വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ മദനിക്ക് യാത്രയൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ബംഗലൂരു സ്ഫോടനക്കേസിൽ ജയിലിലായ ശേഷം ഇത് മൂന്നാം തവണയാണ് മദനി കേരളത്തിലെത്തുന്നത്.

വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ മദനിക്ക് യാത്രയൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

അനിശ്ചിതത്വത്തിനൊടുവില്‍ അബ്ദുല്‍ നാസര്‍ മദനിയ്ക്കു തങ്ങളുടെ വിമാനത്തില്‍ കേരളത്തില്‍ എത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ അറിയിച്ചു.

കർണാടകയിലെ ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനും മദനിയെ അനുഗമിക്കുന്നുണ്ട് . വൈകിട്ട് 7.15നുള്ള ഇൻഡിഗോ വിമാനത്തിലായിരിക്കും മദനി എത്തുക. എട്ടേകാലോടെ ഈ വിമാനം കേരളത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2005ലെ വ്യോമയാന നിയമ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തുന്ന തടവുകാരനെ യാത്ര ചെയ്യാന്‍ അനുവദിക്കാവുന്നതല്ല. രാവിലെ എയര്‍പ്പോര്‍ട്ടില്‍ എത്തിയ മദനിയുട‌െ കൈയിൽ ഈ നിയമത്തില്‍ അനുശാസിക്കും പ്രകാരം പ്രത്യേക അനുമതി പത്രം ഉണ്ടാകുമെന്നാണ് കരുതിയതെന്നും അതിനാലാണ് ബോഡിങ് പാസ് നൽകിയതെന്നും ഇൻഡിഗോ എയര്‍ലൈന്‍സ്‌ വ്യക്തമാക്കിയി. തുടര്‍ന്ന് തനിക്കുണ്ടായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മദനി എയർപോർട്ട് അതോറിറ്റിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.  ബംഗലൂരു പൊലീസിലെ ഉന്നതർ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി പത്രം എത്തിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സുരക്ഷാഉദ്യോഗസ്ഥനൊപ്പം യാത്ര ചെയ്യുവാനുള്ള അനുമതി മദനിക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ അനുവദിക്കുന്നത്.


ബംഗലൂരു സ്ഫോടനക്കേസിൽ ജയിലിലായ ശേഷം ഇത് മൂന്നാം തവണയാണ് മദനി കേരളത്തിലെത്തുന്നത്. നേരത്തെ 2013ൽ മകളുടെ വിവാഹത്തിനും 2015ൽ മാതാപിതാക്കളെ സന്ദർശിക്കുന്നതിനും മദനി എത്തിയിരുന്നു. സാക്ഷികളെ സ്വാധീനിക്കുവാന്‍ ശ്രമിക്കരുത്, മാധ്യമ പ്രസ്താവനകളിലെ നിയന്ത്രണം, തുടങ്ങിയ ഒട്ടനവധി വ്യവസ്ഥകള്‍ക്ക് അനുബന്ധമായിട്ടാണ് കോടതി മദനിക്ക് നാട്ടില്‍ പോകുവാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. രോഗബാധിതയായ അമ്മയെ കാണുന്നതിനാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം എൻഐഎ കോടതി മദനിക്ക് ഇളവ് നൽകിയത്. എട്ട് ദിവസമായിരിക്കും മദനി കേരളത്തിലുണ്ടാവുക. മുന്‍പ് മദനി കേരളത്തിൽ എത്തിയത് ഇതേ വിമാനത്തിലായിരുന്നുവെന്നും എന്നാൽ അന്നുണ്ടാകാതിരുന്ന പ്രശ്നമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.