കബാലിയും സ്കൈഫോളും തമ്മിലെന്ത്?

കബാലി മാസ്സിനും ക്ലാസ്സിലും പെടാതെ എങ്ങനെ ഒരു ശരാശരി പടമായി ചുരുങ്ങി പോയെന്ന് പരിശോധിക്കുന്നു. കൂടാതെ സ്കൈഫാൾ, ഗോഡ്ഫാദർ തുടങ്ങിയ ചിത്രങ്ങളുമായി കബാലി എങ്ങനെ ബന്ധപ്പെടുന്നു എന്നും അന്വേഷിക്കുന്നു.

കബാലിയും സ്കൈഫോളും തമ്മിലെന്ത്?

ശ്രീകാന്ത് ശിവദാസൻ


ഫോക്കസിലേക്ക് പതിയെ നടന്നടുക്കുന്ന നായകൻ. ഉദ്വേഗഭരിതമായൊരു ചേസ്. ചേസിനൊടുവിൽ തന്റെ കൂട്ടാളിയുടെ തെറ്റായ വെടിയേറ്റ് ആഴങ്ങളിലേക്ക് പതിക്കുന്ന നായകൻ. സ്കൈഫോൾ എന്ന അത്യൂഗ്രൻ ഗാനം.


സ്കൈഫോൾ എന്ന ജെയിംസ് ബോണ്ട് സിനിമയിലെ തുടകമാണിത്. വെടിയേറ്റ് ആഴങ്ങളിലേക്ക് പതിച്ച ഡാനിയേൽ ക്രേഗ് അവതരിപ്പിച്ച ജെയിംസ് ബോണ്ടിന്റെ കഥാപാത്രം ജെയിംസ് ബോണ്ട് അത് വരെ കാണാത്ത ആഴങ്ങളിലേക്കാണ് ഊളിയിട്ടത്. തന്റെ ഭൂതകാലത്താൽ വേട്ടയാടപ്പെട്ട്, അനാഥത്വം അംഗീകരിച്ച് കുറ്റങ്ങളും പിഴവുകളുമുള്ള ജെയിംസ് ബോണ്ടിനെയാണ് ഇവിടെ കാണുക. റൗൾ സിൽവിയെ ഭയന്നു എമ്മിനെ കൂട്ടി സ്കോട്ട്ലാണ്ടിന്റെ പ്രാന്തപ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന സ്വഭവനത്തിലേക്ക് ജെയിംസ് പോക്കുമ്പോൾ തന്റെ പാരമ്പര്യ തറവാട്ടലിലേക്കാണ് അയാൾ തിരിച്ചു പോക്കുന്നുന്നതെങ്കിലും  അത് ഗൃഹാതുരത്വത്തിന്റെ നീരാളിപിടുത്തം മൂലമല്ല. മറിച്ചു പ്രത്യേക ഉദ്ദേശങ്ങളോട് കൂടിയാണ്.


അത് നടന്നു കഴിയുമ്പോൾ ഓർമ്മകളുടെ തിരയിളകമോ അത്തരത്തിലുള്ള വൈകാരിക മമ്മതയോ പ്രകടിപ്പിക്കാതെ അയാൾ തിരിച്ചു പോരുന്നു. പൊതുവെ ഉല്ലാസഭരിതരും പെൺ വിഷയത്തിൽ പ്രഗത്ഭരുമായ മുൻകാല ജെയിംസ് ബോണ്ടുമാരിൽ നിന്നും ഡാനിയേൽ ക്രേഗ് വ്യത്യസ്തനാവുന്നത് അയാളുടെ നിർവികാരകമായ മുഖത് ക്രൂരതകൾ കണ്ടും അനുഭവിച്ചും പതിയെ നദിയെ പൊതിയുന്ന മഞ്ഞു പാളി പോലെ അയാളുടെ മനസ്സ്  ഉള്ളറഞ്ഞു പോയിരിക്കുന്നതെങ്ങനെ എന്നതിന്റെ സാക്ഷ്യങ്ങളുള്ളത് കൊണ്ടാണ്. സ്കൈഫാളിലെ പല ഷോട്ടുകളിലും അയാൾ എത്രത്തോളം ഏകനായിരിക്കുന്നു എന്ന് തെളിയിക്കുന്നുണ്ട്. അത്യന്തം സ്റ്റൈലിഷായ കഥാപാത്രത്തെ കഥാപാത്രത്തിന്റെ സ്വാഭാവഗുണങ്ങൾ അങ്ങനെ തന്നെ നിലനിർത്തി കഥാപാത്രത്തിന് കൂടുതൽ ആഴങ്ങളും മാനങ്ങളും കൊടുക്കാൻ വിജയിച്ചതിലൂടെ സാം മെൻഡെസിന്റെ സംവിധായകമികവ് വ്യക്തമായിരുന്നു.


ഇത്രയും പറഞ്ഞത് കബാലിയെ കുറിച്ച് പറയാനാണ്.  സംവിധായകന്റെ സിനിമ എന്ന  വിശേഷണമായിരുന്നു കബാലി ഇറങ്ങുന്നതിന് മുന്നേ തന്നെ  ആ സിനിമക്കുണ്ടായിരുന്നത്. സിനിമയിറങ്ങുന്നതിന് മുൻപ് തന്നെ പല ഫാൻമേഡ് പോസ്റ്ററുകൾ വൈറലായിരുന്നു. അതിൽ മൂന്നെണ്ണം സ്കൈഫാളിലെ പോസ്റ്റുകൾ ഫോട്ടോഷോപ്പ് ചെയ്തവയായിരുന്നു. പൊതുവേ പ്രസിദ്ധ സിനിമകളുടെ പോസ്റ്ററുകൾ അനൗദ്യോഗിമായി ആരാധകർ തങ്ങളുടെ ഇഷ്ട താരങ്ങൾക്കുള്ള സിനിമകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് സ്വാഭാവികമായിരുന്നെങ്കിലും ഇതിൽ പക്ഷേ അതിശയകരമായൊരു യാദൃച്ഛികതയുണ്ടാരുന്നു.


സ്കൈഫാളിൽ സംവിധായകന് കൈകാര്യം ചെയേണ്ടത്  കഥാപാത്രത്തിന്റെ അമാനുഷിക പരിവേശത്തെയായിരുന്നുവെങ്കിൽ ഇവിടെ പാ.രഞ്ജിതിന് കൈകാര്യം ചെയ്യേണ്ടത് രജനികാന്തെന്ന താരത്തെയായിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം രജനി അഭിനയിച്ച പടമായി കബാലി വാഴ്തപ്പെട്ടു. കുറേ കാലങ്ങൾക്ക് ശേഷം സിനിമയുടെ തുടക്കത്തിൽ തന്നെ കാണിക്കാതെ പതിനഞ്ചു മിനിറ്റ് വൈകിയാണ് രജനിയെ കാണിച്ചത്. ഇവിടെ കബാലിയെന്ന രജനി കഥാപാത്രം ഭൂതകാലത്താൽ വേട്ടയാടപ്പെട്ട നഷ്ടങ്ങളേറ്റുവാങ്ങിയ നിസ്സാഹയനായ, വയോധികനായൊരാളെയാണ് അവതരിപ്പിച്ചത്. നരയുള്ള മുടിയും പുക തിന്ന ചുണ്ടുകളുമുള്ള തികച്ചും മാനുഷികനായൊരു ഡോൺ. പല ഷോട്ടുകളിലും അയാൾ എകനാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. (സുര്യൻ നിറഞ്ഞ മലേഷ്യയുടെ കൂറ്റൻ കെട്ടിടങ്ങളുടെ മുൻപ്പിൽ ഫളാഷ്ബാക്ക് പറഞ്ഞു തീർത്തു നിൽക്കുന്ന സീനും, ഭാര്യ എവിടെയുണ്ടെന്ന് കേൾക്കുമ്പോൾ വീടിനു മുൻപ്പിലുള്ള പുൽമേട്ടിലേക്കിറങ്ങി നിൽക്കുന്ന സീനും ശ്രദ്ധിക്കുക) ഇവിടെയും വെടിയേറ്റ് വീണിട്ടും മരിക്കാതെ തിരിച്ചു വരുന്നുണ്ട് നായകൻ. തന്റെ പാരമ്പര്യമുറങ്ങുന്ന നാട്ടിലേക്ക് അയാൾ പോക്കുന്നുണ്ടെങ്കിലും അത് വ്യക്തമായ ഉദ്ദേശത്തോട് കൂടിയായിരുന്നു.


kabali_skyfall_1ഉദ്ദേശം നടന്നു കഴിയുമ്പോൾ പ്രത്യേക ഗൃഹാതുരത്വ ബാധ്യതകളൊന്നുമില്ലാത്തെ അയാൾ തിരിക്കെ വരുന്നു. തന്റെ ജോലിയിലേക്ക്, തന്റെ പൂർവ ജീവിതത്തിലേക്ക്. മുൻ കാല സിനിമ ബാധ്യതകളിൽ നിന്നും  ഒരു കഥാപാത്രത്തിന്റെയും താരത്തിന്റെയും വ്യതിചലനത്തെ രേഖപ്പെടുത്തുന്നവായിരുന്നു ഈ രണ്ടു സിനിമകളും. സ്കൈഫാളിന് ശേഷം വന്ന സ്പെറ്ററിൽ ആ കഥാപാത്രം വീണ്ടും മുൻകാല മാതൃകയിലേക്ക് തിരിച്ചു പോയതു പോലെ രജനിയും ഏന്തിരൻ രണ്ടാം ഭാഗത്തിലൂടെ അയാളിലെ താരത്തിലേക്ക് തിരിച്ചു പോകുമായിരിക്കും.


ഗാംഗ്സ്റ്റർ സിനിമകളുടെ  ഗ്രാൻഡ് നരേറ്റീവ് ഒഴിച്ചു കൂടാനാക്കാത്ത ക്ലീഷേകൾ നിറഞ്ഞതാണ്. പക്ഷേ ചിലർ അതേ ക്ലീഷേകൾ വ്യക്തമായ റഫറൻസുകളായി, ആദരവ് പ്രകടിപ്പിക്കാനായി (homage)  ഉപയോഗിക്കും. ടീ.എസ്. ഏലിയിറ്റ് സൂചിപ്പിക്കുന്ന objective correlative എന്ന വിദ്യയാണിത്. ചില വസ്തുകൾ, കഥാസന്ദർഭങ്ങൾ കഥാപാത്ര സൃഷ്ടികൾ എന്നിവയെ വായനക്കാരിൽ വികാരം ഉണർത്താനായി വൈകാരിക ഫോർമുലകളായി (emotional formulas) ഉപയോഗിക്കുന്ന രീതിയാണ് objective correlative.


കബാലി എന്ന ഗാംഗ്സ്റ്റർ ഉയർന്ന് വരുന്നത് കുടിയേറ്റ തൊഴിലാളികളിൽ നിന്നാണ്. ഗോഡ്ഫാദർ എന്ന സിനിമയിൽ ഡോൺ കോർണിയോണും കുടിയേറ്റക്കാരനാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ  അമേരിക്കയിലേത്തിയ ഇറ്റാലിയൻ കുടിയേറ്റക്കാരിൽ ഒരാളായ വിറ്റോ കോർണിയോൺ തന്റെ ചുറ്റുമുള്ള  ജനതയെ പ്രതിനിധികരിച്ച് അവിടത്തെ ചട്ടമ്പിയെ കൊല്ലുന്നതിലൂടെ അയാളുടെ ഗാംഗ്സ്റ്റർ ജീവിതം ആരംഭിക്കുന്നു. പിന്നീട് പതുക്കെ അയാളിലേക്ക് കൂടുതൽ പേർ പ്രശ്നപരിഹാരത്തിനായി എത്തുന്നു. അയാളെങ്ങനെ പതിയെ ഒരു സാമ്രാജ്യം കെട്ടി പടുത്തുയർത്തുന്നു. അയാൾക്ക് എന്തിനെക്കാളേറെ മുഖ്യം അയാളുടെ കുടുംബമാണ്. കുടുംബത്തിന് വേണ്ടിയായിരുന്നു അയാളുടെ ആദ്യ കൊലപാതകം. തുടർന്നുള്ളതും ഒരു തരത്തിൽ കുടുംബത്തിന് വേണ്ടി തന്നെയായിരുന്നു.  മയക്കു മരുന്നു കച്ചവടത്തിന് എതിർപ്പ് പ്രകടിപ്പിക്കുമ്പോഴാണ് ഡോൺ കോർണിയോണെ കൊല്ലാൻ എതിരാളികൾ നിശ്ചയിക്കുന്നത്. തന്റെ നെഞ്ചു തുളച്ച് പാഞ്ഞ അഞ്ചു വെടിയുണ്ടകൾ കൊണ്ടു പോലും പക്ഷേ അയാൾ മരിക്കുന്നില്ല. പക്ഷേ വെടിയേറ്റ് വീണ ഡോൺ കോർണിയോണെ കണ്ടു അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ പതറിപോക്കുന്നു. അയാൾ പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത വിധം ഷോക്കായി പോക്കുന്നു.


കബാലിയിലും ഇത്തരമൊരു ഭൂതകാലമുണ്ട്. തന്റെ ചുറ്റുമുള്ളവരുടെയും തന്റെയും അവശ്യത്തിന് പതിയെ ഉയർന്നു വന്നു ഡോൺ ആവുന്ന കബാലി 70 കളിലെ മലേഷ്യൻ തമിഴരുടെ അവസ്ഥയാണ് പറഞ്ഞത്. സിനിമയുടെ പകുതിയിൽ അയാൾക്കേറ്റ അഞ്ചു വെടിയുണ്ടകളും, അയാൾ വെടിയേറ്റ് കിടന്ന രീതിയും ഗോഡ്ഫാദറിനുള്ള ആദരവായി തോന്നി. മാത്രമല്ല കബാലിക്കും എറ്റവും മുഖ്യം തന്റെ കുടുബമായിരുന്നു. അതയാൾക്ക് മനസ്സിലായാത് ഇരുപതഞ്ചു വർഷത്തെ ജയിൽ വാസം അയാൾക്ക് സമ്മാനിച്ച വേർപ്പാടിൽ നിന്നാണെന്ന് മാത്രം. ഇവിടെ തമിഴെറശൻ കൊല്ലപ്പെടുന്നത് അയാൾ മയക്കുമരുന്നിന്നെ എതിർക്കുമ്പോഴാണ്. മയക്കുമരുന്നാണ് പലപ്പോഴും നല്ല ഗ്യാംഗ്സ്റ്ററുകളെ ചീത്ത ഗ്യാംഗ്സ്റ്ററുകളിൽ നിന്നും വേർതിരിക്കുന്നത്. ഗോഡ്ഫാദർ തൊട്ട് ഇങ്ങ് മലയാളത്തിലുള്ള ഇരുപതാം നൂറ്റാണ്ടിൽ പോലും ആ വേർതിരിവ് കാണാം. Drug is their moral dilemma.


കബാലി വെടിയേറ്റ് വീണതിന് ശേഷമുള്ള യോഗിയെ ശ്രദ്ധിക്കുക. ചെന്നൈയിലെ ഹോട്ടലിൽ അവൾ പതിവില്ലാത്ത വിധം പരിഭ്രാന്തയാവുന്നുണ്ട്. അച്ഛൻ വെടിയേറ്റ് വീണപ്പോൾ ഫ്രണ്ടോ കോർണിയോണിനെ അനുസ്മരിപ്പിക്കും വിധം ആർത്തലച്ച് കരയുന്നുണ്ട്.


ഇവയെല്ലാം ഉണ്ടെങ്കിലും കബാലി പരാജയമാവുന്നത് അതിന്റെ അവതരണതിലും മറ്റുമുള്ള അപൂർണത മൂലമാണ്. മലേഷ്യൻ കുടിയേറ്റക്കാരുടെ ചരിത്രം പറഞ്ഞെന്നു പറയുന്നു, പക്ഷേ ഒരിക്കലും അതിനൊരു വ്യക്തതയോ അവർ അനുഭവിച്ച പ്രശ്നങ്ങളോ അവതരണത്തിലില്ല. തമിഴ്രശൻ പോയപ്പോൾ പകരം വന്നവനായിട്ടാണ് കബാലിയെ കാണിക്കുന്നതെങ്കിലും അയാൾ ഡോൺ എന്നതിനേക്കാൾ കൂടുതലൊരു പൊളിറ്റിഷ്യൻ അവുന്നതാണ് കാണിച്ചിട്ടുള്ളത്. ഡോൺ എന്ന നിലക്ക് അയാളുടെ ശക്തിയോ അധികാര സിരാകേന്ദ്രങ്ങളിൽ അയാൾക്കുള്ള സ്വാധീനമോ ഇതിൽ കാണിക്കുന്നില്ല.


ഗോഡ്ഫാദറിൽ വിറ്റോ കോർണിയോൺ വെടിയേറ്റ് വീഴുന്ന രംഗത്തിൽ അയാൾക്ക് നേരെ വരുന്ന അപായത്തെ അയാൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് അയാൾ മരണത്തെ ഒഴിവാക്കുന്നത്. ഡോൺ എന്ന നിലക്ക് അതിജീവനത്തിലൂടെ അയാൾ നേടിയെടുത്ത ജ്ഞാനം. എന്നാൽ ഇവിടെ മീനായെ കണ്ടു കാർ വിട്ടിറങ്ങി ഓടുമ്പോൾ നമ്മൾ കാണുന്നത് ഇരുത്തം വന്ന ഗാംഗ്സ്റ്ററുടെ അനുഭവസ്ഥതയോ കുശാഗ്രബുദ്ധിയോ ഇല്ലാത്ത കബാലിയെ ആണ്. ഭാര്യയെ തേടി ചെന്നൈയിലേക്ക് പോകുമ്പോൾ ഒട്ടും ഉത്തരവാദിതമില്ലാതെ തന്റെ മിച്ചമുള്ള സാമ്രാജ്യത്തെയും കൂട്ടാളികളെയും എതിരാളിയുടെ ദയവിൽ ഏൽപ്പിച്ചാണ് പോക്കുന്നത്. അവരത് ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇവിടെയൊന്നും കൗശലകാരനായ ബിസ്സിനസ്സ് സാമ്രാജ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഗാംഗ്സ്റ്ററെ കാണാൻ ആവുന്നില്ല.


ഗാംഗ്സ് ഓഫ് വസ്സിപ്പൂറിലും മറ്റുമുള്ള തികച്ചും വികാരങ്ങളാൽ നയികപ്പെടുന്ന ഗാംഗ്സ്റ്ററെയാണ് കാണുന്നത്. ഒരു തരത്തിൽ മലേഷ്യയിലാണ് ചിത്രീകരിച്ചതെങ്കിലും മലേഷ്യയെ യോജിച്ചവണ്ണം ഉപയോഗപ്പെടുത്തുകയോ രേഖപ്പെടുത്തകയോ ചെയ്തിട്ടില്ല. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് വരുമ്പോൾ കഥാഗതിയിൽ ഭൂമിശാസ്ത്രം നിർണ്ണായകമാവുന്നില്ല. സ്കൈഫാളിൽ ബ്രിട്ടനിൽ നിന്നും സ്വീഡനിലേക്കുള്ള ഭൂമിശാസ്ത്ര മാറ്റത്തിന് എത്രത്തോളം  പ്രാധാന്യമുണ്ടെന്ന്  ശ്രദ്ധിക്കുമ്പോൾ ഇത് മനസ്സിലാവും.


ഗോഡ്ഫാദർ വളരെ വിപുലമായൊരു ലാൻഡ്സ്ക്കേപ്പാണ്. അമേരിക്കൻ കുടിയേറ്റ ചരിത്രവും, മദ്യ നിരോധനം തുടക്കം കുറിച്ച അമേരിക്കൻ ഓർഗനൈസ്ഡ് ക്രൈമുകളുടെയും ചരിത്രം പറയുന്ന ഒന്ന്. കബാലിയെ ആ ഐതിഹാസിക സിനിമയുമായി താരതമ്യം ചെയ്യുന്നതിൽ അപാകതയുണ്ടെന്ന് അറിയാതെയല്ല. കൃത്യമായ റഫറസുകളും objective correlative-കളും ( മലയാള പദം അറിയില്ല.) ഉണ്ടായിട്ടും കബാലി മാസ്സിനും ക്ലാസ്സിലും പെടാത്തെ എങ്ങനെയൊരു ശരാശരി പടമായി ചുരുങ്ങി പോയെന്ന് പരിശോധിക്കുന്നു എന്നു മാത്രം.