'വെരുപ്പീര് ഡാ'; ഇനി കബാലി എങ്ങോട്ട്?

ആദ്യ പ്രതികരണങ്ങളില്‍ നിന്നും ചിത്രം ഒരു വമ്പന്‍ വിജയമൊന്നും ആകില്ലയെന്ന്‍ ഏകദേശം ഉറപ്പായി കഴിഞ്ഞു.

ലോകമെമ്പാടുമുള്ള ആരാധകര്‍ ക്ഷമയോട് കാത്തിരുന്ന ചിത്രം. ഓഫീസുകള്‍ അവധിയും വിമാന കമ്പനികള്‍ പ്രത്യേകം വിമാനങ്ങളും വരെ പ്രഖ്യാപിച്ചു ഹൈപ്പ് അതിന്‍റെ കൊടുമുടിയോളം എത്തിച്ച ചിത്രം. കോളിവുഡിലെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായിഎത്തിയ കബാലി കേരളത്തില്‍ മാത്രം റിലീസ്ചെയ്തത് 300ല്‍ അധികം തീയറ്ററുകളിലാണ്.

ചിത്രം സെന്‍സര്‍ ചെയ്ത ശേഷം സെന്‍സര്‍ ബോര്‍ഡ് എഴുന്നേറ്റ് നിന്ന്കൈയടിച്ചു, ചിത്രം ജപ്പാന്‍- ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പുനര്‍ നിര്‍മിക്കുന്നു,അങ്ങനെ തുടങ്ങുന്ന വാര്‍ത്തകള്‍ വഴി സോഷ്യല്‍ മീഡിയ ലോകത്തും കബാലി നിറഞ്ഞു നില്‍ക്കുകയായിരുന്നു.


എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോകള്‍ കഴിയുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തകള്‍ അല്ല പുറത്ത് വരുന്നത്. വിദേശത്ത് അടക്കം ചിത്രത്തിന് സമിശ്ര പ്രതികരണമാണ്. കടുത്ത രജനി ആരാധകര്‍ വരെ ചിത്രത്തെ പറ്റി നിശ്ചിത വിമര്‍ശനം ഉന്നയിക്കുന്നു. ചിലര്‍ പഴി സംവിധായകന്‍റെ മാത്രം തലയില്‍ വച്ച് തങ്ങളുടെ ആരാധന മൂര്‍ത്തിയേ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, ചിലര്‍ 'അണ്ണന്' പ്രായമായി ഇനി ഇതൊക്കെ വേണോ എന്ന്  ചോദിക്കുന്നു?

ആദ്യ പ്രതികരണങ്ങളില്‍ നിന്നും ചിത്രം ഒരു വമ്പന്‍ വിജയമൊന്നും ആകില്ലയെന്ന്‍ ഏകദേശം ഉറപ്പായി കഴിഞ്ഞു. രജനിയുടെ കഴിഞ്ഞ രണ്ട് സിനിമകളായ കൊച്ചടയാനും ലിങ്കയും ബോക്സോഫീസിൽ കനത്ത പരാജയങ്ങളായിരുന്നു എന്നത് ഇവിടെ കൂട്ടി വായിക്കപ്പെടണം. നിർമാതാവിനും വിതരണക്കാർക്കും രജനി പൈസ തിരിച്ചു കൊടുക്കേണ്ട അവസ്ഥ വരെയെത്തിച്ച സിനിമകളായിരുന്നു രണ്ടും. ആ അവസ്ഥയില്‍ നിന്നും തലൈവര്‍ ശക്തമായ ഒരു തിരിച്ചു വരവ്  നടത്തുമെന്ന് പ്രതീക്ഷിച്ച ചിത്രമാണ് കബാലി. എന്നാല്‍  പ്രതീക്ഷകള്‍ തകിടം മറിയുകയാണ്. രജനിയുടെ സ്റ്റൈല്‍ കാണാന്‍ വേണ്ടി മാത്രം തീയറ്ററുകളില്‍ പോയി കബാലി കാണാം എന്ന്ചിലര്‍ പറയുമ്പോള്‍ ബാഷയും പടയപ്പയും ഒന്നും പ്രതീക്ഷിച്ചു പോകണ്ട എന്ന് മറു ഭാഗം പറയുന്നു.

സൂപ്പർതാരങ്ങളുടെ സിനിമകൾ വൻ തുക മുടക്കി വാങ്ങുന്ന വിതരണക്കാരെയാണ് പരാജയങ്ങൾ ഏറ്റവുമധികം ബാധിക്കുക.നായകൻ രജനികാന്ത് ആണെങ്കിലും ചിത്രം നല്ലതല്ലെങ്കിൽ പരാജയപ്പെടുമെന്ന് നേരത്തെ തെളിഞ്ഞിട്ടുമുണ്ട്.ചുരുക്കത്തിൽ രജനിയെ സംബന്ധിച്ച് കബാലി നിർണായകമായ ഒരു ചുവടാണ്. കബാലി വിജയിച്ചാലും പരാജയപ്പെട്ടാലും രജനികാന്ത് എന്ന താരത്തിനെയോ അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിനെയോ അത് കാര്യമായി ബാധിക്കില്ലായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ താരമൂല്യത്തിന് ഇടിവുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. രജനിയെ മാത്രം കണ്ട് സിനിമ എടുക്കണോ എന്ന് നിർമാതാക്കൾ പോലും ഒന്നാലോചിച്ചേക്കാം.

കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ സ്റ്റൈല്‍ മന്നന്‍റെ ചിത്രങ്ങളില്‍ ഏറിയ പങ്കും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നുവെന്നും കണക്കുകള്‍ സൂചിപിക്കുന്നു. ഇത്ര കാലത്തിനിടയില്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ 7 സിനിമകളില്‍ നാലും പരാജയപ്പെട്ടു. 2002ല്‍ ബാബ, 2008ല്‍ കുസേലന്‍, 2014ല്‍ കൊച്ചടയാന്‍, ലിംഗ എന്നീ ചിത്രങ്ങള്‍ തീയറ്റരുകളില്‍ പരാജയമറിഞ്ഞു. ഈ കാലയളവില്‍ ചന്ദ്രമുഖി, ശിവാജി,എന്തിരന്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്ഹിറ്റ്‌ സമ്മാനിച്ചത്.


നഷ്ടങ്ങളുടെ കണക്ക് എടുത്താല്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് അവസാനം പുറത്തിറങ്ങിയ ലിംഗ തന്നെയാണ്. ആരാധകര്‍ പോലും വലിയ രീതിയില്‍ വിമര്‍ശിച്ച ചിത്രം വിതരണം ചെയ്ത വഴി വിതരണക്കാര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ 60-70% വരെ നഷ്ടമുണ്ടായി.


2000ത്തിന് ശേഷം ഭഗവാന്‍ ശിവന്‍റെ നാമത്തിലുള്ള 4 രജനി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.ഇതില്‍ മൂന്നും പരാജയപ്പെട്ടു. കബാലിയെന്നതും ശിവന്‍റെ മറ്റൊരു പേരാണ് എന്നതാണ് ഇവിടത്തെ രസകരമായ വസ്തുത.


സോഷ്യല്‍ മീഡിയ റിവ്യൂകളെ മറി കടന്നു 'വൈഡ് റിലീസ്' ചിത്രമായ കബാലിക്ക് ഇന്നലെ വരെ പ്രതീക്ഷിച്ച വിജയം കൈപിടിയില്‍ ഒതുക്കണമെങ്കില്‍ ഒരുപാട് വിയര്‍പ്പ് ഒഴുക്കേണ്ടി വരും.


അടികുറിപ്പ്:


ഇന്ന് കണ്ട ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ്


"ഒരു സിനിമയ്ക്ക് പോയി, കബാലി, കഥ കഴിഞ്ഞു"