കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം; മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

മാധ്യമപ്രവര്‍ത്തകരെ ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല. കോടതിക്ക് പുറത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു.

കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം; മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അതിക്രമിച്ചുകയറി എന്നാരോപിച്ച് ക്യാമറമാന്മാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

കോടതി റിപ്പോര്‍ട്ടിംഗിനായി എത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു ആദ്യ വിശദീകരണം.


എന്നാല്‍ പിന്നീട് ജില്ലാ ജഡ്ജ് വ്യക്തിപരമായി വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ടൗണ്‍ എസ്‌ഐ പിന്നീട് പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു ഉത്തരവുള്ളതായി പോലീസോ കോടതിയോ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല.

മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുന്ന എസ്‌ഐയുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 'നിങ്ങളനുഭവിക്കുമെന്ന്' പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പോലീസിന്റെ അതിക്രമം.

മാധ്യമപ്രവര്‍ത്തകരെ ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല. കോടതിക്ക് പുറത്ത് നിന്ന മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു.

ജില്ലാ ജഡ്ജിയുടെ നിര്‍ദേശമനുസരിച്ചാണ് അറസ്റ്റ്. ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ് അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. മാധ്യമങ്ങളുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, അഭിഭാഷകരുടെ ഭാഗത്ത് നിന്ന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. പോലീസാണ് യാതൊരു പ്രകോപനവുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്.

ഹൈക്കോടതിയിലും തിരുവന്തപുരം വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് കോഴിക്കോടും  മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നും വിലക്കുകയും ആക്രമണം നടക്കുകയും ചെയ്തത്.

Read More >>