സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം; കുറ്റ്യാടിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

വേളം പുത്തലത്ത് സ്വദേശി നസിറുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ലീഗ് ആരോപിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജയിലിലായതിന്റെ പ്രതികാരമാണ് കൊലപാതകം എന്നും ലീഗ് നേതൃത്വം പറയുന്നു

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം; കുറ്റ്യാടിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി വേളത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു മുതല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന ലീഗ്-എസ്‌ഡിപിഐ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്ന് കരുതപ്പെടുന്നു. വേളം പുത്തലത്ത് സ്വദേശി നസിറുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ എസ്‌ഡിപിഐ ആണെന്ന് ലീഗ് ആരോപിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ജയിലിലായതിന്റെ പ്രതികാരമാണ് കൊലപാതകം എന്നും ലീഗ് നേതൃത്വം പറയുന്നു.


കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന എസ്‌ഡിപിഐ-ലീഗ് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ നസിറുദ്ദീന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് എസ്‌ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നത് എന്നാണ് ലീഗ് ആരോപിക്കുന്നത്.

കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഇന്നലെ വൈകുന്നേരം നസിറുദ്ദീനും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വഴി തടസ്സപ്പെടുത്തി വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.മുസ്ലീംലീഗ് നേതാക്കളായ കെപിഎ മജീദ്, എംകെ മുനീർ എംഎൽഎ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. കുറ്റ്യാടി മണ്ഡലത്തില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.