പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പുതിയ നികുതികളും നികുതി നിരക്ക് വര്‍ധിപ്പിക്കലും ഉണ്ടാകില്ലെന്ന് സൂചന

നികുതിപിരിവില്‍ ഇടിവുവന്നതിനെ തുടര്‍ന്ന് റവന്യു കമ്മി കൂടുകയും വികസന പ്രവര്‍ത്തനത്തിനായുള്ള മൂലധന ചെലവുകള്‍ ഇടിയുകയും ചെയ്തതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വിവരിച്ചുകൊണ്ടുള്ള ധവളപത്രം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് തോമസ് ഐസക് ബജറ്റുമായി വരുന്നത്.

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പുതിയ നികുതികളും നികുതി നിരക്ക് വര്‍ധിപ്പിക്കലും ഉണ്ടാകില്ലെന്ന് സൂചന

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

നികുതിപിരിവില്‍ ഇടിവുവന്നതിനെ തുടര്‍ന്ന് റവന്യു കമ്മി കൂടുകയും വികസന പ്രവര്‍ത്തനത്തിനായുള്ള മൂലധന ചെലവുകള്‍ ഇടിയുകയും ചെയ്തതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വിവരിച്ചുകൊണ്ടുള്ള ധവളപത്രം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് തോമസ് ഐസക് ബജറ്റുമായി വരുന്നത്. ഈ പശ്ചാത്തലത്തില്‍ വിഭവസമാഹരണത്തിനായി ഡോ. തോമസ് ഐസക് എന്തു വഴി തേടുമെന്നു ബജറ്റ് അവതരണത്തിലൂടെ ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പുതിയ നികുതികളും നികുതി നിരക്ക് വര്‍ധിപ്പിക്കലും ഉണ്ടാകില്ലെന്നാണു സൂചന. നികുതി കുടിശിക പിരിച്ചെടുത്തും നികുതി പിരിവ് കാര്യക്ഷമമാക്കിയും 20 മുതല്‍ 25 വരെ ശതമാനം വരുമാന വര്‍ധന നേടാന്‍ ശ്രമിക്കുമെന്നാണ് ധനമന്ത്രി നേരത്തേ അറിയിച്ചിട്ടുള്ളത്.

യുഡിഎഫ് സര്‍ക്കാരിനുവേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ താത്കാലിക ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപ പ്രത്യേകമായി നീക്കി വച്ചിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത് ഒഴിവാക്കുമെന്നാണ് സൂചന.