പടച്ചോനും കേരളവും

പടച്ചോൻ എന്ന വാക്കു ഉപയോഗിച്ചതാണ് മത മൗലിക വാദികളെ ചൊടിപ്പിച്ചത്. അവർ ഒരു ഹൈസ്‌കൂൾ നിലവാരത്തിൽ, സ്‌കൂൾ വിട്ടു വരുമ്പോൾ ഇടവഴിയിൽ പിടിച്ചു നിറുത്തി മുട്ട് കേറ്റുന്ന പരിപാടി ചെയ്തു. പടച്ചോൻ പൊറുക്കില്ല ഈ ഭീരുത്വം. ജോണി എംഎല്‍ എഴുതുന്നു.

പടച്ചോനും കേരളവും

ജോണി എം എൽ

മതമൗലികവാദികൾക്ക് ഇന്നതൊന്നെന്നു വേണമെന്നില്ല ആരെയെങ്കിലും ആക്രമിക്കാൻ. ആരുടെയെങ്കിലും വീട്ടിനുള്ളിൽ, ഉറിയിൽ തൂങ്ങുന്നത് പശുവിറച്ചി ആണെന്നറിഞ്ഞാൽ അവിടെ വന്നു തല്ലിക്കൊല്ലാൻ മടിക്കില്ല, വികസനത്തിന്റെ ഓലത്തുമ്പിൽ ഊഞ്ഞാലാടിക്കളിക്കുന്ന അടുത്ത ലോക സൂപ്പർ പവർ ആയ ഇന്ത്യയിലെ ഹിന്ദുത്വ വാദികൾ. മാതൊരുഭാഗൻ എഴുതിയ പെരുമാൾ മുരുകനെ ചെന്നൈ ഹൈക്കോടതി പുനരുജ്ജീവിപ്പിച്ചിട്ടു കാലം കുറഞ്ഞതെ ആയിട്ടുള്ളൂ. പക്ഷെ മതമൗലികവാദികൾ പാഠം പഠിച്ചിട്ടില്ല; പഠിക്കുമെന്നു തോന്നുന്നുമില്ല. അതുകൊണ്ടാണല്ലോ ജിംഷാർ എന്ന യുവാവ് 'പടച്ചോന്റെ ചിത്ര പ്രദർശനം' എന്നൊരു കഥാസമാഹാരം ഇറക്കിയെന്ന പേരിൽ തല്ലു കൊണ്ടത്. എഴുതിയത് ജിംഷാർ ആയതു കൊണ്ടും വിഷയം പടച്ചവൻ ആയതു കൊണ്ടും അടിച്ചത് മുസ്‌ലിം മതമൗലിക വാദികൾ ആയതു കൊണ്ടും ഇത് മുസ്ലീങ്ങളുടെ ഒരു ആഭ്യന്തര പ്രശ്നം ആണെന്ന് പറഞ്ഞു തള്ളിക്കളയാൻ പറ്റില്ല. പിന്നെ കഥകളുടെ സാഹിത്യ നിലവാരം വിലയിരുത്തപ്പെടാത്തതു കൊണ്ട് ഇതിനെ ഒരു ആവിഷ്കാര സ്വാതന്ത്ര്യ പ്രശ്നം ആയും കണക്കാക്കാൻ കഴിയില്ല. വിഷയം തത്കാലം അന്ധവിശ്വാസം എന്ന പേരിലും അസഹിഷ്ണുത എന്ന പേരിലും ആണ് വിലയിരുത്തപ്പെടേണ്ടത്.


അമിത വൈകാരിക പ്രകടനം ബുദ്ധിജീവികൾ ഉൾപ്പെടെ ഉള്ളവർക്ക് ഇപ്പോൾ ഒരു ഉത്തമ സാധാരണ ഘടകം ആയിരിക്കുന്നു കേരളത്തിൽ. അതിനാൽ നമുക്ക് സംയമനം പാലിക്കുക. ജിംഷാറിനെ വഴിയിൽ  പിടിച്ചു നിറുത്തി തല്ലിയത് ശുദ്ധ ഭീരുത്വം. കാരണം ജിംഷാർ എന്ന യുവാവ്  താനെഴുതിയതു വലിയൊരു പാതകം ആണെന്നൊന്നും കരുതാതെ ഒരു പോലീസുകാരന്റെയും അകമ്പടി കൂടാതെയും ജോസഫ് ആന്റൺ എന്ന പേര് സ്വീകരിക്കാതെയും വഴിയിൽ ഇറങ്ങി നടക്കുകയായിരുന്നു. പടച്ചോൻ എന്ന വാക്കു ഉപയോഗിച്ചതാണ് മത മൗലിക വാദികളെ ചൊടിപ്പിച്ചത്. അവർ ഒരു ഹൈസ്‌കൂൾ നിലവാരത്തിൽ, സ്‌കൂൾ വിട്ടു വരുമ്പോൾ ഇടവഴിയിൽ പിടിച്ചു നിറുത്തി മുട്ട് കേറ്റുന്ന പരിപാടി ചെയ്തു. പടച്ചോൻ പൊറുക്കില്ല ഈ ഭീരുത്വം. പടച്ചോൻ എന്ന വാക്കാണോ അതോ പടച്ചോന്റെ ചിത്രപ്രദർശനം എന്ന വിഷയമാണോ പ്രശ്നം സൃഷ്ടിച്ചത് എന്ന് വ്യക്തമല്ല. ഒരു കാര്യം പറയാം, പടച്ചോൻ എന്ന ഒറ്റ പേര് കാരണം ആണ് ജിംഷാറിന് അടി കൊണ്ടതെങ്കിൽ, തല്ലിയവർ വിഡ്ഢികൾ. അതല്ല, ചിത്രപ്രദർശനം എന്ന വാക്കാണെങ്കിൽ സൂക്ഷിക്കണം. കാരണം പറയാം.

ഇസ്‌ലാമിന് ചിത്രവും ശില്പവും ഹറാം ആണെന്നാണ് വയ്പ്. അപ്പോൾ ഇന്ത്യയിൽ ചിത്രകലാ ഏറ്റവും പുരോഗമിച്ചിരുന്നത് മുഗളന്മാരുടെ കാലത്താണല്ലോ എന്ന് പറഞ്ഞാൽ, ഇസ്‌ലാം മൗലിക വാദികൾ പറയും മുഗളന്മാർ നല്ല മുസ്ലീങ്ങൾ ആയിരുന്നില്ല എന്ന്. എങ്കിൽ പിന്നെ ബാബർ കെട്ടി എന്ന് പറയുന്ന മസ്ജിദിനെ ചൊല്ലി എന്തിനാണ് അടി എന്ന് ചോദിച്ചാൽ അതിനു അവർക്കു ഉത്തരം ഇല്ല താനും. വിഷയത്തിലേക്ക് തിരിച്ചു വരാം. മനുഷ്യനെ പടച്ചത് അല്ലാഹു ആയതിനാൽ, പടപ്പ് അദ്ദേഹത്തിന്റെ രൂപത്തിൽ തന്നെ ആയതിനാൽ, പടച്ചവനെ പടക്കരുത് എന്ന ഒറ്റക്കാരണത്താൽ ആണ് കല ഇസ്‌ലാമിന് ഹറാം ആയതെന്നു പറയുന്നു. അങ്ങിനെയെങ്കിൽ ജിംഷാർ പടച്ചവന്റെ ചിത്രപ്രദർശനം എന്ന് പറയുമ്പോൾ മതമൗലിക വാദികൾക്ക് സംശയങ്ങൾ ഉണ്ടാകും. പക്ഷേ, അവർ കഥ വായിച്ചിട്ടാണോ ഇത് ചെയ്തതെന്ന് ചോദിച്ചാൽ, അതിനു തൽക്കാലം ഉത്തരമില്ല. ഇതെഴുതുന്ന ആൾ ഉൾപ്പെടെ ഉള്ളവർ ഈ കഥകൾ വായിച്ചിട്ടില്ല. ജിംഷാർ എന്ന എഴുത്തുകാരനെ കുറിച്ച് കേട്ടിട്ടില്ല, അത് എന്റെ തെറ്റ് തന്നെയാണ്. പക്ഷെ അതൊന്നും അദ്ദേഹത്തിൻറെ കഥകൾ മോശമാണെങ്കിൽ കൂടി അടി മേടിച്ചെടുക്കാനുള്ള കാരണം ആകുന്നില്ല.

ഏതുതരം വിശ്വാസവും ഒരു പരിധി വരെ മനുഷ്യന്റെ ജീവസന്ധാരണത്തെ തടസ്സപ്പെടുത്തും വിധം യുക്തി ഹീനമാണെങ്കിൽ അത് കളയേണ്ടത് തന്നെയാണ്. അന്ധമായി വിശ്വസിക്കാൻ ഒരു മതം വേണം എന്നില്ല. രജനികാന്തിന്റെ സിനിമ ആയിരുന്നാലും മതി. പക്ഷെ ആ സിനിമകളും മതങ്ങളും വേർപിരിയുന്നത് അവയ്ക്കു വേണ്ടിയുള്ള പോരിന്റെ വ്യത്യാസത്തിലാണ്. ഫാൻ ക്ളബ്ബുകൾ വർഗീയ കലാപം ഉണ്ടാക്കിയ ചരിത്രം ഇല്ല. രജനീകാന്തിന്റെ പോസ്റ്റർ കീറിയതിന്റെ പേരിൽ കൊലപാതകം നടന്നതായി അറിവില്ല. ചില്ലറ അടികൾ ഉണ്ടായേക്കാം. എന്നാൽ രാഷ്ട്രീയവും മതവും പോസ്റ്റർ കീറിയാൽ പോലും വർഗീയ കലാപവും കൊലപാതകവും ഉണ്ടാക്കാം. ഉദാഹരണത്തിന്, മുകുന്ദന്റെ കേശവന്റെ വിലാപങ്ങൾ. ഇ എം എസിന്റെ പോസ്റ്റർ കീറിയതിനു എട്ടു വയസ്സുള്ള പയ്യൻ അക്രമിയെ കൊല്ലുകയാണ്.  ജിംഷാറിന്റെ കാര്യത്തിൽ പടച്ചോനെ പിടിച്ചാണ് പ്രശ്നം. പടച്ചവൻ എന്നതിന്റെ അർഥം ഉണ്ടാക്കിയവൻ എന്ന് മാത്രമേ ഉള്ളൂ എന്നും, അറബിയിൽ പടച്ചവന്റെ പേര് പടച്ചവൻ എന്നല്ല എന്നും മനസിലാക്കിയാൽ അടി ഉണ്ടാകില്ല. ഇവിടെ പ്രവർത്തിച്ചിരുന്നത് അന്ധവിശ്വാസമാണ്.

അന്ധവിശ്വാസങ്ങളെ എതിർക്കണം. അത് പോലെ തന്നെ അസഹിഷ്ണുതയെയും എതിർത്തു തോൽപിക്കണം. ജിംഷാറിന് അടി കിട്ടിയത് കൊണ്ടുള്ള ഒരേ ഒരു ഉപകാരം ഇത്രയേ ഉള്ളൂ; അസഹിഷ്ണുക്കൾക്കു മുഖം നഷ്ടപ്പെട്ടപ്പോൾ, ജിംഷാറിന്‌ മുഖം ലഭിച്ചു. ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് ആരുമായിരുന്നില്ല. ബീഫ് വിഷയത്തിൽ അയാളെ അടിച്ചു കൊന്നതോടെ, ലോകത്തിനു അഖ്ലാഖ് എന്നൊരു മുഖം ലഭിച്ചു. ബിജെപിയ്ക്ക് നഷ്ടപ്പെട്ടത് ബുദ്ധിജീവികളെയും ബീഹാറിനെയും ആയിരുന്നു. ഇപ്പോൾ ഗുജറാത്തിൽ ആവേശം കേറിയ ഗോ രക്ഷകർ ദളിതരെ അടിച്ചു. ഇന്ന് ഇൻഡ്യാ മഹാരാജ്യത്തിൽ ദളിതർ ഗോ രക്ഷകരെ ഓടിച്ചിട്ടടിക്കും എന്ന സ്ഥിതി വന്നിരിക്കുന്നു. മായാവതി ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്ത ആയിക്കൊണ്ടിരുന്ന വേളയിലാണ്, ദയശങ്കർ അവരെ വേശ്യ എന്ന് വിളിച്ചത്. ഇന്ന് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ വരെ അവർക്കു സാധ്യത ഉള്ളതായി പറയുന്നു, ഒപ്പം ബിജെപിയ്ക്ക് യുപി പോകുമെന്നും. അസഹിഷ്ണുതയുടെ ഉത്തരം ജനങ്ങൾ നൽകുന്ന രീതികൾ ഇവയാണ്. അക്രമികൾ ജിംഷാറിന് ഒരു മുഖം നൽകി, ഒപ്പം അയാൾക്ക് ഒരു സാഹിത്യ ജീവിതവും. അക്കാര്യം നല്ലതു. പക്ഷെ, ജനങ്ങൾ സഹികെടുമ്പോൾ ഇത്തരം സദാചാര പാലകരെ കേറി മേയും. അപ്പോൾ മതത്തിൽ പിടിച്ചു വിലപിച്ചിട്ടു കാര്യമില്ല. ജിംഷാർ സംഭവം രാഷ്ട്രീയമല്ല. അസഹിഷ്ണുതയും അന്ധവിശ്വാസവും കൂടിക്കലർന്ന വിവരക്കേടാണ്. കേരളം പൊലീസിന് കൈകാര്യം ചെയ്യാവുന്ന വിഷയമേ ഉള്ളൂ.

വൈക്കം മുഹമ്മദ് ബഷീറും, ഓ വി വിജയനും വി കെ എന്നും ഒക്കെ നേരത്തെ പോയത് നന്നായി. പരമകാരുണികനായ ദൈവം എന്നും അല്ലാഹുവെന്നും റബ്ബൽ ആലമീനായ തമ്പുരാനെ എന്നും ഒക്കെ പടച്ചവനെ വാഴ്ത്തിയ ബഷീറിനെ ഇവർ വെറുതെ വിടുമായിരുന്നില്ല. പ്രവാചകനിലേയ്ക്ക് സംക്രമിക്കും മുൻപ്, സ്വാമിനിയുടെ പുടവ പുതച്ചു കടന്ന രവിയേയും നൈജാമലിയെയും മൈമുനയേയും അല്ല പിച്ച മൊല്ലാക്കയെയുമൊക്കെ സൃഷ്ടിച്ച വിജയനെ അവർ ഓടിച്ചേനെ. അധികാരം എഴുതിയതിന്റെ പേരിൽ വികെഎന്നെ രാജ്യദ്രോഹ കുറ്റം ചുമത്തി അകത്തിടുമായിരുന്നു.