കബാലി: നെഗറ്റിവിറ്റി തലയിൽ കയറ്റുന്നതിന് മുമ്പ്

അമിത പ്രതീക്ഷകളുടെ ഭാരമാണ് കബാലിക്ക് വിനയാകുന്നത്. മാസ് പ്രേക്ഷകനെ തൃപ്തിപ്പെടുത്താനുള്ളത് ഒരുക്കാൻ ശ്രമിക്കാതെ തന്റേതായ ചിത്രം ചെയ്യാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. താരത്തിൽനിന്ന് ദൈവത്തിലേക്കുള്ള വളർച്ചയ്ക്കിടയിൽ സംഭവിച്ച ഏതാനം പടങ്ങളുടെ നിരയിലാണ് കബാലിയും ഉള്ളത്. ആർ ജെ സലിം എഴുതുന്നു.

കബാലി: നെഗറ്റിവിറ്റി തലയിൽ കയറ്റുന്നതിന് മുമ്പ്

ആർ ജെ സലിം

രജിനിയെ വെച്ച സിനിമ ചെയ്യുമ്പോൾ നിങ്ങളുടെ സമ്മർദ്ദം ഊഹിക്കണമെങ്കിൽ പണ്ട് സച്ചിൻ 99 ഇൽ ബാറ്റ് ചെയ്യുന്നത് ഓർത്താൽ മതിയാവും. അത്രയും വലിയ പ്രതീക്ഷകളുടെ ഭാരമാണ് ചുമക്കേണ്ടത് എന്ന ബോധ്യം ഒരു സാധാരണ മനസ്സിനെ തളർത്താൻ ധാരാളമാണ്. ആ വൻ പ്രതീക്ഷകളെ വരവ് വെയ്ക്കുന്ന ചേരുവകൾ സിനിമയിൽ നൽകിയാണ് സംവിധായകൻ തന്റെ ചുമതല നിർവഹിക്കേണ്ടത്. ആ ശ്രമത്തിൽ പാ.രഞ്ചിത്ത് വിജയിച്ചുവോ ? നോക്കാം.

രജിനിയെന്ന പ്രതീക്ഷകളുടെ അമിത ഭാരംസിനിമയുടെ ആദ്യ ടീസറും ട്രെയിലറും വിചാരിച്ചതിലും പലമടങ്ങ് ജനപ്രീതി നേടിയപ്പോൾ, അമിത പ്രതീക്ഷ തന്റെ ചിത്രത്തിന് തിരിച്ചടിയാകുമെന്ന് സംവിധായകൻ ഭയന്നിരിക്കാം. ദേശീയ ദിനപത്രങ്ങൾക്ക് രഞ്ചിത്ത് നൽകിയ അഭിമുഖത്തിൽ ഇതിന്റെ സൂചനയുണ്ട്. ഇതൊരു രഞ്ചിത് സിനിമയാണെന്നും ഇതുവരെ കണ്ട തലൈവരെ ആയിരിക്കില്ല കബാലിയിൽ കാണുകയെന്നും അഭിപ്രായപ്പെട്ടത് അമിതഭാരത്തിന്റെ സമ്മർദ്ദം കളയാനുള്ള തന്ത്രം തന്നെയായിരുന്നു. പക്ഷെ അതൊക്കെ കുടം കമഴ്ത്തി വെള്ളമൊഴിക്കുന്നത് പോലെയാണ്. കാരണം രജനിയുടെ വെറും സാന്നിധ്യം പോലും മറ്റൊന്നും പറയാതെ തന്നെ താരത്തിന്റെ അനേകം മാസ് പ്രതീക്ഷകൾ ഉയർത്തി വിടുന്നുണ്ട് എന്നത് വസ്തുതയാണ്.

ഇരുപത്തഞ്ചു വർഷങ്ങൾ ജയിലിൽ കഴിഞ്ഞ കബാലി ഒടുവിൽ പുറത്തിറങ്ങുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പ്രതികാരമാണ് ഉദ്ദേശമെന്ന് ആർക്കും ഊഹിക്കാൻ സാധിക്കുമ്പോഴും അതെങ്ങനെ, ഏതളവിൽ, എത്ര തൂക്കം മാസിൽ എന്നതാണ് ഒരു സാധാരണ രജനി ആരാധകൻ സ്വയം ചോദിക്കുന്ന ആദ്യ ചോദ്യം. അധികം കാത്തിരിക്കാതെ ജയിലിൽ നിന്നിറങ്ങിയുള്ള ആ വരവിൽ തന്നെ കബാലി തന്റെ ആദ്യത്തെ സഡൻ ബ്ലോ എതിരാളികൾക്ക് നേരെ നടത്തുന്നുണ്ട്. പാ രഞ്ചിത് രജനിയുടെ സ്ഥിരം ശൈലികളോട് കലഹിക്കാതെ അവതരിപ്പിച്ച ഏതാനും ചില ഭാഗങ്ങളിൽ ആദ്യത്തെത്താണിത്. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം കൂടി അതിനോട് ചേരുമ്പോൾ കണ്ടിരിക്കുന്നവന്റെ ഞരമ്പുകൾ ഇറുങ്ങി വലിയാതെ തരമില്ല. കബാലിയുടെ പ്രാണവായു തന്നെയാണ് ആ മ്യൂസിക് പീസ്.

കബാലിയുടെ ജയിൽ മോചനത്തിന്റെ ഫിലസോഫിക് വശങ്ങൾ

കബാലിയുടെ ജയിൽ മോചനത്തിനെ ഫിലോസോഫിക്കലായി സമീപിച്ചാൽ അയാളുടെ സ്വാതന്ത്ര്യ ചിന്തകൾക്ക് വന്ന മാറ്റമാണ് അവിടെ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്. മുൻ സൂചിപ്പിച്ച ജയിൽ മോചിതനായ ശേഷമുള്ള തന്റെ വരവറിയിക്കുന്ന ആദ്യ പ്രതികാരത്തിന് പോകുമ്പോ അതിന്റെ ബാക്ക്ഗ്രൗണ്ടായി ഒരു പെറ്റ് ഷോപ് വരുന്നത് അതുകൊണ്ടാണ്. കൂടുകളിലെ കിളികളെ കണ്ടു കബാലി അതിന്റെ കൂട്ടിലാക്കപ്പെട്ട ജീവിതത്തോട് ഐക്യപ്പെട്ടു അതിനെ തുറന്നു വിടാൻ ആവശ്യപ്പെടുന്നുണ്ട്. കൂടു തുറന്നു വിട്ടാൽ മരണമാണ് ഈ കിളികളെ കാത്തിരിക്കുന്നത് എന്ന മറുവാദത്തെ കബാലി നേരിടുന്നത് തന്റെ ഇരുപത്തഞ്ചു വർഷത്തെ ജയിൽ ജീവിത അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

പക്ഷിയുടെ സ്വഭാവിക ധർമം പറക്കുകയാണെന്നും പക്ഷി അതു തിരഞ്ഞെടുത്തിട്ടു പിന്നീട് സംഭവിക്കുന്നത് മരണമോ ജീവിതമോ ആണെങ്കിലും കൂട്ടിലടക്കുന്നവന്റെ 'ദയ'യെക്കാൾ ഭേദമാണ് അതെന്നുമുള്ള കബാലിയുടെ ഉത്തരം മനസ്സിന്റെ ഏതോ ഉയർന്ന തലത്തിൽ നിന്നുള്ളതാണ്. എത്ര സാധാരണമായ ഭക്ഷണവും അമൃത് പോലെ ഭക്ഷിക്കുന്ന കബാലിയിൽ നമുക്ക് അയാളുടെ നഷ്ടമായ ഇരുപത്തഞ്ചു വർഷത്തെ നഷ്ടപ്പെട്ട രുചികൾ കാണാം. അങ്ങനെ അയാളുടെ ഓരോ പ്രവർത്തിയും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്, തന്റെ നഷ്ടങ്ങളോട് സന്ധി ചെയ്തുകൊണ്ടുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം.

പാ. രഞ്ചിതും രജിനിയും തമ്മിലെ Style War

'വിഷൻലെസ്'' ആയി മാറിയ തന്റെ ഗാങ്ങും കബാലിയുടെ അഭാവത്തിൽ മലേഷ്യയിലെ ഏറ്റവും ശക്തരായി മാറിയ ഗ്യാങ് 43ഉം തമ്മിലുള്ള കുടിപ്പകയാണ് സിനിമയുടെ വൺലൈൻ. സിനിമ തുടങ്ങുമ്പോൾ പ്രേക്ഷകൻ കബാലിയുടെ ഭൂതകാലത്തിനെ പ്രതി ഇരുട്ടിലാണ്. പതിയെപ്പതിയെ രജനിയുടെ സ്ഥിരം സ്ത്രീ വിരുദ്ധ തമിഴ് കലാചാരം പൊമ്പളെ guidelines എല്ലാം ഒഴിവാക്കി കബാലിയുടെ ഭൂതകാലം അഥവാ കബാലിയുടെ കുടുംബ ചരിത്രം പാ രഞ്ചിത് അനാവരണം ചെയ്യുന്നു. ഒന്നും നഷ്ടപ്പെടാനില്ല എന്ന രീതിയിൽ തുടങ്ങിയ കബാലി അവിടെ മുതൽ കൂടുതൽ ഉണർച്ചയോടുകൂടി കാര്യങ്ങളെ കാണുന്നുണ്ട്. ഒരു വശത്തു രജനിക്കു വേണ്ടതൊക്കെ ചെയ്തു കൊടുത്തിട്ടു പാ രഞ്ചിത് തനിക്ക് താത്പര്യമുള്ള ചില രാഷ്ട്രീയ വിഷയങ്ങളെക്കൂടി കബാലിയുടെ മെയിൻ cause ഇന് പുറകിൽ രണ്ടാമതായി അവതരിപ്പിച്ചു സിനിമയ്ക്ക് മേലുള്ള തന്റെ പിടി അയയാതെ നോക്കുന്നുണ്ട്.

ദളിത് / കീഴാള സ്വത്വ പ്രതിസന്ധിയും അവരുടെ അവകാശ തർക്കങ്ങളും സദ്യക്ക് അച്ചാർ എന്ന പോലെ അളവിൽ കുറവാണെങ്കിലും പ്രാധാന്യത്തോടെ പാ രഞ്ചിത് പറഞ്ഞു വെയ്ക്കുന്നു. എപ്പോഴും നല്ല വേഷത്തിൽ സ്യൂട്ട് ഇട്ടു നടക്കണമെന്ന കബാലിയുടെ വാശിയെക്കുറിച്ചുള്ള കൂടെയുള്ളവരുടെ സംശയങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടി സിനിമ എഴുതിയ സംവിധായകനും കൂടിയായ പാ രഞ്ചിത്തിന്റെ പക്ഷം വെളിവാക്കുന്നതാണ്. അംബേദ്കർ സ്യൂട്ടും, ഗാന്ധിജി ഒറ്റമുണ്ടും ധരിച്ചതിന് പിന്നിൽ ഒരു വലിയ കാരണമുണ്ട് എന്നും അതു രാഷ്ട്രീയമാണ് എന്നും കബാലി അത്തരം സംശയങ്ങൾക്ക് മറുപടിയായി പറയുമ്പോൾ പാ രഞ്ചിത്ത് അങ്ങനെ ഒന്നുമാലോചിക്കാതെ എഴുതിയ കഥയല്ല കബാലിയെന്നു മനസ്സിലാവും.

ഒഴിവാക്കാനാവാത്ത തമിഴ് ക്ലീഷേകൾ

തമിഴ് ജനതയോട് നേരിട്ട് സംസാരിക്കാത്ത, അവരെ ഉപദേശങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കാത്ത താര സിനിമകൾ തമിഴ്‌നാട്ടിൽ ഇപ്പോൾ ഏതാണ്ട് ഇറങ്ങുന്നില്ല എന്ന് തന്നെ പറയാം. പക്ഷെ ഇവിടെയുള്ളൊരു വ്യത്യാസം തമിഴ് സ്വത്വത്തെ അനാവശ്യ ഗ്ലോറിഫൈ ചെയ്യുന്ന സ്ഥിരം പതിവിനു പകരം മനുഷ്യന് പൊതുവേയുള്ള ചില ദൂഷ്യ ഗുണങ്ങളെ തമിഴനിൽ മാത്രം കണ്ടു വരുന്നതെന്ന് ആരോപിച്ചു, സിനിമ വിമർശിക്കുന്നുണ്ട് എന്നതാണ്.

മക്കളുക്ക് നല്ലത് ചെയ്യുന്ന ഗ്യാങ്സ്റ്റർ എന്നത് ഒരുപക്ഷെ തമിഴിൽ തന്നെ ഏറ്റവുമധികം ആവർത്തിക്കപ്പെട്ട തീമുകളിൽ ഒന്നാവും. രജനി തന്നെ ഇതേ വിഷയം ഒന്നിലധികം തവണ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ എന്താണ് കബാലിയുടെ ഹൈപ്പിനു പിന്നിൽ? അതിന്റെ ഉത്തരം തേടി അധിക ദൂരമൊന്നും പോകേണ്ട കാര്യമില്ല. രജനിയുടെ താരത്തിൽ നിന്ന് ദൈവത്തിലേക്കുള്ള വളർച്ച തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി. ആ യാത്രയിൽ ഒരു സാധാരണ സിനിമാ താരത്തിന്റെ ജനപ്രിയതയുടെ സമവാക്യങ്ങൾ പലതും രജനിയുടെ കാര്യത്തിൽ ബാധകമേ അല്ലാണ്ടായി എന്നത് ചരിത്രം. രജനിയുടെ സിനിമകൾ രസികർക്ക് ദർശനങ്ങളായി മാറിക്കഴിഞ്ഞു. തങ്ങൾ വെച്ചാരാധിക്കുന്ന മൂർത്തി അറിഞ്ഞരുളുന്ന ദർശനങ്ങൾ. തമിഴ് ഐഡന്റിറ്റിയിൽ മാത്രം കണ്ടു വന്നിരുന്ന ആ മനോഭാവം വർഷങ്ങളായി ഇന്ത്യ മുഴുവനുമുള്ള ജനവിഭാഗങ്ങളിൽ കാണുന്നു. അങ്ങനെയാണ് രജനി സിനിമ ന്യൂസ് ടൈമിൽ പോലും വാർത്തയാകുന്നത്. ആ പാക്കേജിന്റെ കൂടെ ഒരുപിടി ക്ലീഷേകളും രജനി സിനിമകൾ ഒരു ബാധ്യതയായി കൊണ്ട് വരുന്നുണ്ട്, അംഗീകരിച്ചേ മതിയാവൂ.

ഒന്നാം പകുതിയും രണ്ടാം പകുതിയും തമ്മിൽ ഒത്തുപോകുന്നുണ്ടോ..?

അധികാര മോഹതെയും പവർ ഷിഫ്റ്റുകളെയും കുറിച്ചുള്ള ആദ്യ പകുതിയിലാണ് രജനി ആരാധകർക്ക് ആശ്വസിക്കാനുള്ള മാസ് രംഗങ്ങൾക്കും സംഭാഷണങ്ങളും അളവിൽ കൂടുതലുള്ളത്. താരതമ്യേന ഇമോഷണലും ആണ് രണ്ടാം പകുതി. ഭാര്യ ജീവനോടെ ഉണ്ടെന്നറിയുന്നതും, അവരെ അന്വേഷിച്ചു പോകുന്നതുമെല്ലാം പ്രധാനപ്പെട്ട രംഗങ്ങൾ ആണെങ്കിൽക്കൂടി അതിനിടയിലെ അനാവശ്യ ചില വഴി മാറലുകൾ സിനിമയുടെ പിരിമുറുക്കവും ഞെരുക്കവും കുറച്ചിട്ടുണ്ട് എന്ന് തന്നെ പറയണം. അത് സിനിമയ്ക്ക് കുറേക്കൂടി അയഞ്ഞ ഘടന സമ്മാനിച്ചു.

സിനിമയുടെ വലിയൊരു ഭാഗം കബാലിയുടെ മാസ്സ് മാത്രം കാണാൻ വന്ന, പാ രഞ്ചിതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത സാധാരണ പ്രേക്ഷനെ നിരാശനാക്കിയേക്കും. ആദ്യ പകുതിയിലെ പ്രതികാര മാസ് രംഗങ്ങളിൽ നിന്ന് കബാലി സ്വന്തം ജീവിതം വീണ്ടെടുക്കാൻ പോകുന്നിടത്ത് താരത്തിനെ ഒഴിവാക്കി രജനിയിലെ നടനെയാണ് രഞ്ചിത്ത് ഉപയോഗിച്ചിരിക്കുന്നത്. അവിടങ്ങളിൽ ഒക്കെ താരത്തിനെ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ട് എന്ന ഇതിനകം ചില അഭിപ്രായങ്ങളിൽ നിന്ന് മനസ്സിലായിട്ടുണ്ട്.

കബാലിയെന്നാൽ

കബാലിയെന്നാൽ ഹിന്ദു പുരാണത്തിലെ ശിവന്റെ മറ്റൊരു പേരാണ്. ആ പേരിനെ ഐതീഹ്യപരമായി തന്നെ സമീപിച്ച് കബാലിയ്ക്കും ശിവ സാമ്യമായ ചുറ്റുപാടുകളും മറ്റുമൊരുക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ ഏറ്റവും അവസാനത്തെ പ്രതികാര രംഗം നടക്കുന്നത് മലേഷ്യയിലെ ഒരു വലിയ ബിൽഡിങ്ങിന്റെ വിശാലമായ ശിവ ലിംഗ സദൃശ്യമായ ഓപ്പൺ ടെറസിൽ വെച്ചാണ് എന്നതും കബാലിയെന്ന പേരിനെ സാധൂകരിക്കുന്നുണ്ട്. താരത്തിനെ ദൈവത്തോട് നേരെ ചേർത്ത് നിർത്തി നേരിട്ടുള്ള താരതമ്യങ്ങളും വാഴ്ത്തിപ്പാടലുകളും അങ്ങനെ സംവിധായകൻ ഒഴിവാക്കിയിട്ടുണ്ട് എന്നത് വലിയ ആശ്വാസമാണ്.

ഇരുതല വാളാകുന്ന ക്ലൈമാക്‌സ്

എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ക്ലൈമാക്‌സ് ആണ് സിനിമയുടേതു. പക്ഷെ ഒരു മാസ് പ്രേക്ഷകനെ സംബന്ധിച്ച് അതിലെ പ്രബലമായ ഒരു സാധ്യത അവനെ വൻതോതിൽ നിരാശനാക്കിയേക്കും. അതിന്റെ മറ്റു സാധ്യതകളോട് യോജിക്കാൻ എത്ര പേർക്ക് കഴിയുമെന്നത് അനുസരിച്ചിരിക്കും സിനിമയുടെ വിജയ സാധ്യത. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് തലയ്ക്കടി കൊടുത്തുവേണം മാസ് സിനിമകൾ അവസാനിപ്പിക്കേണ്ടത് എന്നത് ഒരു റൂൾ ഓഫ് തമ്പാണ്. അതിന്റെ കിക്കിൽ നിന്നുണരാൻ അവനു പെട്ടെന്നൊന്നും സാധിക്കരുത്. കാരണം സിനിമ തീരുമ്പോൾ അത് പ്രേക്ഷകന് നല്കുന്ന അവസാനത്തെ വികാരമാണ് പ്രേക്ഷകൻ സിനിമയോടുള്ള വികാരമായി അവൻ കൊണ്ടിറങ്ങുന്നത്.

അക്കാര്യത്തിൽ രജനി ആരാധകരായ ഭൂരിപക്ഷത്തെ മാനിക്കാത്ത ക്ലൈമാക്‌സ് ആണ് സിനിമയിലെത് എന്ന് വാദിക്കാവുന്നതാണ്. പക്ഷെ സിനിമ സംവിധായകന്റെ കലയാണ് എന്ന മറക്കപ്പെട്ട സിദ്ധാന്തം ചിലരെങ്കിലും അതുവഴി ഓർക്കുന്നെങ്കിൽ പാ. രഞ്ചിത്ത് വിജയിച്ചിരിക്കുന്നു.