അശാന്തിയുടെ വാഗ്ദത്തഭൂമി

എന്താണ് പാലസ്തീൻ ഇസ്രയേൽ പ്രശ്നം. ഒരു അതിർത്തി തർക്കം എന്നതിലുപരി അതിനുള്ള മാനങ്ങൾ എന്തൊക്കെയാണ്. രണ്ടു ദേശങ്ങൾക്കിടയിലുള്ള ഭൂമിത്തർക്കം എന്ന് തോന്നിപ്പിക്കും വിധം ഇസ്രായേൽ-പാലസ്തീൻ പ്രശ്‌നം എന്ന പ്രയോഗത്തിൽ ഒതുക്കപ്പെടുമ്പോൾ പലപ്പോഴും ഇവർക്കിടയിൽ സഹസ്രാബ്ദങ്ങളായി നില നിന്നു വരുന്ന കൊടിയ വംശവെറിയുടെ ചരിത്രം ആരും അന്വേഷിക്കാനും സംസാരിക്കാനും മിനക്കെടാറില്ല. ബേസിൽ പി ദാസ് എഴുതുന്നു.

അശാന്തിയുടെ വാഗ്ദത്തഭൂമി

ബേസിൽ. പി. ദാസ്

വംശ വൈരത്തിന്റെയും തുടർന്നുള്ള  മനുഷ്യക്കുരുതികളുടെയും ചരിത്രത്തിൽ ഏറ്റവും പഴക്കമുള്ളതും ഇന്നും മുടക്കമില്ലാതെ തുടരുന്നതുമായ ഒന്ന് എന്ന രീതിയിലാണ് ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തെ എല്ലാവരും കാണുന്നത്. യഹൂദനും അറബിയും തമ്മിലുള്ള പക, രണ്ടു ദേശങ്ങൾക്കിടയിലുള്ള ഭൂമിത്തർക്കം എന്ന് തോന്നിപ്പിക്കും വിധം ഇസ്രായേൽ-പാലസ്തീൻ പ്രശ്‌നം എന്ന പ്രയോഗത്തിൽ ഒതുക്കപ്പെടുമ്പോൾ പലപ്പോഴും ഇവർക്കിടയിൽ സഹസ്രാബ്ദങ്ങളായി നില നിന്നു വരുന്ന കൊടിയ വംശവെറിയുടെ ചരിത്രം ആരും അന്വേഷിക്കാനും സംസാരിക്കാനും മിനക്കെടാറില്ല.


വളരെയധികം മിത്തുകളും കുറച്ച് ചരിത്രശീലുകളും ചേർത്ത് പരുവപ്പെടുത്തിയ സെമി ഫാന്റസി ഗ്രന്ഥമായ ബൈബിൾ കല്പന പ്രകാരം അബ്രഹാമിന് ഈജിപ്ഷ്യൻ വേലക്കാരിയിൽ ജനിച്ച ഇസ്മായിൽ എന്ന പുത്രനെയും വേലക്കാരിയെയും അബ്രഹാമിന്റെ ഭാര്യ സാറയ്ക്ക് ഇസഹാക്ക് എന്ന മകൻ ഉണ്ടായപ്പോൾ, സാറ വീട്ടിൽ നിന്ന് ആട്ടിപ്പായിക്കുകയുണ്ടായി. മരുഭൂമിയുടെ വിശാലത അഭയമാക്കിയ ഇസ്മായിലിന്റെ തലമുറകൾ ആണ് അറബികൾ. അന്ന് യഹോവ നല്കിയ വരമാണ് നീയും നിന്റെ സഹോദരനും എന്നും ശത്രുതയിൽ ആയിരിക്കും എന്നത്. ഇസഹാക്കിന് റബേക്കയിൽ ജനിച്ച മകൻ യാക്കോബിന് യഹോവ കൊടുത്ത പേര് ഇസ്രായേൽ എന്നായിരുന്നു. യാക്കോബിന്റെ ശേഷക്കാരാണ് ഇസ്രായേലികൾ അഥവാ യഹൂദർ പതിറ്റാണ്ടുകൾ നീണ്ട ഈജിപ്തിലെ അടിമ ജീവിതത്തിനു ശേഷം മോശയുടെ നേതൃത്വത്തിൽ വാഗ്ദത്ത ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ ആറു ലക്ഷത്തോളം വരുന്ന വലിയൊരു ജനസമൂഹമായി യഹൂദർ വളർന്നു.

പുരാതന പലസ്തീനിൽ വസിച്ചിരുന്ന തദ്ദേശീയരെ അടിച്ചമർത്തിയും നാട് കടത്തിയും കൊന്നൊടുക്കിയും വാഗ്ദത്ത ഭൂമിയിൽ യഹൂദർ ആദ്യ അധിനിവേശം ആരംഭിച്ചു. മൂന്നു സഹസ്രാബ്ദം മുൻപ്. അതിനുള്ള ന്യായീകരണം യഹോവ യഹൂദർക്ക് പതിച്ച് നല്കിയ ഭൂമി, വാഗ്ദത്തഭൂമി എന്ന കെട്ടുകഥയും. എ .ഡി 70 കൾ വരെ പാലസ്തീനും ഇസ്രായേലും അടങ്ങുന്ന ഭൂപ്രദേശത്ത് ജീവിച്ചു വന്ന യഹൂദർ തുടർന്നുണ്ടായ വൈദേശിക കടന്നാക്രമണങ്ങളെ ഭയന്ന് പലായനം ചെയ്തു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറി തെറിച്ചു പോയി. ഇറാക്കും തുർക്കിയും സിറിയയും മൊറോക്കോയും യെമനും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയും യഹൂദർക്ക് അഭയമേകി.

israel-palestine-conflictരണ്ടായിരം വർഷത്തോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വേർപിരിഞ്ഞു താമസിച്ചൊരു സമൂഹം നടത്തിയ കൂടിച്ചേരൽ, അത്രമേൽ ആഴമേറിയ സ്വത്വബോധമുള്ള ഒരു ജനസമൂഹത്തിൻ മാത്രം സാധ്യമാകുന്നതാണ്. മുപ്പതോ നാല്പതോ തലമുറകർക്ക് ശേഷം ഇസ്രായേൽ എന്ന രാജ്യത്തേക്ക് ഓരോരോ അഭയ കേന്ദ്രങ്ങളിൽ നിന്നായി യഹൂദർ വന്ന് കൂടി ഒരു രാജ്യമായി വികസിക്കുമ്പോൾ തരിമ്പു പോലും കൈമോശം വരുത്താതെ കാത്ത് സൂക്ഷിച്ചത് ഭാഷയും സംസ്‌കാരവും ആചാരങ്ങളുമാണ്.

1917 ൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുതന്ത്രത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച ബാല്ഫർ വിളംബര പ്രകാരം ബ്രിട്ടനിൽ അഭയം തേടിയിരുന്ന യഹൂദർക്ക് ശേഷിക്കുന്ന ജീവിതം പാലസ്തീൻ എന്ന വാഗ്ദത്ത ഭൂമിയിലേക്ക് പറിച്ചു നടാനും ഇസ്രായേൽ രാജ്യ രൂപീകരണത്തിനും സഹായം ചെയ്തു. യഹൂദരുടെ പലായനാനന്തരം പാലസ്തീനിൽ വാസമുറപ്പിച്ച അറബ് ജനത യഹൂദരില്ലാതിരുന്ന രണ്ടു സഹസ്രാബ്ദങ്ങൾ കൊണ്ട് തനതായ സാംസ്‌കാരിക അടയാളപ്പെടുത്തലുകൾ ആ ഭൂമിയിൽ നടത്തിയിരുന്നു.

ബൈബിൾ കഥയുടെ ആവർത്തനം, ഇസ്മായേലിന്റെ പിന്മുറക്കാർ വീണ്ടും ആട്ടിപ്പായിക്കപ്പെടുന്നു. ജനിച്ച് വളർന്ന വീട്ടിൽ നിന്നും, സപ്നങ്ങൾ നട്ട് നനച്ച മണ്ണിൽ നിന്നും. 1930 കളിൽ ആരംഭിച്ച യഹൂദരുടെ രണ്ടാം കുടിയേറ്റം അറബ് യഹൂദ വൈരത്തിന്റെ, കലാപത്തിന്റെ, കൂട്ടക്കുരുതികളുടെ ആരംഭമായിരുന്നു. കാലങ്ങളായി അധിവസിച്ചു പോന്ന മണ്ണിൽ നിന്നും ഒരു ജനതയെ കുടിയിറക്കി വിടുകയും വേറൊരു കൂട്ടർ ആ മണ്ണിൽ അവകാശം സ്ഥാപിക്കുകയും ചെയ്യുന്ന അധിനിവേശത്തിന്റെ നീതിശാസ്ത്രം. മൂന്നര പതിറ്റാണ്ട് കാലം പലസ്തീൻ ജനത അസംഘടിതർ ആയി ഒറ്റപ്പെട്ട ചെറുത്തുനില്പുകൾ നടത്തിയും വിഫലമായ പ്രതിരോധ ശ്രമങ്ങൾക്കിടയിൽ നിരവധി ജീവനുകൾ ബലി നല്കിയും കഴിഞ്ഞു. 1964 ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകൃതമാകുന്ന കാലം വരെ ഒറ്റപ്പെട്ട ചെറുത്ത് നില്പുകളിൽ ഒതുങ്ങിയിരുന്നു പലസ്തീൻ ജനതയുടെ പ്രതിരോധവും അതിജീവന പോരാട്ടവും. 1987 ൽ സായുധ പോരാട്ടത്തിലൂടെ വിമോചനം എന്ന മുദ്രാവാക്യവുമായി തീവ്ര നിലപാടുകാർ ഹമാസിന് രൂപം കൊടുത്തു.

പിന്നീടങ്ങോട്ട് നിരവധിയായ യുദ്ധങ്ങൾ. കൂട്ടക്കുരുതികൾ, യുദ്ധം അതിന്റെ എല്ലാ ക്രൌര്യവും പുറത്തെടുത്ത് വർഷാവർഷം ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു തീരുമ്പോൾ ഉണ്ടാവുന്ന സമാധാന കരാറുകൾക്ക് ആറു മാസത്തിലധികം തുടരാൻ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെയും യൂറോപ്പിന്റെയും കയ്യഴിഞ്ഞ സഹായം എക്കാലവും ജൂതർക്ക് കരുത്തേകി. സാമ്പത്തികമായും ശാസ്ത്രസാങ്കേതിക മേഖലയിലും ഇസ്രായേൽ കൈവരിച്ച മുന്നേറ്റം ഇവരുടെ പിൻബലത്തിൽ ആയിരുന്നു. ലക്ഷക്കണക്കിന് എന്ന് കൊട്ടക്കണക്കിൽ അല്ലാതെ ഈ യുദ്ധ പരമ്പരകളിൽ ഹോമിക്കപ്പെട്ട ജീവനുകളുടെ എണ്ണം കണക്കാക്കൽ അസാധ്യമാകും. ഔദ്യോഗിക കണക്കുകളേക്കാൾ എത്രയോ അധികം യുദ്ധാനന്തര കെടുതികൾക്ക് ഇരയായിരിക്കുന്നു.

israel-palestine-conflict_1ജൂതർക്ക് അറബികളോടും, അറബികൾക്ക് ജൂതരോടും നിലനില്ക്കുന്ന കടുത്ത പകയുടെ ഭാഗമായി ഉണ്ടാവുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് പലപ്പോഴും വലിയ യുദ്ധങ്ങളിലേക്ക് വഴിമാറുന്നത്. 2014 മേയ് മാസത്തിൽ പലസ്തീനിലെ തീവ്രവാദികളായ ഒരു സംഘം തട്ടിക്കൊണ്ടു പോയ മൂന്ന് ഇസ്രായേലി വൈദിക വിദ്യാർത്ഥികൾ മൂന്നാഴ്ച്ചക്ക് ശേഷം വെസ്റ്റ് ബാങ്ക് അതിർത്തിയിലെ വിജനമായ പ്രദേശത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപതു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഇവരുടെ ദാരുണമായ അന്ത്യം ഇസ്രായേൽ ജനത വല്ലാതെ വൈകാരികമായാണ് എടുത്തത്.

ശാന്തമായി ഇരുന്ന അന്തരീക്ഷത്തിലേക്ക് വിഘടനവാദികൾ തൊടുത്തു വിട്ട അശാന്തിയുടെ പോർമുന യഹൂദരുടെ മനസ്സിൽ അറബ് വൈരത്തിനും പാലസ്തീൻ വിരുദ്ധതയ്ക്കും ആക്കം കൂട്ടാൻ പോന്നതായിരുന്നു. കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചശേഷം ഇസ്രായേൽ ജനതയെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്  'ഹമാസ് ആണ് ഈ കൊലക്ക് പിന്നിൽ. മൂന്ന് ജൂതക്കുട്ടികളുടെ രക്തത്തിന് ഹമാസ് വലിയ വില നല്‌കേിണ്ടി വരും' എന്നാണ്. അതൊരു യുദ്ധ പ്രഖ്യാപനമായിരുന്നു. ആജന്മ ശത്രുവിന് മേൽ കടന്നാക്രമണം നടത്താൻ വീണു കിട്ടിയ മികച്ച അവസരം. തൊട്ടടുത്ത ദിവസം മുതൽ ഇസ്രായേൽ പ്രതികാര നടപടികൾ ആരംഭിച്ചു.

ഹമാസ് കേന്ദ്രങ്ങൾ എന്ന പേരിൽ ഗാസയിലെ ജനവാസ കേന്ദ്രങ്ങൾക്ക് മുകളിൽ ഇസ്രായേൽ മിസൈലുകൾ തുരുതുരെ പതിച്ചു. ഹമാസിന്റെ പ്രത്യാക്രമണങ്ങൾക്ക് ഇസ്രായേലിന്റെ അത്യാധുനിക റഡാർ കണ്ണുകൾ വരെയുള്ള ദൂരമേ താണ്ടാൻ ആയുള്ളൂ. അയേൺ ഡോം എന്ന മിസൈൽ വേധ സംവിധാനം ഹമാസിന്റെ റോക്കറ്റുകളെ തിരഞ്ഞുപിടിച്ച് ആകാശത്ത് തന്നെ ഉന്മൂലനം ചെയ്തു. ആക്രമണം മാത്രം കൈമുതലാക്കി പ്രതിരോധം എന്തെന്നറിയാത്ത ഹമാസ് പകച്ചു നിന്നു. ഗാസയിൽ നിന്ന് ഇസ്രായേലിന്റെ വ്യോമ പരിധിയിലേക്ക് തൊടുക്കപ്പെടുന്ന ഓരോ റോക്കറ്റിനും വളരെ മുൻപിലായി ഇസ്രായേൽ ഡിഫെൻസ് ഫോഴ്‌സിന്റെ മുന്നറിയിപ്പ് അലാറം സ്ട്രീറ്റുകൾ തോറും മുഴങ്ങി. ഇസ്രായേലിൽ താമസിക്കുന്നവരെ സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറാൻ അവസരം നല്കി സുരക്ഷ ഉറപ്പാക്കി.

ഇസ്രായേൽ സൈന്യം ഗാസയിലേക്ക് തൊടുത്ത മിസൈലുകൾ ഒന്നൊഴിയാതെ ലക്ഷ്യം കണ്ടു. ഹമാസ് എന്ന തീവ്രനിലപാടുള്ള വിമോചന സൈനികരുടെ അന്ത്യം എന്നതിലുപരിയായി ശത്രുവിന്റെ വംശഹത്യ എന്നതാണ് എന്നും ഇസ്രായേൽ ഭരണകൂടത്തിന്റെ ലക്ഷ്യം. ഗാസയുടെ മുകളിൽ ഇരമ്പിയാർത്തെത്തി മണ്ണിൽ പതിക്കുന്ന ഓരോ മിസൈൽ ഇരമ്പത്തിനും പിന്നാലെ ഉയർന്ന നിലവിളികളിൽ വാക്കുകൾ കൂട്ടിപ്പറയാൻ പ്രായമാകാത്ത കുരുന്നുകളുടെ ജീവൻ വേർപെട്ട നിലവിളിയാണ് ഉച്ചത്തിൽ കേട്ടത്. രണ്ടുമാസക്കാലം ആകാശത്തിലും കരയിലുമായി ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിന്റെ തിരുശേഷിപ്പ്, ആയിരത്തോളം പിഞ്ചു കുഞ്ഞുങ്ങളടക്കം രണ്ടായിരത്തിലേറെ ജീവൻ പൊലിഞ്ഞ ചുടലപ്പറമ്പായി മാറിയ ഗാസയുടെ ഹൃദയഭേദക ദൃശ്യമായിരുന്നു.

ജൂതരിൽ തന്നെ യാഥാസ്ഥിതികർ ആയ പുരോഹിത വർഗ്ഗം സയണിസത്തിന് എതിരാണ്. പാലസ്തീൻ മണ്ണിൽ നടത്തുന്ന അധിനിവേശത്തെ ഇവർ ശക്തമായി എതിർക്കുന്നു. ജനിച്ചു വളർന്ന  മണ്ണിൽ കടന്നു കയറിയവരെ പുറത്താക്കി അഭിമാനത്തോടെ, സ്വതന്ത്രരായി, നിർഭയരായി ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശ പോരാട്ടത്തെ ഇവർ പിന്തുണയ്ക്കുന്നു. ഇവരോടൊപ്പം ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും അധിനിവേശ വിരുദ്ധ രാഷ്ട്രീയം വിളിച്ചു പറയുകയും യുദ്ധവെറിക്കെതിരെ തെരുവിൽ ഇറങ്ങുകയും ചെയ്യുന്നു. എന്നാൽ ഒരു ശരാശരി യാഹൂദന്റെ മനസ്സിൽ ഈ രാഷ്ട്രീയം ഒന്നുമില്ല. അവർക്ക് കേട്ട് പഴകിയ മിത്തുകളുടെ പിൻബലമുള്ള വാഗ്ദത്തഭൂമി കയ്യേറിയ കയ്യേറ്റക്കാർ ആണ് അറബികൾ.

അവരെ ആട്ടിപ്പായിച്ച് പലസ്തീൻ അടങ്ങുന്ന വിശാലമായ യഹൂദരാജ്യ നിർമ്മിതി എന്ന സ്വപ്നം തന്നെയാണ് ഭൂരിപക്ഷം യഹൂദർക്കും. ഭരണകൂടവും മാധ്യമങ്ങളും നല്കുയന്ന പ്രചാരണവും ഈ ചിന്തകളെ പരിപോഷിപ്പിക്കാൻ പര്യാപ്തമായ തരത്തിൽ ആണ്. ഇക്കഴിഞ്ഞ യുദ്ധങ്ങളിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും ചിതറി തെറിച്ച ആയിരക്കണക്കിന് കുഞ്ഞു ശരീരങ്ങൾ കണ്ട് മനസ്സിളകാത്ത ഇസ്രായേലികൾ ഒരു ഇസ്രായേൽ സൈനികന് പരിക്കെല്ക്കുമ്പോൾ രോഷം കൊള്ളുന്നതും മരിച്ച സൈനികരുടെ ദുഃഖ സ്മരണയിൽ കണ്ണീർ പൊഴിക്കുന്നതും ഈ കണ്ടീഷനിങ്ങിന്റെ ഭാഗമാണ്. ഇപ്പോൾ അല്പം ശാന്തമാണ് വെസ്റ്റ്ബാങ്കും ഗാസയുമെല്ലാം.

israel-palestine-conflict_2ഈ ശാന്തത അടുത്ത കൊടുങ്കാറ്റിനെ ഭയന്ന് കഴിയുന്ന പലസ്തീൻ ജനതയ്ക്ക് മാത്രം ഉണ്ടാവില്ല. ഏതെങ്കിലും ഒരു തെരുവിൽ ഭ്രാന്തിളകിയ ഒരു അറബിയും ജൂതനും പരസ്പരം കൊമ്പുകോർക്കും വരെ മാത്രം നീളുന്ന പുറമേ മഞ്ഞു മൂടിയ ഉള്ളിൽ പകയുടെ കനലുകൾ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരഗ്‌നിപർവ്വതമാണ് ഇപ്പോഴും അറബിയും യഹൂദനും. ചില അറബ് തീവ്രവാദി ഗ്രൂപ്പുകൾ ചാവേർ ആക്രമണങ്ങളിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാഗിൽ ഒളിപ്പിച്ച കത്തിയുമായി ആൾത്തിരക്കുള്ള ബസ് സ്റ്റേഷനുകളിലോ ഷോപ്പിംഗ് മാളുകളിലോ തെരുവുകളിലോ അപ്രതീക്ഷിതമായി ആൾക്കൂട്ടത്തിന് നേരെ ആക്രമണം നടത്തുക. പിന്നിൽ നിന്നും കഴുത്തിൽ കുത്തുന്നതാണ് രീതി.

ഒരാക്രമണത്തിൽ രണ്ടോ മൂന്നോ ജൂതരെ കൊല്ലുക, ഇസ്രായേൽ പോലീസിന്റെ വെടികൊണ്ട് അക്രമിയും ജീവൻ വെടിയുക. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇത്തരം അമ്പതോളം ആക്രമണങ്ങൾ ജറുസലേമിലും, ടെൽ അവീവിലുമായി നടന്നു. ഓരോ ആക്രമണത്തിലും സ്ത്രീകളും വൃദ്ധരുമടക്കമുള്ള സാധാരണ പൌരന്മാരാണ് കൊല്ലപ്പെട്ടത്. ഇത്തരം ചെറിയ ആക്രമണങ്ങളിലൂടെ ഭരണകൂടത്തിനും ജനതയ്ക്കും മേൽ ഭീതിയുണ്ടാക്കി സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രമായിരിക്കും തീവ്രവാദി ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിനെല്ലാം പകരമായി ഇസ്രായേലി സൈന്യം ഗാസയിലും റാമല്ലയിലുമെല്ലാം കളനാശിനി എന്ന പേരിൽ അതീവ രഹസ്യമായി ചെറുവീര്യത്തിൽ രാസായുധ പ്രയോഗം പോലുള്ള രഹസ്യ ആക്രമണ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

ഇസ്രായേൽ സൈന്യം ഗാസ സ്ട്രിപ്പ് ബഫർ സോണിൽ നടത്തുന്ന കളനാശിനി സ്‌പ്രേയിംഗ് നിരോധിക്കണം എന്ന ആവശ്യവുമായി പലസ്തീനിലെയും ഇസ്രായേലിലെയും മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിന് പ്രകോപനമായി വീണു കിട്ടുന്ന ഓരോ സാഹചര്യവും ശത്രു സംഹാരത്തിനുള്ള അവസരമാണ്. ലോക രാജ്യങ്ങൾക്ക് മുന്നിൽ ന്യായംനിരത്തി പിടിച്ചു നില്ക്കാൻ ഹമാസോ വിഘടന വാദികൾ ആയ ഒരു ചെറുസംഘമോ സൃഷ്ടിച്ചു നല്കുന്ന പ്രകോപനം ധാരാളം. അത്തരം സംഭവങ്ങളെ ഇസ്രായേൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതി എന്നൊക്കെ പറയുന്നത് ശുദ്ധ വങ്കത്തരമാണ്. അത് തിരിച്ചറിയാൻ സ്വന്തം വംശത്തിനോട് യഹൂദർ പുലർത്തുന്ന ബഹുമാനവും സ്‌നേഹവും കരുതലും കണ്ടറിഞ്ഞവർക്ക് കഴിയും.

തക്കം നോക്കി കാത്തിരിക്കുന്ന സയണിസ്റ്റ് രാഷ്ട്രീയ താല്പര്യങ്ങൾ തിരിച്ചറിയാനുള്ള വിവേകം പലസ്തീനിലെ വിമോചന സമര സംഘങ്ങൾ കൈവരിക്കേണ്ടിയിരിക്കുന്നു. പ്രകോപനങ്ങൾ അനാവശ്യമായി സൃഷ്ട്ടിച്ചു സ്വന്തം ജനതയെ കുരുതി കൊടുക്കാൻ ഇടവരുത്താതെ അധിനിവേശ വിരുദ്ധ സമരം ശക്തമാക്കണം. വാഗ്ദത്ത ഭൂമിയിൽ അവശേഷിക്കുന്ന ശത്രുവിനെ തുരത്തി പൂർണ്ണമായ അധിനിവേശം എന്ന സയണിസ്റ്റ് പ്രത്യയശാസ്ത്രം. അതിനു പിൻബലം കേവലം മിത്തുകൾ ആണ് എന്നത് തിരിച്ചറിയപ്പെടെണ്ട, ശക്തമായി ചെറുക്കേണ്ട, തുടരാൻ അനുവദിക്കരുതാത്ത രാഷ്ട്രീയം തന്നെ. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഇരു ദേശങ്ങൾക്കിടയിലുള്ള അതിർത്തി തർക്കമായി മാത്രം ഈ പ്രശ്‌നത്തെ കാണാൻ ശ്രമിക്കുന്ന ലോക രാഷ്ട്രങ്ങൾ ക്രിയാത്മകമായ ഒരു പരിഹാരത്തിന് മുതിരുന്നില്ല. പാലസ്തീൻ തെരുവുകൾ വീണ്ടും ശവപ്പറമ്പാവാതിരിക്കട്ടെ എന്ന് വെറുതെ ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. ശാശ്വത പരിഹാരത്തിന് ശക്തമായ ഇടപെടൽ ലോക രാഷ്ട്രങ്ങൾ നടത്താത്ത കാലത്തോളം.