സാമ്പത്തിക ബാധ്യതമൂലം യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച എയര്‍ ആംബുലന്‍സ് പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

എയര്‍ ആംബുലന്‍സ് പദ്ധതിക്ക് പ്രതിമാസം 16 ലക്ഷം രൂപയെന്ന ഗ്യാരന്റി സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്നും കൂടാതെ ഇത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ വ്യക്തമാക്കി.

സാമ്പത്തിക ബാധ്യതമൂലം യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച എയര്‍ ആംബുലന്‍സ് പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

ഏറെ പ്രാധാന്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച എയര്‍ ആംബുലന്‍സ് പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയില്‍ വീണ്ടും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്.

സംസ്ഥാനത്ത് അവയവദാനം ഉള്‍പ്പെടെയുളള അടിയന്തര വൈദ്യസഹായത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ ആംബുലന്‍സ് പദ്ധതി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തിടുക്കത്തില്‍ അവയവദാനത്തിനുളള സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു പദ്ധതിയുടെ ഉത്ഥാടനം.


2014ല്‍ ഏഴുകോടി രൂപ ചെലവിട്ട് വാങ്ങിയ എട്ടുസീറ്റുളള വിമാനം എയര്‍ ആംബുലന്‍സായി ഉപയോഗിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന്‍പ്രകാരം അമേരിക്കയില്‍ നിന്നും വിമാനം എത്തിച്ചെങ്കിലും ഇരട്ട എന്‍ജിനുളള വിമാനം പറത്താന്‍ പൈലറ്റിനെ ലഭിച്ചിരുന്നില്ല. എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നതിന് മണിക്കൂറിന് രാജീവ് ഗാന്ധി അക്കാദമി 40000 രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കൂടാതെ മാസം 40 മണിക്കൂര്‍ ഉപയോഗം എന്നത് ഗ്യാരന്റി തരണമെന്നും ആവശ്യപ്പെട്ടിരുന്നു.

എയര്‍ ആംബുലന്‍സ് പദ്ധതിക്ക് പ്രതിമാസം 16 ലക്ഷം രൂപയെന്ന ഗ്യാരന്റി സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്നും കൂടാതെ ഇത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ വ്യക്തമാക്കി. ചെലവ് സര്‍ക്കാരിന് താങ്ങാനാവാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>