ഐസിയുവിനെ ആരാണ് ഭയക്കുന്നത്?

ഐസിയുവിന്റെ ആക്ഷേപഹാസ്യ റഡാറിൽ നിന്ന് ജാതിമതരാഷ്ട്രീയ ഭേദമന്യേ ആരെയും ഒഴിവാക്കാത്തതിനാൽ എല്ലാ മത വിഭാഗങ്ങളിൽ നിന്നും എല്ലാ രാഷ്ട്രീയ വിഭാഗങ്ങളിൽ നിന്നും എല്ലാ സാംസ്ക്കാരിക വിഭാഗങ്ങളിൽ നിന്നും ഐസിയു പോസ്റ്റുകൾക്കെതിരെ മുറുമുറുപ്പ് ഉയരാറുണ്ട്.

ഐസിയുവിനെ ആരാണ് ഭയക്കുന്നത്?

കെ എസ് ബിനു


മലയാളത്തിലെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നായ International Chalu Union (ICU) ന്റെ ക്രിയേറ്റിവ് ബാക്ക്ബോൺ എന്ന് വിശേഷിപ്പിക്കാവുന്ന ഐസിയു ഫേസ്ബുക്ക് ഗ്രൂപ്പ് കഴിഞ്ഞ ദിവസം പെട്ടെന്ന് അപ്രത്യക്ഷമായി. ഇതിനെ സംബന്ധിച്ച് പ്രത്യേകിച്ചൊരു അറിയിപ്പും ഫേസ്ബുക്കിൽ നിന്ന് ഐസിയു മാനേജ്മെന്റിന് ലഭിക്കുകയുണ്ടായില്ല. സാധാരണഗതിയിൽ, റിപ്പോർട്ട് ചെയ്ത് പൂട്ടപ്പെടുകയാണെങ്കിൽ ഫേസ്ബുക്ക് അധികൃതരിൽ നിന്ന് അറിയിപ്പുണ്ടാകേണ്ടതാണ്. സാങ്കേതികത്തകരാർ ആണെങ്കിൽ അത് പരിഹരിക്കപ്പെടേണ്ട സമയം അതിക്രമിച്ചും കഴിഞ്ഞു. എന്നാൽ അങ്ങനെയൊന്നും ഇതുവരെയും ഉണ്ടാകാത്ത സാഹചര്യത്തിൽ, ഗ്രൂപ്പ് പോയതിന്റെ കാരണം ഐസിയുവിന്റെ അണിയറപ്രവർത്തകർക്കുമുന്നിൽ ദുരൂഹമായി അവശേഷിക്കുന്നു. ഇതിനെ സംബന്ധിച്ച് ഇപ്പോൾ അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്.


ഫേസ്ബുക്ക് പേജ്, ഇൻസ്റ്റഗ്രാം അക്കൗണ്ട്, ഗൂഗിൾ പ്ലസ്, തുടങ്ങിയ ഐസിയുവിന്റെ അനവധി പബ്ലിക് ഇന്റർഫേസുകളിൽ പബ്ലിഷ് ചെയ്യപ്പെടുന്ന, അൻപതിലധികം ആളുകളുൾപ്പെട്ട ഒരു സിലക്ടിംഗ് മെഷീനറിയിലെ സൂക്ഷ്മപരിശോധനകളിൽക്കൂടി കടന്നുവരുന്ന പോസ്റ്റുകളാണ് (അവ മാത്രമാണ്) ഐസിയുവിന്റെ ഔദ്യോഗിക ഭാഷ്യം. ഈ ഒഫിഷ്യൽ പോസ്റ്റുകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ടായിരുന്ന അപ്രത്യക്ഷമായ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിത്യവും വന്നിരുന്ന നൂറുകണക്കിന് പോസ്റ്റുകളിൽ നിന്നാണ്. അങ്ങനെയുള്ള ഒരു‌ ക്രൗഡ് സോഴ്സിംഗ് പ്ലാറ്റ്ഫോം ആയതുകൊണ്ടുതന്നെ, സ്വാഭാവികമായും ഐസിയു എന്ന പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനും നടത്തിപ്പിനും ഭീഷണിയായിത്തീർന്ന സംഭവമായിരുന്നു നടന്നത്. ഗ്രൂപ്പ് കാണാതായി എന്നുറപ്പായപ്പോൾ ഉടനടിതന്നെ പകരം പുതിയ ഗ്രൂപ്പ് തുടങ്ങി, ആക്ടീവ് ആയിരുന്ന അംഗങ്ങളുടെ സഹകരണത്തോടുകൂടി അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയാണ് ആസ്വാദകരുമായുള്ള സംവേദനത്തെ ബാധിക്കാത്തവിധം ആ പ്രതിസന്ധിയെ മറികടന്നത്. പുതിയ ഗ്രൂപ്പ് നിലവിൽ വന്ന് ഒന്നു രണ്ട് ദിവസത്തിനുള്ളിൽ അര ലക്ഷത്തിനു മുകളിൽ ആളുകൾ അംഗങ്ങളായി കഴിഞ്ഞു. പഴയ ഗ്രൂപ്പ് പോയ വാർത്ത പുറത്തുവന്നതു മുതൽ പുതിയ ഗ്രൂപ്പിലേയ്ക്കുള്ള പഴയതും പുതിയതുമായ ആളുകളുടെ ട്രാഫിക് ഗണ്യമായി കൂടിയിട്ടുണ്ട്.


icu_2ഇതാദ്യമായല്ല, ഐസിയു ഇത്തരം‌ പ്രതിസന്ധികളെ നേരിടുന്നത്. മുൻപ് ഐസിയുവിന് ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിത്തന്ന ഫേസ്ബുക്ക് പേജായിരുന്നു (2015 ഏപ്രിലിൽ) അപ്രത്യക്ഷമായത്. പിന്നീട് ഫേസ്ബുക്ക് അധികൃതരുമായി ദിവസങ്ങളോളം ചർച്ചകൾ നടത്തിയാണ് പേജ് തിരികെ നേടിയത്. പേജ് പോയതിന്റെ മൂലകാരണം തേടിച്ചെന്നപ്പോൾ കാണാനായത് ഒരു മതവിഭാഗത്തിന്റെ അസഹിഷ്ണുതയായിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവവും ഒരു തുടർച്ചയെന്നപോലെ സഹിഷ്ണുതയുമായി‌ ബന്ധപ്പെട്ടാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. വിമർശനങ്ങളോടുള്ള അധികാരകേന്ദ്രങ്ങളുടെയും പൊതു സമൂഹത്തിന്റെയും കൂട്ടായ അസഹിഷ്ണുതയാണ് ഇത്തരം തിരോധാനങ്ങൾക്ക് പിന്നിൽ എന്ന് സംശയിക്കുന്നതിനേക്കുറിച്ച് അല്പം വിശദീകരിക്കേണ്ടതുണ്ട്.


ഐസിയുവിന്റെ ആക്ഷേപഹാസ്യ റഡാറിൽ നിന്ന് ജാതിമതരാഷ്ട്രീയ ഭേദമന്യേ ആരെയും ഒഴിവാക്കാത്തതിനാൽ എല്ലാ മത വിഭാഗങ്ങളിൽ നിന്നും എല്ലാ രാഷ്ട്രീയ വിഭാഗങ്ങളിൽ നിന്നും എല്ലാ സാംസ്ക്കാരിക വിഭാഗങ്ങളിൽ നിന്നും ഐസിയു പോസ്റ്റുകൾക്കെതിരെ മുറുമുറുപ്പ് ഉയരാറുണ്ട്. ആക്ഷേപഹാസ്യത്തെ ഒരു പൊളിറ്റിക്കൽ ടൂൾ ആയി കാണുന്നതുകൊണ്ടും, "ചളിയടിക്കുക" എന്നത് ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനമായി കരുതുന്നതുകൊണ്ടും, ആവിഷ്കാര സ്വാതന്ത്ര്യം ഇന്ത്യയിൽ നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ നിർണായകവും അത്യന്താപേക്ഷിതവുമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടും, ഐസിയു പ്രവർത്തകർ അസഹിഷ്ണുതയുടെയും ഭീഷണികളുടെയും സ്വരങ്ങളെ മുഖം നോക്കാതെ അവഗണിച്ചുകൊണ്ട് മുൻപോട്ടുപോവുകയാണ് എല്ലായെപ്പോഴും ചെയ്തുവരുന്നത്.


icu_4ആവിഷ്കാരസ്വാതന്ത്ര്യത്തിനും‌ സാംസ്ക്കാരിക, രാഷ്ട്രീയ വിമർശനത്തിനും നേരെയുള്ള അസഹിഷ്ണുത നമുക്കിപ്പോൾ വളരെ പരിചിതമായൊരു ആശയമായി കഴിഞ്ഞു. പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളിൽക്കൂടി മതവും, കക്ഷിരാഷ്ട്രീയവും, എന്തിന്, സിനിമാതാരങ്ങൾ പോലും മുൻപില്ലാത്തവിധം തൊട്ടാൽ പൊള്ളുന്ന വിശുദ്ധപശുക്കളായി തീർന്നിട്ടുണ്ട്. ഇന്ത്യയിലെ അസഹിഷ്ണുതയുടെ വളർച്ചയെ ഗ്രാഫിക്കലായി ചിത്രീകരിച്ചാൽ, അത് ബഹിരാകാശത്തേയ്ക്ക് കുതിക്കുന്ന ഒരു സൂചികപോലെയായിരിക്കും. വിരൽ തുമ്പിൽ വാർത്തകളും വിവരങ്ങളും എത്തുന്ന ഈ കാലത്ത് ഓൺലൈനായും ഓഫ്ലൈനായും നിരന്തരമുള്ള സോഷ്യൽ കണ്ടീഷനിംഗിൽ കൂടി ജാതി, മത, രാഷ്ട്രീയ ശക്തികൾ ജനങ്ങളെ കൂടുതൽ കൂടുതൽ അസഹിഷ്ണുക്കളാകുവാൻ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. പണ്ടായിരുന്നെങ്കിൽ ചിരിച്ചുതള്ളുമായിരുന്ന തമാശകൾ പോലും ഇന്ന് ഗോത്രീയ വൈകാരികതയോടെ പരിഗണിക്കപ്പെടുന്നു. ബഷീറിന്റെ സാഹിത്യം ആസ്വദിച്ച മലയാളിക്ക് ജിംഷാറിനെ തല്ലാൻ തോന്നുന്നത് അങ്ങനെയാണ്. ഒരു തുടം മാംസത്തിന്റെ പേരിൽ അഖ്ലഖിനെ കൊല്ലാൻ തോന്നിയതും അതേ ഗോത്രീയ മന:ശാസ്ത്രം കൊണ്ടാണ്.


ഈ സാഹചര്യത്തിലാണ് നർമ്മത്തിലൂടെ വിമർശനങ്ങൾ നടത്തുന്ന ഐസിയു പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് പ്രസക്തിയേറുന്നത്. സോഷ്യൽ മീഡിയ ആധുനിക സമൂഹത്തിലെ ഏറ്റവും ശക്തമായ മാധ്യമമായി തീർന്നതിൽ ഇത്തരം പ്രസ്ഥാനങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. മനുഷ്യനെയും‌ സമൂഹത്തിനെയും സംബന്ധിച്ച എല്ലാ മേഖലകളിലും മിക്കവാറും ലൈവ് റിയാക്ഷൻ എന്നു പറയാവുന്ന മട്ടിൽ‌ ഗവണ്മെന്റ് സെൻസറിംഗിന്റെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വ്യക്തികളും ആൾക്കൂട്ടങ്ങളും‌ നിലപാടുകളുടെ പേരിൽ വിമർശിക്കപ്പെടുന്നു. എന്നാൽ, ഹാസ്യരൂപേണ അവതരിപ്പിക്കപ്പെടുന്നതിനാൽ ഈ വിമർശനങ്ങളെ കണ്ണും പൂട്ടി പരസ്യമായി ആക്ഷേപിക്കുവാൻ ധാർമ്മികമായി മടിക്കുന്നു, എന്നാൽ ഇവയുടെ ഗൗരവമാർന്ന ഉള്ളടക്കം അവഗണിക്കുവാനാവുകയുമില്ല എന്ന ഒരു വിഷമസന്ധി പൊതുവെ വിമർശനങ്ങൾക്ക് ഇരകളാകുന്ന പൊതുവ്യക്തിത്വങ്ങളും‌ സംഘടനകളും നേരിടുന്നുണ്ട്. ഇതാണ് ഐസിയുവിന്റെ ആയുധവും ആൾമറയും. യുവ MLA വി.ടി.ബൽറാം  ഒരു ചർച്ചയിൽ ഇതിനേക്കുറിച്ച് പറഞ്ഞത്, സോഷ്യൽ മീഡിയ ഓഡിറ്റിംഗിനെ ഭയന്ന് താനടക്കമുള്ള രാഷ്ട്രീയക്കാരെല്ലാം പൊതുവേദികളിൽ മുൻപത്തേതിനേക്കാൾ ശ്രദ്ധയോടെയേ വാക്കുകളും പ്രവൃത്തികളും പുറപ്പെടുവിക്കാറുള്ളൂ എന്നാണ്.


icu_6ബൽറാം സൂചിപ്പിച്ച ഈ പൊതുവായ ഭയത്തിന് പക്ഷേ രണ്ട് വശങ്ങളുണ്ട്. പൊതുജനങ്ങളിൽ വളരെ പെട്ടെന്നും ആഴത്തിലും ഇംപാക്ട് സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയയുടെ സാധ്യതകൾ മതരാഷ്ട്രീയ മേധാവിത്വങ്ങൾക്ക്, മറ്റൊരു വിധത്തിൽ പറഞ്ഞാൽ അധികാര കേന്ദ്രങ്ങൾക്ക്, വ്യക്തമായറിയാം. അതുകൊണ്ടുതന്നെ, പൊതു ഇടങ്ങളിൽ കൂടുതൽ ശ്രദ്ധാപൂർവ്വം പെരുമാറുമ്പോൾത്തന്നെ മറുവശത്ത് രഹസ്യമായി ആ വിമർശനങ്ങളെ അമർച്ച ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകും. ഐസിയു ഗ്രൂപ്പ് പോയതുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും ലഭിക്കാത്തതും, ഇന്റർനെറ്റിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള സർക്കാർ അധികൃതരുടെ അരാഷ്ട്രീയവൽക്കരണനീക്കങ്ങളും തമ്മിൽ ഈ സാഹചര്യത്തിൽ കൂട്ടി വായിക്കണം.


ജാതി, മത, രാഷ്ട്രീയ നേതൃത്വങ്ങൾ വിഭാഗീയത സൃഷ്ടിക്കുവാൻ നിരന്തരം‌ ശ്രമിച്ചുകൊണ്ടിരിക്കുന്ന, ആന്തരികധ്രുവീകരണം അതിശക്തമായിത്തീർന്ന വർത്തമാനകാല ഇന്ത്യൻ സിനാരിയോയിൽ ചളിയടിയെ പ്രതിരോധത്തിനുള്ള ഒരു സോഷ്യൽ കണ്ടീഷനിംഗ് ഉപാധിയായി ഉപയോഗിക്കാൻ ഐസിയു നടത്തുന്ന ശ്രമങ്ങൾ യഥാർത്ഥത്തിൽ ഒരു ഹിമാലയൻ ടാസ്ക് ആണെങ്കിലും ഒട്ടൊക്കെ അതിൽ വിജയിക്കുന്നുണ്ട്. അധികാരകേന്ദ്രങ്ങൾ ഭിന്നിപ്പിച്ചുഭരിക്കാൻ ശ്രമിക്കുമ്പോൾ ആ ശ്രമങ്ങളെ പ്രതിരോധിച്ചിരുന്ന ഐസിയു പോസ്റ്റുകളെ മുൻകാലങ്ങളിൽ വിമർശനവിധേയമാകുന്ന സമൂഹാംശങ്ങൾ ഏതാണ്ട് പൂർണമായും‌ അസഹിഷ്ണുതയോടെയാണ് സമീപിച്ചിരുന്നതെങ്കിൽ, ഇന്ന് അവയെ ആക്ഷേപഹാസ്യമെന്ന നിലയിൽത്തന്നെ പരിഗണിക്കാനും അവയിലെ തമാശകളെയും‌ തമാശയിൽ പൊതിഞ്ഞ വിമർശനങ്ങളെയും പോസിറ്റീവായി സമീപിച്ച് ആസ്വദിക്കുവാനും തയ്യാറുള്ള ആളുകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. ഈ ഹൃദയവിശാലതയാണ്, ഈ‌ സാമൂഹികമാറ്റമാണ് ഐസിയുവിന്റെ സാംസ്ക്കാരികലക്ഷ്യം. ഇതിനായുള്ള സാമൂഹ്യപരിശീലന ഉപകരണമാണ് ഐസിയുവിനെ സംബന്ധിച്ചിടത്തോളം അതിന്റെ നർമ്മം.


icuഎന്നാൽ ഐസിയു അതിന്റെ പ്രവർത്തനങ്ങളിൽ പുരോഗതി‌ കണ്ടെത്തുന്നുണ്ട് എന്ന് പറയുമ്പോൾ, അതിനർത്ഥം എല്ലാ മലയാളികളും സഹിഷ്ണുതയുള്ളവരായിത്തീരുന്നു എന്നല്ല. സമൂഹത്തിൽ നല്ലൊരു പങ്കും ഇപ്പോഴും മാറ്റത്തെ ഉൾക്കൊള്ളാൻ മനസ്സ് പരിപാകപ്പെടാത്തവരാണ്. അതിന്റെ തെളിവ് ഐസിയു പോസ്റ്റുകളുടെ കമന്റ് സെക്ഷനുകളിലും പേജ് ഇൻബോക്സിലും അഡ്മിൻ പാനലിലുള്ളവരുടെ മെസേജ് ബോക്സുകളിലുമൊക്കെ നിരന്തരം ലഭിക്കുന്നുണ്ട്. വികാരം വൃണപ്പെടുന്നു എന്ന കാരണത്താൽ ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ എണ്ണം വളരെയേറെയാണ്. അടുത്തയിടെ ഗാന്ധിജിയെ വിമർശിച്ചു ഇറങ്ങിയ പോസ്റ്റിൽ തികഞ്ഞ സമാധാനപ്രിയനെന്ന് അറിയപ്പെടുന്ന ഗാന്ധിജിയ്ക്കുവേണ്ടി അസഹിഷ്ണുതയും ഭീഷണികളും ഉയർത്തുന്നവരുടെ കാഴ്ച ഒരു സാമൂഹ്യവിരോധാഭാസത്തിന്റെ നേർക്കാഴ്ചയായിരുന്നു. ഗാന്ധിയന്മാർ പോലും ചാവേറുകളായി മാറുന്ന ഇക്കാലത്ത് മാസ് റിപ്പോർട്ടിംഗിലൂടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് പൂട്ടിക്കുക എന്നത് അത്ര വിഷമകരമായ സംഗതിയൊന്നുമല്ല.


സോഷ്യൽ മീഡിയയിലെ സെൻസറിംഗ് ശ്രമങ്ങൾ മലയാളികളെ സംബന്ധിച്ച് പുതിയ കാര്യമല്ലെന്ന് ഓർമ്മിക്കാൻ ഈ അവസരം നമുക്ക് വിനിയോഗിക്കാം. ആവിഷ്കാരസ്വാതന്ത്ര്യവും സ്വതന്ത്രചിന്തകളും എന്ന മഹത്തായ ആശയം ഉയർത്തിപ്പിടിക്കുന്ന, കേരളാ ഫ്രീതിങ്കേഴ്സ് ഫോറം നയിക്കുന്ന ഫ്രീതിങ്കേഴ്സ്/സ്വതന്ത്രചിന്തകർ എന്ന പ്രശസ്ത ഫേസ്ബുക്ക് ഗ്രൂപ്പ് മതാന്ധത ബാധിച്ചവർ (മറ്റ് സാംസ്ക്കാരികാന്ധതകൾ ബാധിച്ചവരും) റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചത് പല തവണയാണ്. ഐസിയു ഗ്രൂപ്പ് പോയതിന്റെ തലേന്ന് ഫ്രീതിങ്കേഴ്സും (വീണ്ടും) അപ്രത്യക്ഷമായി എന്ന വാർത്ത വിരൽ ചൂണ്ടുന്നതെവിടേയ്ക്കെന്ന് ഇനിയും പറയേണ്ടതില്ലല്ലോ‌. പൊളിറ്റിക്കലി ശരിയായും സജീവമായും നിലകൊള്ളുക എന്നത് ഇവിടെ ഒരു ജീവന്മരണ പോരാട്ടം പോലെ ദുഷ്കരമാവുന്നു.


സ്വതന്ത്രചിന്തകളെയും വിമർശനങ്ങളെയും ഭയക്കുന്നവർ അധികാരകേന്ദ്രങ്ങളിലും പൊതുസമൂഹത്തിലും ഒരുപോലെ നിറയെയുണ്ടെന്നും അവരുടെ കൂട്ടായ‌ പ്രവർത്തനത്തെ ചെറുക്കേണ്ടത്‌‌ സ്വന്തം നിലനിൽപ്പിനും സാമൂഹ്യപുരോഗതിയ്ക്കും അവശ്യമാണെന്നുമുള്ള തിരിച്ചറിവ് ഐസിയുവിന് പേജ് പോയ കാലം മുതൽക്കേ ഉണ്ടായതാണ്. ഫ്രീതിങ്കർ ഗ്രൂപ്പിന്റെ ആവർത്തിച്ചുള്ള തിരോധാനം ബായ്ക്കപ്പ് ഓപ്ഷനുകളേക്കുറിച്ചുള്ള ചിന്തകൾക്ക് ആഴം കൂട്ടി. അന്നുമുതൽക്കേ ഫേസ്ബുക്ക് പോലെ വളരെ എളുപ്പത്തിൽ അധികാരികൾ ഇടപെടാവുന്ന ഇടങ്ങളിൽനിന്നും വിട്ട്, കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ഒരു സ്പേസ് സൃഷ്ടിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു വരികയായിരുന്നു. ഇപ്പോൾ ഗ്രൂപ്പിന്റെ തിരോധാനം ഫേസ്ബുക്കിന് പുറത്ത് സ്വന്തമായൊരു ക്രൗഡ് സോഴ്സിംഗ് പ്ലാറ്റ്ഫോം എന്ന ആവശ്യകതയെ കൂടുതൽ സജീവമാക്കിയിരിക്കുന്നു. ആ ആശയത്തെ പ്രായോഗികതലത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ അണിയറയിൽ കൂടുതൽ ഊർജ്ജസ്വലമായി നടന്നുകൊണ്ടിരിയ്ക്കുന്നു.


icu_5ആവിഷ്ക്കാരങ്ങൾക്കും‌ ആശയസ്വാതന്ത്ര്യങ്ങൾക്കുംമേൽ സോഷ്യൽ മീഡിയ അധികൃതരുടെയും ഗവണ്മെന്റിന്റെയും കൂച്ചുവിലങ്ങുകളില്ലാത്ത, റിപ്പോർട്ട് ചെയ്തുപൂട്ടിക്കുന്ന അസഹിഷ്ണുതാ തൊഴിലാളികളെ ഭയപ്പെടേണ്ടാത്ത, സ്വന്തമായൊരു ഇടം ഫേസ്ബുക്കിനുമപ്പുറത്ത് സൃഷ്ടിച്ചുകൊണ്ട്, ധനാത്മകമായ സാമൂഹ്യ വിമർശനവും തമാശകളുമായി ഐസിയു എന്ന ഡിജിറ്റൽ സോഷ്യൽ‌ സറ്റയർ പ്രസ്ഥാനം വളരുന്ന കാലം വിദൂരമല്ല. "അധികാരം + ആൾബലം" എന്നീ ഇരുവഴികളിലൂടെ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന "നവ ഇന്ത്യൻ അസഹിഷ്ണുത" എന്ന, ആധുനിക ഭാരതം നേരിടുന്ന ഏറ്റവും വിനാശകാരിയായ സാമൂഹ്യവിപത്തിനെ പ്രതിരോധിക്കാനും, സർക്കാരുകൾ പൊതുവ്യക്തിത്വങ്ങൾ സംഘടനകൾ സമൂഹം എന്നിവയുടെ പ്രതിലോമകരമായ നിലപാടുകളെ തുടർന്നും വിമർശിക്കേണ്ടതിനുമായി  അത്തരം കരുതലുകൾ ഐസിയുവിന് (ഇതേ ലക്ഷ്യമുള്ള മറ്റ് ഡിജിറ്റൽ പ്രസ്ഥാനങ്ങൾക്കും) അത്യന്താപേക്ഷിതമായിരിക്കുന്നു.