പ്രത്യേക പരിഗണന അർഹിക്കുന്നവരെ കണ്ടറിഞ്ഞ് തോമസ് ഐസക്; ബജറ്റിൽ ഭിന്ന ലിംഗക്കാർക്കും ഇടം

2008-09 ബജറ്റില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് നീക്കിവച്ച തുകയെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് 2015-16 ബജറ്റിൽ ഉണ്ടായിരിക്കുന്നത്. നടപ്പു വര്‍ഷത്തെ പദ്ധതിയില്‍ 68 കോടി രൂപയാണ് ഭിന്ന ശേഷിയുള്ളവര്‍ക്ക് വകയിരുത്തിയ ധനമന്ത്രി സ്ത്രീക്ഷേമപദ്ധതികൾക്കായി 91 കോടി രൂപ നീക്കിവെച്ചു.

പ്രത്യേക പരിഗണന അർഹിക്കുന്നവരെ കണ്ടറിഞ്ഞ് തോമസ് ഐസക്; ബജറ്റിൽ ഭിന്ന ലിംഗക്കാർക്കും ഇടം

2008-09 കാലത്ത് തോമസ് ഐസക് ധനമന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റിലാണ് ആദ്യമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ബജറ്റിന്റെ 14,15 പേജുകളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2016 ല്‍ ഐസക് വീണ്ടും ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഭിന്ന ലിംഗക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കു കൂടി പരിഗണന നല്‍കിയാണ് ബജറ്റ് തയ്യാറാക്കിയത്. മാത്രമല്ല പ്രത്യേക പരിഗണന നല്‍കേണ്ടവര്‍ക്കുള്ള പദ്ധതികള്‍ക്കായി വകയിരുത്തിയ തുകയിലും ഗണ്യമായ വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്.


കായികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ പഠിക്കുന്ന അംഗീകാരം ലഭിച്ച വിദ്യാലയങ്ങള്‍ക്ക് 10 കോടി രൂപയാണ് അധികമായി 2008-09 ബജറ്റില്‍ തോമസ് ഐസക് വകയിരുത്തിയത്. മാത്രമല്ല സര്‍ക്കാര്‍-എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ അലവന്‍സ് 500 രൂപയില്‍ നിന്ന് 750 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഭിന്നശേഷിയുള്ളവരുടെ പെന്‍ഷന്‍ 160 രൂപയില്‍ നിന്ന്  200 രൂപയായി വര്‍ദ്ധിപ്പിക്കുയും ചെയ്തു. ഇതിനായി 10 കോടി രൂപ ബജറ്റില്‍ അധികമായി വകയിരുത്തുകയും ചെയ്തു. വിഭിന്ന കഴിവുകളുള്ളവര്‍ക്കുവേണ്ടി നിഷില്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഒറ്റത്തവണ സഹായധനമായി 25 ലക്ഷം രൂപ അനുവദിച്ചു. ഐക്കോണിന് 50 ലക്ഷം രൂപ അധികമായും അനുവദിച്ചു.

മാനസികവും കായികവുമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാരുണ്യ ഡെപോസിറ്റ് സ്‌കീമിനും അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നു . ഇതുപ്രകാരം ട്രഷറിയില്‍ ഡെപ്പോസിറ്റ് ചെയ്യുന്ന ഓരോ ലക്ഷം രൂപയ്ക്കും പതിനയ്യായിരം രൂപവെച്ച് നിക്ഷേപകന്‍ പറയുന്ന സ്ഥാപനത്തിന് ധനസഹായം സര്‍ക്കാര്‍ നല്‍കും. സ്‌കീമിന്റെ പരിധിയില്‍ അനാഥാലയങ്ങളെയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. ഏതെങ്കിലും സ്ഥാപനത്തിന് ഒരു കോടി രൂപ ട്രഷറിയില്‍ സമാഹരിച്ചിടാന്‍ കഴിഞ്ഞാല്‍ 15 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായമായി നല്‍കും. ഇതോടൊപ്പം അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായത്തില്‍ പ്രതിമാസം 50 രൂപ വര്‍ധിപ്പിച്ചു. ഇതിലേക്കുള്ള അധികച്ചെലവായി 3 കോടി രൂപയാണ് അന്ന് വകയിരുത്തിയത്.

2016-17 ബജറ്റില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് നീക്കിവച്ച തുക പരിശോധിക്കുകയാണെങ്കില്‍ 2008-09 ബജറ്റിനെ  അപേക്ഷിച്ച് തുക മാറ്റി വെക്കുന്നതില്‍ വന്‍ വര്‍ധയാണ് ഇത്തവണ ധനമന്ത്രി വരുത്തിയിരിക്കുന്നത്. നടപ്പു വര്‍ഷത്തെ പദ്ധതിയില്‍ 68 കോടി രൂപയാണ് ഭിന്ന ശേഷിയുള്ളവര്‍ക്ക് വകയിരുത്തിയത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം,ബുദ്ധി മാന്ദ്യം എന്നിവ അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയാണ് വകയിരുത്തിയത്. അതായത് മുന്‍ കാലത്തില്‍ അനുവദിച്ച തുകയുടെ ഇരട്ടി ഇത്തവണ അനുവദിച്ചു. മാത്രമല്ല വയോജനങ്ങള്‍ക്ക് വേണ്ടിയും ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടിയും നടത്തുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ചെറു പ്രായത്തില്‍ തന്നെ കുട്ടികളിലെ ശേഷി കുറവുകള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന് 37 കോടി രൂപ വകയിരുത്തി. ഭിന്നശേഷിയുള്ളവരെ കണ്ടെത്തി സര്‍ട്ടിഫിക്കറ്റും ഐഡി കാര്‍ഡും നല്‍കുന്നതിന് നാല് കോടി രൂപയാണ് നീക്കി വച്ചത്. വയോമിത്രം പരിപാടിക്ക് ഒന്‍പത് കോടി രൂപയാണ് ചെലവഴിച്ചത്.

ഇതിന് പുറമെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയതാണ് ബജറ്റിലെ മറ്റൊരു പ്രധാന ആകര്‍ഷണം. 60 വയസ് കഴിഞ്ഞ ട്രാന്‍സ്ജൻഡേഴ്‌സിന് പെന്‍ഷനും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ട്രാന്‍സ്ജന്‍ഡറുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാര്‍ ധന സഹായം നല്‍കും.

എല്ലാ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഈ ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനായി 1000 കോടി രൂപയാണ് അധികമായി വകയിരുത്തിയത്. ആയിരത്തിലേറെ കോടി രൂപ വരുന്ന മുഴുവന്‍ പെന്‍ഷന്‍ കുടിശികകളും ഓണത്തിന് മുന്‍പ് കൊടുത്തു തീര്‍ക്കുമെന്നും ജൂണ്‍ മുതലുള്ള 1000 രൂപ നിരക്കിലുള്ള പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞ എല്ലാ സാധാരണക്കാരേയും പെന്‍ഷന്‍ കുടയ്ക്ക് കീഴില്‍ കൊണ്ടു വരുമെന്നും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ 60 വയസ് കഴിഞ്ഞവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.