യുഡിഎഫ് യോഗം ബഹിഷ്കരിച്ച്‌ കേരള കോണ്‍ഗ്രസ്(എം)

ഇന്ന് നടന്ന യുഡിഎഫ് നേതൃയോഗം കേരളം കോണ്‍ഗ്രസ് (എം) ബഹിഷ്‌കരിച്ചു

യുഡിഎഫ് യോഗം ബഹിഷ്കരിച്ച്‌ കേരള കോണ്‍ഗ്രസ്(എം)

തിരുവനന്തപുരം: ഇന്ന് നടന്ന യുഡിഎഫ് നേതൃയോഗം കേരളം കോണ്‍ഗ്രസ് (എം) ബഹിഷ്‌കരിച്ചു. വ്യക്തിപരമായ കാരണത്താല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ലയെന്ന്‍ എറണാകുളത്ത് നിന്നും മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചപ്പോള്‍  ഉച്ചവരെ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും ജോസഫ് യോഗ സ്ഥലത്തേക്ക് പോകാന്‍ കൂട്ടാക്കിയില്ല. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ മാണി നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണെന്നാണ് സൂചന.

ബാര്‍കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന ആരോപണം കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തിവരുന്നതിനിടെയാണ് മുന്നണി യോഗത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുന്നത്. ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് മുതലാണ് കേരള കോണ്‍ഗ്രസ് (എം) ഈ വിഷയത്തില്‍ നിലപാട് കടുപ്പിച്ചത്.

നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിഛായ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ ഇതിനോട് പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ മാണിയുടെ പ്രതിഷേധം തണുപ്പിക്കാം എന്ന കണക്കു കൂട്ടലിലായിരുന്നു.

Read More >>