ഐഎസിന്റെ ഉദയവും അഭയാർഥി പ്രവാഹവും

ഐഎസിന്റെ പ്രധാന വരുമാനം മാർഗം എണ്ണക്കച്ചവടമാണ്. ഇറാഖിലും, സിറിയയിലും അനേകം എണ്ണപ്പാടങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നമായ തീവ്രവാദ സംഘടനയായ ഐഎസിന്റെ കയ്യിലുണ്ട്. അവിടെ നിന്നും ബ്ലാക്ക് മാർക്കറ്റ് വഴി തുർക്കി, ഇറാൻ, സിറിയ, ഇറാഖിലെ കുർദ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിറ്റാണ് പണം സമ്പാദിക്കുന്നത്. രാവണൻ കണ്ണൂർ എഴുതുന്നു.

ഐഎസിന്റെ ഉദയവും അഭയാർഥി പ്രവാഹവും

രാവണൻ കണ്ണൂർ

പത്തുലക്ഷത്തിലധികം ആളുകൾ സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ ഐസ്സിന്റെ കീഴിലാണ് ജീവിക്കുന്നത്/ഐഎസ് പിടിച്ചെടുത്ത മേഖലയിൽ ആണ് ജീവിക്കുന്നത്. സിറിയയിൽ രൂപപെട്ട ആഭ്യന്തര വിപ്ലവം മുതലെടുത്താണ് അബൂബക്കർ അൽ ബഗ്ദാദി ഐഎസിന് രൂപംനൽകിയത്. ഐഎസിന്റെ രൂപപ്പെടലോടെ അന്താരാഷ്ട്രതലത്തിൽ നോട്ടപുള്ളിയായ ബാഗ്ദാദിയെ രണ്ടായിരത്തി അഞ്ചിൽ അമേരിക്ക ഇറാഖിലെ മരുഭൂമിയിൽ വച്ച് പിടികൂടിയിരുന്നു. എന്നാൽ കേസുകളൊന്നും തെളിയിക്കപ്പെടാതെ ഇറാഖി സർക്കാർ വെറുതെ വിടുകയായിരുന്നു. ആ ബാഗ്ദാദിയാണ് ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ഐഎസിന്റെ പിറവിക്ക് പിന്നിൽ.


അബു മുസവ് അൽ സർഖാവിയെ അമേരിക്ക കൊലപ്പെടുത്തിയപ്പോൾ ഇറാഖിലെ അൽ ഖ്വയ്ദയുടെ നേതൃസ്ഥാനം അൽ ബഗ്ദാദി ഏറ്റെടുത്തു. അവിടെ നിന്നും മുന്നോട്ട് അൽ ഖ്വയ്ദയുട പദ്ധതിയെ തള്ളിക്കളഞ്ഞ് സ്വന്തം അഭിപ്രായം മാത്രം നടപ്പിലാക്കാൻ വേണ്ടിയാണ് ഐഎസ് എന്ന സംഘടന തുടങ്ങുന്നത്. അക്രമം നടത്തിയശേഷം തിരിച്ചുപോകുന്നതാണ് അൽ ഖ്വായ്ദയുടെ രീതിയെങ്കിൽ ഐഎസിന് നേരെ തിരിച്ചാണ്. ഒരു പ്രദേശം ആക്രമിച്ച് കീഴ്‌പെഴുത്തിയശേഷം ആ ഭാഗം ഏറ്റെടുക്കുക എന്നതാണ് ഐഎസ് രീതി. ആ പ്രദേശം തങ്ങളുടെ താവളം ആക്കികൊണ്ട് മുന്നൊരുക്കങ്ങൾ നടത്തും. ഇതിനിടയിൽ കണ്ണിൽ കാണുന്ന സകലരേയും കൊന്നു തള്ളിയിട്ടുണ്ട്, അതിനു കയ്യും കണക്കുമില്ല. ആളുകളെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവർ പണം സമ്പാദിക്കുന്നത്. പ്രധാന വരുമാന മാർഗ്ഗത്തിന്റെ കാര്യം പുറകെ പറയാം.

ഇതുവരെ വിദേശികളെ അകാരണമായി കൊന്നതായി അറിവില്ല, അവരുടെ ലക്ഷ്യം അതല്ല. എന്നാൽ വിദേശങ്ങളിൽ നിരവധി ആക്രമണങ്ങൾ നടത്തുന്നുണ്ടുതാനും.  തീവ്രവാദികൾ എന്ന പേര് പതുക്കെ മാറുമെന്നും വിമതർ എന്ന പേരിൽ അറിയപ്പെടുമെന്നുമാണ്  ഐസിസ് ബുദ്ധികേന്ദ്രങ്ങളുടെ പ്രതീക്ഷ. മൊസൂളിൽ നിന്നും ഫലൂജയിൽ നിന്നും ഇറാഖി സൈന്യം പേടിച്ചു തിരിച്ചോടിയപ്പോൾ അവർ ഇട്ടു പോയ അമേരിക്കൻ നിർമിത ആയുധങ്ങളും വാഹനങ്ങളും ഇപ്പോൾ ഐസിസിന്റെ കയ്യിലാണ്. ബാങ്കുകൾ കൊള്ളയടിച്ചു മില്യൺ കണക്കിന് ഡോളറും കയ്യിലുണ്ട്, അതുകൊണ്ട് സാമ്പത്തികം ഇപ്പോൾ അവർക്ക് ഒരു വിഷയമല്ല.

രണ്ടായിരത്തി പതിനാലു ജൂണിൽ ജിഹാദി ഗ്രൂപ്പുകൾ സംഘടിച്ചു. അവർ ഇറാഖിലെ മൊസൂളിൽ ആക്രമണം നടത്തി അവിടെനിന്നും ബാഗ്ദാദ് ലക്ഷ്യമാക്കി നീങ്ങി. ഇറാഖി പട്ടാളത്തെ സമ്മർദ്ദത്തിലാക്കിയും പോകുന്ന വഴിയിലെ സകലതിനെയും നശിപ്പിച്ചും ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരെ (എത്തിനിക്ക്, ഗോത്രപരമായ) ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്തും ജിഹാദികൾ മുന്നേറി. ഈ വിഭാഗം രണ്ടു മാസങ്ങൾക്ക് ശേഷം കുർദിഷ് നഗരമായ ഇർബിൽ എത്തി.

അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം തുടങ്ങി. തുടർന്നു സെപ്തംബറിൽ സിറിയൻ ഐഎസ് കേന്ദ്രങ്ങിലേക്കും വ്യോമാക്രമണം വിപുലപ്പെടുത്തി. അമേരിക്കൻ ഏജൻസികൾ വെളിപ്പെടുത്തുന്നതു പ്രകാരം ഐസ്സിനു അവരുടെ അധീനതയിലുള്ള 40% മേഖലകൾ നഷ്ടമായി. ഇതേ രീതിയിൽ സിറിയയിൽ നടന്ന വ്യോമാക്രമണം മൂലം അങ്ങളുടെ കയ്യിലുള്ള 10-20% മേഖലകൾ നഷ്ടമായി. അമേരിക്കൻ രഹ്യസ്യാന്വേഷണ എജൻസികളുടെ കണക്കുകൾ പ്രകാരം 25,000 യോദ്ധാക്കളെ ഐഎസിന് നഷ്ടമായിട്ടുണ്ട്.

സിറിയൻ ആഭ്യന്തരയുദ്ധം

സിറിയയിലെ നാലര കൊല്ലത്തെ ആഭ്യന്തര യുദ്ധത്തിൽ 2015 സെപ്തംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് ഏതാണ്ട് 200,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 28,277 പ്പരം ആളുകൾ കൊല്ലപെട്ടതു കൂട്ടക്കൊലയിലോ വെടിവെയ്പ്പിലോ ആണ്. 27,006 അധികം ആളുകൾ കൊല്ലപ്പെട്ടത് മോർട്ടോർ, റോക്കറ്റ് ആക്രമണത്തിൽ, 18,866 പ്പരം ആളുകൾ കൊല്ലപ്പെട്ടത് സിറിയൻ സർക്കാർ ആക്രമണത്തിൽ. 8,871പ്പരം ആളുകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. കെമിക്കൽ ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത് 984. ആശുപത്രികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 654 പേരിൽ ഭൂരിപക്ഷംപേരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണ്.

ഭക്ഷണം കിട്ടാതെയും ഡിഹൈഡ്രേഷൻ മൂലവും 565 ലധികം പേർ മരണമടഞ്ഞു. 181 ലധികം പേർ കൊല്ലപ്പെട്ടത് അമേരിക്കൻ സഖ്യകക്ഷികളുടെ എയർ അറ്റാക്കിലാണ്. ഏറ്റവും പുതിയ കണക്കുകൾ, അതായതു 2016 ലെ ആദ്യ മാസങ്ങൾ വരെയുള്ളത് പരിശോധിച്ചാൽ ഇതുവരെ 470,000 പേർ മരിച്ചതായി കണക്കാക്കുന്നു. Syrian Center for Policy Research (SCPR) പുറത്തു വിട്ട കണക്കുകളാണിത്. 200,000ഇൽ നിന്നും പെട്ടെന്നുള്ള വർധനവയാണ് ഇതിനെ കാണുന്നത്. യു എൻ 2014 ൽ സിറിയയിലെ ആഭ്യന്തര യുദ്ധത്തിലെ മരണക്കണക്കുകൾ എടുക്കുന്നത് നിർത്തിയിരുന്നു.

തീവ്രവാദ അക്രമണങ്ങളുടെ ഫലമായി ഇറാഖിൽ യുഎൻ കണക്കുകൾ പ്രകാരം ജനുവരി 2014 മുതൽ ഒക്ടോബർ 2015 വരെ 18,800 സാധാരണക്കാർ കൊലചെയ്യപെട്ടിട്ടുണ്ട്. സിറിയയിലെ ചിത്രം വ്യക്തമല്ലെങ്കിലും ബ്രിട്ടനിൽ പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ സംഘടനയുടെ കണക്കുകൾ പ്രകാരം ഐഎസ് 2014 ജൂൺ മുതൽ 2016 ൻറെ ആദ്യ മാസങ്ങളിൽ വരെ 3,967 പേരെ കൊലപ്പെടുതിയിട്ടുണ്ട്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വ്യോമാക്രമണത്തിൽ 366 സാധാരണ പൌരന്മാരും 3,914 ഐഎസ് തീവ്രവാദികളും കൊല്ലപെട്ടിട്ടുണ്ട്.

ഇറാഖിലെ ഐഎസിനെതിരെ അമേരിക്ക ആഗസ്റ്റ് 2014 മുതൽ ഇതുവരെ 8,700 അധികം വ്യോമക്രമണങ്ങൾ നടത്തിയിരിക്കുന്നു. സിറിയൻ ഐഎസ് പ്രദേശങ്ങളിൽ 4126 തവണയും നടത്തി. തുടർന്നുള്ള മാസങ്ങളിൽ യുകെയുടെ നേതൃത്വത്തിൽ ഇറാഖിൽ ആസ്‌ട്രേലിയ, ബെൽജിയം, ഡെന്മാർക്ക്, കാനഡ, ഫ്രാൻസ്, ജോർദാൻ നെതർലാൻഡ് എന്നിവരുടെ സഹായത്തോടെയും വ്യോമാക്രമണം നടത്തി. റഷ്യ ഇവരുടെ ഭാഗമല്ലാതെ തന്നെ സിറിയയിൽ വ്യോമാക്രമണം നടത്തുന്നുണ്ട്. ഐഎസിനെ ലക്ഷ്യം വയ്ക്കുന്നതിലുപരി റഷ്യ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് സിറിയൻ റിബൽ ഗ്രൂപ്പായ അൽ-നുസ്രയെ (al-Nusra) ആണ്. കാരണം റഷ്യ ബാഷർ അൽ ആസാദിനെ അംഗീകരിക്കുന്നു എന്നത് തന്നെ. ഐഎസ് തുടച്ച് നീക്കപ്പെട്ട സിറിയയിൽ ബാഷർ നിലനിൽക്കണം എന്നുതന്നെ റഷ്യ ആഗ്രഹിക്കുന്നു. എന്നാൽ അമേരിക്ക ഉൾപ്പെട്ട പടിഞ്ഞാറൻ ശക്തികൾ അൽ-നുസ്രയെ (al-Nusra) സഹായിക്കുന്നുണ്ട്.

ഐഎസിന്റെ വരുമാനം


ഐഎസിന്റെ പ്രധാന വരുമാനം മാർഗം എണ്ണക്കച്ചവടമാണ്. ഇറാഖിലും, സിറിയയിലും അനേകം എണ്ണപ്പാടങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നമായ തീവ്രവാദ സംഘടനയായ ഐഎസിന്റെ കയ്യിലുണ്ട്. അവിടെ നിന്നും ബ്ലാക്ക് മാർക്കറ്റ് വഴി തുർക്കി, ഇറാൻ, സിറിയ, ഇറാഖിലെ കുർദ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിറ്റാണ് പണം സമ്പാദിക്കുന്നത്.

തീവ്രവാദികൾക്കുള്ള മാസശമ്പളം കൊടുക്കുന്നത് ഇതുവഴി കണ്ടെത്തുന്ന പണംകൊണ്ടാണ്. ഫൈറ്റർക്ക് $500 (£320) മിലിട്ടറി കമാണ്ടർക്ക് $1,200 ഇത്രയുമാണ് മാസക്കൂലി. സദ്ദാം ഭരണകാലത്തെ ഇറാഖി intelligence ഓഫീസർ ആയാ ഇപ്പോഴത്തെ എണ്ണകടത്തുകാരനുമായ 'Sami Khalaf' ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയത് പ്രകാരം $650 വച്ച് ഒരു സർക്കാർ ചെക്ക് പോസ്റ്റിലും കൈക്കൂലി കൊടുത്തിട്ടാണ് ഓയിൽ കടത്തുന്നത് എന്നാണ്. ആഴ്‌ചയിൽ ഇത്തരത്തിൽ എട്ടോളം ടാങ്കർ കടത്തും . 26 to 28 tonnes [of oil] $4,200 മേടിച്ചു അത് ജോർദാനിൽ $15,000 വിൽക്കും. ഇറാഖിലെ മൂന്ന് പ്രധാന ഓയിൽ ഫീൽഡുകൾ ഇപ്പോൾ നടത്തുന്നത് ഐ എസ് ആണ് (Ajeel, north of Tikrit, Qayara, and Himrin.). ഇറാഖിലെ ഓയിൽ മൊസൂൾ, സിഞ്ചാർ സിറിയ വഴി തുർക്കിയിൽ എത്തിക്കും. ഇങ്ങനെ ഏത് വഴിക്ക് കൂടി നോക്കിയാലും $40 മില്യണിലധികം ഡോളർ ഒരു മാസം ഐഎസ് എണ്ണവരുമാനം കൊണ്ട് നേടുന്നുണ്ട്.

ഐഎസ് തുർക്കിയിലേക്ക് എണ്ണ എത്തിക്കുന്ന 500 ലധികം ഫ്യുവൽ ടാങ്കർ റഷ്യ അറ്റാക്ക് ചെയ്തു നശിപ്പിച്ചിരുന്നു.
റഷ്യയും തുർക്കിയും തമ്മിലുള്ള ശീതസമരത്തിന്റെ പ്രധാന കാരണം യൂറോപ്പിലേക്കുള്ള നാച്ചുറൽ ഗ്യാഗ് പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ഉള്ളതാണ്. ആ ചർച്ചകൾ ഇപ്പോൾ വഴിമുട്ടിയിരിക്കുകയാണ്. ഐഎസിനെതിരെയുള്ള യുദ്ധത്തിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതസമരവും മൂർച്ഛിക്കുന്നുണ്ട്.

ഐസ്സിൽ പ്രവർത്തിക്കുന്നവർ എവിടെ നിന്നുള്ളവരാണ്

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷാ വിഭാഗം ഏജൻസിയായ 'THE SOUFAN GROUP' 2015 ഡിസംബർ മാസം സമർപ്പിച്ച 'FOREIGN FIGHTERS
' എന്ന 26 പേജുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുദ്ധം ചെയ്യാൻ വേണ്ടി സിറിയ ഇറാഖ് എന്നിവിടങ്ങളിൽ പോയവരെക്കുറിച്ചുള്ളതാണ്.

1 - 2014 ജൂൺ മാസത്തോടെ 81 വിദേശരാജ്യങ്ങളിൽ നിന്നും 12,000 വിദേശികൾ സിറിയയിൽ വന്നിട്ടുണ്ട്.
2 - പതിനെട്ടു മാസങ്ങൾക്ക് ശേഷം കണക്കുകൾ നോക്കിയാൽ ഇതിന്റെ ഇരട്ടിയിലധികം പേർ എത്തിയതായി കാണാം.
3 - 27,000 - 31,000 വിദേശികൾ ഇറാഖിലേക്കും സിറിയയിലേക്കും ലോകത്തിലെ 86 രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുണ്ട്. ഇസ്ലാമിക സ്റ്റേറ്റിലും അതുപോലെയുള്ള മറ്റു തീവ്രവാദ സ്വഭാവമുള്ള സംഘടനകളിൽ ചേരാൻ.
4- പ്രധാനമായും റിക്രൂട്ട്മെന്റ് നടക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അമേരിക്കയിൽ ഇത്തരം രീതികളിൽ ധാരാളം പേരെ ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ അടുത്തുകൂടിയുള്ള സൗഹൃദം വഴിയും ആളെ ചേർക്കുന്നുണ്ട്.
5 -ലോകത്തിന്റെ വിവിധ മേഖലകളിലെ കണക്കുകൾ വച്ച് നോക്കിയാൽ Western Europe - 5000, Former Soviet Republics - 4700, North America - 280 , Balkan Counties - 875 , Maghreb countries - 8000 , Middle East - 8240 , Southeast Asia - 900
6 - എറ്റവും കൂടുതൽ വിദേശികൾ വന്ന രാജ്യങ്ങൾ ടുണീഷ്യ - 6000, സൌദി - 2500, റഷ്യ - 2400, തുർക്കി - 2100, ജോർദാൻ - 2000 എന്നിവയാണ്. 2015 നവംബർവരെയുള്ള ലഭ്യമായ കണകുകൾ വച്ച് ഇന്ത്യയിൽ നിന്നും 23 പേർ സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരീകരിക്കാത്ത കണക്കുകൾ പ്രകാരം അത് 40-50 പേർ വരെയുണ്ട്. ഒരാൾ തിരിച്ചു ഇന്ത്യയിൽ വന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പാക്കിസ്ഥാനിൽ നിന്ന് ആഗസ്റ്റ് 2015 വരെ  70 പേർ ഐഎസിൽ ചേരാൻ എത്തിയിട്ടുണ്ട്. അനൗദ്ധ്യോഗിക കണക്കുകൾ പ്രകാരം 330 പേരും സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട്.

അഭയാർഥി പ്രവാഹം

യൂറോപ്പിലേക്ക് അഭയാർഥികൾ ഏറ്റവും കൂടുതൽ വരുന്നത് സിറിയ, അഫ്ഗാനിസ്ഥാൻ കൊസാവോ, എരിത്രിയ, സെർബിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നാണ്.

UNHCR കണക്കുകൾ പ്രകാരം ജർമനിയാണ് ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിക്കുന്ന സ്ഥലം, അഭയാർഥികൾ പോവാൻ ഇഷ്ടപ്പെടുന്ന സ്ഥലവും അതുതന്നെ. 2015 July അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ജർമനിയിൽ അഭയം തേടാൻ 188,000 അധികം പേരാണ് ആപ്ലിക്കേഷൻ കൊടുത്തിരിക്കുന്നത്. ഹങ്കറിയാണ് രണ്ടാം സ്ഥാനത്തുള്ളത്. പക്ഷെ 1,000 പേരുടെ കണക്കെടുത്താൽ അതിൽ 8 പേരെ സ്വീഡൻ സ്വീകരിക്കുമ്പോൾ ബ്രിട്ടൻ ഏറ്റെടുക്കുന്നത് 0.5 പേരെയാണ് ജർമനി 2.1 പേരെയും എന്നതാണ് യാഥാർത്ഥ്യം.

2014 ലെ കണക്കുകൾ പ്രകാരം യൂറോപ്പ്യൻ യൂണിയൻ 184665 പേരെ അഭയാർഥികളായി സ്വീകരിച്ചിട്ടുണ്ട്. അതിൽ സിറിയയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ. രണ്ടാം സ്ഥാനത്ത് എരിത്രിയ മൂന്നാം സ്ഥാനത് അഫ്ഗാനിസ്താൻ. ജർമനിയാണ് അതിൽ 47555 പേരെ സ്വീകരിച്ചത്.

അഭയാർഥികളുടെ ഒഴുക്ക് വടക്കൻ യൂറോപ്പിലേക്ക് തടയാൻ/ കുറയ്ക്കാൻ ഹംങ്കറി 175 കിലോമീറ്റർ ദൂരത്തിൽ സ്ഥലം മതിൽകെട്ടി മറച്ചിരുന്നു.
ഡബ്ലിൻ റഗുലേഷൻ
 പ്രകാരം അഭയാർഥികൾ എവിടെയ്യാണോ ആദ്യം എത്തുന്നത്, അഥവാ എവിടെയാണോ ആദ്യം രജിസ്ട്രർ ചെയ്യുന്നത് ആ രാജ്യത്തായിരിക്കണം താമസിക്കേണ്ടത്. പക്ഷേ അഭയാർത്ഥി പ്രവാഹത്തിലെ വൻ വർദ്ധനവ് ഈ റഗുലേഷന്റെ നിയമങ്ങൾ കാറ്റിൽ പറത്തുന്നതിന് കാരണമാകുന്നു.

2015 ജനുവരിക്കും ഓഗസ്റ്റിനുമിടയിലായി 350,000 പേരിലധികം യൂറോപ്യൻ യൂണിയൻ അതിർത്തികൾ കടന്നതായി കണക്കാക്കപ്പെടുന്നു. 2014 മൊത്തം  എണ്ണം 280,000 ആണെന്നിരിക്കെ, ഇക്കൊല്ലം ഇതുവരെ മാത്രം യൂറോപ്യൻ യൂണിയനിൽ എത്തിയത് ലക്ഷങ്ങളാണ്. യൂറോപ്യൻ യൂണിയനിലേക്ക് എത്തിയത് 350,000 പേരാണ്. ഗ്രീസിലേക്ക് 235,000 പേരെത്തിയപ്പോൾ ഇറ്റലിയിൽ 115,000 പേരും സ്‌പെയിനിൽ 2,100 എത്തി. 2015 ൽ മെഡിറ്ററേനിയൻ തീരം വഴി വന്ന അഭയാർത്ഥികളിൽ 2,643 പേരാണ് വിവിധ അപകടങ്ങളിൽപ്പെട്ട് മരണമടഞ്ഞത്.

2015 ജൂലൈ മാസം പുറത്തുവിട്ട കണക്കുകൾ പ്രകാരം സിറിയയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പോയവരുടെ കണക്കുകൾ ഇപ്രകാരമാണ്.


തുർക്കി - 1,772,535 (മുതിർന്നവർ)- 954725(കുട്ടികൾ)
ഇറാഖ് - 249,656 (മുതിർന്നവർ) - 114,662(കുട്ടികൾ)
ലെബനോൻ - 1,174, 690 (മുതിർന്നവർ) - 630, 713(കുട്ടികൾ)
ഈജിപ്ത് - 132,375 (മുതിർന്നവർ)- 57, 627(കുട്ടികൾ)
ജോർദാൻ - 629, 128 (മുതിർന്നവർ)- 324,131 (കുട്ടികൾ)

യൂറോപ്പിലേക്ക് അഭയാർഥികളായി പോയ 270,000 പേരുടെ കണക്കുകൾ കൂടതെയുള്ളതാണ് മുകളിൽ ഉള്ളത്. ഈ കണക്കിൽ ഒന്നും പെടാതെ പലരും പല രാജ്യത്തായി വേർപെട്ടു പോയിട്ടുണ്ട്. കണക്കുകൾ പലപ്പോഴും ഏകദേശം ആകാനാണ് സാധ്യത. സിറിയയിലെ ആഭ്യന്തര കലാപം മൂലം 3.5 മില്യൺ കുട്ടികൾ ഉൾപ്പെടെ 7.6 മില്യൺ പേരാണ്  ലോകത്തിന്റെ പല ഭാഗത്തായി ചിതറി കിടക്കുന്നതെന്ന് UNHCR പുറത്തുവിട്ട കണക്കുകൾ പറയുന്നു.

[അവലംബം : THE SOUFAN GROUP - FOREIGN FIGHTERS, ബിബിസി, അൽ ജസീറ , മറ്റു വാർത്താ മാധ്യമങ്ങൾ)