യാപിച്ചിട്ട് 30 വർഷം പൂർത്തിയാകുന്ന സമയത്ത് ഇതുവരെ ഒരു കാലത്തും കിട്ടിയിട്ടില്ലാത്ത പ്രാധാന്യം ആണ് ടൂറിസത്തിന് ലഭിച്ചിരിക്കുന്നത്.

നിലവിലെ വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയും ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തിൽ 25 % അധികവും വളർച്ചാ നിരക്ക് അടുത്ത അഞ്ചു വർഷം കൊണ്ട് ലക്ഷ്യം വെക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത് ഇതു പ്രാവർത്തികമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് തന്റെ രണ്ടാമൂഴത്തിലെ ആദ്യ ബജറ്റിൽ തന്നെ ടൂറിസം വികസനം ഒരു മുഖ്യ അജണ്ട ആയി കണ്ടു കൊണ്ട് ഡോ: തോമസ് ഐസക് പദ്ധതികൾ അവതരിപ്പിച്ചത്.


അടുത്ത അഞ്ചു വർഷം കൊണ്ട് ഈ മേഖലയിൽ നിന്ന് മാത്രം 4 ലക്ഷം തൊഴിൽ അവസരങ്ങൾ ആണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് തന്റെ ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കണ്ണൂർ ജില്ലയിലെ ധർമടം- മുഴപ്പിലങ്ങാട് ബീച് സർക്യൂട്ട്, കണ്ണൂർ കോട്ട- അറക്കൽ കൊട്ടാരം, വയനാട് ജില്ലയിലെ കാരാപ്പുഴ ടൂറിസം ഹബ്ബ്, ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം- ചെത്തി ബീച് സർക്യൂട്ട്, തൃശൂർ- ഗുരുവായൂർ-പാലയൂർ തീർത്ഥാടന പദ്ധതി, തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റു വില്ലേജിന്റെ രണ്ടാംഘട്ട വികസനം, ആക്കുളം ടൂറിസ്റ്റു വില്ലേജ്, പൊന്നാനി ബീച് സർക്യൂട്ട്, തുടങ്ങിയ കേരളത്തിലെ പ്രധാന 20 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സുസ്ഥിരമായ സമഗ്ര അടിസ്ഥാന വികസനത്തിനു വേണ്ടി 400 കോടി രൂപ മാറ്റി വച്ചത് വരും വർഷങ്ങളിൽ കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഇതു കൂടാതെയാണ് തിരുവനന്തപുരത്തെ പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 200 കോടി വകയിരുത്തിയത്. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ ഈ വർഷം തന്നെ നീക്കി വക്കുകയും ചെയ്തു. റോപ്പ് വേ നിർമിക്കുന്നതിനും, മറ്റു അനുബന്ധ സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനുമായാണ് പദ്ധതി തയ്യാറാക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വലിയ പ്രതീക്ഷകളോടെ തുടങ്ങുകയും, പിന്നീട് വന്ന സർക്കാർ കഴിഞ്ഞ അഞ്ചു വർഷവും കാര്യമായ പുരോഗതി ഇതു പ്രവർത്തികമാക്കുന്നതിൽ ചെയ്യാതിരിക്കുകയും ചെയ്ത മുസിരിസ് പൈതൃക പദ്ധതിയെ പറ്റി അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.

മുസിരിസ് പൈതൃക പദ്ധതിയുടെ മാതൃകയിൽ തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളിൽ നൂറു കോടി രൂപ വീതം ചെലവഴിച്ചു കൊണ്ട് പുതിയ പൈതൃക ഗ്രാമ പദ്ധതികൾ തുടങ്ങാനും, അതിലേക്കായി നടപ്പു വർഷം തന്നെ 50 കോടി രൂപ മാറ്റി വക്കാനും ധനമന്ത്രി തയ്യാറായി.

ഇതു കൂടാതെ പുരാതന കാലത്ത് കേരളം സന്ദർശിച്ച അറബ്, ഗ്രീസ്, ചൈനീസ് തുടങ്ങിയവയുടെ പൈതൃക ശേഷിപ്പുകൾ കണ്ടെത്തി വികസിപ്പിക്കുന്ന സ്പൈസ് റൂട്ട് പദ്ധതിക്കായി 18 കോടി രൂപയും മാറ്റി വച്ചു.
തിരുവനന്തപുരത്തെ ബാലരാമപുരം, ആലപ്പുഴയിലെ മാന്നാർ, പത്തനംതിട്ടയിലെ ആറന്മുള, തൃശൂർ ജില്ലയിലെ ചെറുതുരുത്തി, വയനാട് ജില്ലയിലെ മുത്തങ്ങ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നിവിടങ്ങളിൽ പൈതൃക ഗ്രാമം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനും ബജറ്റ് വിഭാവനം ചെയ്യുന്നു.

മലബാറിന്റെ സമഗ്ര ടൂറിസം വികസനത്തിനായി ഒട്ടേറെ പദ്ധതികൾ ബജറ്റ് സൂചന നൽകുന്നു. വയനാട്ടിലും, ബേക്കലിലും എയർ സ്ട്രിപ് തുടങ്ങാൻ പദ്ധതി തയ്യാറാക്കാനും, കണ്ണൂർ എയർ പോർട്ടിലേക്കുള്ള അപ്പ്രോച്ച് റോഡിന്റെ നിർമാണത്തിനും മുന്തിയ പരിഗണന ഡോ. ഐസക് നൽകുന്നു.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന ശബരിമല മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വികസനത്തിനും പ്രാമുഖ്യം നൽകുമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നൽ നൽകി. ഇടുക്കിയിലും എയർ സ്ട്രിപ് തുടങ്ങാൻ പദ്ധതിയുണ്ട്.

ടൂറിസം മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മനുഷ്യ വിഭവശേഷി വികസനത്തിനായി സർക്കാർ നിയന്ത്രണത്തിൽ ഉള്ള തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്, കോഴിക്കോട്ടെ കേരള സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കളമശ്ശേരിയിലെ ഫുഡ് ക്രാഫറ്റ്‌സ് ഇൻസ്റ്റിട്യൂട്ട് എന്നിവയുടെ വികസനത്തിനും, കേരളത്തെ ദേശീയ - രാജ്യാന്തര തലത്തിൽ വിപണനം ചെയ്യാനും, പുതിയ ടൂറിസം സാധ്യതകൾ കണ്ടെത്താനും ആയി 311 കോടി രൂപയും ബജറ്റിൽ മാറ്റി വക്കുന്നത്. കേരളത്തിന്റെ പതിവ് വിപണികൾ ആയ യൂറോപ്പ് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് തകർന്നപ്പോൾ, പുതിയ വിപണികൾ കണ്ടെത്താൻ വേണ്ടത്ര തുക കണ്ടെത്താൻ ആവാതെ വിഷമിച്ച ടൂറിസം വകുപ്പിനെ സംബന്ധിച്ചിടത്തോളം, അതു മറികടക്കാൻ വലിയ അളവ് വരെ ഈ കൂട്ടിയ നീക്കിയിരുപ്പ് സഹായിക്കും.

ഇതു ആദ്യമായാണ് ഇത്രയധികം തുക വിപണനത്തിനായി വക ഇരുത്തുന്നത്. കേരള ടൂറിസത്തിനു നമ്മുടെ അയൽ സംസ്ഥാനങ്ങളും, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാൻ വിപണനത്തിന് കൂടുതൽ തുക മാറ്റി വെക്കണമെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ടൂറിസം വ്യവസായ മേഖല ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഇത്തരം ഒരു നടപടി.

ഈ ബജറ്റ് കേരളത്തിന്റെ ഭാവി സാധ്യതകൾക്ക് വലിയ പ്രാധാന്യം നൽകുന്നു എന്ന് കേരള ട്രാവൽ മാർട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോർജ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ടൂറിസം മേഖല മുഴുവൻ പുതിയ സർക്കാരിനോട് കടപ്പെട്ടിരിക്കുന്നു എന്നും, നിലവിലെ ആഡംബര നികുതി പത്തു ശതമാനമായി കുറച്ചത് കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്താനും, ചെലവ് കുറഞ്ഞ ടൂറിസം പാക്കേജുകൾ വരും നാളുകളിൽ ഉണ്ടാക്കാനും, വിപണനം ചെയ്യാനും ടൂറിസം മേഖലക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ടൂറിസം മന്ത്രി എന്നിവരെ കണ്ടു തങ്ങളുടെ ആവശ്യം ഉന്നയിച്ചിരുന്നു എന്നും, അന്ന് തന്നെ അനുഭവ പൂർണമായ ഒരു നടപടി പ്രതീക്ഷിച്ചിരുന്നു എന്നും എന്നാൽ അതിത്ര മാത്രം വലിയ ഒരു പിന്തുണയും പ്രോത്സാഹനവും ആവുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ. എം നജീബ് പറഞ്ഞു. ആഡംബര നികുതി പത്തു ശതമാനായി കുറച്ചത് ഭാവിയിൽ കേരളം ചെലവേറിയ ഡെസ്റ്റിനേഷൻ ആണെന്ന അപഖ്യാതി ഒഴിവാക്കാൻ കഴിയുമെന്ന് നജീബ് പറഞ്ഞു.

പുതിയ സർക്കാരിന്റെ വിനോദ സഞ്ചാര മേഖലയോടുള്ള സമീപനം തികച്ചും സ്വാഗതാർഹമാണെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പി കെ അനീഷ് കുമാർ പറഞ്ഞു. തളർന്നു കിടക്കുന്ന കേരളത്തിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ് നൽകാൻ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സഹായിക്കുമെന്ന് അനീഷ് പ്രത്യാശ പ്രകടിപ്പിച്ചു.

*(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും , മുതിർന്ന പത്രപ്രവർത്തകനുമായ ലേഖകൻ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷറുമാണ്. കേരളത്തിലെ ടൂറിസം മാധ്യമ രംഗത്തെ തുടക്കക്രിൽ ഒരാളാണ്)

Read More >>