ഇസ്ലാമിക് സ്റ്റേറ്റിനു അടിപതറുന്നു

ഐഎസ് സ്വാധീന പ്രദേശങ്ങളും ശക്തിദുർഗ്ഗങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന പല പ്രദേശങ്ങളും ഇതിനകം ഇസ്ലാമിക് സ്റ്റേറ്റിനു നഷ്ടപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങൾ പിടിമുറുക്കാനാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ലക്ഷ്യം. അമേരിക്കയ്ക്കും റഷ്യയ്ക്കും പല താത്പര്യങ്ങളും ഈപോരാട്ടങ്ങളിലുണ്ട്. റഷ്യയുടെ വലിയ ആയുധവിപണിയാണു സിറിയൻ യുദ്ധത്തോടെ തുറക്കപ്പെട്ടിരിക്കുന്നത്. റഷ്യൻ നിർമ്മിത ദോഷ്‌ക മെഷീൻ ഗൺ, റ്റി 90 ടാങ്ക് ഒക്കെ സിറിയയിൽ ഐഎസ് അടക്കമുള്ളവർ വൻതോതിൽ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ചിലത് മാത്രമാണ്. പി കെ നൗഫൽ എഴുതുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനു അടിപതറുന്നു

പി കെ നൗഫൽ

രണ്ടുവർഷം മുൻപ് സിറിയയിലും ഇറാഖിലും ഏകപക്ഷീയവും അയത്‌നലളിതവുമായി പിടിച്ചെടുത്ത പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് യുദ്ധമുഖത്ത് ഘട്ടം ഘട്ടമായി പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വാർത്തകളാണു സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്നത്. ഐഎസ് സ്വാധീന പ്രദേശങ്ങളും ശക്തിദുർഗ്ഗങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന പല പ്രദേശങ്ങളും ഇതിനകം ഇസ്ലാമിക് സ്റ്റേറ്റിനു നഷ്ടപ്പെട്ടു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശങ്ങളിൽ പുതിയ യുദ്ധമുഖം തുറക്കാനുള്ള ശ്രമത്തിലാണു അമേരിക്കയുടെയും റഷ്യയുടെയും ഇറാന്റെയും നേതൃത്വത്തിലുള്ള സംയുക്ത സൈനീക സഖ്യങ്ങൾ. ഐഎസ് ശക്തി ദുർഗ്ഗമെന്നു വിശേഷിക്കപ്പെട്ടിരുന്ന ഇറാഖിലെ റമാദി, ഫലൂജ, ബൈജി, സിറിയയിലെ മിൻബിജ്, റഖ, പാൽമീര, കൊബാൻ എന്നിവയൊക്കെ ഇതിനകം പൂർണ്ണമായോ ഭാഗികമായോ ഐഎസിനു നഷ്ടമായ പ്രദേശങ്ങളാണ്. മൊസൂൾ മാത്രമാണു പൂർണ്ണമായും ഐഎസ് സ്വാധീനപ്രദേശമെന്ന് ഇപ്പോൾ വിശേഷിപ്പിക്കാവുന്ന പ്രധാന ഇടം. അതായത് ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ച ഖിലാഫത്തിനു ശേഷം ഐഎസ് വളരുകയല്ല, മറിച്ച് ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വാർത്തകളാണ് മേഖലയിൽ നിന്നു വന്നുകൊണ്ടിരിക്കുന്നത് എന്നു വ്യക്തം.


രണ്ടു വർഷം മുന്നെ തികച്ചും ആകസ്മികമെന്നോണമാണു ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും വൻ പടനീക്കം നടത്തി ഈ മേഖലകളിൽ ഖിലാഫത്ത് പ്രഖ്യാപിക്കുന്നത്. അമേരിക്കൻ അധിനിവേശത്തെ തുടർന്ന് തീർത്തും ദുർബലമായ ഇറാഖ് മിലിട്ടറിയുടെയും സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്നു ശക്തിചോർന്ന സിറിയൻ സൈന്യത്തിന്റെയും ദൗർബല്യം മുതലെടുത്ത് പടനീക്കം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനു വലിയ പോരാട്ടങ്ങളോ പ്രതിരോധമോ സിറിയൻ-ഇറാഖ് സൈന്യത്തിൽ നിന്നു നേരിടേണ്ടി വന്നില്ല എന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ കാര്യമാത്രമായ ഏറ്റുമുട്ടലുകൾ ഇല്ലാതെയാണു പല പ്രദേശങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുക്കുന്നത്. നാമമാത്രമായ പ്രതിരോധം നടത്തിയ സിറിയൻ-ഇറാഖ് സൈനികരെ ഇസ്ലാമിക് സ്റ്റേറ്റ് സൈന്യം വകവരുത്തുകയും ചെയ്തു. എന്നാൽ സിറിയയിലെയും ഇറാഖിലെയും കീഴടക്കിയ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതോടു കൂടി ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിൽ നിന്ന് ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കുക എന്നത് ഇറാഖ്- സിറിയൻ സർക്കാരുകളേക്കാൾ മേഖലയിൽ സ്വാധീനവും തന്ത്രപ്രധാന ലക്ഷ്യങ്ങളുമുള്ള അമേരിക്ക- റഷ്യ- ഇറാൻ ഗൾഫ് രാജ്യങ്ങൾ എന്നിവരുടെ അഭിമാനപ്രശ്‌നമായി മാറി.

ഇറാഖ്- സിറീയൻ സർക്കാർ സൈനികർക്ക് ഇസ്ലാമിക് സ്റ്റേറ്റിനെ ഒറ്റക്ക് നേരിടാനുള്ള ശക്തിയും പ്രാപ്തിയും ഉണ്ടായിരുന്നില്ല. ഇതിന്റെ തുടർച്ചയായിട്ടാണു അമേരിക്കയുടെയും റഷ്യയുടെയും ഇറാന്റെയും കാർമ്മികത്വത്തിലും നേതൃത്വത്തിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംയുക്ത സൈനീക നീക്കങ്ങൾ. ലോകത്തെ ചുരുക്കം ചില രാജ്യങ്ങളൊഴികെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള ഈ സഖ്യയുദ്ധത്തിൽ ഭാഗവാക്കാണ്. ഇസ്ലമിക് സ്റ്റേറ്റിന്റെ ഭാഗത്ത് നിന്നു അതിശക്തമായ പ്രതിരോധം ഉണ്ടെങ്കിലും തന്ത്രപ്രധാനമായ പല സ്ഥലങ്ങളും ഇതിനകം ഐഎസിനു നഷ്ടപ്പെട്ടു കഴിഞ്ഞു.

അതെസമയം സിറിയയിൽ ഇപ്പോഴും വെറൂം ഇരുപത് ശതമാനം ഭൂപ്രദേശം മാത്രമാണു ഏകാധിപതി ബഷാറുൽ അസാദിന്റെ സൈന്യത്തിന്റെ അധീനതയിലുള്ളത്. ഇരുപത്തി അഞ്ച് ശതമാനം കുർദിശ് നിയന്ത്രണത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിലുള്ളത് മുപ്പത്തിയഞ്ച് ശതമാനവും സിറിയൻ ഭൂമിയാണ്, ബാക്കി ഇരുപത് ശതമാനം അൽഖൈദയുടെ സിറിയൻ വിംഗായ ജബ്ഹത്തുൽ നുസ്രയുടെയും സഖ്യശക്തികളുടെയും കയ്യിലാണ്. സിറിയയിൽ ബഷാറിനെ സഹായിക്കുന്നത് പ്രധാനമായും ഇറാനും റഷ്യയുമാണ്. റഷ്യക്ക് തന്ത്രപ്രധാനമായ സൈനീക കേന്ദ്രങ്ങളുടെ സുരക്ഷയടക്കമുള്ള സൈനീക ലക്ഷ്യവും സിറിയൻ ഭരണകൂടവുമായി ദശാബ്ദങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ ബന്ധം നിലനിർത്തുക എന്ന ലക്ഷ്യവും ബഷാർ സൈന്യത്തെ സഹായിക്കുന്നതിനു പിന്നിൽ ഉണ്ട്. മാത്രമല്ല റഷ്യയുടെ വലിയ ആയുധവിപണിയാണു സിറിയൻ യുദ്ധത്തോടെ തുറക്കപ്പെട്ടിരിക്കുന്നത്. റഷ്യൻ നിർമ്മിത ദോഷ്‌ക മെഷീൻ ഗൺ, റ്റി 90 ടാങ്ക് ഒക്കെ സിറിയയിൽ ഐഎസ് അടക്കമുള്ളവർ വൻതോതിൽ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ചിലത് മാത്രമാണ്. റഷ്യൻ സൈന്യം സിറീയയിൽ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിനെക്കാൾ ജബ്ഹത്തുൽ നുസ്ര അടക്കമുള്ള ഇതര പോരാട്ട സഖ്യങ്ങൾക്കെതിരെയാണു എന്നതും ശ്രദ്ധേയമാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലാണു റഷ്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ നിലകൊള്ളുന്നത്.

ഇറാനാകട്ടെ സിറിയയിലെ അലവീ ഭരണകൂടവുമായുള്ള ബന്ധം തന്ത്രപ്രധാനമാണ്. ആഗോളതലത്തിലും മേഖലയിലും ഇറാൻ ഒറ്റപ്പെട്ടു നിന്നിരുന്ന സമയത്തൊക്കെ ഇറാനൊപ്പം അടിയുറച്ചു നിന്ന ഒരേയൊരു രാജ്യവുമാണു സിറിയ. ഇറാൻ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഷിയാ പശ്ചാത്തലമുള്ള അലവികളാണു സിറിയയിൽ ബഷാർ ഭരണകൂടം എന്നതും പ്രസക്തമാണ്. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും ഏകാധിപതി ബഷാർ ഭരണത്തെ നിലനിർത്തേണ്ടത് ഇറാന്റെ താല്പര്യമാണ്. ഇതിന്റെ തുടർച്ചയായി ബഷാർ സൈന്യത്തിനു പ്രധാന പിൻബലമായി പ്രവർത്തിക്കുന്നത് ഇറാൻ സൈന്യവും ഷിയാ മിലിഷ്യകളും ഇറാൻ പിന്തുണയുള്ള ലബനോനിലെ ഹിസ്ബുള്ള പോരാളികളുമാണ്. ബഷാറീന്റെ അധികാരം നിലനിർത്താൻ വേണ്ടി ഇതിനകം ആയിരക്കണക്കിനു ഷിയാ സൈനികരാണു കൊല്ലപ്പെട്ടിട്ടുള്ളത്.. ഇറാൻ, ലബനാൻ, സിറീയ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് പുറമെ ആഫ്ഘാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഷിയാക്കളും ഇറാഖ്-സിറിയൻ യുദ്ധമുഖത്ത് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സജീവമായി രംഗത്തുണ്ട്. മേഖലയിലെ പോരാട്ടങ്ങൾ ഇസ്ലാമികെ സ്റ്റേറ്റിനെതിരെയുള്ള പടയൊരുക്കം എന്നതിലുപരി സുന്നി-ഷിയാ വംശീയയുദ്ധമായി ഇതിനകം മാറിയിട്ടുമുണ്ട്. ഇതിന്റെ തുടർച്ചയായി മേഖലയിലെ സുന്നികൾ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ഇറാൻ പിന്തുണയുള്ള ഷിയാ മിലിഷ്യകൾക്കെതിരെ യുദ്ധരംഗത്തുണ്ട്.

സിറിയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ അധികം കേൾക്കാത്ത പേരുകളാണ് അൽഖൈദയുടെ സിറിയൻ വിംഗായ ജബ്ഹത്തുൽ നുസ്ര അടങ്ങുന്ന ജെയ്‌ഷെ അൽ ഫത്തഹ് സഖ്യം. സിറിയയുടെ ഇരുപത് ശതമാനം ഭൂപ്രദേശത്തിന്റെ നിയന്ത്രണം ഈ സഖ്യത്തിനാണ്. ജബ്ഹത്തുൽ നുസ്ര, തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടി, അഹ്റാർ അൽ ഷാം, അജ്‌നദ് ഷാം, തുടങ്ങിയ പോരാട്ട വിഭാഗങ്ങളുടെ പൊതുകൂട്ടായ്മയാണ് ജെയ്‌ഷെ അൽ ഫത്തഹ്. സിറിയയിലെ തന്ത്രപ്രധാന നഗരമായ ഇദ്ലിബ്, ഇപ്പോൾ രൂക്ഷമായ പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ആലിപ്പോ, ലട്ടാക്കിയ എന്നെ നഗരങ്ങളിലെല്ലാം റഷ്യൻ-ഇറാൻ-ബഷാർ സഖ്യത്തിനെതിരെ പോരാടുന്നത് ജെയ്‌ഷെ അൽ ഫത്തഹ് സഖ്യമാണ്. സിറിയയിലെ ഷിയാ പ്രദേശങ്ങളായ കഫരിയ, ഫുഅ എന്നീ പ്രദേശങ്ങളും ഈ സഖ്യത്തിന്റെ കയ്യിലാണ്.

യഥാർത്ഥത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപം കൊള്ളൂന്നത് തന്നെ സിറിയയിലെ അൽ ഖൈദ ഘടകമായ ജബ്ഹത്തുൽ നുസ്രയെ പോലെ അൽഖൈദയുടെ ഇറാഖ് ഘടകം എന്നതിൽ നിന്നുള്ള രൂപപരിണാമത്തിലൂടെയാണ്. പലരും ഐഎസിൽ ജൂത-അമേരിക്കൻ- ഗൾഫ് പശ്ചാത്തലം ആരോപിക്കുന്നുണ്ടെങ്കിലും അതൊന്നും വസ്തുതകൾക്ക് നിരക്കുന്നതല്ല എന്നതാണു വാസ്തവം. അൽഖൈദ നേതാവ് അബു മുസബ് സർക്കാവിയുടെ നേതൃത്വത്തിൽ ഇറാഖിൽ രൂപം കൊണ്ട അൽഖൈദ ഘടകമായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദ്യരൂപമായ അൽഖൈദ ഇറാഖ്. സർക്കാവി അമേരിക്കൻ വ്യാമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു ശേഷം ഇറാഖിലെ അൽഖൈദ തലവന്മാരായി തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം അബു ഹംസ മുഹാജിർ പിന്നീട് അബു ഉമർ ബാഗ്ദാദി എന്നിവരായിരുന്നു. ഇരുവരും അൽ ഖൈദയുടെ സെൻഡ്രൽ നേതൃത്വത്തിനും ആത്യന്തികമായി താലിബാൻ നേതാവ് മുല്ലാ ഉമറിനും അനുസരണ പ്രതിജ്ഞ നൽകിയവുമായിരുന്നു. അബു ഹംസ മുഹാജിറൂം അബു ഉമർ ബാഗ്ദാദിയും കൊല്ലപ്പെട്ടതോടെയാണ് അബൂബക്കർ ബാഗ്ദാദി അൽഖൈദ ഇറാഖ് ഘടകത്തിന്റെ തലവനായി നിയമിക്കപ്പെടുന്നത്.

അബൂബക്കർ ബാഗ്ദാദിയാണ് ഇറാഖിലെ അൽഖൈദ ഘടകത്തിനു ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് എന്ന് നാമകരണം ചെയ്യുന്നത്. ബാഗ്ദാദിയ്‌ടെ കാലത്ത് തന്നെയാണു ഇറാഖിലെ പ്രബല പോരാട്ട വിഭാഗമായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന അൽഖൈദ ഇറാഖ് മാറുന്നതും. ഇതിനിടയിൽ അൽഖൈദ സെൻഡ്രൽ നേതൃത്വവും അൽഖൈദ ഇറാഖ് എന്ന ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ അഭിപ്രായ വ്യത്യാസം രൂപപ്പെടുന്നതും സിറിയൻ ആഭ്യന്തരയുദ്ധത്തിനു തുടക്കമാകുന്നതും ഏതാണ്ടൊരേ സമയത്താണ്. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഭാഗമാകുവാൻ അൽഖൈദയുടെ സിറിയൻ ഘടകത്തിനു രൂപം നൽകാൻ മുഹമ്മദ് ജൂലാനിയെ നിയോഗിക്കുന്നത് അബൂബക്കർ ബാഗ്ദാദിയാണ്. അൽഖൈദ സിറീയയാണു പിന്നീട് ജബ്ഹത്തുൽ നുസ്രയായി പിന്നീട് അറിയപ്പെട്ടത്. അപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ഇറാഖിലെ അൽഖൈദ ഘടകമെന്നനിലക്കാണു അറിയപ്പെട്ടിരുന്നത്. ഇതിനിടയിൽ അബൂബക്കർ ബാഗ്ദാദിയും അൽഖൈദ നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയും ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിനെ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആൻഡ് സിറീയ എന്നും പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് എന്നും പുനർനാമകരണം ചെയ്യുകയും ചെയ്തു. മാത്രമല്ല സിറിയയിലെ അൽഖൈദ ഘടകമായ ജബ്ഹത്തുൽ നുസ്രയോട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ നുസ്ര അതിനു സമ്മതിച്ചില്ല, അൽ ഖൈദയുടെ സിറീയൻ ഘടകമായി തുടരാനാണ് തിരുമാനിച്ചത്. അൽഖൈദ നേതൃത്വത്തിന്റെ ബാഗ്ദാദിയോടുള്ള ഇറാഖിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആവർത്തിച്ചുള്ള ആവശ്യം ബാഗ്ദാദി തള്ളിക്കളഞ്ഞു. ഇതിന്റെ തുടർച്ചയായിട്ടാണു ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കീയ പ്രദേശങ്ങൾ ചേർത്ത് ബാഗ്ദാദി ഖിലാഫത്ത് പ്രഖ്യാപിക്കുന്നതും.

വേണ്ടത്ര മുന്നൊരുക്കങ്ങളോ ജനകീയ-പണ്ഡീത അംഗീകാരമോ സുരക്ഷിതത്വമോ ഇല്ലാതെ ബാഗിദാദിയുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ട ഖിലഫത്തിനെ അൽ ഖൈദ അംഗീകരിച്ചിട്ടില്ല. ഐഎസിന്റെ ഖിലാഫത്ത് നിയമവിരുദ്ധമെന്നാണ് അൽഖൈദ വിശേഷിപ്പിച്ചത്. ഇതിന്റെ തുടർച്ചയായി ഇരു വിഭഗാനങ്ങൾക്കുമിടയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളും നേതൃത്വങ്ങളെ ലക്ഷ്യമിട്ട ആസൂത്രിത കൊലപാതകങ്ങളുമാണു തുടർന്ന് രൂപപ്പെട്ടത്. അഹ്റാർ ഷാം നേതാവ് അബു ഖാലിദ് സൂരി ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ട പ്രമുഖ വ്യക്തിയാണ്. യുദ്ധമുഖത്തും ഭരണ രംഗത്തുമുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും അൽ ഖൈദ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പക്വതയില്ലാത്തതും ഇസ്ലാമിനു നിരക്കത്തതുമായ നടപടികളാണു ഇസ്ലാമിക് സ്റ്റേറ്റിന്റെതെന്ന് അൽഖൈദയുടെ പ്രധാന വിമർശനം. പുതിയ ശത്രുക്കളെ ഉണ്ടാക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവേശത്തെ മണ്ടത്തരമെന്നാണു അൽഖൈദ വിമർശിക്കുന്നത്. മനുഷ്യജീവനു ഒരു വിലയും കൽപ്പിക്കാത്ത യുദ്ധതന്ത്രമാണ് ഐഎസ് പയറ്റുന്നത്. കുർദുകൾക്കെതിരെ പടനയിച്ച കൊബാൻ യുദ്ധമുഖത്ത് മാത്രം അയ്യായിരത്തിൽ പരം ഐഎസുകാർക്കാണു കൊല്ലപ്പെട്ടത്. യുദ്ധമുഖത്ത് ഉണ്ടാകേണ്ട മാന്യതയും പ്രവചക മര്യാദകളും കാറ്റിൽ പറത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പടയോട്ടം. മാത്രമല്ല ഖിലാഫത്ത് പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ജനങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ അനാവശ്യമായി ഇടപെടാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവേശത്തെയും അൽഖൈദ രൂക്ഷമായി വിമർശീക്കുന്നുണ്ട്.

ഏതായാലും സിറിയയിലെ ഏകാധിപത്യഭരണത്തിനെതിരെയുള്ള പോരാട്ട പ്രസ്ഥാനങ്ങൾക്കിടയിൽ ഉണ്ടായ പിളർപ്പ് ഗുണം ചെയ്തത് ഏകാധിപതി ബഷാർ ആസാദിനണെന്നു മാത്രം. തങ്ങളെല്ലാത്തവരൊക്കെ മതപരിത്യാഗികളാണെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ നിലപാട് പരസ്പര സഹകരണത്തിനുള്ള അവസാന വാതിലും കൊട്ടിയടച്ചപ്പോൾ അതിന്റെ ആത്യന്തിക ഗുണം ലഭിച്ചത് ബഷാർ ആസാദിനും അമേരിക്കൻ റഷ്യൻ ഇറാൻ യസീദീ സഖ്യങ്ങൾക്ക് തന്നെയാണ്. ഈ പശ്ചാത്തലത്തിലാണു ഇസ്ലാമിക് സ്റ്റേറ്റ് അധീനപ്രദേശങ്ങൾ അമേരിക്കൻ റഷ്യൻ ഇറാൻ സംയുക്ത സൈനീക സഖ്യം പിടിച്ചെടുക്കുന്നതും ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന പ്രദേശങ്ങൾ ചുർങ്ങിചുരുങ്ങി വരുന്നതും ശ്രദ്ധേയമാകുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2016 ൽ മാത്രം ഐഎസിനു നഷ്ടപ്പെട്ടത് പന്ത്രണ്ട് ശതമാനം ഭൂമിയാണു. പുതിയ തന്ത്രപ്രധാന പ്രദേശങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ഇസ്ലാമിക് സ്റ്റേറ്റിനു സാധിക്കുന്നുമില്ല.

അതായത് രണ്ടുവർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖിലാഫത്ത് സാമ്രാജ്യം ചുരുങ്ങിചുരുങ്ങി വരുന്നു എന്നു ചുരുക്കം. ഈ നിലക്ക് പോയാൽ അധികം വൈകാതെ ഇസ്ലാമിക് സ്റ്റേറ്റ് 2014 നു മുൻപുള്ള ആരംഭദശയിലേക്ക് തിരിച്ചെത്തുമെന്നാണു വിലയിരുത്തപ്പെടുന്നത്.?