ചെയിൻ ബിസിനസിലൂടെ വടക്കഞ്ചേരി പടുത്തുയർത്തിയത് കോടികളുടെ സാമ്രാജ്യം: നാരദാ ന്യൂസ് എക്സ്പോസ്

കെ ടി ജയകൃഷ്ണൻ കൊല്ലപ്പെടുമ്പോള്‍ ആ ക്ലാസിലുണ്ടായിരുന്ന കുട്ടികളെ കൗണ്‍സിലിംഗ് കൊണ്ടോ ചികിത്സകൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും അവരെ വെടിവച്ചുകൊല്ലുന്നതാണ് നല്ലത് എന്നും പരസ്യമായി അഭിപ്രായപ്പെട്ട 'വിദഗ്ദ്ധ'നാണ് ജേക്കബ് വടക്കഞ്ചേരി. ഇപ്പോഴദ്ദേഹം ഡിഫ്ത്തീരിയ ബാക്ടീരിയയുടെ കാണപ്പെട്ട ദൈവമാണ്. അനേകം പനി മരണങ്ങളുടെ പുണ്യവാളൻ.

ചെയിൻ ബിസിനസിലൂടെ വടക്കഞ്ചേരി പടുത്തുയർത്തിയത് കോടികളുടെ സാമ്രാജ്യം: നാരദാ ന്യൂസ് എക്സ്പോസ്

കെ ടി ജയകൃഷ്ണൻ കൊല്ലപ്പെടുമ്പോള്‍ ആ ക്ലാസിലുണ്ടായിരുന്ന കുട്ടികളെ  കൗണ്‍സിലിംഗ് കൊണ്ടോ ചികിത്സകൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും അവരെ വെടിവച്ചുകൊല്ലുന്നതാണ് നല്ലത് എന്നും പരസ്യമായി അഭിപ്രായപ്പെട്ട 'വിദഗ്ദ്ധ'നാണ് ജേക്കബ് വടക്കഞ്ചേരി.  ഇപ്പോഴദ്ദേഹം ഡിഫ്ത്തീരിയ ബാക്ടീരിയയുടെ കാണപ്പെട്ട ദൈവമാണ്. അനേകം പനി മരണങ്ങളുടെ പുണ്യവാളൻ. അനുയായികള്‍ക്കും ആരാധകര്‍ക്കും ദിവ്യനോ ഗുരുവോ. മദ്യവിരുദ്ധ പ്രവര്‍ത്തകനില്‍ നിന്നും വാക്‌സിന്‍ വിരുദ്ധ പ്രചാരകനിലേക്ക് വളര്‍ന്ന ഒന്നാംതരം കച്ചവടക്കാരനാണ് വടക്കഞ്ചേരി.


അത്ഭുതരോഗശാന്തിക്കാരെ വെല്ലുന്ന വാക്ചാതുരിയും യോഗയുടെ മറവില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ബാബാ രാംദേവ് മോഡല്‍ ബുദ്ധിയും കൂടിച്ചേര്‍ന്നതാണ് യാഥാര്‍ത്ഥത്തില്‍ 'ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി'. ഗാന്ധിയന്‍ എന്ന വിശേഷണവും, കമ്മ്യൂണിസ്റ്റുകള്‍ ഉപയോഗിക്കുന്ന വാക്കുകളും, തീവ്ര മുസ്ലിം - ക്രിസ്ത്യന്‍ വിശ്വാസികള്‍ അനുകൂലിക്കുന്ന വാദങ്ങളും ആണ് ജേക്കബ് വടക്കഞ്ചേരിയുടെ വാക്‌സിന്‍ വിരുദ്ധ പരാമര്‍ശങ്ങളെയും പ്രകൃതി ജീവനത്തെയും ജനപ്രിയമാക്കുന്നത്. പഴവും പച്ചക്കറിയും കഴിച്ചുള്ള ഗാന്ധിയന്‍ രീതിയെക്കുറിച്ച് വടക്കഞ്ചേരി പറയുന്നു. ഇടതുപക്ഷപുരോഗമനവാദികള്‍ പ്രസിദ്ധമാക്കിയ 'സാമ്രാജ്യത്വ കോര്‍പറേറ്റ് അജണ്ട' എന്നൊക്കെയുള്ള വാക്കുകള്‍ വാക്‌സിനുകളെപ്പറ്റിയും മോഡേണ്‍ മെഡിസിന്‍ കമ്പനികളെക്കുറിച്ചും പറയാന്‍ ഉപയോഗിക്കുന്നു. ശരീരം തന്നെ രോഗം ഭേദമാക്കുന്നു - മരുന്നുകള്‍ വേണ്ടാ എന്നൊക്കെയുള്ള വാദങ്ങള്‍ തീവ്ര സെമിറ്റിക് മതഭക്തന് പ്രിയങ്കരമാവുന്നു. അങ്ങനെ വടക്കഞ്ചേരിയുടെ വാദങ്ങള്‍ ജനപ്രിയമാവുകയും അതിവേഗം പ്രചാരം നേടുകയും ചെയ്യുന്നു.പ്രകൃതിചികിത്സ  എന്ന വടക്കഞ്ചേരിയുടെ പ്രവര്‍ത്തനത്തിന് അത്ഭുത രോഗശാന്തിയുമായി വലിയ അകലമൊന്നും ഇല്ല. ഹിസ്റ്റീരിയ ബാധിച്ചതുപോലുള്ള ജല്‍പനങ്ങളും കൂക്കുവിളികള്‍ നിറഞ്ഞ ദൈവസ്‌തോത്രവും ഒഴിച്ച് നിര്‍ത്തിയാല്‍ തികച്ചും അച്ചടക്കത്തോടെ നടക്കുന്ന ദിവ്യാദ്ഭുതരോഗശാന്തിശുശ്രൂഷ തന്നെയാണ് വടക്കഞ്ചേരിയുടെ ഓരോ പ്രസംഗവേദികളും. ദിവ്യാത്ഭുതക്കാരില്‍ നിന്നും വ്യത്യസ്തമായി വടക്കഞ്ചേരി 'ഓണ്‍ ദ സ്‌പോട്ട്' രോഗമുക്തി നല്‍കുന്നില്ല. എന്നാല്‍ പഴചികിത്സയിലൂടെയും മറ്റും രോഗശാന്തി നേടിയിട്ടുള്ളവരുടെ സാക്ഷ്യം പറച്ചില്‍ ഒക്കെ മീറ്റിങ്ങുകളില്‍ മുറപോലെ നടക്കും. യൂട്യൂബ് ചാനല്‍ വഴിയും സാക്ഷ്യം പറച്ചിലുകള്‍ ഉണ്ട്. ദിവ്യാത്ഭുത രോഗശാന്തിക്കാരന്‍ സജിത് ജോസഫിനെപ്പോലെ പേരും അഡ്രസ്സും ഇല്ലാത്തവരല്ല വടക്കഞ്ചേരിയുടെ സാക്ഷ്യം പറച്ചിലുകാര്‍. എല്ലാവരും അധ്യാപകരോ പോലീസുകാരോ ഉന്നതോദ്യോഗസ്ഥരോ ആയിരിക്കും.ഏറെക്കാലം പ്രമേഹത്തിനും മറ്റും ചികിത്സതേടിയിട്ടുള്ളവര്‍ ആണ് മിക്കവാറും വടക്കഞ്ചേരിയുടെ രോഗികള്‍. വെജിറ്റബിളും പഴവും കഴിച്ച് രോഗസൗഖ്യം ഉണ്ടാകുമത്രേ. മുന്‍പ് കഴിച്ച മരുന്നുകളുടെ സ്വാധീനം മൂലം ഉണ്ടാകുന്ന താത്കാലിക ആശ്വാസങ്ങള്‍ മാത്രമാണ് ഇതെന്നാണ് ഡയബറ്റിക് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. വടക്കഞ്ചേരിയുടെ ചികിത്സ  പാലിക്കാതിരിക്കുന്ന ആളുകള്‍ വിശ്വസിക്കുന്നത് അഥവാ വിശ്വസിപ്പിച്ചിരിക്കുന്നത് അവര്‍ക്ക് രോഗസൗഖ്യം ഉണ്ടാകാത്തത് മുന്‍പ് കഴിച്ച മോഡേണ്‍ മരുന്നുകള്‍ കാരണമാണ് എന്നാണ്. ഒരുപക്ഷേ ദിവ്യാത്ഭുതക്കാരുടെ അടുത്ത് 'ദൈവാനുഗ്രഹം' ലഭിക്കാത്തവര്‍ക്ക് രോഗസൗഖ്യം ലഭിക്കാത്തതിന് സമാനമായ അവസ്ഥ!1980ല്‍ ഗാന്ധിയന്‍ ആയും മദ്യവര്‍ജ്ജകപ്രവര്‍ത്തകന്‍ ആയും പൊതുരംഗത്തേക്കിറങ്ങിയ വടക്കഞ്ചേരിയുടെ വളര്‍ച്ച വ്യത്യസ്ത മേഖലകളിലൂടെ ആയിരുന്നു. വടക്കഞ്ചേരി ഒരു പക്ഷെ മദ്യത്തിന് ശേഷം തള്ളിപ്പറഞ്ഞിരിക്കുക '
പൊറോട്ടയെ
' ആയിരിക്കും. പൊറോട്ട പോലുള്ള ജനകീയ ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍ കഴിച്ച് ജീവിതശൈലീ രോഗങ്ങള്‍ പിടിപെട്ട് ഉഴലുന്ന മലയാളിക്ക് അത് ഏറെ പ്രിയങ്കരമായി. ഓയില്‍ വിഭവങ്ങള്‍, പാചകരീതി എന്നിവയിലൊക്കെ അശാസ്ത്രീയത കണ്ടെത്തി പ്രചാരണവും ക്ലാസുകളും ആരംഭിച്ചതോടെ ജേക്കബ് വടക്കഞ്ചേരി ജനപ്രിയനായി.

ബിസിനസ് സാമ്രാജ്യത്തിന്റെ ആരംഭം

അങ്ങനെ 1998ല്‍ വടക്കഞ്ചേരി 'നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍' എന്ന എന്‍ ജി ഒ ആരംഭിച്ചു. പിന്നീട് യോഗ ഗുരു രാംദേവിന്റെ വഴിയിലൂടെയാണ് ഈ എന്‍ ജി ഒ സഞ്ചരിച്ചത്. ഇപ്പോള്‍ ഏഴ്  പ്രകൃതിചികിത്സാ ആശുപത്രികളും നാല് ശാഖകളുള്ള അരുവി പ്രകൃതി ഭോജന റെസ്റ്റോറന്റുകളും മുപ്പത് പ്രകൃതിജന്യ ഉത്പന്നങ്ങളും നിരവധി പ്രസിദ്ധീകരണങ്ങളും ഹോളിഡേ ടൂറുകളും ഒക്കെയുള്ള ഒരു വ്യാപാരസ്ഥാപനം ആണ് 'നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍'. ഗാന്ധിയന്‍ എന്ന വിശേഷണത്തില്‍ നിന്നും 'ഡോക്ടര്‍' എന്നും പ്രകൃതിജീവകന്‍ എന്നും സാമൂഹ്യപ്രവര്‍ത്തകന്‍ എന്നും ഒക്കെയുള്ള വിശേഷണത്തിലേക്ക് ജേക്കബ് വടക്കഞ്ചേരിയും വളര്‍ന്നുകഴിഞ്ഞു. പണ്ട് മദ്യത്തെ തള്ളിപ്പറഞ്ഞ വടക്കഞ്ചേരി ഇന്ന് വാക്‌സിനുകളെ തള്ളിപ്പറയുന്നു.

vadakkanjeri-online-market

വടക്കഞ്ചേരിയുടെ ഹോസ്പിറ്റലുകളില്‍ ഉപയോഗിക്കുന്നത് അശാസ്ത്രീയവും പ്രാചീനവുമായ ഗോത്രകാല ചികിത്സാ രീതിയാണ്. പനി അനുഗ്രഹമാണെന്നും പല കഠിനമായ രോഗങ്ങള്‍ക്കും കഫമാണ് കാരണമെന്നും അതിന് മണ്ണുപൊത്തിയുകയാണ് വേണ്ടതെന്നും വടക്കഞ്ചേരി  നടത്തുന്ന പ്രസംഗങ്ങള്‍ യൂട്യൂബില്‍  തന്നെ സുലഭമാണ്.

ദൂരദർശനിലൂടെയും കപടശാസ്ത്ര പ്രചാരണം

2012 ജൂലൈയില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തു വരുന്ന തത്സമയ ഫോണ്‍-ഇന്‍ പരിപാടിയായ 'വീട്ടുവിശേഷ'ത്തില്‍ ജേക്കബ് വടക്കാഞ്ചേരി പങ്കെടുത്തിരുന്നു. ശാസ്ത്രചിന്തയും ജനോപകാരപ്രദമായ പരിപാടികളും സംപ്രേഷണം ചെയ്യാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക ചാനല്‍ ഇത്തരം ഒരു വ്യക്തിയെ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പരിപാടിയില്‍ അതിഥിയായി വിളിച്ചതെന്ന് അറിയില്ല. പതിവുപോലെ ചികിത്സക്ക് മരുന്നുവേണ്ടെന്നും പനി അനുഗ്രഹമാണെന്നും ഒക്കെ പറഞ്ഞു പ്രോഗ്രാം മുന്നേറുന്നു. ഇടയില്‍ ഫോണ്‍ കോളുകള്‍ വരുന്നുണ്ട്.

[video width="1280" height="720" mp4="http://ml.naradanews.com/wp-content/uploads/2016/07/vadakkanchery.mp4"][/video]

കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്...

പ്രോഗ്രാം തുടങ്ങി 14 മിനിട്ടുകള്‍ക്ക് ശേഷം വരുന്ന ഫോണ്‍ കോള്‍ കോഴിക്കോട് സ്വദേശി സതീഷിന്റേതാണ്. ആസ്ത്മയെക്കുറിച്ചാണ് സതീഷിന്റെ സംശയം. ശ്വാസകോശത്തില്‍ കഫം നിറയുമ്പോള്‍ ആണ് ആസ്ത്മ വരുന്നതെന്നും അതിനു പ്രകൃതി ചികിത്സയില്‍ 'കൃത്യമായ' ചികിത്സാ പദ്ധതി ഉണ്ടെന്നും വടക്കഞ്ചേരി മറുപടി പറയുന്നു.

കോഴിക്കോടുള്ള വടക്കഞ്ചേരിയുടെ ആശുപത്രിയില്‍ ആസ്ത്മാ ചികിത്സക്കുവന്ന ഒരാള്‍ തലയില്‍ കളിമണ്ണ് പൊതിയല്‍ ഉള്‍പ്പെടെയുള്ള പ്രാകൃത ചികിത്സകൊണ്ട് മരണപ്പെട്ടെന്നും നിങ്ങള്‍ കൊന്നതാണെന്നും ഫോൺ ചെയ്തയാൾ പെട്ടെന്ന് പറഞ്ഞപ്പോള്‍ വടക്കഞ്ചേരി അസ്വസ്ഥനാവുകയും അതു തനിക്കറിയില്ലെന്നു പറഞ്ഞൊഴിയുകയും ചെയ്യുന്നു. പിന്നീട് രോഗി മുന്‍പ് എടുത്ത ചികിത്സകളിലേക്ക് കുറ്റം ചാരാനാണ് വടക്കഞ്ചേരി ശ്രമിക്കുന്നത്.

തുടര്‍ന്ന് വടക്കഞ്ചേരി അവതാരകനെ നോക്കുന്നതും അവതാരകന്‍ ടെക്‌നിക്കല്‍ ടീമിനെ നോക്കുന്നതും 'കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്' ശൈലിയില്‍ കോള്‍ കട്ട് ചെയ്യുന്നതും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ ദൃശ്യങ്ങളില്‍ തന്നെ കാണാം. ഇത്തരം ഒരു പ്രചാരകനെ പൊതു ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ സംരക്ഷിച്ച് ഇടം കൊടുക്കുന്നത് എന്തിനാണ്? ആരുടെ നിരദേശപ്രകാരമാണ് ഇത്തരം പരിപാടികള്‍ ദൂരദര്‍ശന്‍ പോലെ ഉത്തരാവാദിത്തമുള്ള ചാനലുകളില്‍ സംപ്രേഷണം ചെയ്യപ്പെടുന്നത്?

സാക്ഷികൾ കൊല്ലപ്പെടേണ്ടവരാണ്!


രോഗികളോടുള്ള വടക്കഞ്ചേരിയുടെ സമീപനം മനസ്സിലാക്കാന്‍ ഏഷ്യാനെറ്റ് ചാനലിന്റെ ചുവടെ കൊടുത്തിരിക്കുന്ന സുപ്രഭാതം എപ്പിസോഡ് കാണുക. മനുഷ്യന്റെ ചുറ്റുപാടുകളും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് അവതാരകന്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള ഉത്തരം പറയുമ്പോള്‍ ആണ് വടക്കഞ്ചേരി കണ്ണൂരിനെക്കുറിച്ച് പറയുന്നത്.

[video width="1280" height="720" mp4="http://ml.naradanews.com/wp-content/uploads/2016/07/Suprabhatham.mp4"][/video]

യുവമോർച്ചാ നേതാവ് കെ ടി ജയകൃഷ്ണന്‍ കൊല്ലപ്പെടുമ്പോള്‍ ആ ക്ലാസിലിരുന്ന കുട്ടികളെ കൗണ്‍സിലിംഗ് കൊണ്ടോ ചികിത്സകൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും അവരെ വെടിവച്ചുകൊല്ലുന്നതാണ് നല്ലത് എന്നും വടക്കഞ്ചേരി അഭിപ്രായപ്പെടുന്നു. അന്ന് സംഭവത്തിന് ദൃക്സാക്ഷികളാകേണ്ടി വന്ന കുട്ടികളെ ശാസ്ത്രീയമായ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ചികിത്സകൊണ്ട് സാധാരണ നിലയിലേക്ക് കൊണ്ടുവരികയും അവര്‍ നല്ല രീതിയില്‍ ജീവിക്കുകയും ചെയ്യുന്നുണ്ട്. രോഗത്തിന്റെയും രോഗിയുടെയും അവസ്ഥകളെ ഇത്തരത്തില്‍ വിശകലനം ചെയ്യുന്ന ഒരു വ്യക്തിയുടെ മാനസികനില എന്താണ്?

ധ്യാനകേന്ദ്രങ്ങളുടെ ശൈലി; ഹതാശരായ രോഗികൾ

വടക്കഞ്ചേരിയുടെ ചികിത്സാലയങ്ങളുടെ പ്രവര്‍ത്തനം ധ്യാനകേന്ദ്രങ്ങള്‍ക്കു സമാനമാണ്. വടക്കഞ്ചേരി നേരിട്ടു പരിശീലനം നല്‍കിയ സ്റ്റാഫും വടക്കഞ്ചേരി നിര്‍ദേശിക്കപ്പെട്ട മുറയിലുള്ള ചികിത്സാ സമ്പ്രദായങ്ങളുമാണ് അവിടെ പുലരുന്നത്.

പലപ്പോഴും മോഡേണ്‍ മെഡിസിന്‍ ഉപയോഗിച്ചിട്ട് രോഗശാന്തി ഉണ്ടാകാത്തവരാണ് പ്രകൃതി ചികിത്സക്കെത്തുന്നത്. രോഗശാന്തി ഉണ്ടായില്ലെങ്കില്‍ അതിനു കാരണം പണ്ട് കഴിച്ചിട്ടുള്ള മോഡേണ്‍ മരുന്നുകള്‍ ആണെന്നും ഇനി അഥവാ ഫലമില്ലെങ്കില്‍ തിരിച്ചു പഴയ ചികിത്സാരീതിയിലേക്ക് പോകാം എന്നുമൊക്കെയുള്ള കൗണ്‍സിലിംഗ് ആണ് രോഗിക്കും ബന്ധുക്കള്‍ക്കും ആദ്യം ലഭിക്കുന്നത്.

അതുകൊണ്ടു തന്നെ ചികിത്സാ പിഴവുകളുടെയോ അതുമൂലം രോഗിക്ക് സംഭവിക്കുന്ന അപകടങ്ങളുടെയോ ഉത്തരവാദിത്വം വടക്കഞ്ചേരിയില്‍ ആരോപിക്കപ്പെടുന്നില്ല. വൈദ്യന്‍ എന്നതിനപ്പുറത്ത് വടക്കാഞ്ചേരി വിശുദ്ധനും ആരാധ്യനുമായി തീരുന്ന മനഃശാസ്ത്രം രോഗികളിലും ബന്ധുക്കളിലും പ്രയോഗിക്കപ്പെടുന്നു. അവിടെ തെറ്റുകളും പിഴവുകളും വടക്കഞ്ചേരിയില്‍ ഇല്ലാതാകുന്നു.

ബ്രാൻഡ് ബിൽഡിങ്ങിന് ഹെൽത്ത് മാർക്കറ്റിങ് രംഗത്തെ പ്രമുഖർ

ആധുനിക മെഡിസിനോടും അവരുമായി ബന്ധപ്പെട്ട എന്തിനോടും വെറുപ്പും അവജ്ഞയും പ്രകടിപ്പിക്കുന്ന ജേക്കബ് വടക്കഞ്ചേരിയുടെ നാച്വര്‍ ലൈഫ് ഇന്റര്‍നാഷനലിന്റെ വെബ്സൈറ്റും പ്രവര്‍ത്തനങ്ങളും മാര്‍ക്കറ്റ് ചെയ്യുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്നത് '
അന്‍വിത ടൂര്‍ടുഹെല്‍ത് പ്രൈവറ്റ് ലിമിറ്റഡ്
' എന്ന സ്ഥാപനമാണ്. തൃശൂര്‍ ഇന്‍ഫോപാര്‍ക്കിൽ ഓഫീസുള്ള തെന്നിന്ത്യയിലെ പ്രമുഖ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണ് അന്‍വിത ടൂര്‍ടുഹെല്‍ത്. ദക്ഷിണേന്ത്യയിലെ പ്രമുഖ കൃത്രിമ ബീജധാരണ ആശുപത്രികള്‍ മുതല്‍ വടക്കഞ്ചേരി ആശയപരമായി എതിര്‍ക്കുന്ന മോഡേണ്‍ മെഡിക്കല്‍ ആശുപത്രികള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവർ വരെ ബ്രാൻഡ് ബിൽഡിങ്ങിനായി സമീപിക്കുന്ന അതേ വെബ് മാർക്കറ്റിങ് ഏജൻസിക്കു തന്റെ സ്ഥാപനത്തിന്റെ പ്രമോഷന്‍ ജോലികള്‍ നല്‍കിയ വടക്കഞ്ചേരിയുടെ വാക്കും പ്രവര്‍ത്തിയും വിലയിരുത്തപ്പെടേണ്ടതാണ്. 'വിര്‍ച്വല്‍ ഡോക്ടര്‍' തുടങ്ങിയ നവീന ചികിത്സാ മാര്‍ഗങ്ങള്‍ ഉന്നം വെക്കുന്ന 'മെഡിഗുരു' പോലുള്ള സംരംഭങ്ങളുടെ ഓണ്‍ലൈന്‍ ടൂളുകളും ആധുനിക ചികിത്സാ വിരോധിയായ വടക്കഞ്ചേരി ഉപയോഗപ്പെടുത്തുന്നുണ്ട്.

vadakkanjeriവിവിധ കക്ഷികളിലെ രാഷ്ട്രീയ നേതാക്കന്മാരുമായും മേധാപട്‌കര്‍ പോലുള്ള വ്യക്തിത്വങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന വടക്കഞ്ചേരി ഉപവിയുടെ (ചാരിറ്റി) വഴിയില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ബാബാ രാംദേവിന്റെ അനിയനാണ്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഇദ്ദേഹത്തിന്റെ ബ്രാൻഡ് അംബാഡിഡർമാരിൽ പ്രമുഖനാണ്. ബേബി പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ വാക്കുകളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് ഇയാളുടെ മാർക്കറ്റിങ്.

തവിടു മുതൽ ഫേഷ്യൽ ക്രീം വരെ: മണി ചെയിൻ മാതൃകയിൽ കച്ചവട ശൃംഖല

നേച്ചർ ലൈഫ് ഇന്റര്‍നാഷനലിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയും അല്ലാതെയും തവിട് മുതല്‍ സൗന്ദര്യവര്‍ധകവസ്തുക്കള്‍ വരെയുള്ള മുപ്പത് വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് വടക്കഞ്ചേരി വിറ്റഴിക്കുന്നത്. തന്റെ ശിക്ഷണത്തിലൂടെ 'സ്വയം ഡോക്ടര്‍മാര്‍' ആക്കപ്പെടുന്നവരും അവരാല്‍ 'സ്വയം ഡോക്ടര്‍മാര്‍' ആകപ്പെടുന്നവരും ഒക്കെ തന്റെ പ്രോഡക്ട് ആണ് ഉപയോഗിക്കുക എന്ന് വടക്കഞ്ചേരിക്ക് നല്ല നിശ്ചയമുണ്ട്. ഒരു നിശബ്ദ 'മണിചെയിന്‍' മോഡല്‍ ആണ് ഇത്.

കേരളത്തിൽ ഡോക്ടർ; മറുനാട്ടിൽ ഡോക്ചർ!

ജേക്കബ് വടക്കഞ്ചേരി പേരിനു മുന്നിൽ തിരുകുന്ന  'ഡോക്ടര്‍' വിശേഷണത്തെക്കുറിച്ച് ചർച്ചകളുയർന്നിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മദ്യത്തെയും പിന്നീട് പൊറോട്ടയെയും പാചകരീതികളെയും തള്ളിപ്പറഞ്ഞു ഇപ്പോള്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്ന വടക്കഞ്ചേരി കേരളത്തില്‍ മാത്രമാണ്  'ഡോക്ടര്‍' എന്ന വിശേഷണം ഉപയോഗിക്കുന്നത്. വിദേശത്ത് ക്ലാസ്സുകളും സെമിനാറുകളും കൈകാര്യം ചെയ്യുമ്പോള്‍ 'ഡോക്ടര്‍-ടീച്ചര്‍' എന്ന വിചിത്രമായ വാക്കാണ് പേരിനു മുന്നില്‍ ഉപയോഗിക്കുന്നത്. ഡോക്ചർ എന്ന മിശ്രവാക്കും ഇദ്ദേഹം ഇടയ്ക്കുപയോഗിക്കുന്നു. അതിന്റെ ചുരുക്കപ്പേരാണ് ഡോ എന്നുപറഞ്ഞു പലപ്പോഴും തടിതപ്പുകയും ചെയ്യും.

ബാലിയിലെ ആഡംബര ടൂറിസം റിസോര്‍ട്ട് ആയ ബ്ലൂകര്‍മയില്‍
നടക്കുന്ന 'ഡോക്ടര്‍-ടീച്ചര്‍' വടക്കഞ്ചേരിയുടെ ഏഴു ദിവസത്തെ പ്രകൃതിജീവനക്ലാസിന്റെ ഫീസ് 1700 യുഎസ് ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. ഒരു ലക്ഷം ഇന്ത്യന്‍ രൂപക്കുമേല്‍ വരും ഈ തുക! കേരളത്തിൽ ഓരോ ബാച്ച് 'ഡോക്ചർ'മാരെയും ഒരാഴ്ച അടവച്ചു വെളിയിൽ വിടുന്നതിന് 7500 മുതൽ 10,000 രൂപ വരെയാണ് ഫീസ്. ഒരു ബാച്ചിൽ പരമാവധി 40 പേരെയാണു പ്രവേശിപ്പിക്കുക. പരിപാടികൾ മിക്കതും രജിസ്ട്രേഷൻ വച്ചാണ്. സ്ഥലവും ചുറ്റുപാടുമനുസരിച്ച് 50 രൂപമുതൽ 500 രൂപവരെ രജിസ്ട്രേഷൻ ഫീസ് ഉണ്ടാവും. അതേ സമയം സൗജന്യമായി വാക്സിൻ വിരുദ്ധ പ്രസംഗം നടത്താനും തയ്യാർ.

മോഡേണ്‍ മരുന്നുകളുടെ വിരുദ്ധത ഉള്‍പ്പെടെ വിനാശകരമായ പ്രചാരണങ്ങള്‍ എന്തിനാണ് നടത്തുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ എളുപ്പമാണ്. 'ഡാ തടിയാ' എന്ന ചലച്ചിത്രത്തിലൂടെ ആഷിക് അബു ചൂണ്ടിക്കാട്ടിയ കച്ചവടതന്ത്രം തന്നെയാണ് അത്.

ജീവിത ശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളീയരെ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും ആശയങ്ങള്‍ പ്രചരിപ്പിച്ച് ലാഭം ഉണ്ടാക്കുന്ന ബിസിനസ് സംരംഭകന്‍ മാത്രമാണ് വടക്കഞ്ചേരി. കൂടെ ചില തീവ്ര മതവിശ്വാസങ്ങളുടെ മേമ്പൊടിയും ചില ഹോമിയോ ഡോക്ടര്‍മാരും ചേരുമ്പോള്‍ ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്നെന്നു മാത്രം.

വിശ്വസിക്കാം; മന്ത്രിയുടെ വാക്കിനെ

വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ  പ്രസ്താവിച്ചിട്ടുണ്ട്. അന്ധവിശ്വാസ ബിസിനസ് സംരംഭങ്ങളുടെയും പ്രചാരണത്തിന്റെയും വേരുകള്‍ അറുക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാട്ടുമോ എന്ന് കാത്തിരുന്നു കാണാം.