കബാലി; First Review

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത പ്രചരണവുമായി പ്രദര്‍ശനത്തിനെത്തിയ കബാലിയുടെ ആദ്യ റിവ്യൂ- ജിയാദ് കെ എം എഴുതുന്നു.

കബാലി; First Review

ജിയാദ് കെ എം

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത പ്രചരണവുമായി പ്രദർശനത്തിനെത്തിയ ചിത്രമാണ് കബാലി. വാട്‌സ് ആപ്പിലെ കബാലി സ്‌മൈലി മുതൽ വിമാനത്തിലെ പരസ്യം വരെ കബാലിയുടെ വരവൊരുക്കി അണിഞ്ഞൊരുങ്ങിയിരുന്നു.

കബാലി ട്രെയിലറിലെ സാൾട്ട് ആന്റ് പെപ്പർ ലുക്കും കബാലി ഡാ ഡയലോഗ് പ്രസന്റേഷനും ഏതൊരു സാധാരണക്കാരനിലും ആവേശം കൊടുമുടിയോളം ഉയർത്തിയിരുന്നു. പക്ഷേ, സംവിധായകൻ പാ. രഞ്ജിത്ത് പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ ശരിവക്കുന്നതായിരുന്നു സ്‌ക്രീനിൽ സംഭവിച്ചത്. ഈ ചിത്രത്തിൽ സാധാരണക്കാരനായ മനുഷ്യനുണ്ട്, രജനികാന്തെന്ന സൂപ്പർ സ്‌ററാറുണ്ട്. രണ്ടും സമാസമം ചേരുമ്പോൾ എന്ത് സംഭവിക്കുമോ അതു തന്നെയാണ് ഈ സിനിമ. പക്ഷേ, ഈ സാധാരണ മനുഷ്യനും സൂപ്പർസ്റ്റാറിനും ഇടയിൽ സംവിധായകൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടോ എന്ന് ഏതൊരു ആസ്വാദകനും സംശയിക്കാം. രജനികാന്തിൽ നിന്നും എന്താണോ ജനം പ്രതീക്ഷിക്കുന്നത് അത് നൽകുകയും വേണം, എന്നാൽ തന്റെ കഥ റിയലിസ്റ്റായി മുന്നേറുകയും വേണം. ഈ ഒരു വൈരുദ്ധ്യം ചിത്രത്തിലുടനീളം സംവിധായകൻ അനുഭവിക്കുന്നുണ്ട്.


ഡോൺ, അധോലോക, ഗാങ്സ്റ്റാർ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന ചിത്രത്തിൽ രജനികാന്തിന്റെ സ്‌റ്റൈലും ഗ്ലാമറസും ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. അതി ഗംഭീരമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക്, രജനിയുടെ പ്രായത്തോട് നീതി പുലർത്തുന്ന കഥാപാത്രം, ഇടക്ക് ഫഌഷ് ബാക്കിലൂടെ പടയപ്പ സ്‌റ്റൈൽ രജനിയേയും തിരശ്ശീലയിൽ കൊണ്ട് വരുന്നുണ്ട്. അധോലോക കഥയിൽ ബാഷയുമായൊരു താരതമ്യം ഭയന്നിട്ടാകണം മുന്നേ തന്നെ ബാഷ സ്‌റ്റൈൽ ഈ ചിത്രത്തിൽ പ്രതീക്ഷിക്കരുതെന്നും പൂർണ്ണമായും ഇതൊരു സംവിധായകന്റെ ചിത്രമാണെന്നും രജനി പ്രസ്താവിച്ചത്. പക്ഷേ, ഇടക്കൊക്കെ സംവിധായകന്റെ കയ്യിൽ നിന്നും രജനി കഥയെ തട്ടിയെടുക്കുന്നുണ്ട്. ലക്ഷോപലക്ഷം വരുന്ന രജനി ഫാൻസിനെ തൃപ്തിപ്പെടുത്താൻ ആ തട്ടിയെടുക്കൽ പോരാതെ വരുന്നുമുണ്ട്. ആക്ഷനോടൊപ്പം സെന്റിമെൻസ്, കുടുംബ സ്‌നേഹം, കാരുണ്യം, നന്മ തുടങ്ങിയവയും സമാസമം ചേർത്ത് രജനിയെന്ന സൂപ്പർസ്റ്റാറിനെ താഴെയുറപ്പിച്ച് നിർത്താൻ സിനിമ പലയിടത്തും ശ്രമിക്കുന്നുണ്ട്. അതോടൊപ്പം നഷ്ടപ്പെടലുകൾക്ക് ശേഷം ഒറ്റക്ക് പ്രതികാരം ചെയ്ത് വിജയിക്കുന്ന നായകനായി രജനിയെന്ന സൂപ്പർസ്റ്റാറിനെ ഉയർത്തി നിർത്താനും ശ്രമിക്കുന്നു. പുതുമയുള്ള കഥയായിരിക്കും കബാലി എന്ന പ്രതീക്ഷയോടെ പടം കാണുന്നവർക്ക് നിരാശ മാത്രമാണ് ഈ സിനിമ സമ്മാനിക്കുക.

രജനി സിനിമകളിലെ പല ക്ലീഷേകളും അതേപടി ഈ സിനിമയും പിന്തുടരുന്നു. ഫഌഷ്ബാക്കിൽ നഷ്ടപ്പെടലുകളുടെ നായകൻ, പിന്നീട് തിരിച്ചുവന്ന് പ്രതികാരം ചെയ്യുന്ന നായകൻ, ചുറ്റുമുള്ള വില്ലന്മാർ, നന്മയുള്ള നായകൻ, നെഞ്ചിൽ വെടിയേറ്റിട്ടും മരിക്കാത്ത നായകൻ, അതേസമയം നായകന്റെ ഒരൊറ്റ വെടിക്ക് മരിച്ചു വീഴുന്ന വില്ലന്മാർ ഇങ്ങനെ പല രംഗങ്ങളിലും ക്ലീഷേകൾ നമുക്ക് കാണാം. രജനിയുടെ പ്രായത്തെ കളിയാക്കുന്ന ഡയലോഗുകൾ ഉൾപ്പെടുത്താൻ സംവിധായകൻ ധൈര്യം കാണിച്ചു എന്നത് ശ്രദ്ധേയമാണ്. മറ്റു പല ചിത്രങ്ങളേയും അപേക്ഷിച്ച് കായികമായ ആക്ഷൻ രംഗങ്ങൾ കഴിവതും ഒഴിവാക്കി നായകന്റെ പ്രായത്തോട് പലപ്പോഴും നീതി കാണിക്കുകയും ചെയ്യുന്നുണ്ട്.

ചുരുക്കത്തിൽ ഉയർച്ച താഴ്ചകളോടെയാണ് സിനിമ പുരോഗമിക്കുന്നത്. റിയലിസ്റ്റിക് സീക്വൻസുകളും മാസ് രംഗങ്ങളും ഉയർന്നും താഴ്ന്നും മുന്നേറുന്നു. ക്ലൈമാക്‌സ് എത്തുമ്പോൾ സിനിമയുടെ പൂർണ്ണ നിയന്ത്രണം രജനി തന്നെ ഏറ്റെടുക്കുന്നു. ശത്രുപാളയത്തിലെത്തി തോക്കുമായി എല്ലാ ശത്രുക്കളേയും കൊന്നൊടുക്കി വിജയശ്രീലാളിതനായ തലൈവനായി രജനി മാറുന്നു. പക്ഷെ, സംവിധായകന് തോറ്റു കൊടുക്കാനും വയ്യല്ലോ.. അതാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ ക്ലൈമാക്‌സ്... ഒരൊറ്റ സ്പീഡ് വിഷ്വലിലൂടെ, ഒരു ശബ്ദത്തിലൂടെ സംവിധായകൻ പറയാതെ പറയുന്നു.

തിയേറ്ററുകൾ കത്താതിരിക്കാനും സിനിമയോട് നീതി പുലർത്താനും അങ്ങനെയേ അത് അവതരിപ്പിക്കാനാകൂ.

ഇടക്ക് ഒരു പാട്ടിനിടയിൽ ചെറുതായൊന്ന് ആടുന്നതൊഴിച്ചാൽ മറ്റ് രജനി സിനിമകളിൽ നിന്നും വ്യത്യസ്ഥമായി പൂർണ്ണമായ ഡാൻസ് രംഗങ്ങൾ ഒഴിവാക്കിയിരിക്കുന്നു എന്നത് പ്രത്യേകതയാണു. തമിഴ് മക്കളെ വികാരം കൊള്ളിച്ച് കയ്യടിപ്പിക്കാനുള്ള ഡയലോഗുകൾ ഇടക്കൊക്കെ ചേർക്കുന്നുമുണ്ട്. തമിഴ് മക്കൾ കോട്ടും സ്യൂട്ടും ഇടുന്നതിനെപ്പറ്റിയും ഇംഗ്ലീഷ് പറയുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു.

പുതിയ ഹെയർ സ്‌റ്റൈലുമായി എത്തിയ ധൻഷികയുടെ അഭിനയം ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടു.

Story by