ചക്‌ദേ ഇന്ത്യ: സുവർണ്ണ പ്രതീക്ഷയുമായി ഹോക്കി ടീം

ഇക്കുറി ബ്രസീലിലേക്ക് തിരിക്കുമ്പോൾ ഇന്ത്യൻ ഹോക്കി പുത്തൻ ഉണർവിന്റെ പാതയിലാണ്. ഒരു കാലത്ത് എല്ലാവരും എഴുതിത്തള്ളിയ ഇന്ത്യൻ ഹോക്കി ടീം രാജ്യത്തിന് വേണ്ടി ഒരു മെഡൽ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചക്‌ദേ ഇന്ത്യ: സുവർണ്ണ പ്രതീക്ഷയുമായി ഹോക്കി ടീം

നിരഞ്ജൻ

ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സുവർണ്ണകാലം എന്നറിയപ്പെട്ടത് ഹോക്കി ടീമിന്റെ വിജയകാലം തന്നെയായിരുന്നു. 1980 വരെയുള്ള കാലഘട്ടങ്ങളിൽ ഹോക്കിയിൽ ഇന്ത്യ നേടിയ എട്ടു സ്വർണ്ണം തന്നെയാണ് ഇന്നും എണ്ണപ്പെട്ട ഒളിമ്പിക് നേട്ടമായി അറിയപ്പെടുന്നത്. മൂന്നു സ്വർണ്ണം ഉൾപ്പെടെ നാലു മെഡൽ നേട്ടങ്ങളിൽ പങ്കാളിയായ ലെസ്ലി ക്ലോഡിയസും ഉദ്ദം സിംഗും ഹോക്കിയിലെ യഥാർത്ഥ മാന്ത്രികൻ ധ്യാൻചന്ദും എല്ലാം ആ സുവർണ്ണ കാലത്ത് തിളങ്ങി നിന്ന ചില നക്ഷത്രങ്ങൾ മാത്രം.


എട്ടു സ്വർണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ രാജ്യത്തിന് സമ്മാനിച്ച ഹോക്കി ഓരോ ഭാരതീയനും അഭിമാനത്തോടെ ഓർക്കാൻ നിരവധി മുഹൂർത്തങ്ങളും അക്കാലത്ത് നൽകിയിട്ടുണ്ട്. സിന്തറ്റിക് ആസ്‌ട്രോ ടർഫുകൾ വന്നതോടെ ഹോക്കിയിൽ ഇന്ത്യൻ ആധിപത്യത്തിന് മങ്ങലേറ്റു. പിന്നീട് 2008ൽ ബെയ്ജിംഗിൽ നടന്ന ഒളിമ്പികസിന് യോഗ്യത പോലും നേടാനാകാതെ വന്നപ്പോൾ താരങ്ങളും അണിയറയിലുള്ളവരും ഏറെ പഴികേട്ടു. 2012ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്‌സിന് യോഗ്യത നേടിയെങ്കിലും 12-ആം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വനിതാ ഹോക്കി ടീമിന്റെ കാര്യമാണ് ഏറെ കഷ്ടം. 1980ൽ ഒളിമ്പിക്‌സിന്റെ പടിയിറങ്ങിയ വനിതകൾക്ക് പിന്നീടൊരിക്കലും ലോകകായിക മാമാങ്കത്തിന്റെ പടി കയറാനായിട്ടില്ല. എന്നാൽ ഇക്കുറി ബ്രസീലിലേക്ക് തിരിക്കുമ്പോൾ ഇന്ത്യൻ ഹോക്കി പുത്തൻ ഉണർവിന്റെ പാതയിലാണ്. ഒരു കാലത്ത് എല്ലാവരും എഴുതിത്തള്ളിയ ഇന്ത്യൻ ഹോക്കി ടീം രാജ്യത്തിന് വേണ്ടി ഒരു മെഡൽ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളി ഗോൾകീപ്പറായ ശ്രീജേഷിന്റെ നായകത്വത്തിലാണ് ടീം ബ്രസീലിലേക്ക് തിരിച്ചിരിക്കുന്നത്. 36 വർഷത്തിന് ശേഷം വനിതാ ഹോക്കി ടീമും ഒളിമ്പിക് യോഗ്യത നേടിയെന്നത് ഹോക്കിയിലെ പുത്തൻ ഉണർവായി തന്നെയാണ് ആരാധകർ നോക്കിക്കാണുന്നത്.

പ്രതീക്ഷകളേറെ 

ഇന്ത്യൻ ഹോക്കിയുടെ വല മലയാളികൾ കാത്തപ്പോഴെല്ലാം ഒരു മെഡലുമായിട്ടേ ടീം ഒളിമ്പിക് ഗ്രാമം വിട്ട് നാട്ടിലെത്തിയിട്ടുള്ളൂ. 1972ൽ മ്യൂണിക്ക് ഒളിമ്പിക്‌സിൽ കണ്ണൂർ ബർണ്ണശേരിക്കാരനായ മാനുവൽ ഫ്രെഡറിക്‌സ് ആയിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്റെ കാവൽക്കാരൻ. അന്ന് ടീം വെങ്കലമണിഞ്ഞു. 1980ൽ മോസ്‌കോയിൽ ജന്മം കൊണ്ട് മലയാളിയായ അലൻ ഷെഫീൽഡ് ഗോളിയായിരുന്നപ്പോൾ രാജ്യം സ്വർണ്ണം തന്നെ നേടി. ഇപ്പോഴിതാ കാവൽക്കാരനും ക്യാപ്ടനുമായി മലയാളിയായ ശ്രീജേഷ്. കളിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്നവരാണ് എത്ര യുക്തിവാദം പറയുന്നവരാണെങ്കിലും നമ്മുടെ കായികതാരങ്ങളിൽ മിക്കവരും. അന്ധവിശ്വാസമാണെങ്കിലും ഇതൊരു പ്രതീക്ഷയാണ്.  ഒത്തുവന്നാൽ ശ്രീജേഷ് എന്ന ഈ കൊച്ചിക്കാരനിലൂടെ ഇന്ത്യൻ ഹോക്കി ടീം മെഡൽ അണിയുമെന്ന് തന്നെ വിശ്വസിക്കാം.അന്ധവിശ്വാസത്തിനും അപ്പുറം കളിമികവ് കൂടി അവകാശപ്പെടാൻ ഇപ്പോഴത്തെ ഹോക്കി ടീമിന് അവകാശമുണ്ട്. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ടീം ഇന്ത്യ ശക്തരായ ഏത് മികച്ച ടീമിനെയും എതിരിടാൻ പ്രാപ്തിയുള്ളവർ തന്നെ. ഏഷ്യയിൽ നിന്ന് ഒളിമ്പിക് ഹോക്കിയിലേക്ക് യോഗ്യത നേടിയ ഏക ടീമും നമ്മുടേതാണ്. കരുത്തരായ പാകിസ്താനും ദക്ഷിണകൊറിയക്കും കാലിടറുമ്പോഴാണ് ശ്രീജേഷിന്റെ ഇന്ത്യ റിയോയിലേക്ക് തിരിക്കുന്നത്. കരുത്തരായ ഹോളണ്ടും ജർമനിയും കൂടാതെ അർജന്റീനയും അയർലണ്ടും കാനഡയും അടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. പ്രാഥമിക റൗണ്ടിൽ തന്നെ ഏറെ വിയർപ്പൊഴുക്കിയെങ്കിൽ മാത്രമേ ക്വാർട്ടറിൽ പ്രവേശിക്കാനാകൂ.
രണ്ട് മത്സരങ്ങൾ ജയിച്ചാൽ തന്നെ ക്വാർട്ടർ ഉറപ്പിക്കാം. എന്നാൽ അങ്ങനെ അവസാനസ്ഥാനക്കാരായി ക്വാർട്ടറിൽ എത്തിയാൽ നേരിടേണ്ടി വരിക ഓസ്‌ട്രേലിയയെ ആകും. അത് അഗ്നിപരീക്ഷയാകും.

അതിനാൽ മൂന്നു മത്സരങ്ങളെങ്കിലും ജയിക്കുകയും ഒപ്പം ജർമ്മനിയെയും ഹോളണ്ടിനെയും സമനിലയിൽ തളക്കുകയും ആകും ഇന്ത്യൻ തന്ത്രം. അങ്ങനെയെങ്കിൽ ഒരു മെഡലെങ്കിലും ഉറപ്പിച്ച് 36 വർഷമായി ഇന്ത്യൻ ഹോക്കിയെ അലട്ടുന്ന മെഡൽ വരൾച്ചയ്ക്ക് നാന്ദി കുറിക്കാൻ ശ്രീജേഷിനും കൂട്ടർക്കും കഴിയും.

കോച്ച് റോളന്റ് ഓൾട്ട്‌സ്മാന്റെ ശിക്ഷണത്തിൽ ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ നടത്തിയ മുന്നേറ്റം ഒളിമ്പിക് പ്രതീക്ഷകൾക്കും ശക്തി പകരുന്നുണ്ട്. സർദാർ സിംഗിന് വിശ്രമം അനുവദിച്ച ചാമ്പ്യൻ ട്രോഫിയിലും ശ്രീജേഷ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. മിന്നുന്ന പ്രകടനത്തോടെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്ന ടീം വെള്ളി അണിയുകയും ചെയ്തു. ശക്തരായ ഓസ്‌ട്രേലിയയെ ഫൈനലിൽ നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ കുടുക്കിയ ടീം ഇന്ത്യ ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്. ഈ മിന്നുന്ന പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെ റിയോ ഡി ജനീറോയിലേക്ക് തിരിച്ച ഹോക്കി ടീം പഴയ കാല പ്രതാപം രാജ്യത്തിന് മടക്കിനൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ശ്രീജേഷ് എന്ന നായകൻ

ലോക ഹോക്കിയിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായി പരിഗണിക്കുന്നയാളാണ് ശ്രീജേഷ് എന്ന 28 കാരൻ. രാജ്യത്തിനായി ഇതുവരെ 159 അന്താരാഷ്ട്ര മത്സരങ്ങളിൽ വല കാത്തു. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ ഉൾപ്പെടെ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച മിഡ് ഫീൽഡർ സർദാർ സിംഗിനെ മാറ്റിയാണ് പകരം ശ്രീജേഷിന്റെ കരങ്ങളിൽ ക്യാപ്ടന്റെ ആംബാൻഡ് അണിയിക്കുന്നത്. ഫോം നഷ്ടമായതും ബ്രിട്ടൻകാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുള്ള ആരോപണവും എല്ലാം സർദാർ സിംഗിന് വിനയായപ്പോൾ ശ്രീജേഷിന് തുണയായത് മികച്ച പ്രകടനവും ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനുള്ള കഴിവും തന്നെ.

Sreejesh_hockeyപരസ്പരം പ്രചോദിപ്പിക്കുന്ന പോരാളികളുടെ സംഘമായി ഇന്ത്യൻ ടീമിനെ വളർത്തിയതിൽ കോച്ചിനെന്ന പോലെ ശ്രീജേഷിനും ഒരു സ്ഥാനമുണ്ട്. ഔദ്യോഗിക നായക സ്ഥാനത്തേക്ക് ശ്രീജേഷിനെ പരിഗണിച്ചിട്ടുണ്ടെങ്കിലും റൊട്ടേറ്റിംഗ് ക്യാപ്ടൻസിയാണ് പിന്തുടരുകയെന്നാണ് കോച്ച് റോളണ്ട് ഓൾട്ട്മാൻസ് പറയുന്നു. സർദാർ സിംഗ് അടക്കമുള്ള നാല് ഫീൽഡ് താരങ്ങൾക്ക് കൂടി ക്യാപ്ടന്റെ ചുമതലയുണ്ടാകും. ഒളിമ്പിക്‌സിൽ വനിതാ ഹോക്കി ടീമിനെ സുശീല ചാനു നയിക്കും.

പുരുഷ ഹോക്കി ടീം: ഗോൾ കീപ്പർ: പി.ആർ. ശ്രീജേഷ്. ഡിഫൻഡർ: ഹർമൻപ്രീത്, രൂപീന്ദർ പാൽ സിംഗ്, കോത്താജിത് സിംഗ്, സുരേന്ദർ കുമാർ, വി.ആർ. രഘുനാഥ്. മിഡ്ഫീൽഡർ: സർദാർ സിംഗ്, ദേവീന്ദർ വാൽമീകി, ഡാനിഷ് മുജ്തബ, ചിങ്ഗ്ലൻസന സിംഗ്, മൻപ്രീത് സിംഗ്, എസ്.കെ. ഉത്തപ്പ. ഫോർവേഡുകൾ: എസ്.വി. സുനിൽ, ആകാശ് ദീപ് സിംഗ്, രമൺ ദീപ് സിംഗ്, നിക്കിൻ തിമ്മയ്യ. സ്റ്റാൻഡ് ബൈ: പ്രദീപ് മോർ, വികാഷ് ദഹിയ.